Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി : നിന്ദകരും പ്രശംസകരും

‘പ്രവാചകനിന്ദ’ എന്നത്, അബ്ദുല്ലയുടെ മകൻ മുഹമ്മദിന് തന്റെ നാൽപതാം വയസിൽ ‘പ്രവാചകത്വം’ എന്ന ദിവ്യദാനം ലബ്ധമാവുകയും തന്റെ വിശിഷ്ടതയെ അതുവരെയും വാഴ്ത്തിപ്പാടിയിരുന്ന സ്വന്തം ജനതക്ക് മുന്നിൽ അദ്ദേഹം ആ ദിവ്യസന്ദേശം വിളംബരപ്പെടുത്തുകയും ചെയ്ത ഒന്നാം നാൾ മുതൽ തുടങ്ങിയതാണ് ; ശത്രുക്കൾ നാലുപാടും നിന്ന് ചൊരിഞ്ഞു കൊണ്ടിരുന്ന ആ നിന്ദാ മാരികൾക്ക് ഇടയിലാണ് പിന്നീട് 23 വർഷങ്ങൾ അദ്ദേഹം ജീവിച്ചതും ആത്മീയവും ഭൗതികവുമായ, ചരിത്രം മുമ്പോ ശേഷമോ വേറെ കണ്ടിട്ടില്ലാത്ത, അതുല്യവും അപ്രതിരോധ്യവുമായ വിജയങ്ങളിലേക്ക് നടന്നു കയറിയതും ; തുടർന്ന് 14 നൂറ്റാണ്ടുകളായി, നാനാ രൂപ-വർണങ്ങൾ സ്വീകരിച്ച നിന്ദകരുടെ നിരന്തരമായ ബഹുവിധാക്രമണങ്ങൾ അപ്രസക്തമാക്കിയാണ് പ്രവാചകൻ പ്രബോധനം ചെയ്ത സന്ദേശങ്ങൾ വൻകരകളുടെയും ജനപഥങ്ങളുടെയും വ്യവഹാര മണ്ഡലങ്ങളുടെയും അതിരുകൾ ഭേദിച്ച് ലോകമാകെ പടർന്നത്, ഇന്നും പടർന്നുകൊണ്ടേ ഇരിക്കുന്നത്.

അതുകൊണ്ട്, ഒരു നൂപുര ശർമയോ അങ്ങനെ ശതകോടി ശർമമാരോ അവഹേളിക്കാൻ ശ്രമിച്ചതുകൊണ്ട് പ്രവാചകന് ഒന്നും സംഭവിക്കില്ല : ചെളി തെറിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് സമീപിക്കാൻ കഴിയാത്ത ഉയരത്തിൽ, ചരിത്രത്തിന്റെ നിത്യമായ ആകാശ വിതാനത്തിൽ, സ്ഥാനം നേടിക്കഴിഞ്ഞ ആളാണ് പ്രവാചകൻ : നാളേറുന്തോറും ശോഭയേറുന്ന നിത്യതേജസ്സാർന്ന വ്യക്തിത്വം. വിവരവും വിവേകവുമുള്ള, നേരും നെറിയുമുള്ള, വംശവെറിയോ മതവെറിയോ ഗൂഢലക്ഷ്യങ്ങളോ ഇല്ലാത്ത സകല മനുഷ്യരും ആ പ്രവാചക തേജസ്സിന്റെ അതുല്യ ശോഭ കണ്ടറിഞ്ഞിട്ടുണ്ട്, എന്നും അതിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്, ആ അതുല്യ ശോഭ മനുഷ്യജീവിതത്തിന് പകരുന്ന ശാശ്വത മൂല്യത്തെപ്പറ്റി വാചാലമായി സംസാരിച്ചിട്ടുമുണ്ട്.

മഹാത്മാ ഗാന്ധി മുതൽ മൈക്ൾ എച്ച് ഹാർട്ട് വരെ, സരോജിനി നായിഡു മുതൽ ആനി ബെസന്റ് വരെ, ടോൾസ്റ്റോയ് മുതൽ ബർണാഡ് ഷായും തോമസ് കാർലൈലും വില്യം മേയറും ദലൈലാമയും വരെ, പ്രവാചകൻ മുന്നോട്ടുവെച്ച ജീവിത ദർശനത്തെയും കാഴ്ചവച്ച ജീവിത മാതൃകയെയും ഒട്ടും ലോപമില്ലാതെ പുകഴ്ത്തിയവരാണ്.

“ഇന്നത്തെ ലോകത്തിന്, അതിന്റെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, മുഹമ്മദിനെ പോലൊരു മനുഷ്യൻ അങ്ങേയറ്റം ആവശ്യമായിരിക്കുന്നു” എന്നാണ് ബർണാഡ് ഷാ പറഞ്ഞത്.

ചരിത്രഗതി തിരുത്തിക്കുറിക്കുകയും ലോകത്തെ പരിവർത്തിപ്പിക്കുകയും മനുഷ്യ ഭാഗധേയത്തെ മാറ്റിപ്പണിയുകയും ചെയ്ത 100 മഹാരഥന്മാരുടെ പട്ടിക തയാറാക്കിയ മൈക്ൾ എച്ച് ഹാർട്ട് അതിൽ ഒന്നാം സ്ഥാനം നൽകിയത് മുഹമ്മദ് നബിക്കിയിരുന്നു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇതായിരുന്നു : “ചരിത്രത്തിൽ മതപരവും മതേതരവുമായ തലങ്ങളിൽ ഒരേപോലെ സമ്പൂർണ വിജയം വരിച്ച ഏക വ്യക്തി മുഹമ്മദാണ്.”

“മുഹമ്മദിനെ പോലെ, ഇത്ര കുറഞ്ഞ കാലം കൊണ്ട് ആത്മാക്കളെ ഉണർത്തുകയും ശ്രേഷ്ഠ ചര്യകളെ നവീകരിക്കുകയും ധർമത്തിന് ഉയർച്ച വരുത്തുകയും ചെയ്ത മറ്റൊരു പരിഷ്കർത്താവിനെ ചരിത്രത്തിന് പരിചയമില്ല” എന്നാണ് വില്യം മേയർ അഭിപ്രായപ്പെട്ടത്.

ശ്രീനാരായണ ഗുരുവാകട്ടെ, അൽഭുതാദരങ്ങളോടെ പ്രവാചക ജീവിതം നോക്കിനിന്ന് ഇങ്ങനെ പുകഴ്ത്തി :
“പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവൻ നബി മുത്ത് രത്നമോ?”
പ്രവാവചക നിന്ദകൾക്കുള്ള മറുപടി അദ്ദേഹത്തിന്റെ സന്ദേശങ്ങളാണ്. പ്രവാചകന്ന് വേണ്ടി ബഹളം കൂട്ടുന്നവർ ആ സന്ദേശങ്ങൾ സത്യമായി ലോകത്തിന് ആകമാനം ലഭ്യമാക്കുകയാണ് വേണ്ടത്, ആ സന്ദേശങ്ങളുടെ മാതൃകകളായി സ്വയം ജീവിക്കുകയാണ് വേണ്ടത് : ജീവിതം തന്നെയാണല്ലോ ഏറ്റവും നല്ല സന്ദേശം.

Related Articles