Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബിയെപ്പറ്റി മഹത്തുക്കൾ

ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഞാൻ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നു.. മതപരവും ഭൗതികവുമായ മേഖലകളിൽ ചരിത്രത്തിൽ ഏറ്റവും വിജയം വരിച്ച വ്യക്തി അദ്ദേഹമാണ്. മനുഷ്യ ചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മുഹമ്മദിനെ വിലയിരുത്താൻ എന്നെ നിർബന്ധിക്കുന്നത് അദ്ദേഹത്തിൻ്റെ അനുപമമായ മത-ഭൗതിക സംയോജനമാണ്.
(മൈക്കിൾ എച്ച്. ഹാർട്ട് : എ റാങ്കിംഗ് ഓഫ് ദ മോസ്റ്റ് ഇൻഫ്ളൂവൻഷ്യൽ പേഴ്സനലിറ്റീസ് ഇൻ ഹിസ്റ്ററി)

മനുഷ്യമഹത്വത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ നാം വ്യക്തമായും ചോദിച്ചു പോവും: മുഹമ്മദിനേക്കാൾ മഹാനായ മറ്റാരെങ്കിലും ഭൂലോകത്തുണ്ടോ? എന്ന്.
(ലാ മാർട്ടിൻ: ഹിസ്റ്ററി ഡി ല ടർക്കി, പാരീസ്: 1854 വാള്യം രണ്ട്, പേജ്: 276-277)

മനുഷ്യകുലത്തിൻ്റെ രക്ഷകൻ എന്നു തന്നെയാണ് മുഹമ്മദ് നബിയെ വിളിക്കേണ്ടത്. അദ്ദേഹത്തെപ്പോലൊരു മനുഷ്യൻ ആധുനിക ലോകത്തിൻ്റെ ആധിപത്യം കയ്യാളിയിരുന്നെങ്കിൽ വേണ്ടുവോളം സമാധാനവും സന്തോഷവും പ്രദാനം ചെയ്യാൻ കഴിയുംവിധം ഈ ലോകത്തിൻ്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
(ജോർജ് ബെർനാഡ് ഷാ: ദി ജെനുവിൻ ഇസ് ലാം. സിംഗപ്പൂർ, വാള്യം: 1,1936)

മുഹമ്മദ് നബിയുടെ വ്യക്തിത്വം! അത് മുഴുവൻ കണ്ടെത്തുക പ്രയാസമാണ്. എത്രമാത്രം ഹൃദയാവർജകമായ ബഹുമുഖ ത്വം! എന്തുമാത്രം നാടകീയ രംഗങ്ങൾ! പ്രവാചകൻ, സർവ്വ സൈന്യാധിപൻ, പടയാളി, ഭരണാധികാരി, കച്ചവടക്കാരൻ, പ്രഭാഷകൻ, തത്വജ്ഞാനി, രാഷ്ട്രതന്ത്രജ്ഞൻ, പരിഷ്കർത്താവ്, അനാഥസംരക്ഷകൻ, അടിമ മോചകൻ, സ്ത്രീ വിമോചകൻ, നിയമജ്ഞൻ, ന്യായാധിപൻ, പുണ്യവാളൻ.. ഉജ്ജ്വലമായ ഈ വശങ്ങളിലെല്ലാം, മനുഷ്യജീവിതത്തിൻ്റെ വൈവിധ്യമാർന്ന ഈ വകുപ്പുകളിലെല്ലാം ഒരു ഹീറോ തന്നെയായിരുന്നു അദ്ദേഹം.
(പ്രഫസർ: കെ.എസ് രാമകൃഷ്ണറാവു: മുഹമ്മദ് മഹാനായ പ്രവാചകൻ.ഐ.പി.എച്ച്)

ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേക്കും അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും അന്ധതയിൽ നിന്ന് അറിവിലേക്കും തിന്മയിൽ നിന്ന് നന്മയിലേക്കുമുള്ള മനുഷ്യരാശിയുടെ അനിവാര്യമായ പ്രയാണത്തിലും പോരാട്ടത്തിലും തൽപരരായ ഒരാൾക്കും അവഗണിക്കാനാവാത്ത ആവേശകരമായ ഒരധ്യായമാണ് ഇസ് ലാമിൻ്റെ ചരിത്രവും പ്രവാചകൻ്റെ ദൗത്യവും.
(പി.ഗോവിന്ദപ്പിള്ള: ദേശാഭിമാനി ബക്രീദ് സ്പെഷൽ)

മുഹമ്മദ് നബിയുടെ ജീവിതസന്ദേശം എന്താണെന്നറിയുവാൻ നാമൊക്കെ ശ്രമിച്ചാൽ ഒരു കാര്യം ബോധ്യമാകും. മറ്റേത് മതങ്ങളെക്കാളും കൂടുതൽ കമ്യൂണിസ്റ്റ് ആശയങ്ങളുമായി അടുപ്പമുള്ളത് നബിയുടെ ഉപദേശങ്ങൾക്കാണ്. (പി.ടി ഭാസ്കരപ്പണിക്കർ: ഇസ് ലാമും കമ്യൂണിസ്റ്റുകാരും)

വസ്തുവിൻ്റെ കൂടെ കറുത്ത നിഴൽ പാടെന്നതു പോലെ യഥാർത്ഥ മതത്തിൻ്റെ പുറകെ തന്നെ വ്യാജ മതം കൂടി വരുന്നുണ്ടായിരിക്കും. ഖുർആൻ മതത്തെ സംബന്ധിച്ച ഈ വേർതിരിവ് നടത്തിയിട്ടുണ്ട്. ദൈവത്തിൻ്റെ ലോകത്ത് മനുഷ്യരെല്ലാം ഒരു ജനതയാണ് (ഖുർആൻ: 21:92, 23:52-54) ഇസ് ലാമിനെ അന്വേഷിച്ചു പോകുന്നവർ മുഹമ്മദിലേക്കാണ് പോകേണ്ടത്. സത്യസന്ധമായ നാദം എന്ന് കാർ ലൈനും സമത്വവും ഐക്യവുമെന്ന് സ്വാമി വിവേകാനന്ദനും “അഹർ മുഖപ്പൊൻ കതിർപ്പോലെ പോന്നവൻ” എന്ന് വള്ളത്തോളും മുഹമ്മദ് നബിയെ കുറിച്ച് പാടിയിട്ടുണ്ട്.
(സുകുമാർ അഴീക്കോട്: ദർശനം, സമൂഹം, വ്യക്തി)

(കടപ്പാട്: മുഹമ്മദ് നബി ലേഖന സമാഹാരം: പി.എ റഫീഖ് സകരിയ്യ ഐ.പി.എച്ച്.
പൊരുൾ: അബ്ദുൽ അസീസ് പുതിയങ്ങാടി. വികാസ് ബുക് സെൻറർ, തളിപ്പറമ്പ)

Related Articles