Current Date

Search
Close this search box.
Search
Close this search box.

തെറ്റുകള്‍ അംഗീകരിക്കാത്ത വ്യക്തിത്വങ്ങള്‍

time-life.jpg

പ്രവാചകന്‍ മുഹമ്മദ് നബി (സ) ജനനത്തോടു ഏക ദൈവത്തെ കുറിച്ചും പരലോകത്തെ കുറിച്ചും സംസാരിച്ചു. വലിയ വിഭാഗം അതെല്ലാം തള്ളിക്കളഞ്ഞു. അവസാനം പ്രവാചകന്‍ അവരോടു തിരിച്ചു ചോദിച്ചു. ‘ഞാന്‍ നിങ്ങളുടെ കൂടെ കുറെ കാലമായി ജീവിക്കുന്നവനല്ലേ”. ആ ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞില്ല. കാരണം മുഹമ്മദിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അവര്‍ ഒരാരോപണവും ഉന്നയിച്ചില്ല. സുതാര്യതയായിരുന്നു ആ ജീവിതത്തിന്റെ പ്രത്യേകത. തന്റെ ജീവിത വിശുദ്ധിയില്‍ വിശ്വാസമുണ്ടായിരുന്ന പ്രവാചകന് അതു കൊണ്ട് തന്നെ ആ ചോദ്യം ഉന്നയിക്കാന്‍ ഭയക്കേണ്ടി വന്നില്ല.

ഇന്ന് പൊതു പ്രവര്‍ത്തകരും നേതാക്കളും ഭയക്കുന്ന ചോദ്യവും അത് തന്നെ. സുതാര്യത ഇന്ന് പലരുടെയും ജീവിതത്തില്‍ നിന്നും മാറി പോയിരിക്കുന്നു. പല വിഗ്രഹങ്ങളും വീണുടയുന്നത് നാം നേരില്‍ കാണുന്നു. അവിടെയും വിഷയം ഈ സുതാര്യത തന്നെ. പുണ്യം എന്നതിനെ കുറിച്ച് ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞു ‘പുണ്യം സല്‍സ്വഭാവമാണ്. പാപമെന്നത് നിന്റെ മനസ്സില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ജനം അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്നവ’. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ പലപ്പോഴും പലര്‍ക്കും കഴിയില്ല. അവര്‍ എപ്പോഴും രണ്ടു മുഖങ്ങളില്‍ ജീവിക്കുന്നു.

മാന്യത എന്നത് പുറം മൂടിയല്ല. അതൊരു ജീവിത നിലപാടാണ്. സല്‍സ്വഭാവം പോലെ. അതും ഒരു ഒറ്റപ്പെട്ട ഒന്നല്ല. ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്. വ്യക്തിത്വം എന്നത് ഓരോരുത്തരുടെയും പ്രവര്‍ത്തനത്തിന്റെ ബാക്കിയാണ്. സത്യമായ വ്യക്തിത്വം എന്നും നിലനില്‍ക്കും. അതെ സമയം കപട വ്യക്തിത്വം നിലനിര്‍ത്താന്‍ വലിയ പാടാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ള പലരും ഇന്നനുഭാവിക്കുന്നത് അതാണ്. അവര്‍ ഉണ്ടാക്കിയ ഒരു വ്യക്തിത്വമുണ്ട്. പലപ്പോഴും അത് കുമിളകള്‍ പോലെ പൊട്ടി പോകുന്നു. കാരണം അത് ഉള്ളു പൊള്ളയായ വ്യക്തിത്വമാണ്. അവര്‍ തെറ്റുകളെ ആദ്യം അംഗീകരിക്കില്ല. എന്ത് വില കൊടുത്തും തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാന്‍ അവര്‍ നുണകളെ ആശ്രയിക്കും. അവസാനം എല്ലാം ഒന്നിച്ചാകും തകര്‍ന്നു വീഴുക.

ഒരാളുടെ വ്യക്തിത്വം അംഗീകരിക്കപ്പെടേണ്ടത് സ്വന്തം നാട്ടിലും വീട്ടിലുമാണ്. അവിടെ രണ്ടിടത്തും അത് നില നിര്‍ത്താന്‍ കഴില്ലെങ്കില്‍ പിന്നെ അയാള്‍ കപടതയുടെ വക്താവാണ് എന്ന് പറയേണ്ടി വരും. പ്രവാചകന്‍ ചോദിച്ച ചോദ്യം സ്വന്തം നാട്ടുകാരുടെ മുന്നില്‍ ചോദിയ്ക്കാന്‍ കഴിയുക എന്നതാണ് പ്രസക്തം. അത് കഴിയാത്ത കാലത്തോളം ഒരാളെ നമുക്ക് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന് വിളിക്കാന്‍ കഴിയില്ല.

വിശ്വസ്തത മറ്റൊരു നിലപാടാണ്. അന്ത്യ ദിനത്തിന്റെ അടയാളമായി പ്രവാചകന്‍ പറഞ്ഞത് വിശ്വസ്തതയുടെ തിരോധാനമാണ്. അതെന്താണ് എന്ന അനുചരന്മാരുടെ ചോദ്യത്തിന് കാര്യങ്ങള്‍ അതിനു പറ്റാത്തവരെ ഏല്‍പ്പിക്കുക എന്നാണു പ്രവാചകന്‍ പറഞ്ഞത്. കാര്യങ്ങള്‍ പലപ്പോഴും കഴിവിന്റെ പേരിലല്ല ഏല്‍പ്പിക്കപ്പെടുന്നത് പകരം അയാളുടെ പിടിപാടിന്റെ പേരിലാണ്. പൊതു മുതല്‍ സൂക്ഷിക്കേണ്ട രീതി പലര്‍ക്കും അന്യമാണ്.

മൊത്തത്തില്‍ പലരുടെയും മുഖം മൂടികള്‍ ദിനേന തകര്‍ന്നു വീഴുന്നു. അതില്‍ നമുക്ക് അത്ഭുതം വേണ്ട. അടിസ്ഥാനമില്ലാതെ കെട്ടിടം പണിതാല്‍ അത് തകര്‍ന്നു വീഴും. പൊതു പ്രവര്‍ത്തകന്‍ എന്നതിന് ഉണ്ടാകേണ്ട അടിസ്ഥാന യോഗ്യതകള്‍ ആര്‍ജിച്ചു വേണം ഗോദയില്‍ ഇറങ്ങാന്‍. അതില്ലാതെ ഗുസ്തി പിടിക്കാന്‍ പോയാല്‍ എപ്പോള്‍ ശവമായി എന്ന് ചോദിച്ചാല്‍ മതി.

Related Articles