Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ( സ)- മനുഷ്യസ്‌നേഹത്തിന്റെ അലിവും കനിവും

ദൈവം മനുഷ്യരിലേക്കൊഴുക്കിയ കാരുണ്യത്തിന്റെ തെളിനീരുറവയായിരുന്നു മുഹമ്മദ് നബി. മനുഷ്യരോടുള്ള സ്‌നേഹവും ആർദ്രതയും ഗുണകാംക്ഷയുമാണ് നബിയെ സദാ ഭരിച്ചുകൊണ്ടിരുന്ന വികാരം. സങ്കുചിത ജാതി-മത- വർഗ-വർണ ചിന്തകൾക്കപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ അലിവും കനിവും ആത്മാവിന്റെ ഭാവോജ്വലതയാക്കിയ പ്രവാചകൻ, ഗോത്രം തിരിഞ്ഞ് പരസ്പരം പോരടിച്ചിരുന്ന അപരിഷ്‌കൃതരായ മനുഷ്യർക്കിടയിൽ സ്‌നേഹ വികാരങ്ങളുടെ കുളിർനിലാവായി പെയ്തിറങ്ങി. ‘റഹ്മത്ത്’ എന്ന കരുണാർദ്രമായ ഗുണകാംക്ഷ നമുക്ക് പൊതുവേ ഒടുവിലത്തെ അജണ്ടയാണ്. എന്നാൽ മുഹമ്മദ് നബിക്ക് അതായിരുന്നു അജണ്ടകളിലെ ഒന്നാമത്തെ ഇനം. അങ്ങനെയാണ് പ്രവാചകൻ കാരുണ്യത്തെ കരുത്താക്കി മാറ്റിയത്. മുഹമ്മദ് നബിയുടെ ജീവനരാഗം കരുണയാണെന്ന് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു തന്നെയാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുർആൻ തിരുദൂതരെ ”റഹ്മത്തുല്ലിൽ ആലമീൻ” (സർവ ലോകത്തിനും അനുഗ്രഹമായിട്ടുള്ളവൻ) എന്ന് വിശേഷിപ്പിച്ചത്. കാരുണ്യവാന്മാരിൽ കാരുണ്യവാനായ ദൈവത്തിന്റെ ‘റഹ്മത്ത്’ എന്ന ഗുണത്തിന്റെ മനുഷ്യ രൂപമായിരുന്നു അവിടുന്ന്.

പ്രിയപത്‌നി ആഇശ(റ) നബിയെ പറ്റി പറഞ്ഞത് ‘സഞ്ചരിക്കുന്ന ഖുർആൻ’ എന്നാണല്ലോ. വിശുദ്ധ ഖുർആൻ ചുരത്തുന്ന കാരുണ്യത്തിന്റെ ഹൃദയാവർജകമായ സ്‌നേഹ ചിത്രങ്ങളാണ് സ്വന്തം ജീവിതം കൊണ്ട് മുഹമ്മദ് നബി വരഞ്ഞുവെച്ചതെന്നർഥം. തന്നെ മർദിച്ചൊതുക്കിയ ദുർബലാവസ്ഥയിലും, അതേ മർദകരുടെ മേൽ തനിക്ക് ആധിപത്യം ലഭിച്ച പ്രബലാവസ്ഥയിലും അവിടുന്ന് കാരുണ്യവും സ്‌നേഹവും ആർദ്രതയും കൈവെടിഞ്ഞില്ല. മക്കാ വിജയവേള നോക്കൂ… നിഷേധികളുടെ കൈകളിൽ അധികാരമുണ്ടായിരുന്ന കാലത്ത് അവർ നാനാവിധേന വിശ്വാസികളെ മർദിച്ചിരുന്നു. നാടുവിട്ടുപോയവരെ പോലും പിന്തുടർന്നിരുന്നു. അബ്‌സീനിയയിൽ നജ്ജാശി രാജാവിന്റടുത്ത് പോയി മുസ്‌ലിംകളെ വിട്ടുകിട്ടാൻ പ്രയത്‌നിച്ചു. തങ്ങളുടെ മുഴുവൻ സൈന്യവുമായി മദീനയെ ആക്രമിച്ചു. ഒപ്പം നിരന്തരമായ ഗൂഢാലോചനകൾ നടത്തി. മദീനയുടെ മേച്ചിൽപ്പുറത്ത് മേയുന്ന വിശ്വാസികളുടെ ഒട്ടകങ്ങളെ പോലും മോഷ്ടിച്ചുകൊണ്ടു പോയി. എന്നാൽ ദൈവം തന്റെ പ്രവാചകന് അവരുടെ മേൽ വിജയം നൽകുകയും അവരുടെ ജീവനും ധനവുമെല്ലാം മുസ്‌ലിംകളുടെ കാൽകീഴിൽ വരികയും ചെയ്തു. ആ സമയത്ത് പ്രതികാരം ചെയ്യാനല്ല, കൂടുതൽ വിനീതനാവാനാണ് പ്രവാചകൻ ശ്രമിച്ചത്. അല്ലാഹു ‘മക്കം ഫത്ഹി’ലൂടെ തന്നെ ആദരിച്ചതു കണ്ടപ്പോഴും അദ്ദേഹം വിനയാന്വിതനായി തലതാഴ്ത്തി. എത്രത്തോളമെന്നാൽ ഒട്ടകക്കട്ടിലിന്റെ പിൻഭാഗത്ത് തിരുശിരസ്സ് ചെന്നുമുട്ടുവോളം അവിടുന്ന് വിനയം കൊണ്ടു. ഒപ്പം സൂറഃ അൽഫത്ഹ് പാരായണം ചെയ്തുകൊണ്ടായിരുന്നു നബി മക്കയിൽ പ്രവേശിച്ചത്. മാത്രമല്ല നബി(സ) തന്റെ വാഹനത്തിൽ കൂടെയിരുത്തിയത് ഖുറൈശി പ്രമുഖരെ ആയിരുന്നില്ല. അത്തരക്കാർ ഒട്ടനവധി നബിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ താൻ തന്നെ മോചിപ്പിച്ച അടിമ സൈദിന്റെ മകൻ ഉസാമയെയായിരുന്നു നബി തന്റെ സഹയാത്രികനാക്കിയത്. ഒടുവിൽ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിച്ചു: ”യൂസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞതുപോലെ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങളുടെ മേൽ യാതൊരു പ്രതികാര നടപടിയുമില്ല. പോയ്‌ക്കൊള്ളുക. നിങ്ങൾ സ്വതന്ത്രരാണ്.” മക്കാ വിജയദിനത്തിൽ നടന്ന ഒരു സംഭവം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: നബിയുടെ പതാകവാഹകനായ സഅ്ദ്ബ്‌നു ഉബാദ(റ) പറഞ്ഞു: ”ഇന്ന് യുദ്ധത്തിന്റെ ദിനമാണ് (യൗമുൽ മൽഹമഃ) ഇന്ന് അല്ലാഹു ഖുറൈശികളെ നിന്ദ്യരാക്കും.” ഈ വിവരം പ്രവാചകന്റെ ചെവിയിലെത്തിയപ്പോൾ തിരുദൂതർ പ്രതികരിച്ചതിങ്ങനെ: ”അല്ല, ഇന്ന് കാരുണ്യത്തിന്റെ ദിനമാണ് (യൗമുൽ മർഹമഃ) ഈ ദിവസം അല്ലാഹു ഖുറൈശികളെ അന്തസ്സിലാക്കുന്നതാണ്.” വിശാല മനസ്‌കത, വിനയം, വിട്ടുവീഴ്ച, ഗുണകാംക്ഷ, സാഹോദര്യം, ദയ, മാപ്പ് എന്നിവക്ക് ഇത്രയും ജീവത്തായ ഉദാഹരണം ലോകത്ത് നിസ്സംശയം മറ്റൊരു നേതാവിനെപ്പറ്റിയും പറയാനില്ല. മക്കാ വിജയവേളയിൽ തന്റെ മുന്നിൽ പരിഭ്രമിച്ചും ഭയന്നും നിന്ന ഒരാളോട് നബി പറഞ്ഞതിങ്ങനെയായിരുന്നു: ”നിങ്ങൾ നിങ്ങളോട് കരുണ കാണിക്കുക. ഞാൻ രാജാവല്ല. ഉണക്ക മാംസം ഭക്ഷിച്ചിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകനാണ്.” ജനങ്ങളുടെ തലക്കുമുകളിൽ ചവിട്ടി നിൽക്കുന്ന ഭരണാധികാരികൾക്കും പണ്ഡിതന്മാർക്കുമൊക്കെ ഈ വാക്കുകളിൽ എന്തുമാത്രം പാഠങ്ങളില്ല!…

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

പ്രവാചകൻ മനുഷ്യരോടു വെച്ചുപുലർത്തിയ ഗുണകാംക്ഷയുടെ ഹൃദയഹാരിയായ സംഭവങ്ങൾ ഉദ്ധരിച്ചാൽ തീരുന്നതല്ല. പ്രവാചകനോട് അല്ലാഹു ആജ്ഞാപിച്ചതും അങ്ങനെയാണല്ലോ: ”വിട്ടുവീഴ്ച സ്വീകരിക്കുക. നല്ലത് അനുശാസിക്കുക. അവിവേകികളിൽനിന്ന് പിന്തിരിയുക.” ഹിറാ ഗഹ്വരത്തിന്റെ ഏകാന്ത മൗനത്തിൽ നിന്ന് ദിവ്യവെളിപാടിന്റെ ആരംഭത്തിൽ ഭയവിഹ്വലനായി വന്ന പ്രവാചകനെ പ്രിയപത്‌നി ഖദീജ(റ) ആശ്വസിപ്പിക്കുമ്പോൾ പറഞ്ഞ വാക്കുകളും മറ്റൊന്നുമായിരുന്നില്ല: ”താങ്കൾ ദാനം ചെയ്യുന്നു. അഗതികൾക്ക് ഭക്ഷണം നൽകുന്നു. അതിഥികളെ ആദരിക്കുന്നു. ജനങ്ങളുടെ ഭാരം ചുമക്കുന്നു. നന്മ കൽപ്പിക്കുന്നു. അങ്ങനെയുള്ള താങ്കൾക്ക് അല്ലാഹു ഒരു ദ്രോഹവും വരുത്തില്ല.” സർവമനുഷ്യരോടും പ്രവാചകൻ ഉദാത്തമായ കാരുണ്യം കാണിച്ചു. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ”ഒരാൾ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ ഞാൻ നശിച്ചു.’ നബി ചോദിച്ചു: ‘നിന്നെ നശിപ്പിച്ചതെന്താണ്?’ അദ്ദേഹം: ‘ഞാൻ റമദാനിൽ എന്റെ ഭാര്യയുമായി ശയ്യ പങ്കിട്ടുപോയി.’ നബി: ‘നിനക്ക് ഒരടിമയെ മോചിപ്പിക്കാനുള്ള കഴിവുണ്ടോ?’ ‘ഇല്ല.’ ‘എന്നാൽ അറുപത് സാധുക്കൾക്ക് ആഹാരം നൽകാൻ താങ്കൾക്ക് കഴിവുണ്ടോ?’ ‘ഇല്ല.’ നിവേദകൻ തുടരുന്നു: പിന്നെ അയാൾ ഒരിടത്ത് ഇരുന്നു. അനന്തരം നബിയുടെ അടുക്കൽ ആരോ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. തിരുദൂതർ അദ്ദേഹത്തോട് പറഞ്ഞു: ‘ഇത് കൊണ്ടുപോയി ധർമം ചെയ്യുക’ അയാൾ പറഞ്ഞു: ‘ഞങ്ങളേക്കാൾ സാധുക്കൾക്കോ? എങ്കിൽ മദീനയുടെ ഇരുഭാഗത്തുമുള്ള രണ്ട് ചരൽ ഭൂമികൾക്കിടയിൽ ഞങ്ങളേക്കാൾ കൂടുതൽ ഇതിനാവശ്യമുള്ള ഒരു വീട്ടുകാരും ഇല്ല തന്നെ.’ അപ്പോൾ നബി(സ) തന്റെ അണപ്പല്ല് പുറത്ത് കാണത്തക്കവണ്ണം ചിരിച്ചു. എന്നിട്ടു പറഞ്ഞു: ‘താങ്കൾ ഇതു കൊണ്ടുപോയി സ്വന്തം വീട്ടുകാരെ ഭക്ഷിപ്പിക്കുക.”

ഇസ്‌ലാമിൽ വിട്ടുവീഴ്ചയില്ലാത്തതാണല്ലോ വിശ്വാസ മേഖല. ആഇശ(റ) പ്രസ്താവിക്കുന്നു: ”നബി പരിശുദ്ധ ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തുകൊണ്ട് ഒരു രാത്രി മുഴുവൻ കഴിഞ്ഞുകൂടി.” അബൂദർറ്(റ) പറയുന്നു: ”റസൂലുല്ലാഹി(സ) ഒരു ആയത്ത് ആവർത്തിച്ചു പാരായണം ചെയ്തുകൊണ്ട് പ്രഭാതം വരെയും കഴിഞ്ഞുകൂടി. സൂക്തം ഇതാണ്: ‘അല്ലാഹുവേ നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ അവർ നിന്റെ ദാസന്മാരല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുന്നുവെങ്കിൽ നീ അജയ്യനും അഭിജ്ഞനും തന്നെ.” ഈ സൂക്തത്തിന്റെ തൊട്ടുമുകളിലുള്ള രണ്ടു സൂക്തങ്ങൾ കൂടി വിലയിരുത്തുമ്പോഴാണ് പ്രവാചകന്റെ അത്യുന്നതമായ കാരുണ്യമനസ്സ് നമുക്ക് ബോധ്യപ്പെടുക. അതായത് ക്രൈസ്തവർ ശിർക്കിൽ ആപതിച്ചതിനെപ്പറ്റി പരലോകത്ത് അല്ലാഹു ഈസാനബി(അ)യോട് അന്വേഷിക്കുന്നതാണ് രംഗം. പ്രസ്തുത സംവാദത്തിന്റെ ഒടുവിൽ ഈസാനബി നടത്തുന്ന ആത്മഗതാഗന്ധി കൂടിയായ പ്രസ്താവമാണ് ഒടുവിൽ ഉദ്ധരിക്കുന്നത് (അൽമാഇദ 116, 117, 118 സൂക്തങ്ങൾ കാണുക). ഈ സൂക്തങ്ങൾ വ്യാഖ്യാനിക്കവെ പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളത് വിധിതീർപ്പ് അല്ലാഹുവിന്റെ മാത്രം കാര്യമാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നതാണ് ഈസാനബിയുടെ ഒടുവിലത്തെ വാക്കുകൾ എന്നാണ്. അത് അപ്പടി അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈസാനബിയുടെയും മുഹമ്മദ്‌നബിയുടെയും അത്യുന്നതമായ ഒരു കാരുണ്യമനസ്സു കൂടി ആ വാക്കുകളിൽ അടങ്ങിയിട്ടില്ലേ?… പ്രവാചകൻ ഒരു രാത്രി മുഴുവൻ പ്രസ്തുത സൂക്തം മാത്രം പാരായണം ചെയ്തു നമസ്‌കരിച്ചുവെന്നു പറയുമ്പോൾ അതിൽ മഹത്തായ ചില പാഠങ്ങളില്ലേ?…

സ്വന്തം ശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമെല്ലാം സ്‌നേഹവും കരുണയും വെച്ചുപുലർത്താൻ പ്രവാചകൻ അടിക്കടി ഉണർത്തിയിട്ടുണ്ട്. സ്വഭാവ വൈശിഷ്ട്യങ്ങളുടെ അത്യുന്നത മാതൃകയായിരുന്നു പ്രവാചകൻ. നിഷ്‌കളങ്കവും സരളവും മാന്യവുമായിരുന്നു അവിടുത്തെ ചര്യകളത്രയും. പ്രസന്ന മധുരവും അനുഭൂതിദായകവുമായിരുന്നു അവിടുത്തെ സാന്നിധ്യം പോലും. സംശുദ്ധത, സന്തുലിതത്വം, സമ്പൂർണത, സൂക്ഷ്മത, സ്‌നേഹം, സഹാനുഭൂതി, ആർദ്രത, ദയ, ലാളിത്യം… എന്നിങ്ങനെ ഏത് മഹദ് ഗുണങ്ങൾ പരിശോധിച്ചാലും അവയിലെല്ലാം അതുല്യനായിരുന്നു പ്രവാചകൻ. ”സനാതന മൂല്യങ്ങളുടെ സമ്പൂർണ സാക്ഷാത്കാരത്തിനുവേണ്ടിയാണ് ഞാൻ നിയുക്തനായിട്ടുള്ളത്.” എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്.

മനുഷ്യരാശിയോട് മുഴുവൻ കരുണ കാട്ടണമെന്ന് നബി(സ) പ്രത്യേകം തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അവിടുന്ന് അരുൾ ചെയ്തു: ”കാരുണ്യം കാണിക്കാത്ത കാലത്തോളം നിങ്ങൾ വിശ്വാസിയല്ല തന്നെ.” ഇത് കേട്ടപ്പോൾ അനുചരന്മാർ പറഞ്ഞു: ”ഞങ്ങളെല്ലാവരും പരസ്പരം കാരുണ്യം കാണിക്കുന്നുണ്ടല്ലോ.” തിരുദൂതൻ പ്രതിവചിച്ചു: ”നിങ്ങൾ നിങ്ങളുടെ സ്വന്തക്കാരോട് കാണിക്കുന്ന കാരുണ്യവും സഹാനുഭൂതിയുമല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച് മുഴുവൻ മനുഷ്യരോടും ഉണ്ടാവേണ്ട കാരുണ്യവും സഹാനുഭൂതിയുമാണ്” (ത്വബ്‌റാനി). ഇത് സംബന്ധിച്ച മറ്റുചില നബിവചനങ്ങൾ കാണുക: ”സൃഷ്ടികൾ മുഴുവൻ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാരോ അവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ.” പ്രവാചകൻ ഒരിക്കൽ ചോദിച്ചു: ”നിങ്ങളിൽ ഉത്തമൻ ആരെന്നും ചീത്ത ആരെന്നും ഞാൻ പറഞ്ഞുതരട്ടെയോ?” നിശ്ശബ്ദമായ സദസ്സിനെ നോക്കി പ്രവാചകൻ തുടർന്നു: ”നിങ്ങളിൽ ആരിൽനിന്ന് നന്മ പ്രതീക്ഷിക്കപ്പെടുകയും ആരുടെ തിന്മയിൽനിന്ന് ജനം സുരക്ഷിതമായിരിക്കുകയും ചെയ്യുന്നുവോ അവരാണ് ഉത്തമർ. നന്മ പ്രതീക്ഷിക്കപ്പെടുകയോ തിന്മയിൽനിന്ന് ജനം സുരക്ഷിതരാവുകയോ ചെയ്യാത്തവരാരോ, അവർ ചീത്തയും” (അഹ്മദ്). ”ജനങ്ങളെ ശല്യപ്പെടുത്തുമ്പോൾ അല്ലാഹുവിനെയാണ് ശല്യപ്പെടുത്തുന്നത്” (ത്വബ്‌റാനി) ”നന്മകളിൽ ഒരു കാര്യവും നിസ്സാരമാക്കാതിരിക്കുക. നിന്റെ സഹോദരനെ പ്രസന്നവദനനായി കാണുന്നതാണെങ്കിലും ശരി” (മുസ്‌ലിം). ”ആർ നരകത്തിന് നിഷിദ്ധമാണോ, നരകം ആർക്ക് നിഷിദ്ധമാണോ അങ്ങനെയുള്ള ഒരാളെ ഞാൻ നിങ്ങൾക്കറിയിച്ചുതരട്ടേ, സൗമ്യശീലനും മൃദുലസ്വഭാവിയും വിനയപ്രകൃതിയുമുള്ള ആൾ” (അഹ്മദ്). ”വിശ്വാസി തന്റെ സ്വഭാവ നന്മ കൊണ്ട് പകലെല്ലാം നോമ്പനുഷ്ഠിക്കുകയും രാത്രി മുഴുവൻ നമസ്‌കരിക്കുകയും ചെയ്യുന്നവന്റെ പദവി കരസ്ഥമാക്കുന്നു” (അബൂദാവൂദ്). പരലോക വിചാരണയിൽ സൽസ്വഭാവത്തെ അല്ലാഹു നമസ്‌കാരത്തിന്റെയും നോമ്പിന്റെയും സ്ഥാനത്തേക്ക് ഉയർത്തും” (ബസ്സാർ). ”ആരാധനകളിൽ അൽപമൊക്കെ അപാകതകൾ ഉള്ളവനായാലും സൽസ്വഭാവം കൊണ്ട് ഒരടിമ അന്ത്യദിനത്തിൽ മഹത്തായ സ്ഥാനമാനങ്ങൾ കരസ്ഥമാക്കും. എന്നാൽ സ്വഭാവദൂഷ്യം കാരണത്താൽ നരകത്തിന്റെ അടിത്തട്ടിലേക്ക് ചിലർ എറിയപ്പെടും” (ത്വബ്‌റാനി).

പ്രബോധന രംഗത്തെ നബി(സ)യുടെ ഗുണകാംക്ഷ സവിശേഷമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അതിലും വിശുദ്ധ ഖുർആന്റെ മാർഗനിർദേശം തന്നെയായിരുന്നു അക്ഷരാർഥത്തിൽ പ്രവാചകന്റെ പാത.

ഉഹ്ദ് യുദ്ധവേളയിൽ പ്രവാചകനു നേരെ ശത്രുക്കൾ നടത്തിയ ആക്രമണത്തിൽ അവിടുത്തെ ഒരു പല്ല് പൊട്ടി. മുഖത്ത് രക്തമൊലിച്ചു. അപ്പോഴും ‘നാഥാ അറിവില്ലാത്ത എന്റെ സമുദായത്തിന് നീ പൊറുത്തു കൊടുക്കേണമേ.’ എന്ന് ഹൃദയഹാരിയായി പ്രാർഥിക്കുകയായിരുന്നു നബി ചെയ്തത്. തന്നെ മർദിച്ചൊതുക്കിയ മക്കയിൽ പിൽക്കാലത്ത് കടുത്ത ക്ഷാമം ബാധിച്ചപ്പോൾ അവർക്കുവേണ്ടി പ്രാർഥിക്കുകയും ഭക്ഷ്യവിഭവങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു നബി… മക്കയുടെ ധാന്യപ്പുരയായിരുന്നു യമാമ. അവിടുത്തെ വ്യാപാര പ്രമുഖൻ തമാമിബ്‌നു ആദാൽ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ, ഇനിമേൽ മക്കയിലെ ശത്രുക്കൾക്ക് ഒരു മണി ധാന്യം പോലും നൽകില്ലെന്ന് പ്രതിജ്ഞ ചെയ്തു. വിവരം അറിഞ്ഞ നബി(സ) പക്ഷേ തമാമയെ തിരുത്തുകയും ശുത്രക്കൾക്കായാലും കാരുണ്യഹസ്തം നീട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകൻ ഒരിക്കൽ പറഞ്ഞു: ”ഇങ്ങോട്ട് ദയ കാട്ടുന്നവരോട് അങ്ങോട്ട് ദയ കാട്ടുകയെന്നതല്ല കാര്യം; ഇങ്ങോട്ട് ദയ കാട്ടാത്തവരോട് അങ്ങോട്ട് ദയ കാട്ടലാണ്.”

മനുഷ്യരാശിയെ സർവനാശത്തിൽനിന്നു രക്ഷപ്പെടുത്താൻ നബി(സ) അങ്ങേയറ്റം യത്‌നിച്ചു. പ്രിയപത്‌നിയോട് ‘ഖദീജാ, ഉറക്കിന്റെ നാളുകൾ എനിക്ക് കഴിഞ്ഞുപോയെ’ന്നും അബൂത്വാലിബിനോട് ‘എന്റെ വലതു കൈയിൽ സൂര്യനെയും ഇടതു കൈയിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഞാനീ ദൗത്യത്തിൽനിന്ന് പിന്മാറുകയില്ലെ’ന്നും ദൃഢസ്വരത്തിൽ പ്രവാചകൻ പറയാൻ കാരണം മനുഷ്യമോചനത്തിലുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു.

നബി(സ) രാപ്പകൽ ഭേദമന്യേ പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കാണാം. ഉക്കാദ്, മജന്ന, ദുൽമജാസ് ചന്തകളിൽ, ഹജ്ജ് തീർഥാടകരുടെ തമ്പുകളിൽ, സ്വകാര്യ സദസ്സുകളിൽ, കുടുംബങ്ങളിൽ, വിവിധ ഗോത്രങ്ങളിൽ, മസ്ജിദുൽ ഹറാമിൽ… ഇങ്ങനെയുള്ള വ്യക്തിഗത പ്രവർത്തനങ്ങൾക്ക് പുറമെ സ്വഹാബത്തിനെ വിവിധ സംഘങ്ങളാക്കി നാടിന്റെ നാനാഭാഗത്തേക്കും അയച്ചു, രാജാക്കന്മാർക്കും ഇതര ഭരണാധികാരികൾക്കും കത്തുകൾ എഴുതി, കടുത്ത പ്രതികൂലാവസ്ഥകളിൽ പോലും (ഉദാ: ശഅ്ബ് അബീത്വാലിബ് ഉപരോധം, ഹിജ്‌റാ വേള…) നബി(സ) പ്രബോധനം ഉപേക്ഷിച്ചിരുന്നില്ല. അതുപോലെ നബിയുടെ പ്രബോധന പ്രവർത്തനങ്ങളിൽ പ്രത്യക്ഷവും പരോക്ഷവുമായ ശൈലികൾ കാണാം. അതായത് ധാരാളം ആളുകളെ നേർക്കുനേരെ തന്നെ ഇസ്‌ലാമിലേക്ക് വിളിച്ചു. എന്നാൽ മറ്റു പലരെയും വിളിച്ചില്ല. അത്തരക്കാർ പ്രവാചകന്റെ സ്വഭാവ മഹിമയിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. അപ്പോഴും ഇസ്‌ലാം സ്വീകരിക്കാതെ, എന്നാൽ ഇസ്‌ലാമിക വ്യവസ്ഥിതിയെ അംഗീകരിച്ച ധാരാളം പേർ ഉണ്ടായിരുന്നു. അവർ ഇസ്‌ലാമിന്റെ വിമോചന മുഖത്തെ ഇഷ്ടപ്പെട്ടു. ഒന്നിനും ആരെയും നബി നിർബന്ധിച്ചിരുന്നില്ലെന്നർഥം.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

Related Articles