Current Date

Search
Close this search box.
Search
Close this search box.

പ്രവാചകത്വം പരീക്ഷിച്ചറിഞ്ഞ ജൂത പണ്ഡിതൻ

പ്രവാചകൻ (സ) ഹിജ്റ പോവുമ്പോൾ മദീനയിൽ ഉണ്ടായിരുന്ന പ്രബല ഗോത്രങ്ങൾ അറബികളായ ഔസ്, ഖസ്രജ് ഗോത്രങ്ങളും ജൂത ഗോത്രങ്ങളായ ബനൂ നളീർ, ബനൂ ഖുറൈള എന്നിവയുമായിരുന്നു. ജൂത ഗോത്രങ്ങൾ, ക്രിസ്തു മതത്തിന്റെ അധീനതയിൽ ആയ റോമൻ സാമ്രാജ്യത്തിന്റെ ആക്രമണം മൂലം ഫലസ്തീനിൽ നിന്നും മദീനയിലേക്ക് (അന്നത്തെ യസ്രിബിൽ) പലായനം ചെയ്ത് എത്തിപ്പെട്ട ബനൂ ഇസ്രായീലുകളാണെന്നും അറബ് ഗോത്രങ്ങൾ അവർക്ക് പിന്നിലായി കുറെ നൂറ്റാണ്ടുകൾക്ക് ശേഷം യമനയിൽ നിന്നും യസ്രിബിൽ എത്തിയവരുമാണന്നാണ് ചരിത്രകാരന്മാരുടെ കണ്ടെത്തൽ. മദീനയിലെ ജൂത ഗോത്രങ്ങളെ ഖുർആൻ “ബനൂ ഇസ്രായീൽ” എന്ന് അഭിസംബോധന ചെയ്തത് ജൂത ഗോത്രങ്ങൾ ഫലസ്തീനിൽ നിന്ന് തന്നെ എത്തിയവരായത് കൊണ്ടാണ് എന്നതിന് തെളിവായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജൂത ഗോത്രങ്ങൾ പണ്ട് കാലം മുതലേ മദീനയിൽ ഉണ്ടെങ്കിലും, തൗറാത്തിലെ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പ്രവാചകൻ വരാനുണ്ടെന്നും , അത് യസ്രിബിൽ നിന്നായിരിക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് പിൽക്കാലങ്ങളിലും പണ്ഡിതരടങ്ങുന്ന ജൂതർ യസ്രിബിൽ വന്നു താമസമാക്കുകയും പുതിയ പ്രവാചകന്റെ ആഗമനത്തെ കുറിച്ച് തങ്ങളുടെ ആളുകളെ ഉല്ബോധിപ്പിക്കുകയും ആ പ്രവാചകനെ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു .

അങ്ങിനെ പ്രവാചകന്റെ ആഗമനത്തിനു തൊട്ടു മുമ്പേ യസ്രിബിലേക്ക് വരികയും ഒരു പ്രവാചകന്റെ വരവും പ്രതീക്ഷിച്ചു, ആ പ്രവാചകനെ സ്വീകരിക്കാൻ ജൂത സമൂഹത്തെ ഉത്‌ബോധിപ്പിച്ചു കൊണ്ട് യസ്രിബിൽ തന്നെ സ്ഥിര താമസമാക്കുകയും ചെയ്ത ഒരു ജൂത പണ്ഡിതൻ ആയിരുന്നു ഇബ്നുൽ ഹയ്യാബാൻ. പുരോഹിതരടങ്ങുന്ന ജൂത സമൂഹത്തിനു അദ്ദേഹം വരാനിരിക്കുന്ന പ്രവാചകന്റെ ഗുണവിശേഷങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ, പ്രവാചകന്റെ ആഗമനത്തിനു തൊട്ടു മുമ്പായി ഇബ്നുൽ ഹയ്യാബാൻ മരണപ്പെടുകയും യസ്രിബിൽ ഖബറടക്കപ്പെടുകയും ചെയ്തു.

ഇബ്നുൽ ഹയ്യാബാന്റെ ഉദ്ബോധനങ്ങളിൽ നിന്നും തൗറാത്തിലെ പരാമർശങ്ങളിൽ നിന്നും ഒരു പ്രവാചകന്റെ വരവ് പ്രതീക്ഷിച്ചും അതിനു വേണ്ടി അന്വേഷിച്ചും നടന്ന ജൂത പുരോഹിതൻ ആയിരുന്നു സൈദ് ബിനു സുഅന. മുഹമ്മദ് എന്ന പേരിൽ ഒരാൾ മക്കയിൽ പ്രവാചകനായി ആഗതമായിട്ടുണ്ടെന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചു . അങ്ങിനെ ഒരു പ്രവാചകൻ ആഗതമായിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സ്വീകരിക്കാൻ സ്വയം തയ്യാറെടുക്കുകയും മറ്റുള്ള ജൂത പണ്ഡിതരെ അതിന്നു പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു അദ്ദേഹം. പിന്നീട് മുഹമ്മദ് നബി (സ) മദീനയിലേക്ക് പലായനം ചെയ്തപ്പോൾ, തൗറാത്തിൽ പരാമര്ശിച്ചതും, ഇബ്നുൽ ഹയ്യാബാൻ ഉപദേശിച്ചതുമായ , പുതിയ പ്രവാചകന് വേണ്ട വിശേഷണങ്ങൾഅദ്ദേഹത്തിൽ ഉണ്ടോ എന്ന് സൈദ് ബിനു സുഅന നിരീക്ഷിക്കുകയുണ്ടായി.

അദ്ദേഹം തന്നെ ആ കഥ വിവരിക്കുന്നത് ഇങ്ങിനെയാണ്‌:

അല്ലാഹു സൈദ്ബ്‌നു സുഅനയ്ക്ക് സന്മാര്‍ഗ ദര്‍ശനം നല്‍കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഉണ്ടായ സംഭവം സൈദ് തന്നെ പറയുന്നു : ”ഞാന്‍ പ്രവാചകൻ മുഹമ്മദ് (സ)യെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തു നിന്നും തന്നെ പ്രവാചകത്വത്തിന്റെ അടയാളങ്ങള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ രണ്ടു അടയാളങ്ങൾ കൂടി എനിക്ക് ഉറപ്പു വരുത്തേണ്ടതായിട്ടുണ്ടായിരുന്നു. ഒന്ന്: അദ്ദേഹം വിവേകം കൊണ്ട് അവിവേകത്തെ അതിജയിക്കണം. രണ്ട്: അവിവേകം എത്ര തീക്ഷ്ണമായാലും വിവേകമതിയായി നിലകൊള്ളണം.’ ഇവ പരിശോധിച്ചറിയാനായി ഞാന്‍ അദ്ദേഹത്തോടൊപ്പം ഇടപഴകി കൊണ്ട് അദ്ദേഹത്തിന്റെ വിവേകത്തെ പരീക്ഷിച്ചറിയാൻ ശ്രമിക്കുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം റസൂല്‍ﷺ തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങി. അലി(റ)വും കൂടെ ഉണ്ടായിരുന്നു. ആ സമയം അവരുടെ അടുത്തേക്ക് ഗ്രാമീണനായ ഒരാള്‍ തന്റെ വാഹനപ്പുറത്ത് വന്ന് പറഞ്ഞു: ”തിരുദൂതരേ, ഗ്രാമത്തിലെ ഇന്ന ഒരു ഗോത്രം ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇസ്‌ലാമിനെ കുറിച്ച്അവരുമായി സംസാരിച്ചപ്പോൾ ഞാന്‍ അവരോടു പറഞ്ഞിരുന്നു; നിങ്ങള്‍ മുസ്‌ലിംകളായി മാറിയാല്‍ അല്ലാഹു നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുമെന്ന്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കുകയാണ്, മഴ തടയപ്പെട്ടിരിക്കുകയാണ്. പ്രവാചകരേ, ഞാനിപ്പോള്‍ ഭയപ്പെടുന്നത് അവര്‍ അല്ലാഹുവിന്റെ ദീൻ ഉപേക്ഷിച്ചു കളയുമോ എന്നതാണ്.
അവര്‍ക്ക് വേണ്ടി വല്ല സഹായവും താങ്കൾക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ”

നബിﷺ തന്റെ ചാരത്തുണ്ടായിരുന്ന അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ”നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ.”

സൈദ്ബിന്‍ സഅന തുടരുന്നു: ആ സമയം ഞാന്‍ മുഹമ്മദിന്റെ (സ) അടുത്തേക്ക് ചെന്നു . എന്നിട്ടു ചോദിച്ചു: ”മുഹമ്മദ് ! ഇന്നാലിന്ന വ്യക്തിയുടെ തോട്ടത്തിൽ നിന്നുമുള്ള ഇത്ര ഈത്തപ്പഴം നിശ്ചിത കാലത്തേക്ക് എനിക്ക് വിൽക്കാമോ ?

നബിﷺ പറഞ്ഞു: ”പറ്റില്ല ജൂത സഹോദരാ, എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് നിശ്ചിത ഈത്തപ്പഴം നിശ്ചിത കാലയളവ് നിശ്ചയിച്ചു കൊണ്ട് വിൽക്കാം, എന്നാൽ ഇന്ന വ്യക്തിയുടെ തോട്ടത്തിൽ നിന്നും എന്ന് നിശ്ചയിക്കേണ്ടതില്ല”

ഞാന്‍ പറഞ്ഞു: ”മതി, ഞാൻ അംഗീരിച്ചിരിക്കുന്നു” . അങ്ങിനെ ഒരു അവധി നിർണ്ണയിച്ചു കൊണ്ട് , നിശ്ചിത ഈത്തപ്പഴത്തിന്റെ കച്ചവടം ഉറപ്പിച്ചു. എന്റെ പണക്കിഴി തുറന്ന് ഞാൻ എണ്‍പത് മിസ്‌ക്വാല്‍ സ്വര്‍ണ നാണയം നല്‍കുകയും ചെയ്തു. പ്രവാചകൻ അത് ആ ഗ്രാമീണന്ന് നല്‍കി. എന്നിട്ടു പറഞ്ഞു അദ്ദേഹത്തോടായി പറഞ്ഞു : ‘വേഗം തന്നെ ഇത് അവർക്ക് എത്തിച്ചു കൊടുത്തു അവരെ സഹായിക്കുക.”

സൈദ് ബിന്‍ സഅന തുടരുന്നു: ”അങ്ങനെ ഞങ്ങൾ നിർണ്ണയിച്ചിരുന്ന അവധിയുടെ രണ്ടോ മൂന്നോ ദിവസം ബാക്കിനില്‍ക്കെ ഞാന്‍ പ്രവാചകന്റെ അടുത്ത് ചെന്നു, ഞാനദ്ദേഹത്തിന്റെ വസ്ത്രത്തിൽ കയറി പിടിച്ച്, ക്രൗര്യ ഭാവത്തോടെ നോക്കികൊണ്ടു ചോദിച്ചു. ”മുഹമ്മദ്, എനിക്ക് തരാനുള്ളത് നൽകാനുള്ള പരിപാടിയൊന്നുമില്ലേ? അല്ലാഹുവാണ, അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബം കടം വെച്ച് താമസിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എനിക്ക് നിങ്ങളുമായി ഇടപാട് നടത്തിയ പരിചയമുള്ളതാണല്ലോ”

ഞാന്‍ ഉമറിനെ നോക്കി. കറങ്ങുന്ന ഗോളം പോലെയായിരുന്നു അദ്ദേഹത്തിട്നെ കണ്ണുകൾ. എന്നിട്ടു എന്നെ തറപ്പിച്ച് നോക്കി കൊണ്ട്പറഞ്ഞു: ”അല്ലാഹുവിന്റെ ശത്രുവേ, നീ അല്ലാഹുവിന്റെ പ്രവാചകനോടാണോ ഈ രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് ? അദ്ദേഹത്തെ സത്യ സന്ദേശം കൊണ്ട് നിയോഗിച്ചവനാണ് സത്യം! അദ്ദേഹത്തിന് ഇഷ്ടക്കേട് ഉണ്ടാവുമെന്നത് പരിഗണിക്കാതെ ഞാൻ പെരുമാറുകയാണെങ്കിൽ നിന്റെ തല എന്റെ വാള് കൊണ്ട് അരിഞ്ഞെടുത്തേനേ.”

അപ്പോഴും പ്രവാചകന്‍ ശാന്തപ്രകൃതനായി അവധാനതയോടെ ഉമറിനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ”ഉമര്‍, ഞാനും അദ്ദേഹവും മറ്റൊന്നായിരുന്നു താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്. താങ്കൾ ബാധ്യത കൊടുത്ത തീർക്കാൻ എന്നോടും ചോദിക്കുമ്പോള്‍ മാന്യമായി ചോദിക്കാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. ഉമറെ, താങ്കള്‍ പോയി അദ്ദേഹത്തിന് കൊടുക്കാനുള്ളത് നൽകുക. താങ്കൾ അദ്ദേഹത്തോട് ധാർഷ്ട്യത്തോടെ പെരുമാറിയതിനുള്ള നഷ്ടപരിഹാരമായി 20 സ്വാഅ് അധികമായി നല്‍കുകയും ചെയ്യുക.”

സൈദ് പറയുന്നു: ‘ഉമര്‍ എന്നെയും കൂട്ടി പോയി, എന്നിട്ടു എനിക്ക് തരാനുള്ളതും അതിന്നു പുറമെ 20 സ്വാഅ് അധികവും തന്നു. ഞാന്‍ ചോദിച്ചു: ‘എന്തിനാണ് ഈ അധികം?’ ഉമര്‍ പറഞ്ഞു: ‘താങ്കളോട് ഞാൻ കയർത്തു സംസാരിച്ചതിന്റെ നഷ്ടപരിഹാരമായി അല്ലാഹുവിന്റെ ദൂതന്‍ എന്നോട് അധികം തരാന്‍ പറഞ്ഞു. ഞാന്‍ അത് തന്നു.’
ഞാന്‍ ചോദിച്ചു: ‘താങ്കള്‍ക്കെന്നെ അറിയില്ലേ ഉമര്‍?’
‘ഇല്ല. താങ്കളാരാണ്?’ ഉമര്‍ ചോദിച്ചു.
‘ഞാന്‍ സൈദ്ബിന്‍ സുഅന’
“ജൂതപണ്ഡിതൻ ?” ഉമർ ചോദിച്ചു .
ഞാൻ പറഞ്ഞു ” അതെ, ജൂത പണ്ഡിതൻ ആയ സൈദ്ബിന്‍ സുഅന തന്നെ”
അപ്പോൾ ഉമർ ചോദിച്ചു: “എന്നിട്ടും അല്ലാഹുവിന്റെ ദൂതനോട് ഇങ്ങനെയൊക്കെ പെരുമാറാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ് ?’
ഞാൻ പറഞ്ഞു : ‘ഉമര്‍! റസൂലിനെ മുഖം കണ്ട മാത്രയിൽ തന്നെ പ്രവാചകത്വത്തിന്റെ അടയാളങ്ങളില്‍ പെട്ട രണ്ട് കാര്യങ്ങളല്ലാത്ത മറ്റെല്ലാം എനിക്ക് അദ്ദേഹത്തിൽ അനുഭവിക്കാൻ കഴിഞ്ഞിരുന്നു, ആ രണ്ടു കാര്യങ്ങൾ ‘അദ്ദേഹത്തിന്റെ വിവിവേകം അവിവേകത്തെ അതിജയിച്ചു നിൽക്കുമെന്നും ‘, ‘അവിവേകം എത്ര തീക്ഷ്ണമായാലും വിവേകമതിയായി അദ്ദേഹം നിലകൊള്ളുമെന്നും’ എന്നിവയായിരുന്നു. അവ രണ്ടും ഞാൻ അദ്ദേഹത്തിൽ പരിശോധിച്ചുറപ്പിക്കുകയായിരുന്നു.

“ഉമര്‍, താങ്കളെ സാക്ഷി നിര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: ‘അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ജീവിത സരണിയായും മുഹമ്മദിനെ നബിയായും ഞാന്‍ ഇതാ തൃപ്തിപ്പെട്ടു അംഗീകരിക്കുന്നു . മാത്രമല്ല , ഞാനിതാ എന്റെ ധനത്തിന്റെ ഒരു ഭാഗം (അവ ധാരാളമുണ്ട്) മുഹമ്മദ് നബിﷺയുടെ സമുദായത്തിന് മുഴുവനായും ദാനമായി നല്‍കുകയും ചെയ്യുന്നു . അപ്പോൾ ഉമർ പറഞ്ഞു ” അവരിൽ ചിലർക്ക് എന്ന് പറഞ്ഞാൽ മതി, കാരണം എല്ലാവര്ക്കും കൊടുക്കാൻ തികഞ്ഞു കൊള്ളണമെന്നില്ല” അപ്പോൾ ഞാൻ പറഞ്ഞു ” അങ്ങിനെയെങ്കിൽ അവർക്ക് ചിലർക്ക് ദാനമായി ഞാൻ ഇതാ നൽകുന്നു”.

ഉമര്‍(റ)വും സൈദും റസൂലിനടുത്തേക്ക് തന്നെ മടങ്ങി ചെന്നു. സൈദ് പ്രഖ്യാപിച്ചു : ‘ അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് , വ അശ്അഹ്ദു അന്നാ മുഹമ്മദൻ അബ്‌ദുഹു വ റസൂലുഹു’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.)

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles