Current Date

Search
Close this search box.
Search
Close this search box.

ഖാദിയാനി പ്രക്ഷോഭം,ബംഗ്ലാദേശ് വിഭജനം, അഫ്ഗാൻ മുജാഹിദീൻ

പാകിസ്ഥാനിൽ നടന്ന ഖാദിയാനി പ്രക്ഷോഭവും, ബംഗ്ലാദേശ് വിഭജന യുദ്ധവും, സോവിയറ്റ് അധിനിവേഷത്തിനെതിരെ അഫ്ഗാൻ മുജാഹിദീൻ രൂപം കൊണ്ടതുമൊക്കെയാണ് ജമാഅത്തിനെ ഹിറ്റ്ലറോടും ഗോൾവാൾക്കാരോടും ഉപമിക്കാൻ ആഷ്‌ലി ഉദാഹരിക്കുന്നത്! ഖാദിയാനി വിഷയത്തിൽ മൗലാന മൗദൂദി എഴുതിയ ‘മസ്അലെ ഖാദിയാൻ’ എന്ന ഒരു ചെറിയ പുസ്തകം ഉണ്ട്. പറ്റുമെങ്കിൽ, ആഷ്ലി അതൊന്നു വാങ്ങി വായിക്കണം. മൗലാനാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ താഫ്‌ഹീമിന്റെ അഹസാബ് സൂറയുടെ അനുബന്ധവും പഠനത്തിന്ന് വേണ്ടി വായിക്കാം. രണ്ടാമതായി, ആഷ്ലി മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഖാദിയാനീ വിഷയത്തിൽ ജമാഅത് എടുത്ത സമീപനം തന്നെയാണ് ലോക മുസ്ലിംകൾ ഒന്നടങ്കം സ്വീകരിച്ചിട്ടുള്ളത്. ശാഖാപരമായ നിരവധി വിഷയങ്ങളിൽ അഭിപ്രായാന്തരങ്ങളുള്ള മുസ്ലിം പണ്ഡിതന്മാർക്കും ജനങ്ങൾക്കുമിടയിൽ ഒരു തരത്തിലുള്ള അഭിപ്രായാന്തരവും ഇല്ലാത്ത വിഷയമാണ് ഖാദിയാനിസത്തിന്റെ സ്ഥാനം. പിന്നെ, ആ വിഷയത്തിൽ പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയുടെ സമീപനം വളരെ കൃത്യവും വ്യക്തവുമായിരുന്നു. ഖാദിയാനികളെ ഒരു മത ന്യൂനപക്ഷമായി കണ്ടു കൊണ്ട്, ഒരു മത ന്യൂനപക്ഷ വിഭാഗത്തിന്ന് ഏതൊരു രാജ്യവും നൽകേണ്ട എല്ലാ വിധ അവകാശങ്ങളും സുരക്ഷയും നൽകണമെന്നായിരുന്നു അത്. പലസ്തീനിൽ ഇസ്രായേൽ രാജ്യം സ്ഥാപിച്ചത് പോലെ, മുസ്ലിം ശക്തി കേന്ദ്രമായ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഒരു ഖാദിയാനി രാജ്യം സ്ഥാപിച്ചെടുക്കാനുള്ള പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഗൂഢ തന്ത്രം പൊളിക്കുന്നതിൽ ജമാഅത്തിന്ന് ചിന്താപരമായി നിർണായക പങ്ക് ഉണ്ടായിരുന്നുവെന്നത് ശരിയും സത്യവുമാണ്. അതിൽ ജമാഅത്തിനോടുള്ള കെറുവും കുശുമ്പും തീർന്നിട്ടില്ലാത്ത പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ പാദ സേവകരായവർ ഇപ്പോഴും ഈ ദുനിയാവിൽ ഉണ്ട്.

പാകിസ്ഥാൻ രാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കി ക്കണ്ടാൽ, ബംഗ്ലാദേശ് വിമോചന സമരം ആ സമയത്തെ വിഘടന വാദമായിരുന്നു. പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി ഈസ്റ്റ്‌ പാകിസ്ഥാൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഒരു അഖില പാകിസ്ഥാൻ ഇസ്ലാമിക്‌ മൂവ്മെന്റും ആയിരുന്നു. ഭൂട്ടോയുടെയും അതിന്ന് മുമ്പ് പാകിസ്ഥാൻ ഭരിച്ച പാർട്ടികളുടെയും ഈസ്റ്റ്‌ പാകിസ്ഥാനോടുള്ള വിവേചന പൂർണമായ സമീപനങ്ങൾക്കും ഈസ്റ്റ്‌ പാകിസ്ഥാനിലെയും ജനകീയ പ്രസ്ഥാനമായിരുന്ന ജമാഅത് എതിരായിരുന്നു. അഖില പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച അവാമി ലീഗിന്ന് അധികാരം കൈമാറണമെന്ന് ശക്തിയുക്തം വാദിച്ച പാർട്ടിയുമായിരുന്നു ജമാഅത്. അതോടൊപ്പം തന്നെ നേരത്തെ ഇന്ത്യ വിഭാജനത്തിന്ന് എതിരായിരുന്നത് പോലെ,സ്വഭാവികമായും എന്തിന്റെ പേരിലായാലും പാകിസ്ഥാൻ വിഭജനത്തിന്നും എതിരായിരുന്നു. ഇനിയും ഏതെങ്കിലും രാജ്യം മതത്തിന്റെയോ ഭാഷയുടെയൊ വംശത്തിന്റെയൊപേരിൽ വിഭജിക്കപ്പെടുന്നുവെങ്കിൽ, അതിനെയും ഏതൊരു ഇസ്ലാമിക പ്രസ്ഥാനവും ഇസ്ലാമിക ഭൂമികയിൽ നിന്നു കൊണ്ട് തന്നെ ശക്തിയുക്തം എതിർക്കും. അതോടൊപ്പം ജമാഅത്തെ ഇസ്ലാമിയും അതിന്റെ പ്രവർത്തകരും പരലോക വിശ്വാസമുള്ള, അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ കർമങ്ങൾക്ക് അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരുമെന്ന ഉറച്ച വിശ്വാസമുള്ളവരുമാണ്. ആയതിനാൽ, മാർക്സിസ്റ്റ്‌- നിരീശ്വര – നിർമത-അൾട്രാ സെക്യൂലറിസ്റ്റുകൾ ചിന്തിക്കുന്നത് പോലെയും ചെയ്യുന്നത് പോലെയും ധർമ നിഷ്ഠരായ ജമാഅത് പ്രവർത്തകർക്ക് ആലോചിക്കുവാൻ പോലും കഴിയില്ല. അതാണു ഹസീന വാജിദ്, 40 വർഷത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ തീരെ വിശ്വാസ്യതയില്ലാത്ത ഒരു ‘വാർ ട്രൈബ്യൂണൽ’ തട്ടിക്കൂട്ടി ആ യുദ്ധക്കാലത്ത് ജനിച്ചിട്ടില്ലാത്തവരും പിഞ്ചു കുട്ടികളുമായിരുന്നവരെ പോലും തൂക്കി കൊന്നുകൊണ്ടിരിക്കുമ്പോൾ പോലും സമാധാന പൂർണമായി മാത്രം അവർ പ്രതിഷേധിക്കുന്നത്. ആഷ്ലിക്ക്‌ അറിയുമോ എന്നറിയില്ല. ബംഗ്ലാദേശ് വിഭജനത്തെ ആ കാലത്ത് തത്വാധിഷ്ടിതമായി എതിർത്തിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയാണ് ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടി. പാകിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമിയെക്കാൾ ബംഗ്ലാദേശ് രൂപീകരണത്തിന്നു മുമ്പും ശേഷവും ജമാഅത്തിന്ന് കൂടുതൽ സ്വാധീനവും ശക്തിയും ജനകീയതയുമുള്ളത് ബംഗ്ലാദേശിൽ ആണ്. ബംഗ്ലാദേശ് രൂപീകരണത്തിന്ന് ശേഷം ഏറെ കാലം നിരോധിക്കപ്പെട്ടിട്ടും ഇതെന്തുകൊണ്ടാണെന്നും ആലോചിച്ചു നോക്കാവുന്നതാണ്.

പിന്നെ സോവിയറ്റ് അധിനിവേഷത്തിന്നെതിരെയുള്ള അഫ്ഗാൻ മുജാഹിദീങ്ങളുടെ പോരാട്ടം ഒരു indigenous പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. അതിന്റെ ക്രെഡിറ്റ്‌ അമേരിക്കക്ക് കൊടുക്കേണ്ട. തീർച്ചയായും bipolar ലോക ക്രമത്തിൽ, സോവിയറ്റ് യൂണിയൻ തകരുവാൻ അതിന്റെ എതിർ ചേരിയിലുള്ള അമേരിക്കക്ക് താല്പര്യം ഉണ്ടായിരിക്കും. തിരിച്ചു അമേരിക്ക തകർന്നു കാണുവാൻ സോവിയറ്റ് യൂണിയനും താല്പര്യപ്പെടുകയും പരിശ്രമിച്ചു കാണുകയും ചെയ്യുമല്ലോ? എന്ന് കരുതി അഫ്ഗാനിൽ സോവിയറ്റ് യൂണിയൻ തകർന്നതിന്റെ ക്രെഡിറ്റ്‌ അമേരിക്കക്ക് കൊടുക്കേണ്ട. അമേരിക്കൻ മേധാവിത്വത്തിലാധിഷ്ഠിതമായ നിലവിലെ ഏക ധ്രുവ ലോക ഘടന കൂടി രൂപപ്പെടുവാൻ കാരണമായ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്റെ പരാജയത്തിലെ ബെനിഫിഷ്യറിയിൽ അമേരിക്കയും ഉൾകൊള്ളുന്നു വെന്ന് മാത്രം. ബെനിഫിഷ്യറി അനിവാര്യമായും എപ്പോഴും കാരണക്കാർ ആവണമെന്നില്ല. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്റെ വിഷയത്തിൽ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ പ്രത്യേകിച്ച് ആരുടേയും പിന്തുണയില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും അഫ്ഗാനികൾ പരാജയപ്പെടുത്തിയിട്ടുണ്ടല്ലോ? ഇപ്പോൾ അമേരിക്കൻ അധിനിവേശത്തെ തന്നെയും അവർ പരാജയപ്പെടുത്തിയത് ശക്തവും ദീർഘവുമായ പോരാട്ടം നടത്തിയാണ്. ലോകത്തിന്റെ ഏത് ഭാഗത്തായാലും അധിനിവേശവിരുദ്ധ സ്വാതന്ത്ര്യ പോരാളികളെ ധാർമികമായി പിന്തുണക്കുന്നവരാണ് തീർച്ചായായും ഇസ്ലാമിക പ്രസ്ഥാനങ്ങൾ. ആ ധാർമിക പിന്തുണ അവർ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്നുകൊണ്ടായിരിക്കുമെന്ന് മാത്രം. അത് തന്നെയാണ് സോവിയറ്റ് അധിനിവേശത്തിന്നെതിരെ പോരാടിയ അഫ്ഗാൻ മുജാഹിദീങ്ങളോടും ലോകത്തിലെ എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കും ണ്ടായിരുന്നതും. വസ്തുത ഇതൊക്കെ യായിരിക്കെ , അഫ്ഗാൻ മുജാഹിദീങ്ങളെ സംഘടിപ്പിച്ചതിലും ആഷ്ലി ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് തെളിവിന്റെ കണിക പോലുമില്ലാതെ ആരോപിക്കുന്നുണ്ട്. ഇതും പോരാത്തത് കൊണ്ടായിരിക്കും, ആ ചെയ്തത് അമേരിക്കക്ക് വേണ്ടിയാണെന്നും വായിൽ തോന്നിയ നുണകൾ ആഷ്ലിക്ക് പാട്ട് എന്ന രൂപത്തിൽ അദ്ദേഹം നിരുത്തരവാദപരമായി പറയുന്നു. ഏതായാലും, ഐറിഷ് വിമോചന പോരാളികൾക്കും, സ്പെ യിനിലെ ബാസ്കാ വിഘടന വാദികൾക്കും, ജപാനിലെ റെഡ് ആർമിക്കും, നേരത്തെ ജയരാജൻ പറഞ്ഞത് പോലെ ഇന്ത്യയിലെ മാവോയിസ്റ്റ്കൾക്കും പിന്നിൽ കൂടി അദ്ദേഹം ജമാഅത് ഇസ്ലാമിയെ കാണാതിരുന്നത് എന്ത് കൊണ്ടെന്നറിയില്ല! ജമാഅത്കാരെ നേരിട്ട് ആരോപിക്കുവാൻ കഴിയാത്തത് കൊണ്ടായിരിക്കും അദ്ദേഹം താലിബാനെ ജമാഅത്തിനോട്‌ ചേർത്തു വെച്ചു ജമാഅത്തിനെ ആരോപിക്കുന്നത്. ജമാഅത്തുകാരിൽ കാണുവാൻ സാധിക്കാത്തത് എങ്ങനെയാണ് ജമാഅത്കാരാൽ സ്വാധീനിക്കപ്പെട്ടെതെന്ന് ആഷ്ലി ആരോപിക്കുന്ന താലിബാനിൽ കാണുക?! ആരോപണം സ്വയം തന്നെ വലിയ അസംബന്ധമാണെങ്കിലും, ഉപ്പിനെക്കാൾ ഉപ്പിക്കുമൊ ഉപ്പിലിട്ടത് എന്ന് ആരോടും ഇത് വായിക്കുമ്പോൾ ചോദിച്ചു പോകും.

അൾട്രാ സെക്കുലറിസ്റ്റ്കളുടെ കാര്യം വളരെ കഷ്ടം തന്നെ. പീഡിതർ ഇസ്‌ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ടവരാണെങ്കിൽ അവർക്ക് മർദ്ദകരും ക്രൂരരുമായ ഏകാധിപതികളോടും അധിനിവേശ സാമ്രാജ്യത്വ ശക്തികളോടുമാണ് എപ്പോഴും ഏറെ പഥ്യം. അത് ഇപ്പോഴത്തെ ഈജിപ്തിലേ സീസിയായാലും, നേരത്തെ ഇറാക്കിലും സിറിയയിലും ഉണ്ടായിരുന്ന ബാത്ത് പാർട്ടി (അറബ് ലോകത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി) ​ക്കാരായ സദ്ദാമും ഹാഫിസുൽ അസദ്‌ ആയാലും സോവിയറ്റ് യൂണിയാനിലെ സ്റ്റാലിൻ ആയാലും ബംഗ്ലാദേശിലെ ഹസീനാ വാജിദ് ആയാലും, അഫ്ഗാനിലെ സോവിയറ്റ് അമേരിക്കൻ അധിനിവേശങ്ങളായാലും അങ്ങനെ തന്നെ. (തുടരും)

Related Articles