Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ‘പാരായണം’ മാത്രം മതിയോ ?

സ്വര്‍ണം എന്ന് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യമായി കയറി വരിക ആഭരണമാണ്. വാസ്തവത്തില്‍ സ്വര്‍ണം ആഗോള തലത്തില്‍ ആഭരണം എന്നതിനേക്കാള്‍ സുരക്ഷിതമായ നിക്ഷേപം എന്ന രീതിയിലാണ് അറിയപ്പെടുന്നത്.

വെളിച്ചെണ്ണ എന്ന് കേട്ടാല്‍ നമുക്ക് മനസ്സില്‍ വരിക പലഹാരങ്ങളാണ്. വാസ്തവത്തില്‍ ‘കോസ്മറ്റിക്’ വസ്തുക്കളുടെ നിര്‍മാണത്തിനാണ് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.ഖുര്‍ആന്‍ എന്ന് കേട്ടാല്‍ നമുക്ക് മനസ്സില്‍ വരിക പാരായണം മാത്രമാണ്. ഒരു റമദാനില്‍ മാത്രം കോടിക്കണക്കിന് പേര് ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ‘ഓതി’ പൂര്‍ത്തിയാക്കുന്നു. അപ്പോഴും യഥാര്‍ത്ഥ ഉദ്ദേശത്തിനു വേണ്ടി ഖുര്‍ആനെ ഉപയോഗപ്പെടുത്തുന്നവര്‍ തീരെ കുറവാണ്. റമദാന്‍ മാസം ശ്രേഷ്ഠകരമാകാന്‍ ആ മാസം മനുഷ്യ കുലത്തിനു സന്മാര്‍ഗമായി ഖുര്‍ആന്‍ അവതീര്‍ണമായി എന്നതാണ്. അപ്പോള്‍ ആര്‍ക്കാണ് ഖുര്‍ആന്‍ സന്മാര്‍ഗമായി അനുഭവപ്പെടുന്നത് അവര്‍ മാത്രമാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥ ഫലം ലഭിച്ചവര്‍ എന്ന് വേണം മനസ്സിലാക്കാന്‍.

വേണമെങ്കില്‍ ഒറ്റത്തവണ തന്നെ ഖുര്‍ആന്‍ ഇറക്കാമായിരുന്നു. പക്ഷെ സമൂഹത്തില്‍ ഉണ്ടായി വന്നിരുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാണ് ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായത്. അതായത് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ വായിക്കാനാണ് കല്‍പ്പിക്കുന്നത്. വായന മനസ്സും ശരീരവും ചേര്‍ന്നുള്ള സംഭവമാണ്. ‘ഓതുക’ എന്നത് ശരീരത്തിന്റെ മാത്രം വിഷയമാണ്. അതിനേ മനസ്സിന്റെ സാന്നിധ്യം ആവശ്യമില്ലാതെ വരുന്നു. ഒരാവര്‍ത്തി ഒരാള്‍ ഒരു പുസ്തകം വായിച്ചാല്‍ അയാളുടെ ജീവിതത്തില്‍ അതിന്റെ ചെറിയ മാറ്റം നാം കാണും. ഖുര്‍ആന്‍ നിരന്തരം ‘ഓതിയിട്ടും’ എന്ത് കൊണ്ട് അതിന്റെ ഒരു ഫലവും അധികം പേരിലും കാണാതെ പോകുന്നു എന്ന് ചോദിച്ചാല്‍ ഓത്തില്‍ നിന്നും വായനയിലേക്ക് നാം മാറണം എന്നതാണ് ഉത്തരം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാകാം. ലോകത്തില്‍ കൂടുതല്‍ അച്ചടിക്കപ്പെടുന്ന ഗ്രന്ഥവും മറ്റൊന്നാകാന്‍ ഇടയില്ല. പക്ഷെ അതൊരു തിരുത്തലോടെ മാത്രമേ പറയാന്‍ കഴിയൂ ‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ത്ഥം അറിയാതെ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാകും. ‘നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ള വിഷയങ്ങളില്‍ വിധി കേള്‍പ്പിക്കുക എന്നതാണ് ഖുര്‍ആനിന്റെ മറ്റൊരു ഉദ്ദേശം. അതായത് നമ്മുടെയൊക്കെ ജീവിതത്തെ നിയന്ത്രിക്കാന്‍ ഖുര്‍ആന് കഴിയണം എന്ന് സാരം. നമ്മുടെ ജീവിതത്തില്‍ ആ രീതിയില്‍ ഖുര്‍ആന് എത്ര സ്വാധീനമുണ്ട് എന്ന് കൂടി നാം ചിന്തിക്കണം.

നമ്മുടെ മനസ്സില്‍ ഇപ്പോള്‍ ഖുര്‍ആന്‍ കേവലം ഒരു പുണ്യ ഗ്രന്ഥം മാത്രമാണ്. അതിലപ്പുറം മറ്റൊരു സ്ഥാനവും അതിനു അധിക പേരും നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ ഗ്രന്ഥത്തിലുള്ള വിശ്വാസത്തില്‍ സമൂഹം ഇനിയും കുറെ മുന്നോട്ടു പോകാനുണ്ട്.

Related Articles