Current Date

Search
Close this search box.
Search
Close this search box.

ദൈവദൂതനും ദൂതും.!

ലോകത്തിന്റെ തെളിനീർ സുഗന്ധമാണ് റസൂൽ (സ ). ഒരുതരം മസൃണമായ വൈകാരിക സ്നേഹമാണ് റസൂലിനോട്. കാരുണ്യം കരകവിഞ്ഞൊഴുകുന്ന പ്രപഞ്ച നാഥന്റെ ദൂതുമായി ദൈവ ദൂതൻ ജന ഹൃദയങ്ങളെ കീഴടക്കുകയായിരുന്നു. അന്ധകാരത്തിലാണ്ടുമുങ്ങിയ ഒരു ജനതയിൽ പ്രകാശത്തിന്റെ പവിഴദീപം കത്തിച്ചതും റസൂല് തന്നെ. അവരെ സ്പിരിച്വലായും ഫിസിക്കലായും ജാതിമത -ഭേദ വ്യത്യാസമന്വേ വാർത്തെടുക്കലായിരുന്നു പ്രവാചകന്റെ ഉദ്ദേശം. പ്രപഞ്ചപ്രതിഭാസങ്ങളുടെ ഉള്ളിൽ നിറഞ്ഞും പിന്നിൽ ഒളിഞ്ഞും പ്രവർത്തിക്കുന്ന ഏകവും പരമവുമായ ആ മഹാശക്തിയെക്കുറിച്ചറിയാൻ ഒരു പ്രവാചകൻ അവർക്കു അനിവാര്യമായിരുന്നു. അനന്ത ചൈതന്യത്തിനു മുന്നിലുള്ള ആത്മചൈതന്യത്തിന്റെ നിരുപാധികമായ കീഴ്വഴങ്ങലാണ്, സമർപ്പണവുമാണ് യഥാർത്ഥത്തിൽ ഇസ്ലാമെന്ന് ജനങ്ങൾക്കു പതുക്കെ മനസ്സിലാവാൻ തുടങ്ങി. പരം പൊരുളിന്റെ അസ്തിത്വത്തിൽ അചഞ്ചലമായ വിശ്വാസം പ്രഖ്യാപിക്കുക, ആ മഹിത ചൈതന്യത്തിനു മുന്നിൽ തന്റെ സരളവും ലളിതവും വിനീതവുമായ, ജീവസ്ഫുരണത്തെ നിരുപാധികം സമർപ്പിക്കുക എന്നത് സ്വജീവിതം കൊണ്ട് കാണിച്ചു കൊടുക്കുകയായിരുന്നു നബി (സ ).

മൃഗതുല്യം ജീവിച്ചുപോന്ന ഒരു ജനതയെ മനുഷ്യ സമൂഹമായി രൂപാന്തരപ്പെടുത്തണം, മാത്രവുമല്ല, മനുഷ്യനെ സാമൂഹ്യപ്രയോജനമുള്ള പ്രബുദ്ധ പൗരനായി പരിവർത്തിപ്പിക്കണം, ദൈവികതയുടെ ഔന്നത്യത്തിലേക്ക് ഉയർത്തിക്കൊണ്ടുപോകണം എന്നതായിരുന്നു ദൂതന്റെയും ദൂതിന്റെയും പരമമായ ലക്ഷ്യം. അങ്ങനെ വശ്യമായ ആ ദൈവവീണ ജന മസ്തിഷ്കത്തിൽ പതുകെ അലയടിക്കാൻ തുടങ്ങി. വിണ്ണും വിഹായസ്സും ആ വീണാതന്ദ്രികളിൽ ഇഴഞ്ഞുനീങ്ങി. വശ്യമായ വാരിഷ്‌ടഗാനത്തിന്റെ മാസ്മരികശക്തി ആയിരങ്ങളെ ആകർഷിച്ചു. ആ ഉന്നതവും ഉദാത്തവുമായ ലക്ഷ്യമാണ് വേദഗ്രന്ഥത്തിനും പ്രവാചകനും നിർവഹിക്കാനുണ്ടായിരുന്നത്.

സ്വജീവിതം കൊണ്ട് ഒരു പ്രസ്ഥാനമായി വളർന്ന് ആശിഖീങ്ങളുടെ രക്തധമനികളിലും ഹൃദയതന്ത്രികളിലും ഒട്ടിപ്പിടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് പ്രവാചകനെ കഴിഞ്ഞിട്ടുള്ളൂ. അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ചക്രവർത്തി പദവിയിലേക്ക് നടന്നു നീങ്ങിയ വഴികൾ നാമൊന്നു പരിശോധിച്ചു നോക്കണം, ആരായിരുന്നു റസൂലെന്ന് അപ്പോഴാണ് മനസ്സിലാവുക. മുഹമ്മദെന്ന നിയമജ്ഞനെ തന്ത്രജ്ഞനെ, സാമൂഹ്യപരിഷ്കർത്താവിനെ അനാഥ സംരക്ഷകനെ എല്ലാത്തിലുമുപരി സ്ഥിരമായി ഒരു സേനയില്ലാതെ സ്ഥായിയായ വരുമാനം പോലും ഇല്ലാതെ ലോകത്തിന്റെ നെറുകയ്യിലെത്തിയ നബിയാണ് നമ്മുടെ റോൾമോഡൽ. മാത്രവുമല്ല, അറിവിന്റെ അപരഖണ്ഡം ആദ്ധ്യാത്മികജ്ഞാനമാണ്. ജ്ഞാനേന്ദ്രിയങ്ങൾക്കും കർമ്മേന്ദ്രിയങ്ങൾക്കും അപ്രാപ്യമാണാരംഗം. മനസ്സിന്റെ ബോധതലമാകെ അവിടെ വഴിമുട്ടി നില്കുന്നു. ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും മനസ്സിന്റെ ബോധതലവും താല്പര്യപൂർവം ശ്രമിച്ചാൽ സ്വായത്തമാക്കാൻ കഴിയുന്നതാണ് പ്രാപഞ്ചിക അറിവെങ്കിലും ആദ്ധ്യാത്മികജ്ഞാനം സ്വയമാർജിക്കാൻ എല്ലാ മനസ്സുകൾക്കും ഒരുപോലെ കഴിഞ്ഞെന്നുവരില്ല. പ്രത്യക്ഷജ്ഞാനത്തിനപ്പുറമുള്ള ആ അജ്ഞാത മേഖലയെക്കുറിച്ച് അറിവ് നൽകുന്നതിന് വേണ്ടിയാണ്‌ പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്. ആ ധാർമ്മികതയിൽ വാർത്തെടുക്കുവാനുമാണ് പ്രവാചക സന്ദേശം ഏത് കാലമെന്നപോലെ പുതിയകാലത്തും പ്രസക്തമാകുന്നത്. അസാധാരണമായ വിവേകവും അസദൃശമായ പക്വതയും റസൂല് പ്രകടിപ്പിക്കാൻ കാരണം ദൈവിക സന്ദേശം തന്നെയാണ്.

പ്രവാചക സ്നേഹത്തിന് വൈകാരികവും ബുദ്ധിപരവുമായ രണ്ട് തലങ്ങളുണ്ട്. അതിൽ വൈകാരിക പ്രകടനം അതിരു കവിയുമ്പോഴാണ് മതത്തിലില്ലാത്ത അനാചാരങ്ങളും മറ്റും പുറത്തുവരുന്നത്. ആഗ്രഹിക്കുന്നവർക്കെല്ലാം കൈവരുന്ന ഒന്നല്ല പ്രവാചകത്വം. ദൈവം നിയോഗിക്കുന്നവർ പ്രവാചകന്മാരായിത്തീരുന്നു. പ്രവാചകനെ അനുസന്ധാനം ചെയ്യേണ്ടത് ആത്മീയമായ ഒരനിവാര്യതയായിപ്പരിണമിക്കുന്നു. സാമൂഹികരംഗത്ത് ഏറെ ശ്രദ്ദേയരായ വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവരിൽ ഭിന്നങ്ങളും ചിലപ്പോൾ വിരുദ്ധങ്ങളുമായ ജീവിത പ്രകൃതങ്ങൾ നമുക്കു ദർശിക്കാൻ കഴിയും. വീട്ടിലും വെളിയിലും പ്രകടമാക്കുന്ന ദ്വിമുഖമായ വ്യക്തിത്വം ജീവിതത്തിന്റെ ആദ്യകാലങ്ങളിലും പ്രശസ്തിയുടെ പരിവേഷം വന്നു വഴിഞ്ഞുനിന്ന പിൽകാലത്തും പ്രകൃതത്തിലും സ്വഭാവത്തിലും പ്രകടമായ വ്യത്യസ്തതകൾ ബോധ്യപ്പെട്ടു എന്നുവരാം. എന്നാൽ പ്രവാചകൻ ഇവിടെയൊരപവാദമാണ്. പൂർവപരവിരുദ്ധമല്ലാത്ത ജീവിത പ്രകൃതമാണ് പ്രവാചകന്റേത്. അദ്ദേഹം അകത്തും പുറത്തും ഒരേ പ്രകൃതവും ഒരേ സ്വരവും സൂക്ഷിച്ചു. സകലരാലും പ്രിയംകൊണ്ടവനായിരുന്നു മുഹമ്മദ്. മാത്രവുമല്ല പ്രവാചകലബ്ദിക്ക് മുമ്പേതന്നെ അവക്രവും അതിവിശുദ്ധവുമായ ജീവിത പ്രകൃതം കൊണ്ട് അദ്ദേഹം ജനമനസ്സുകളെ വശീകരിച്ചിരുന്നു. ബുദ്ധിയുറച്ചനാൾതൊട്ട് പക്വതയാർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

സത്യവേദത്തെ നിരാകരിക്കാനും തള്ളിപ്പറയാനും തയ്യാറായ ഖുറൈശികളുടെ മനസ്സിൽപ്പോലും മുഹമ്മദിനെക്കുറിച്ച് മതിപ്പായിരുന്നു. “ഞങ്ങൾ നിന്നെ അവിശ്വസിക്കുന്നില്ല. ഞങ്ങൾ നീ കൊണ്ടുവന്നതിനെയാണവിശ്വസിക്കുന്നത്. ” എന്ന് അധർമിയും പരുഷപ്രകൃതിയുമായ അബൂജഹൽ ഒരിക്കൽ പ്രവാചകനോട് പറഞ്ഞതായി ഹദീസിൽ നമുക്ക് കാണാം. അത് വ്യക്തമാക്കുന്നത് ഖുർആന്റെ ബദ്ധവിരോധികളുടെ മനസ്സിൽ പോലും മുഹമ്മദിനെക്കുറിച്ചു കറകളഞ്ഞ ധാരണയായിരുന്നു എന്നാണ്. ലോകത്തെ ധൈഷണികമായി സ്വാധീനം ചെലുത്തിയ ജോർജുവെയിൽ, വില്യംമൂർ, തോമസ്കാർലേ ലിയോ ടോൾസ്റ്റോയി, എദൗഡ്‌ഗിബ്ബൺ, തോമസ്‌ജെഫേഴ്സൺ തുടങ്ങി എല്ലാവരും തന്നെ പ്രവാചകന്റെയും ഖുർആനിന്റെയും ആരാധകനായി ഒടുവിൽ മാറുകയായിരുന്നു. എങ്ങനെ പരിശോധിച്ചാലും നാഗരികതയും ചരിത്രവും യുക്തിയുമെല്ലാം തന്നെ ഇസ്ലാമിനൊപ്പമായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles