Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധി കാലത്തെ നാസിലത്തിന്റെ ഖുനൂത്ത്

സത്യവിശ്വാസികൾക്ക് വിപത്തുകളോ പ്രയാസങ്ങളോ അപകടങ്ങളോ നേരിടുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയെന്നതും അവരുടെ സങ്കടങ്ങൾ നീങ്ങുവാൻ പരമാവധി ശ്രമിക്കുകയെന്നതും ഓരോ സത്യവിശ്വാസിക്കും ബാധ്യതയുള്ള കാര്യമാണ്. സത്യാവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണെന്ന ഖുർആനിക അധ്യാപനം (49:10) അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാരസ്പര്യത്തിൻ്റെ കാര്യത്തിൽ വിശ്വാസികൾ ഒരൊറ്റ ശരീരം പോലെയാണെന്ന പ്രവാചക വചനം അതിനെ ബലപ്പെടുത്തുന്നുണ്ട്. പാരസ്പര്യത്തെ കുറിച്ച പൊതുവായ നിർദേശങ്ങളോടൊപ്പം പരസ്പര കരുതലിൻ്റെ പ്രായോഗിക പാഠങ്ങൾ കൂടി പഠിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് നാസിലത്തിൻ്റെ ഖുനൂത്ത്.

തന്റെ സഹോദരൻ അനുഭവിക്കുന്ന ഏതൊരു പ്രതിസന്ധിയും സത്യാവിശ്വസിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ പരസ്പര ബാധ്യത നിർവഹിക്കുന്നതിനു വേണ്ടി പ്രവാചകൻ (സ) സത്യവിശ്വാസികൾക്ക് കാണിച്ചുകൊടുത്ത ഏറ്റവും നല്ല ഇബാദത്താണ് നാസിലത്തിന്റെ ഖുനൂത്ത് അഥവാ പ്രയാസഘട്ടങ്ങളിലെ ഖുനൂത്ത്. ഖുർആനിൽ പണ്ഡിത്യമുണ്ടായിരുന്ന എഴുപതോളം സ്വാഹബാക്കളെ മുശ്‍രിക്കുകൾ ചതിയിലൂടെ കൊലപെടുത്തിയപ്പോൾ തുടർന്നുള്ള ഒരു മാസത്തോളം പ്രവാചകൻ (സ) സുബ്ഹി നമസ്കാരത്തിൽ ഖുനൂത്ത് നിർവഹിച്ചിരുന്നതായി ഹദീസുകളിൽ കാണാം.

അബൂഹുറൈറ (റ ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ നബി (സ ) റുക്കൂഇനു ശേഷം ഖുനൂത്ത് നിർവഹിക്കുകയും ഇങ്ങനെ പ്രാർത്ഥിച്ചതായും കാണാം: “അല്ലാഹുവേ, അയ്യാശുബ്നു അബീറബീഅയെയും വലീദ്ബ്നുൽ വലീദിനെയും സലാമത്ബ്നു ഹിശാമിനെയും സത്യാവിശ്വാസികളിൽ നിന്നുള്ള ദുർബലരെയും നീ രക്ഷിക്കണേ!”. 2. ഇമാം ഖുനൂത്ത് പാരായണം ചെയ്യേണ്ടത് റുക്കൂഇനു മുമ്പോ ശേഷമോ എന്ന് പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. റുക്കൂഇന് ശേഷമാണ് പൊതുവായി അംഗീകരിക്കപ്പെട്ട രൂപം. ഫർദ് നമസ്കാരങ്ങളിലെ ഏത് നമസ്കാരത്തിന്റെയും അവസാന റക്അത്തിൽ ഖുനൂത്ത് നിർവഹിക്കാം. ഫജ്ർ നമസ്കാരത്തിൽ നിർവഹിക്കുന്നത് കൂടുതൽ ശ്രേഷ്ഠകരമാണ്. നബി (സ) യുടെ അധിക ഖുനൂത്തുകളും ഫജ്ർ വേളകളിലായിരുന്നു.

വിത്ർ നമസ്കാരങ്ങളോടൊപ്പവും നാസിലത്തിൻ്റെ ഖുനൂത്ത് നിർവഹിക്കാവുന്നതാണ്. എന്നാൽ റമദാനിലെ അവസാന പകുതിയിലേ സുന്നത്താവുകയുള്ളൂ എന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഖുനൂത്ത് ദീർഘിപ്പിക്കരുത്. വളരെ ലളിതമായിരുന്നു പ്രവാചകന്റെ ഖുനൂത്ത് എന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ വന്നതായി കാണാം. പ്രസ്തുത സാഹചര്യത്തിൽ സത്യവിശ്വാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനകളായിരിക്കണം ഖുനൂത്തിലുണ്ടാകേണ്ടത്. എന്നാൽ പ്രാർഥനകൾ തിരഞ്ഞെടുക്കുമ്പോഴും സ്വന്തമായി ഉണ്ടാകുമ്പോഴും അബദ്ധങ്ങൾ സംഭവിച്ചിട്ടില്ല എന്നത് ഉറപ്പ് വരുത്താൻ ഇമാമിന് ബാധ്യതയുണ്ട്.

പ്രയാസങ്ങൾ അവസാനിക്കുമ്പോഴോ അതിൽ കുറവ് സംഭവിച്ചു തുടങ്ങുമ്പോഴോ നാസിലത്തിന്റെ ഖുനൂത്ത് ഒഴിവാക്കാവുന്നതാണ്. റസൂൽ (സ) ഒരു മാസത്തോളം ഖുനൂത്ത് നടത്തുകയും പിന്നീട് ഒഴിവാക്കുകയുമാണ് ചെയ്തത്. ഇത്തരത്തിലുള്ള നമ്മുടെ ഓരോ ഖുനൂത്തുകളും സത്യാവശ്വാസികളുടെ സാഹോദര്യത്തെയും ഐക്യത്തെയും ഇസ്ലാമിന്റെ സംഘടിത സ്വഭാവത്തെയും സൗന്ദര്യത്തെയും പ്രശോഭിപ്പിക്കുന്നു. ഫലസ്തീനിലും മ്യാന്മറിലുമുൾപ്പെടെ ലോകത്തിന്റെ ഭാഗങ്ങളിൽ മുസ്ലിം സഹോദരങ്ങൾ അക്രമണങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന കാലത്ത് ഇത്തരം അധ്യാപനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. സാധ്യമാവുന്ന എല്ലാ വഴികളിലൂടെയും മർദിതരോട് ചേർന്നു നിൽക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.

അവലംബം: كتاب الصلاة – الإمام ابن القيم الجوزية

Related Articles