Your Voice

എല്ലാത്തിനും വേണം ഒരു ഉഴുതുമറിക്കല്‍

വംശീയ ഉന്മൂലനം ഉന്നം വെക്കുന്നവര്‍ ദീര്‍ഘകാലത്തെ ഉഴുതു മറിക്കല്‍ പ്രക്രിയ നടത്തിയ ശേഷമാണ് അതിനു മുതിരുന്നത്. മാനവ ചരിത്രം സാക്ഷിയായ എല്ലാവിധ വംശീയ ഉന്മൂലനങ്ങക്ക് മുമ്പും വ്യാപകവും ഗൂഢവുീ നിഷ്‌കരുണവുമായ ഉഴുതുമറിക്കല്‍ അരങ്ങേറിയിട്ടുണ്ട്. ഭൂരിപക്ഷം ന്യൂന പക്ഷത്തെ നിഷ്‌കാസനം ചെയ്തതിന്റെ മാത്രം കഥയായിട്ടല്ല വംശീയ ഉന്മൂലനം ചരിത്രത്താളുകളില്‍ വായിക്കപ്പെടുന്നത്. അധഃകൃതര്‍ക്കെതിരെ അധികാരികള്‍ നടത്തിയ നീക്കങ്ങളായിരുന്നു എക്കാലത്തും വംശീയ ഉന്മൂലനങ്ങള്‍. സമുദ്രങ്ങള്‍ മുഴുവനും മഷിയും മരങ്ങള്‍ മുഴുവനും പേനകളുമാക്കി എഴുതപ്പെട്ടാലും ലോകത്തു ഇന്നു വരെ സംഭവിച്ച ഉന്മൂലന നാശത്തിന്റെ കൊടും ക്രൂരതകള്‍ ചുരുളഴിയാതെ തന്നെ അവശേഷിക്കും.

1933 മുതല്‍ 1945 വരെ ജര്‍മനി ഭരിച്ച അഡോള്‍ഫ് ഹിറ്റ്‌ലര്‍ നേതൃത്വം കൊടുത്ത ജൂതന്മാരെ! കൂടാതെ ജിപ്‌സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവര്‍ഗസ്‌നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെര്‍മന്‍ പൗരന്മാരും അടക്കം ഏതാണ്ട് 110 ലക്ഷം ആള്‍ക്കാര്‍ കൊല്ലപ്പെട്ട വംശീയ ഉന്മൂലനമാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. പൊടുന്നനെ ഒരു ദിവസം 110 ലക്ഷം ജനങ്ങളെ ഒരുമിച്ചു കൂട്ടി കൂട്ടക്കശാപ്പ് നടത്തുകയല്ല ഹിറ്റ്‌ലര്‍ ചെയ്തത്.

നരഹത്യക്ക് തങ്ങള്‍ തെരഞ്ഞെടുത്ത ജന വിഭാഗത്തെ സ്വഭാവ ഹത്യ നടത്തുകയായിരുന്നു ആദ്യപടി. തങ്ങള്‍ ഉന്നം വെച്ച ജനവിഭാഗങ്ങള്‍ക്കെതിരെ അവര്‍ക്ക് മനുഷ്യത്വമില്ല, മാന്യതയില്ല, അവര്‍ സ്ത്രീകളുടെ മാനം കവരുന്നവരാണ്, അവര്‍ ഭീകര വാദികളും മൃഗ തുല്യരുമാണ് തുടങ്ങിയ അപവാദങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമായി മാറും എന്ന സിദ്ധാന്തം ഹിറ്റ്‌ലര്‍ യുഗത്തിന്റെ സംഭവനയാണല്ലോ. ഇങ്ങനെ തങ്ങള്‍ കൊല്ലാന്‍ വെച്ച ജനതക്കെതിരെ പൊതുബോധം വളര്‍ത്തിയെടുത്ത ശേഷമാണ് ഹിറ്റ്‌ലര്‍ കിരാതമായ കൂട്ടക്കൊല നടത്തിയത്. കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ ആഘോഷിക്കുന്ന മനുഷ്യത്വമില്ലാത്ത ജനതയാക്കി തന്റെ അനുയായികളെ മാറ്റിയെടുത്ത ശേഷമാണ് ഹിറ്റ്‌ലര്‍ കൂട്ടകുരുതികള്‍ തുടങ്ങിയത്.

സൗത് ആഫ്രിക്കയിലെ എണ്‍പത് ശതമാനം വരുന്ന തദ്ധേശീയരെ അവിടത്തെ വെറും കുടിയേറ്റക്കാര്‍ മാത്രമായിരുന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും അടങ്ങുന്ന വെള്ളക്കാര്‍ നൂറ്റാണ്ടുകള്‍ അടിമകളാക്കി ഭരിച്ചതിന്റെ രക്തം സ്ഫുരിക്കുന്ന ചരിത്രം വായനക്ക് ലഭ്യമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ വെള്ളക്കാര്‍ സൗത്ത് ആഫ്രിക്ക അധീനപ്പെടുത്തി കറുത്തവരെ വെറും അടിമകളാക്കി മാറ്റിയിരുന്നു. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായി തന്നെ വര്‍ണ വിവേചനം നിലനിര്‍ത്തിയ രാജ്യമാണ് സൗത്ത് ആഫ്രിക്ക. ഇക്കാലത്തു ഭൂരിപക്ഷം വരുന്ന കറുത്തവര്‍ നിയമം മൂലം തന്നെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. 1950ലെ ഗ്രൂപ്പ് ഏരിയാസ് ആക്റ്റ് കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കും പ്രത്യേകം അധിവാസ വ്യാപാരമേഖലകള്‍ വേര്‍തിരിച്ചുനല്കിയത് ഇതിന് ഉദാഹരണമാണ്. 1954ലെ ലാന്‍ഡ് ആക്റ്റ് പ്രകാരം ഭൂമി കൈവശം വയ്ക്കാനുള്ള കറുത്തവരുടെ അവകാശങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നു. കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈവാഹിക ബന്ധങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഹിബിഷന്‍ ഒഫ് മിക്‌സഡ് മാര്യേജ്യസ് ആക്റ്റ് 1949ലും കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ പാസ്സ് നിയമങ്ങള്‍ 1952ലും പ്രാബല്യത്തില്‍ വന്നു. ‘അപ്പാര്‍തീഡ്’ (വര്‍ണവിവേചനം) വ്യവസ്ഥയ്ക്കു കീഴില്‍ കറുത്തവര്‍ എവിടെ എങ്ങനെ ജീവിക്കണം എന്നു തീരുമാനിച്ചത് വെള്ളക്കാരായ ഭരണാധികാരികളായിരുന്നു.

തദ്ദേശീയരായ കറുത്ത വര്‍ഗക്കാര്‍ക്ക് പുറമെ സൗത് ആഫ്രിക്കയില്‍ ജോലി ആവശ്യാര്‍ഥം കുടിയേറിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ലക്ഷക്കണക്കിനു മനുഷ്യരെ അടിമകളായി തന്നെയാണ് വെള്ളക്കാര്‍ കരുതിപ്പോന്നത്. കേവലം രാഷ്ട്രീയമായ മാത്രം കീഴ്‌പ്പെടുത്തിയല്ല വെള്ളക്കാര്‍ ഇത് സാധിച്ചത്.

സംവത്സരങ്ങള്‍ നീണ്ടു നിന്ന ആസൂത്രിത സ്വഭാവ ഹത്യയുടെ ഒടുവിലാണ് മനുഷ്യ കുരുതിക്ക് കളമൊരുങ്ങിയത്. സൗത് ആഫ്രിക്കയില്‍ പക്ഷെ ഇരയാക്കപ്പെട്ടവര്‍ അവിടുത്തെ ഭൂരിപക്ഷ ജന വിഭാഗമായിരുന്നതിനാല്‍ സ്വന്തം സംഘ ശക്തി കൊണ്ട് വിമോചിതരാവാന്‍ അവര്‍ക്ക് സാധിച്ചു.

എക്കാലത്തെയും പോലെ ഇന്നും വംശ നശീകരണം ഉന്നം വെക്കുന്നവര്‍ സ്വഭാവ ഹത്യ അജണ്ടയുമായി രംഗത്തുണ്ട്. തങ്ങള്‍ കൊല്ലാം വെച്ച ജനവിഭാഗത്തെ മുഴുവനും കുറ്റവാളികളും അക്രമികളും താരം താഴ്ന്നവരുമായി അവര്‍ ചിത്രീകരിചു കൊണ്ടിരിക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ ഇത്തരം സ്വഭാവ ഹത്യ യുദ്ധത്തിന് വിധേയരായ ഇന്ത്യക്കാര്‍ക്കും കറുത്തവര്‍ക്കും വേണ്ടി പോരാടിയാണ് ഗാന്ധി മഹാത്മാവായത്.

ഗാന്ധി എല്ലാവരെയും സ്‌നേഹിച്ചു. വെള്ളക്കാരും കറുത്തവരും ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റു എല്ലാവരും ഒരുപോലെ മനുഷ്യരാണ് എന്ന് ഗാന്ധി വാദിച്ചു. ലോകത്തിന് ഇന്ന് ആവശ്യമുള്ളത് ഗാന്ധിയെ പോലെയുള്ള മഹാത്മാക്കളെയാണ്. വംശ നശീകരണം ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്നവരുടെ മുഖത്ത് നോക്കി ആരും അന്യരല്ല എല്ലാവരും മനുഷ്യരാണ് എന്നു ഉറക്കെ വിളിച്ചു പറയാന്‍ ധൈര്യമുള്ള മഹാത്മാക്കളെയാണ് നമുക്ക് ഇന്നാവശ്യം.

Facebook Comments
Show More

Related Articles

Close
Close