Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകൾ മാതൃകയാവുന്നു

ഒരു ഇടവേളക്ക് ശേഷമാണ് റമദാൻ കടന്നു വന്നത്. ചരിത്രത്തിൽ ഇന്നേവരെയുണ്ടായ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി പള്ളികളുമായി അകന്ന് വീടുകളിലിരുന്ന് വ്രതമനുഷ്ടിക്കുകയായിരുന്നുവല്ലൊ കഴിഞ്ഞ വർഷം. ഇത്തവണ കോവിഡ് പൂർവോപരി വ്യാപിക്കുകയാണെന്ന നിലയിൽ ‘ കോവിഡ് രണ്ടാം തരംഗ ഘട്ട’ത്തിനിടയിലാണ് റമദാനിലേക്ക് പ്രവേശിച്ചത്.രണ്ടാം തരംഗത്തിൻ്റെ മുന്നറിയിപ്പുകൾ എന്തായാലും മസ്ജിദുകളെ കോവിഡ് പ്രൊട്ടോകോളിൽ മാതൃകാപരമായി സജജീകരിച്ചാണ് വിശ്വാസികൾ റമദാനെ ഉപയോഗിക്കന്നത്. കഴിഞ്ഞ വർഷം കോവിഡ് പ രിസരത്ത് എത്തിവരുന്നതേയുണ്ടായിരുന്നുള്ളു. റെഡ് അലർട്ട് ജില്ലകളായിരുന്നു അന്നെങ്കിൽ ഇന്ന് റെഡ് അലർട്ട് വില്ലേജുകളായി മാറിയിട്ടുണ്ട്. പക്ഷെ, ഒരു വർഷം മുമ്പ് കോവിഡിനെക്കുറിച്ചുള്ള ആശങ്കയിൽ നിന്ന് നമുക്ക് ചില പാഠം പഠിക്കാനായി. ഭയം വേണ്ട ജാഗ്രത മതി എന്നത് ശരിയായി അനുഭവിച്ചറിഞ്ഞു. കോവിഡിൻറ പിടിത്തം അനുഭവിക്കാത്ത കുടുംബങ്ങളില്ല എന്ന നിലയായി. എങ്ങിനെയാണ് അതിനെ അതിജീവിക്കേണ്ടത് എന്ന് പഠിച്ചു. ഒറ്റപ്പെട്ട കോവിഡ് മരണങ്ങൾ പതിവ് മരണങ്ങളാവുകയും മരണ നിരക്ക് കൂടുകയും ചെയ്തു എന്നത് ഭീതിതമാണ്.

റമദാനും പള്ളികളും
ആശങ്ക പങ്ക് വെച്ച് കൊണ്ട് റമദാനെ വരവേറ്റപ്പോൾ വളരെ വ്യക്തതയുള്ള നിലപാട് നമുക്കുണ്ടാവണമെന്ന് ചൂണ്ടികാണിക്കപ്പെട്ടു. ജാഗ്രത വേണം എന്ന് പറയുമ്പോഴേക്കും പള്ളികൾ പൂട്ടിയിടുകയാണ് വേണ്ടത് എന്ന നിലയിൽ വെപ്രാളപ്പെടുകയല്ല വേണ്ടത്. അതേസമയം കണിശമായ ജാഗ്രത ഉണ്ടാവുക തന്നെ വേണം.

ലോക്ഡൗൺ വേളയിലും അതിന് ശേഷവും കോവിഡ് പ്രൊട്ടോകോൾ ഏറ്റവും കണിശമായി പാലിച്ച സ്ഥലം ആരാധനാലയങ്ങൾ ആയിരുന്നു. പ്രൊട്ടോകോൾ പാലിക്കണമെന്ന് മുന്നറിയിപ്പ് തുടർന്നപ്പോഴും അത് പാലിക്കാനുള്ള ബാധ്യത ആരാധനാലയങ്ങൾക്ക് മാത്രമാണോ എന്ന് തോന്നിപ്പിക്കുന്ന ഇടപഴകലുകളും വഴിതെറ്റലുകളുമാണ് രാഷ്ട്രീയ-സാമൂഹിക-പൊതു മണ്ഡലങ്ങളിൽ കാണാനിടയായത്. സ്വകാര്യ ബസ്സുകളിൽ യാത്രക്കാരെ കുത്തിനിറച്ച് സഞ്ചരിച്ചു. സമ്മേളനങ്ങളും കേരള യാത്രകളും ഒക്കെ ജനനിബിഡമായി നടന്നു. ഹോട്ടലുകളിൽ ഒരു മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണ കഴിച്ചു. എന്നിട്ട് മസ്ജിദിലെത്തി ഒരു മീറ്റർ അകലം പാലിച്ച് നമസ്കരിക്കാൻ നിൽക്കുന്നു!. പള്ളികളായിട്ട് അത് ലംഘിച്ചു എന്ന് പറയാതിരിക്കാനുള്ള ഈ ജാഗ്രത പലേടത്തും തുടർന്നു. പുറത്ത് എന്ത് നടന്നാലും ശരി പള്ളികൾ അവരുടെ ധാർമ്മികമായ ഉത്തരവാദിത്വം കൈവെടിഞ്ഞില്ല.

പള്ളികളിലെ ജാഗ്രത കൈവിടാവതല്ല എന്നത് പള്ളികളിലെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചറിയേണ്ട വസ്തുത തന്നെയാണ്. മസ്ജിദുകൾ കേവലമായ ആരാധനാ കേന്ദ്രം എന്നതിലുപരി വിശ്വാസികൾ തമ്മിലുള്ള ഹൃദയബന്ധം ഉൗട്ടിവളർത്തുന്ന ഇടം കൂടിയാണ്. കാണുക, സല്ലപിക്കുക, ക്ഷേമമന്വേഷിക്കുക, ആലിംഗനംചെയ്യുക, എന്നിങ്ങനെ പള്ളികളിലെ ഇടപഴകൽ സംസ്കാരമാണ്. അതിനാൽ, വീടകങ്ങളിൽ ഒതുങ്ങി നിൽക്കുക എന്നത് സാഹോദര്യ ബന്ധിതമായ വിശ്വാസികളുടെ അവബോധത്തിൽ അന്യമാണ്. ഒറ്റപ്പെടുക എന്നത് അധിക കാലം പിടിച്ചു നിൽക്കാൻ കഴിയാത്ത ദൗർബല്യമാണ്. അതിനാൽ, ലോക്ഡൗണിന് ശേഷം പള്ളികൾ തുറക്കപ്പെട്ടപ്പോൾ തന്നെ പള്ളികളുമായുള്ള ആത്മബന്ധം സ്ഥാപിക്കപ്പെട്ടു. അതിനാൽ വിശുദ്ധ റമദാൻ വീണ്ടും വന്നപ്പോൾ പള്ളികളുമായി കുൂടതൽ അടുത്തിടപഴകേണ്ട അഭിനിവേശമായി. പക്ഷെ, ജാഗ്രത വേണ്ടതുണ്ട് .

നമസ്കാരവുമായി ബന്ധപ്പെട്ട അടിസ്ഥാന ചര്യകളിൽ ചിലത് അതിസൂക്ഷ്മത വേണ്ട കാര്യങ്ങളാണ്. അത് കൊണ്ടാണ് ലോക്ഡൗണിന് ശേഷം പള്ളികൾ തുറന്നപ്പോൾ ചില ഉപാധികൾ കർശനമായി നടപ്പിലാക്കിയത്. അംഗശുദ്ധി വരുത്തുന്നത് വീടുകളിൽ പതിവാക്കി. നമസ്കാരത്തിന് വന്നവർ സുജൂദ് ചെയ്യുന്നിടം പിന്നീട് മറ്റൊരാൾക്ക് സുജൂദ് ചെയ്യാനുള്ളതാണ് എന്ന തിരിച്ചറിവോടെ മുസല്ല കൊണ്ടുവരുന്നതും ശീലമായി. മാസ്ക് നമസ്കാരത്തിലും കണിശമാക്കി. എത്രത്തോളമെന്നാൽ പള്ളിയിലെ പൊതു സ്പർശന ഇടങ്ങളിൽ മാസ്ക് അഴിച്ചു വെക്കരുത് എന്ന് പോലും മുന്നറിയിപ്പ് നൽകി. ഇത് ഇനിയും തുടരുകയാണ് അഭികാമ്യം. അതായത് പള്ളികളിലേക്കുള്ള വരവിനെ നിയന്ത്രിച്ച് ആരാധനാ കാര്യങ്ങൾ പരിമിതപ്പെടുത്തുകയല്ല, ആരാധനാ സംവിധാനം നിർഭയമായ സുരക്ഷാ ക്രമീകരണത്തോടെ സജജീകരിക്കുകയാണ് വേണ്ടത് എന്ന് ചുരുക്കം.

തറാവീഅും അംഗശുദ്ധി നിയന്ത്രണവും
റമദാനിലെ തറാവീഅ് നമസ്കാരം ദീർഘനേരം നിർവഹിക്കേണ്ട ഒന്നാണ്. വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തി വരുന്നവരിൽ ചിലർക്ക് വീണ്ടും അംഗശുദ്ധി വരുത്തേണ്ടി വരും. അതിനാൽ, അംഗശുദ്ധി വരുത്താനുള്ള ക്രമീകരണം പള്ളികളിൽ ശാസ്ത്രീയമായി തന്നെ ഏർപ്പെടുത്തിയ ഇടങ്ങളുണ്ട്. വുളു ചെയ്യുമ്പോൾ ചീറ്റിതുപ്പുന്നത് കാൽ കഴുകേണ്ട തറയിലാവാത്ത വിധം വാട്ടർ ടാപ്പുകൾക്കും ഓടകൾക്കും ക്രമീകരണം വരുത്തപ്പെട്ടു. ടോയ്ലറ്റുകളിൽ പോയി തിരിച്ചു വരുന്നവർക്ക് കൈകഴുകാനുള്ള ഹാൻറ് വാഷ്, സോപ്പ് എന്നിവ ആവശ്യാനുസരണം സുലഭമാക്കപ്പെട്ടു. നമസ്കരിച്ചിറങ്ങുന്നവർക്ക് സാനിറ്റേസർ ഒരുക്കി. തറാവീഅ് നമസ്കാരത്തിനിടയിൽ കുടിവെള്ളം ആവശ്യമുള്ളവർ ഏറെയാണ്. സാധാരണ നിലയിൽ പള്ളിയങ്കണത്തിൽ അതിന് സൗകര്യം ഏർപ്പെടുത്താറുണ്ട്. പക്ഷെ, ഏറ്റവും സുരക്ഷിതം, സ്വന്തം നിലയിൽ പള്ളിയിൽ വരുമ്പോൾ തന്നെ ചെറിയ ഫ്ലാസ്കിൽ അത് കയ്യിൽ കരുതലാണ് കരുതിയവരുണ്ട്.

നോമ്പുതുറ
പള്ളികളിൽ നോമ്പുതുറ ക്രമീകരിക്കുന്നതിൽ നല്ല സൂക്ഷ്മത പാലിക്കാനുണ്ട്. . അധിതൃതർ നൽകുന്ന സൂചന കോവിഡ് ഏതെങ്കിലും കണ്ടയ്ൻമെൻ്റ് ഏരിയയിൽ പരിമിതമല്ല, നമ്മുടെ സമീപസ്ഥമാണ് എന്നതാണ്. അതിനാൽ പൊതിഞ്ഞു വാങ്ങുന്ന വസ്തുക്കൾ എല്ലാം ജാഗ്രതയോടെ കൈകാര്യം ചെയ്യണം. നോമ്പുതുറക്ക് ഫ്രൂട്ട്സ് വലിയ ഘടകമാണ്. ഇവ വിപണിയിലെത്തുന്നത് കോവിഡ് പ്രൊട്ടോകോൾ പാലിച്ചു കൊണ്ടൊന്നുമല്ല. ഉപയോഗിക്കുമ്പോൾ സൂക്ഷിക്കാനേ പറ്റൂ. നോമ്പ് തുറ പള്ളികളിൽ സാമൂഹികമായതിനാൽ ഇവയുടെ വിന്യാസം കരുതലോടെ വേണം. പള്ളികളിൽ നോമ്പ് തുറക്കാനുള്ള കുടിനീർ, ചായ എന്നിവ പേപ്പർ ഗ്ലാസിൽ നൽകുകയും അവ ഒരു നിശ്ചിത സ്ഥലത്ത് ബാസ്കറ്റിൽ നിക്ഷേപിച്ച് നശിപ്പിക്കുകയും വേണം.

സമൂഹ നോമ്പുതുറ ഒരുക്കുന്ന വളണ്ടിയർമാർ മാസ്കിന് പുറമെ ഗ്ലൗസ് ധരിക്കണം. നിശ്ചിത വളണ്ടിയർമാരല്ലാത്തവരാരും നോമ്പ് തുറ വിഭവം കൈകാര്യം ചെയ്യരുത്. പ്രത്യേകിച്ചും യാത്രക്കാർ എത്തിച്ചേരുന്ന പള്ളികളിൽ ഈ കണിശത നിർബന്ധമാക്കണം. പള്ളികളിലല്ലാതെ നടക്കുന്ന ഇഫ്താർ മീറ്റുകളും അതീവ സൂക്ഷ്മ നടപടികൾ അനിവാര്യമാണ്. റമദാൻ കാലം പള്ളികളിൽ ഭജനമിരിക്കുന്നതിലും കോവിഡ് സൂക്ഷ്മ തല രീതിയിലാവണം. ദാനധർമ്മങ്ങൾ സ്വീകരിക്കാൻ ധാരാളമായി സ്ത്രീകളും പുരുഷൻമാരും സ്ഥാപനങ്ങളിലും വീടുകളിലും പള്ളികളിലും എത്തിച്ചേരും. അവരുമായുള്ള ഇടപഴകലും സൂക്ഷ്മമായിരിക്കണം. ഇത്തരത്തിൽ സഞ്ചരിക്കുന്നവർ ദൂരദിിക്കുകളി നിന്ന് വരുന്നവരായിരിക്കും. ഇവർക്ക് രാപ്പാർക്കാനുള്ള ഇടം നിശ്ചയിക്കുന്നതും നാട്ടുകാർക്ക് പള്ളിയിൽ നിർഭയമായി ഇടപഴകുന്നതിൽ സന്ദേഹമുണ്ടാവുന്ന വിധത്തിലാവരുത്.

പള്ളികളാണ് സുരക്ഷിത കേന്ദ്രം
മുകളിൽ പറഞ്ഞ അതിസൂക്ഷ്മ നടപടികൾ ഉണ്ടായാലും ഇല്ലെങ്കിലും പതിവ് സൂക്ഷ്മതയിൽ എല്ലാ മസ്ജിദുകളും പൊതുവെ ശുചിത്വത്തിൽ മാതൃകയാണ്. പള്ളി പരിപാലന കമ്മിറ്റികൾ ഏറെ സജീവമായ സംസ്ഥാനമാണ് കേരളം. മഹല്ലിലെ യുവാക്കളുടെ വലിയ അദ്ധ്വാനവും സാന്നിധ്യവും പള്ളി പരിപാലനങ്ങളിൽ സുലഭമാണ്. കാലോചിതമായ കെട്ടിട നവീകരണം, നമസ്കാരഹാൾ ക്രമീകരണം, ടോയ്ലറ്റുകളുടെയും അംഗശുദ്ധി സംവിധാനങ്ങളുടെയും ശുചിത്വം, തുടങ്ങിയവ നിത്യവും പരിപാലിക്കാൻ പ്രത്യേക ജീവനക്കാരെ തന്നെ പള്ളി കമ്മിറ്റികൾ നിർത്തുന്നുണ്ട്. ഈ കാര്യക്ഷമത കൊണ്ടാണ് ഇത്രയേറെ ആളുകൾ ഒരു ദിവസം അഞ്ച് നേരം തുടർച്ചയായി ഉപയോഗിച്ചിട്ടും പള്ളികൾ എന്നും ശുചിത്വ പൂർണമായി നില നിൽക്കുന്നത്. അംഗശുദ്ധി വരുത്താനുള്ള ഔളുകളിലെ ( ടാങ്ക്) വെള്ളം ഇടവിട്ട ദിവസങ്ങളിലും ചുരുങ്ങിയത് വെള്ളിയാഴ്ചകളിലും കഴുകി വൃത്തിയാക്കി വെള്ളം മാറ്റി നിറക്കാറാണ് പതിവ്. ഇത്ര സൂക്ഷ്മമായി പരിപാലിച്ചിട്ടും ലോക്ഡൗണിന് മുമ്പ് തന്നെ അധികൃതരുടെ നിർദ്ദേശം വരും മുമ്പ് ഔളുകൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇപ്പോഴും ആ സ്ഥിതി തുടരുന്നുണ്ട്. അംഗശുദ്ധി വീടുകളിൽ നിന്ന് വരുത്തി പള്ളിയിൽ വരുന്ന ശീലം പതിവായി. അല്ലാത്തവർക്ക് വാട്ടർ ടാപ്പുകൾ കൂടുതൽ ക്രമീകരിച്ചു.

മാത്രമല്ല നാടാകെ എല്ലാം പ്രൊട്ടോക്കോള്ളും കാറ്റിൽ പറത്തിയപ്പോഴും കോവിഡ് പ്രൊട്ടോകോൾ കണിശമായി ഇന്നും നഗരങ്ങളിലെ പള്ളികൾ കൃത്യമായി പാലിക്കുന്നുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളിലും സർക്കാർ ഓഫീസുകളിൽ പോലും ജാഗ്രത വിസ്മരിക്കപ്പെട്ടുവെന്ന് ഓർക്കണം. അതിനാൽ കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താൽ പള്ളികളിൽ പുതിയൊരു നിയന്ത്രണം കെട്ടിയേൽപ്പിക്കാവതല്ല. അതിന് പഴുത് നൽകാത്ത വിധം സ്വയം പരിപാലന കമ്മിറ്റികൾ ജാഗ്രത തുടരുകയാണ് വേണ്ടത്. കോവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കുക എന്ന പൊതു തത്വം തന്നെയാവണം റമദാനിലെയും തത്വം. കോവിഡിനോടൊപ്പം വിശുദ്ധ റമദാൻ അതി ജാഗ്രതയോടെ പള്ളികളെയും ഭവനങ്ങളെയും സജീവ സാന്ദ്രമാക്കി ഉപയോഗിക്കാം എന്ന് തന്നെയാവണം ചിന്ത.

Related Articles