ദാർശനിക കവി ഇഖ്ബാലിന്റെ ഒരു കവിതാശകലമുണ്ട്.
پروانے کو چراغ ہے، بُلبل کو پھُول بس
صِدّیقؓ کے لیے ہے خدا کا رسولؐ بس
ഈയാമ്പാറ്റക്ക് വിളക്കുണ്ട്, വാനമ്പാടിക്ക് പൂവും, സ്വിദ്ദീഖിനെന്നും റസൂലിനെ മതി.
എന്തും ദൈവമാർഗത്തിൽ വാരിക്കോരി കൊടുത്തിരുന്ന അബൂബക്റി(റ)ന്റെ ദാനശീലം പ്രസിദ്ധമാണ്. ഉള്ളതിന്റെ നല്ലൊരു പങ്കും ദാനം ചെയ്ത കൂട്ടുകാരൻ ഉമറി(റ) നെ പോലും തോല്പിച്ചു കളഞ്ഞ സ്വിദ്ദീഖുൽ അക്ബറിന്റെ ഒരു വാചകമാണ് ഈ കാവ്യഭാവനയുടെ പരിസരം: “ഞാൻ അല്ലാഹുവിനേയും അവന്റെ റസൂലിനേയും ബാക്കിയാക്കി ” എന്നാണാ വാചകം.
എന്നും ബാല്യകാല സുഹൃത്തിനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച മാതൃകയില്ലാത്ത സൗഹാർദ്ദത്തിന്റെ രൂപകമാണ് സ്വിദ്ദീഖ്. ഒരു പ്രതീക്ഷയുമില്ലാത്ത പലായനത്തിൽ ചങ്ങാത്തം (സ്വുഹ്ബ:) ചോദിച്ചു വാങ്ങി ഹിജ്റയെ എക്കാലത്തും വർണാഭമാക്കിയ മന്ദസമീരണൻ.
പാഥേയമായി കൊണ്ടുവന്ന പാൽ നബി(സ)ക്ക് കുടിക്കാൻ കൊടുത്ത് അദ്ദേഹത്തിന്റെ ദാഹം ശമിക്കുന്നത് കണ്ട് തൃപ്തിയടഞ്ഞ മഹാമനീഷി.
فحلبتُ له كُثبة من لبن فأتيتُه بها فشربَ حتى رَضيتُ
(ബുഖാരി 5607, മുസ്ലിം 2009 )
ഒരാൾ പാൽ കുടിക്കുന്നത് കണ്ടിട്ട് മറ്റെയാൾ തൃപ്തനാവണമെങ്കിൽ അവർ തമ്മിലുള്ള ചങ്ങാത്തത്തിന്റെ ആഴവും പരപ്പുമെത്രയാവണം.
ഖുർആനിൽ പറയുന്ന പരക്ഷേമതത്പരതയുടെ (59:9) അപൂർവ്വം കാഴ്ചകളിലൊന്ന്.
യഥാർഥ കൂട്ടുകാരൻ ആവശ്യത്തിന് കൂടെ നില്ക്കുന്നവനാണെന്നുള്ള ആംഗലേയ പഴഞ്ചൊല്ലിന്റെ കുറവല്ല ഇത്തരം പ്രോജ്വല ഉദാഹരണങ്ങൾ പടിഞ്ഞാറ് ഗർഭംധരിക്കാത്തതും പിറക്കാത്തതും. ആൺ-പെൺ സൗഹൃദങ്ങൾ തൊലിപ്പുറത്തവസാനിക്കുന്നത് അല്ലാത്തവ കീശകാലിയാവുമ്പോൾ എക്സ്പെയർ ആവുന്നതുമാണ് ; അപവാദങ്ങൾ കണ്ടേക്കാം.
മരണം വരെ ഒരാൾ മറ്റൊരാളുടെ സ്വദീഖ് (ആത്മസഖാവ് ) ആവാൻ വിശ്വാസത്തിന്റെ കരുത്തുണ്ടെങ്കിലേ കഴിയൂ.
NB: തൃപ്തിയായി (റദീതു) എന്നതിന് പകരം ഇർതവയ്തു (ദാഹമടങ്ങി ) എന്ന ഒരു നിവേദനം സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുന്നത് പ്രാമാണികമാണോ എന്ന് പരിശോധിക്കപ്പെടണം.