Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ ഓതലും ഖുർആൻ പഠനവും

“ഓതുക ” എന്ന പ്രയോഗം ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രങ്ങളിൽ അർത്ഥത്തിനു പ്രാധാന്യം കൽപ്പിക്കാത്ത വിധം വേദോക്ഷാരണം ചെയ്യലാണ് ഓതലും ഓത്തുകാരുമൊക്കെ! ഓത്തമ്പലം എന്നതും ഇതോട് ചേർന്നു നിൽക്കുന്നു. (ശബ്ദതാരാവലി: 416 )

കാലപ്പഴക്കത്തിൽ ഹൈന്ദവ സഹോദരങ്ങളിൽ നിന്ന് മുസ് ലിംകളിലേക്കു കടന്നു വന്ന അക്ഷര അധിനിവേശങ്ങളിൽ ഏറ്റവും പ്രഹര ശേഷിയുള്ളതായി മാറി ” ഓതൽ ! ” “ഖുർആൻ ഓതൽ ” എന്ന പ്രയോഗത്തിൻ്റെ പുരാവൃത്തം ഇത്രയുമാണ്!

(ഖുർആൻ ഓതിയാൽ കൂലി കിട്ടുകയില്ലായെന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. പക്ഷെ, ഖുർആൻ ഇറങ്ങിയത് അത് വായിച്ചു പഠിക്കാനും പ്രയോഗവത്കരിക്കാനുമാകുന്നു!)

വിശുദ്ധ ഖുർആൻ എവ്വിധം പഠിക്കണമെന്ന് ഖുർആൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതത്രെ “തിലാവ:”
തിലാവക്ക് തുല്യമായ പരിഭാഷ ഇംഗ്ലീഷിൽ ഇല്ലെന്ന് ഖുർറം മുറാദ് രേഖപ്പെടുത്തുന്നു.
അദ്ദേഹം എഴുതുന്നു:

“ഖുർആൻ പാരായണം എന്ന കർമത്തെക്കുറിച്ച് വിശദീകരിക്കാൻ ഖുർആൻ ഉപയോഗിച്ച പദമാണ് തിലാവ: അനുധാവനം ചെയ്യുക എന്നതാണു് അതിൻ്റെ അർത്ഥത്തോട് ഏറ്റം അടുത്ത പദം. വായിക്കുക എന്നത് പിന്നീട് മാത്രം വരുന്നതാണ്. വായനക്കും അപ്പുറം അർത്ഥപൂർണമായ ഒരു തുടർച്ചയിൽ ഒന്നിനു പിറകെ മറ്റൊന്നായി വാക്കുകൾ പിന്തുടരുകയാണ്..
തൊട്ടുപിറകെ നീങ്ങുക, ഒരു വഴികാട്ടി, നായകൻ, ഗുരു, മാതൃകയായി സ്വീകരിക്കുക, മേധാവിത്വം അംഗീകരിക്കുക,
ഒരു കാര്യത്തെ പിന്തുണക്കുക, അതിനായി യത്നിക്കുക, പിന്നാലെ നടക്കുക, ഒരു ജീവിതരീതി സ്വീകരിക്കുക, ഗ്രഹിക്കുക, ചിന്താധാര പിന്തുടരുക. ഇതെല്ലാമാണ്, അഥവാ ഖുർആൻ വായിക്കുക, ഖുർആൻ ഗ്രഹിക്കുക, ഖുർആൻ പിന്തുടരുക എന്നിങ്ങനെ ഖുർആനിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടാൻ അർഹരായവർ സ്വയം ഖുർആനുമായി ബന്ധം പുലർത്തുകയാണ് തിലാവ:” (ഖുർആനിലേക്കുള്ള പാത:പുറം 32, ഐ.പി.എച്ച്)

ഖുർആൻ പാരായണത്തിൽ നമ്മുടെ ആത്മാവ്, ഹൃദയം, മനസ്സ്, നാവ്, ശരീരം എന്നിവ പങ്കാളിയാവണം.
നാവ് ഉച്ചരിക്കുകയും ചുണ്ടുകളിൽ നിന്ന് വാക്കുകൾ പ്രവഹിക്കുകയും ചെയ്യുമ്പോൾ മനസ്സ് ചിന്തിക്കുകയും ഹൃദയം ചഞ്ചലമാവുകയും തൊലി വിറക്കുകയും മൃദുലമാവുകയും തദ്വാരാ ജീവിതത്തെ ഖുർആനുമായി ചേർത്തുവെക്കാനാവുകയും ചെയ്യും! (അസ്സുമർ: 23)

“ഇക്കൂട്ടർ ഖുർആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതോ അവരുടെ മനസ്സുകൾക്ക് പൂട്ടുകളിട്ടിട്ടുണ്ടോ?”
(മുഹമ്മദ്: 24 )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles