Current Date

Search
Close this search box.
Search
Close this search box.

മരണ വീട്ടിലെ ഖുര്‍ആന്‍ പാരായണം

‘പ്രവാചകന്റെ മരണവും അനന്തര വിഷയങ്ങളും ഞാന്‍ പല രൂപത്തിലും വായിച്ചതാണ്. നിസാര വിഷയങ്ങള്‍ പോലും ആ വിഷയകമായി രേഖപ്പെടുത്തി കാണുന്നു. പ്രവാചകന്റെ മയ്യിത്ത് ഖബറിലേക്ക് എടുത്തു വെച്ച ആളുകളുടെ പേര്‍ കൂടി അതില്‍ കാണുന്നു. പ്രവാചകന്റെ ഒരു വിരിപ്പ് കൂടി ഖബറില്‍ വെച്ച് എന്ന് പോലും കാണുന്നു. അതിനു ശേഷം പ്രവാചകന് വേണ്ടി ആരും പ്രത്യേക രാവുകളും പകലുകളും ആചരിച്ചതായി നാം കണ്ടില്ല. പ്രവാചകന്‍ പഠിപ്പിച്ച സമൂഹമാണു സഹാബികള്‍. ഇസ്ലാം എന്തെന്ന് നാം അവരില്‍ നിന്നും പഠിക്കുന്നു. പ്രവാചകന്റെ ഖബറിന് മുകളിലോ അരികിലോ ആരും കുടില്‍ കെട്ടി ഖുര്‍ആന്‍ പാരായണം നടത്തിയതായി അറിയില്ല. ഇനി പ്രവാചകനെ ഖബറടക്കിയത് വീട്ടിനുള്ളിലാണ് എന്ന വാദമെങ്കില്‍ ഊഴം വെച്ച് സഹാബികള്‍ ഖുര്‍ആന്‍ പാരായണം നടത്തിയതായി അറിയില്ല. പിന്നെ എങ്ങിനെ നമ്മുടെ ഇസ്ലാമില്‍ ഇതൊക്കെ വന്നു എന്നുമറിയില്ല.

മാതാവ് മരണപ്പെട്ടു പോയ വ്യക്തി ഇനി എന്ത് വേണം എന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ ഉത്തരത്തിലും ഇതൊന്നും കണ്ടില്ല. മരിച്ച വീട്ടില്‍ അനുശോചനം ഇസ്ലാം അനുവദിക്കുന്നു. അതിനു മൂന്നു ദിവസം എന്ന പരിധിയും വെച്ചു. അതൊരു മാമാങ്കമായി നടത്താന്‍ ഇസ്ലാം പറഞ്ഞില്ല. അവിടെ പോയാല്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ഇസ്ലാം നിരുല്‍സാഹപ്പെടുത്തി. സംസാരം മറ്റു വിഷയങ്ങളിലേക്ക് മാറി പോകും എന്ന കാരണത്താലാണത്. മരിച്ച വീട്ടില്‍ ഖുര്‍ആന്‍ ഓതുക എന്നതിന്റെ വിധി അന്വേഷിക്കുന്നതിനു മുമ്പ് മരിച്ച വ്യക്തിയും ഖുര്‍ആനും തമ്മിലുള്ള ബന്ധം മരണത്തോടെ അവസാനിക്കുന്നു എന്നതാണ്. ജീവിച്ചിരിക്കുന്ന മനുഷ്യന് വായിച്ചു കൊടുക്കുക എന്നതാണ് പ്രവാചകന്‍ ചെയ്തത്. ആ വായന സഹാബികള്‍ ഏറ്റെടുത്തു. പക്ഷെ നമ്മുടെ കാലത്ത് ഖുര്‍ആന്‍ കൂടുതല്‍ സജീവമാകുന്നത് മരണ വീട്ടിലാണ്. ജീവനുള്ള വീട്ടില്‍ അത് നിശബ്ദമാകുകയും ചെയ്യുന്നു. ഇതിനെ വിരോധാഭാസം എന്ന് വിളിക്കാം.

മരിച്ച മനുഷ്യന് ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യം കിട്ടുമോ എന്നതാണ് ചര്‍ച്ച. മനുഷ്യനു ആത്യന്തികമായി അയാളുടെ പ്രവര്‍ത്തനമാണ് ലഭിക്കുക. എന്റെ പ്രവര്‍ത്തനത്തിന്റെ ഗുണഭോക്താവ് ഞാന്‍ തന്നെ. എന്റെ പ്രാര്‍ത്ഥന കൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണം ലഭിച്ചേക്കാം. പക്ഷെ അതിനുള്ള അടിസ്ഥാനം സ്വഭാവം കിട്ടേണ്ട വ്യക്തിക്ക് ഉണ്ടാവണം എന്ന് മാത്രം. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് സഹാബികള്‍ മരിച്ചിട്ടുണ്ട്. അവരുടെ വീടുകളില്‍ ഇന്ന് കാണുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണവും അന്നദാനവും ആണ്ട് ആചരിക്കലും കണ്ടില്ല. പുണ്യമാണ് എന്ന് പറയാന്‍ പണ്ഡിതരുടെ ഉദ്ധരണികള്‍ ധാരാളം.

നമ്മുടെ തെളിവ് ആര് പറഞ്ഞു എന്നതല്ല അത് പറയാനുള്ള അടിസ്ഥാനമാണ്. പുണ്യമുള്ള ഒന്നും കാണിച്ചു തരാതെ പ്രവാചകന്‍ ലോകം വെടിഞ്ഞില്ല. പ്രവാചകന്‍ പഠിപ്പിച്ച ഒന്നും പ്രാവര്‍ത്തികമാക്കാതെ സഹാബികളും കഴിഞ്ഞു പോയില്ല. പുണ്യം എന്നത് ആരാണ് പറയേണ്ടത് എന്നതാണു ചോദ്യം. അതു പറയാന്‍ കഴിയുന്ന അവസാന വ്യക്തി പ്രവാചകനാനെന്നു ലോകം അംഗീകരിച്ചതും. പക്ഷെ ഇന്ന് എന്തും പുണ്യമാണ്. പുതിയ ആചാരങ്ങള്‍ മരണ വീടുകളിലും കല്യാണ വീടുകളിലും തകര്‍ത്താടുകയാണ്. പുതിയ ദിക്‌റുകളും സ്വലാത്തുകളും അതിനു മേമ്പൊടി ചേര്‍ക്കുന്നു.സര്‍വോപരി പണക്കാരന്റെ സമ്പത്ത് കാണിക്കാനുള്ള അവസരമായി കൂടി ഇത് തീരുന്നു. വന്ന് കൂടിയ ബന്ധുക്കളെ പറഞ്ഞയക്കാന്‍ ഒരടവ് എന്നതും ഈ ദിനങ്ങളുടെ ഭാഗമാണ്.

സ്വര്‍ണം കണ്ടു പിടിച്ചത് സ്ത്രീകള്‍ക്ക് ആഭരണം പണിയാനാണ് എന്ന ധാരണ മൊത്തം സമൂഹത്തിനും വന്നിരിക്കുന്നു. പലരും കഷ്ടപ്പെട്ട് സമ്പാദിച്ച സ്വര്‍ണം ഇന്ന് കൂടുതല്‍ ലോക്കറുകളില്‍ വിശ്രമിക്കുന്നു. സ്വര്‍ണം സമ്പത്തിന്റെ ഒരു രൂപമാണ്. അന്നും ഇന്നും സമ്പത്തിന്റെ മൂല്യ നിര്‍ണയം സ്വര്‍ണമാണ്. മരിച്ച വീട്ടില്‍ പാരായണം ചെയ്യാനും മന്ത്രിക്കാനും മാത്രമാണ് ഖുര്‍ആന്‍ എന്നിടത്തേക്ക് അങ്ങിനെയാണു സമൂഹം ചിന്തിച്ചു തുടങ്ങിയതും. അല്ലാത്ത സമയത്തൊക്കെ ആ ഗ്രന്ഥം പെട്ടിയില്‍ പൂട്ടിയിരിക്കുന്നു.

Related Articles