ബഹിരാകാശ യാത്രാ ദൗത്യത്തിലും സ്ത്രീ മുന്നേറ്റത്തിലും സൗദി അറേബ്യയിലെ റയ്യാന ബർനാവി അഭിമാനകരമായ ചരിത്രം സൃഷ്ടിച്ചു. സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായി റയ്യാന മറ്റ് മൂന്ന് പുരുഷ ബഹിരാകാശ സഞ്ചാരികൾക്കൊപ്പമാണ് നക്ഷത്രങ്ങൾക്കും മേലെ ഉപരിലോകത്ത് മിന്നുന്ന കാർത്തികയായി തിളങ്ങിയത്.
സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി 2023 മെയ് മാസം 21 ന് ബഹിരാകാശത്തേക്ക് പോയ സംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 10 ദിവസം അവിടെ ചിലവഴിച്ച ശേഷമായിരിക്കും ഭൂമിയിലേക്ക് മടങ്ങുക. സൗദി അറേബ്യയിലെ വനിതകൾക്കോ അറബ് സമൂഹത്തിനോ മുസ്ലിം വനിതകൾക്കും മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് തന്നെയും അഭിമാന നിമിഷമാണ് റയ്യാനയിലൂടെ സൗദി അറേബ്യ സമ്മാനിച്ചത്. വളരെ വ്യത്യസ്തമായ മറ്റൊരു മേഖലയിൽ , കൃത്യമായി പറഞ്ഞാൽ സ്തനാര്‍ബുദ ഗവേഷകയായ റയ്യാന ബര്‍നാവിയിലൂടെ
സ്ത്രീ മുന്നേറ്റ വിഷയത്തിൽ സഊദിയുടെ പുതിയ ഉദാരവൽകരണം ഭൂമിയും വിട്ട് ഏഴാകാശങ്ങളും കടന്ന് ബഹിരാകാശത്തെത്തിയത് ലോകത്താകമാനമുള്ള സ്ത്രീകള്‍ക്ക് അഭിമാനകരമായൊരു നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.
2023 ഫെബ്രുവരി 12-ന് AX-2 ബഹിരാകാശ ദൗത്യ സംഘത്തിന്റെ ഭാഗമായി സൗദി ബഹിരാകാശ അതോറിറ്റിയാണ് അവരെ തിരഞ്ഞെടുത്തത്. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ സഊദി അറേബ്യൻ വനിതയാണ് റയ്യാന .1988 സെപ്റ്റംബറിൽ ജനിച്ച റയ്യാന ബയോ മെഡിക്കൽ സയൻസ് ഡിഗ്രി പഠനം നടത്തിയത് ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിലൊന്നായ ന്യൂസിലാന്റിലെ ഒറ്റാഗോ യൂണിവേഴ്സിറ്റിയിലാണ്. തുടർന്ന് ഉപരിപഠനത്തിന് കിങ് ഫൈസൽ യൂണിവേഴ്സിറ്റി തെരെഞ്ഞെടുക്കുകയായിരുന്നു. ശേഷം കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ജോലി ചെയ്തിരുന്ന റയ്യാന കാൻസർ സ്റ്റെം സെല്ലുകളുടെ മേഖലയിൽ അനുഭവപരിചയമുള്ള ലബോറട്ടറി റിസർച്ച് സ്പെഷ്യലിസ്റ്റും സ്തനാര്‍ബുദ ഗവേഷകയായും സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് വ്യത്യസ്ഥമായ മേഖലയിലേക്ക് കടന്നു ചെന്നത്.
ചെയ്യുന്നയിടം പൊന്നാക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് റയ്യാന .
1963 ൽ റഷ്യക്കാരി വാലന്റീന തെരേഷ്‌കോവ തുടങ്ങി വെച്ച വനിതാ ബഹിരാകാശ സഞ്ചാരികളുടെ ലിസ്റ്റിലേക്ക് ഇന്ത്യൻ വംശജ കല്പനാ ചൗളയെപ്പോലെ 26-ാമത്തെ മിന്നും താരമായി സഊദിക്കാരിയായ റയ്യാന തന്റെ സ്ഥാനം അടയാളപ്പെടുത്തി.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE