Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ ‘സുഹ്ദ്’ വര്‍ധിപ്പിക്കാം

നമ്മുടെ ജീവിതം പുനക്രമീകരിക്കാമെന്ന പ്രതിജ്ഞ പുതുക്കുന്നതാവട്ടെ ഈ പുണ്യ റമദാന്‍. സ്വന്തത്തെ പിടിച്ചുനിര്‍ത്തുക എന്നതാണ് സത്യവിശ്വാസികള്‍ക്ക് ഈ മാസം നല്‍കുന്ന സന്ദേശം. ഒരു മാസം മുഴുവന്‍ സ്വന്തത്തെ ദുനിയാവിന്റെ അലങ്കാരങ്ങളില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ പരിശീലിക്കുന്നതിലൂടെ നമ്മളാര്‍ജിക്കുന്നത് ശാരീരികമായും മാനസികമായും ഹറാമുകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ശക്തി മാത്രമല്ല, അല്ലാഹു വിന്റെ പ്രീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ശക്തിയാണ്. പിശാചിന്റെ പിടുത്തത്തെയും ഭൗതികതയുടെ അക്രമങ്ങളെയും എതിരിടാന്‍ അത്യാവശ്യമായ ആയുധമാണ് സുഹ്ദ്.

എന്താണ് സുഹ്ദ് ? ഉപേക്ഷിക്കപ്പെടുന്ന സംഗതി സ്വയം തന്നെ മൂല്യമുള്ളതായിരിക്കെ അതിനെക്കാള്‍ മികച്ച മറ്റൊന്നിനുവേണ്ടി അതിനെ ഉപേക്ഷിക്കലാണ് സുഹ്ദ് എന്നാണ് ഇമാം ഇബ്‌നു ഖുദാമ അല്‍ മുഖദ്ദസിയുടെ അഭിപ്രായം. സാധാരണ ഗതിയില്‍ ഇഹലോകത്തെ സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള അലച്ചില്‍ ഉപേക്ഷിച്ച് പരലോകത്തിന് വേണ്ടി അലയുന്നതിനാണ് സുഹദ് എന്ന് പറയുന്നത്. അല്ലാഹുവിനു വേണ്ടി സകലതും ഉപേക്ഷിക്കലാണ് ഏറ്റവും മികച്ചതും സമ്പൂര്‍ണവുമായ സുഹ്ദ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇഹലോകം വെടിഞ്ഞ് അല്ലാഹുവിന്റെ സ്വര്‍ഗത്തെ ആഗ്രഹിക്കലാണ് പിന്നെ ഏറ്റവും ശ്രേഷ്ഠമായത്. ഇമാം ഇബ്‌നുല്‍ ഖയ്യിം നല്‍കിയിട്ടുള്ള നിര്‍വചന പ്രകാരം, ‘ഇഹലോകജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്നതിന് നേര്‍വിപരീതമായ ഒരു സമീപനമാണ് സുഹ്ദ്. അറബി ഭാഷയില്‍, ഒരു സംഗതിയെ ഉപേക്ഷിക്കുന്നതോടൊപ്പം തന്നെ ഒരാള്‍ അതിനെക്കാള്‍ പ്രാധാന്യമുള്ളതിനെ ആഗ്രഹിക്കത്തക്ക വണ്ണം അതിന്റെ പ്രാധാന്യം കുറച്ചുകാണിക്കലുമാണ് സുഹ്ദ്. അദ്ദേഹം പറയുന്നു: ‘ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ പറയുന്നതായി ഞാന്‍ കേട്ടു: ‘പരലോകത്ത് പ്രയോജനപ്പെടാത്തതിനെ ഉപേക്ഷിക്കലാണ് സുഹ്ദ്. പരലോകത്തെ പരിണിതികളെ ഭയന്ന് ഒരു കാര്യം ഉപേക്ഷിക്കലാണ് വറഅ്.’ സുഹ്ദിന്റെയും വറഇന്റെയും ഏറ്റവും മികച്ചതും ആധികാരികവുമായ നിര്‍വചനമാണിത്.’സുഫ്‌യാന്‍ അസൗരി പറയുന്നു: ‘ദീര്‍ഘായുസ്സിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വെടിയുന്നതിലാണ് ഇഹലോകത്തെ സുഹ്ദ്. അല്ലാതെ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിലല്ല.’ ‘ഇമാം ഹസനുല്‍ ബസ്വരി പറയുന്നു: ‘അനുവദനീയമായതിനെ നിഷിദ്ധമാക്കുന്നതിലൂടെയൊ തന്റെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്യുന്നതിലൂടെയോ നേടാവുന്നതല്ല സുഹ്ദ്. മറിച്ച്, തന്റെ കൈയ്യിലുള്ളതിനെക്കാള്‍ അല്ലാഹുവിന്റെ കൈയ്യിലുള്ളതില്‍ വിശ്വസിക്കലാണത്.’

റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ നിറക്കുന്നതില്‍ വെച്ചേറ്റവും മോശപ്പെട്ട പാത്രം അവന്റെ വയറാണ്. തങ്ങളുടെ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മുന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനും(അത് ഒഴിച്ചിടുക) അവര്‍ നീക്കിവെക്കട്ടെ.പാത്രത്തില്‍ ഒന്നും ബാക്കിവെക്കാതെ കഴിക്കാനും കഴിച്ചതിന് ശേഷം വിരലുകള്‍ നക്കുവാനും നബി(സ) പ്രേരിപ്പിക്കുമായിരുന്നു.മറ്റൊരുദ്ധരണിയില്‍ ഭക്ഷണം ഒരല്‍പം പോലം പാഴാക്കരുതെന്നും പറയുന്നു: ‘അതില്‍ ബര്‍ക്കത്തെവിടെയെന്ന് നിങ്ങള്‍ക്കറിവില്ലാത്തതിനാല്‍.’ നമ്മുടെ ഭക്ഷണ രീതികളുമായി ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നു തട്ടിച്ചുനോക്കുക, പ്രത്യേകിച്ച് റമദാനില്‍. നബി(സ)യുടെ എല്ലാ നിര്‍ദ്ദേശങ്ങളെയും തിരസ്‌ക്കരിക്കുകയാണിവിടെ. എല്ലാവരും അവരുടെ വയറ് നിറയെ കഴിക്കാനാണ് ശ്രമിക്കുന്നത്. റമദാനില്‍ ഭാരം കുറയേണ്ടുന്നതിന് പകരം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പകല്‍സമയത്തെ അച്ചടക്കത്തിനും നിയന്ത്രണത്തിനും രാത്രി ഭക്ഷണം കൊണ്ട് പകരം വീട്ടുന്ന ഒരു കാഴ്ച്ച. ഭക്ഷണത്തിലുള്ള ഈ അമിതത്വം കാരണം താറാവീഹ് പ്രയാസമേറിയതാവുകയും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അതിലേറെ കഷ്ടമാണ് ബാക്കിവരുന്ന ഭക്ഷണം യാതൊരു കുറ്റബോധവുമില്ലാതെ വലിച്ചെറിയുന്ന കാഴ്ചകള്‍.

അത്താഴത്തിനും നോമ്പുതുറക്കും മിതമായി മാത്രം ഭക്ഷണം കഴിക്കാം. ഒരു ഇഫ്താര്‍ പരിപാടിയിലോ റെസ്‌റ്റൊറന്റിലോ ആണെങ്കില്‍ അത് മുഴുവന്‍ കഴിച്ചു തീര്‍ക്കാന്‍ ബാധ്യസ്ഥരാണ് തങ്ങളെന്ന തോന്നല്‍ ഒഴിവാക്കാം. വല്ലതും ബാക്കി വന്നിട്ടുണ്ടെങ്കില്‍ അത് പിന്നീട് കഴിക്കാന്‍ വേണ്ടി പായ്ക്ക് ചെയ്‌തെടുക്കാം. അനിസ്ലാമികമായ പൊങ്ങച്ചത്തെ നിങ്ങളെ ഭയപ്പെടുത്താനനുവദിക്കരുത്. ഭക്ഷണം അല്ലാഹു നല്‍കുന്നതും അതവന്റെ അനുഗ്രഹവുമാണ്. ദാരിദ്ര്യത്തില്‍ ജീവിക്കുന്നവര്‍ക്കേ ഭക്ഷണത്തിന്റെ വിലയറിയൂ.നോമ്പെടുക്കുമ്പോള്‍ ഈ ലോകത്തെ നിങ്ങളെ കൊതിപ്പിക്കാനനുവദിക്കരുത്. ഈ ലോകം അല്ലാഹുവെക്കുറിച്ച ചിന്തയില്‍ നിന്നും നമ്മെ തടയുമ്പോള്‍ ‘സുബ്ഹാനല്ലാഹ്’ എന്ന് ചൊല്ലാന്‍ പഠിക്കാം.’…തീര്‍ച്ചയായും ഐഹികജീവിതം വെറും കളിതമാശയും പുറംപകിട്ടും നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചു നില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല…'(ഖുര്‍ആന്‍ 57:20).

(കടപ്പാട്) 

Related Articles