മാനത്തെ അമ്പിളിക്കീറിന്റെ പുഞ്ചിരി വിടരുന്നതും കാത്തു കാത്തിരുന്നു…
കാരുണ്യവാനായ ലോകൈക നാഥന്റെ ഔദാര്യമായൊരു പുണ്യ മാസം..
അഖില ലോകത്തിന്നും ഐശ്വര്യമായൊരു പുണ്യ വേദത്തിന്റെ മാസമല്ലോ…
പൈദാഹമൊക്കെ ത്യജിച്ചവർ “റയ്യാൻ” കവാടത്തിലേക്കു കുതിച്ചിടുന്നു.
ധാന ധർമ്മങ്ങളിൽ മത്സരിച്ചീടുന്നു.
അഗതികൾക്കത്താണിയായിടുന്നു….
നിദ്ര വെടിഞ്ഞവർ നിന്നുവല്ലോ കണം കാലുകൾ രണ്ടും കുഴഞ്ഞിടുന്നു
എങ്കിലും രാജാധിരാജന്റെ ഓർമ്മയിൽ തൽക്ഷണം കോരിത്തരിച്ചിടുന്നു….
ലൈലത്തുൽ ഖദ്റിന്റെ ആ പുണ്യ രാത്രിയിൽ…
മാലാഖമാർ വന്നണഞ്ഞിടുന്നു….
പുളകമണിയ്യുന്നു വിശ്വാസികൾ അന്ന്…
നന്മകൾ വാരി വിതറിടുന്നു…
ധന്യമാക്കീടുന്നു മത്സരിച്ചീടുന്നു….
നാഥനെ കാണാൻ പ്രതീക്ഷയോടെ…
പുണ്യ സ്വർഗ്ഗത്തിന്റെ അവകാശിയായിടാൻ പുണ്യങ്ങൾ ചെയ്തു കുതിച്ചിടുന്നു.
ഏകനായ് ഒരു വേള ഞാനെന്റെ നാഥനെ കാണുന്ന ഭൂമിക ഓർത്തിടുമ്പോൾ,
മിഴികൾ തുളുമ്പുന്നു അധരം വിതുമ്പുന്നു.
ഹൃദയം പിടയുന്നു തമ്പുരാനേ…
ഇല്ലാ എനിക്കില്ല രക്ഷയും മോക്ഷവും..
എന്നു ഞാനോർത്തു വിതുമ്പീടവേ….
പിന്നെയും പിന്നെയും ഏതോ പ്രതീക്ഷയിൽ…
എൻ മനം കോരിത്തരിച്ചിടുന്നു…
കാരുണ്യ സിന്ധുവാം നാഥനാണല്ലോ നീ..
നിന് കൃപാ പൂരം ചൊരിഞ്ഞിടേണെ…
തിന്മകൾ മാറാല കെട്ടിയ ഹൃദയത്തിന് നൊമ്പരം നീയ്യൊന്ന് കേൾക്കുകില്ലേ…
നിന് ചാരെ വന്നിടാൻ മോഹമുണ്ടെങ്കിലും, പാപ ഭാരത്താൽ ഭയന്നിടുന്നു..
ഗദ്ഗതത്തോടെ ഞാൻ ഏറ്റു പറഞ്ഞിടാം ..
കാരുണ്യവാനേ പൊറുത്തിടേണെ…
സജ്ജന വീഥിയിൽ ചേർത്തീടണം എന്നെ
ദുർജനത്തിൽ നിന്നകറ്റീടണെ..
നിന്നരികിലെത്തുന്ന നേരത്ത് നീ എന്നെ..
ആശിർവദിക്കണേ ലോക നാഥാ…
നിന് സ്വർഗ്ഗ വാതിൽ തുറക്കുന്ന നാളുകൾ..
കാത്തിരിക്കുന്നു ഞാൻ തമ്പുരാനേ…
ഫിർദൗസിലേക്കെന്നെ ആനയിച്ചീടില്ലെ.?..
നരകാഗ്നിയിൽ നിന്ന് കാത്തിടില്ലേ.?.
ഉരുകുന്ന മഹ്ശറിൻ ഭീതിയിൽ നിന്നെന്നെ..
ജന്നാത്തിലേക്കുടൻ ചേർത്തിടില്ലേ.?..
വിളിക്കുകില്ലെന്നെ നിന് അർശിന്റെ ചോലയിൽ..
ഉല്ലസിച്ചീടുവാൻ എന്നുമെന്നും…
വിളിക്കുകില്ലെന്നെ നീ ആവിരുന്നുണ്ണുവാൻ.. നിന് ചാരെ പാർത്തിടാനെന്നുമെന്നും..
എന്നുമാ സൗഹൃദ പരിമളം വീശുന്ന ഫിർദൗസിലേക്കെന്നെ ചേർത്തീടേണം
നിന് സ്നേഹ ഭിക്ഷയ്ക്ക് കാത്തിരിക്കുന്നു ഞാൻ..
നിന് മുഖം കാണാൻ കൊതിച്ചിടുന്നു..