Your Voice

പ്രവാചകനും ടിപ്പുവും – ഒരു ചരിത്ര വായന

പ്രവാചക ജന്മ ദിനം ആഘോഷിക്കുന്നതിനെ എതിര്‍ക്കുന്ന നിങ്ങള്‍ എന്തിനാണ് ടിപ്പു ജയന്തി ആഘോഷത്തെ പിന്തുണക്കുന്നത്?. ചോദിച്ചത് ഒരു അമുസ്ലിം സുഹൃത്താണ് എന്നത് കൊണ്ട് തന്നെ ആ ചോദ്യം പ്രസക്തമാണ്‌.

പ്രവാചകന്‍ ഏതെങ്കിലും ഒരു ദിവസത്തില്‍ ഓര്‍ക്കേണ്ട വ്യക്തിത്വമാണ് എന്ന അഭിപ്രായം വിശ്വാസികള്‍ക്കില്ല. അവരുടെ ജീവതത്തിന്റെ ഭാഗമാണ് പ്രവാചകന്‍. അത് മാത്രമല്ല മതത്തില്‍ പുണ്യം കിട്ടുന്ന കാര്യങ്ങള്‍ പ്രവാചകന്‍ സമൂഹത്തെ പൂര്‍ണമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രവാചക ജന്മദിനം കടന്നു വരുന്നില്ല. മതത്തില്‍ പുണ്യം തീരുമാനിക്കാനുള്ള അവകാശം അല്ലാഹുവിനാണ്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം സമൂഹത്തെ പ്രവാചകന്‍ അത് പഠിപ്പിക്കുന്നു. സ്വന്തമായി ഒരു കാര്യത്തിലും പുണ്യം തീരുമാനിക്കാനുള്ള അധികാരം മതം വിശ്വാസികള്‍ക്ക് നല്‍കുന്നില്ല. മതം പൂര്‍ണമായി എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യവും വരുന്നില്ല.

ഇസ്ലാം യുദ്ധം നിഷിദ്ധമാക്കപ്പെട്ടു എന്ന് പറഞ്ഞ മാസങ്ങളില്‍ പ്രവാചകന്‍ ജനിച്ച മാസം വരുന്നില്ല. പിന്നെ ഖുര്‍ആന്‍ എടുത്തു പറഞ്ഞ മാസം റമദാനാണ്. ഇസ്ലാമിലെ മാസങ്ങളുടെയും ദിവസങ്ങളുടെയും സമയങ്ങളുടെയും പുണ്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ ജനിച്ച മാസത്തിന്റെയും ദിനത്തിന്റെയും പ്രത്യേകത എടുത്തു പറയാത്ത കാരണം കൊണ്ട് തന്നെ അത് ആചരിക്കപ്പെടെണ്ട പുണ്യ ദിനവും മാസവുമാണ് എന്ന അടിസ്ഥാനം അസ്ഥാനത്താണ്. അതെ സമയം ഈ മാസത്തിനു ചരിത്ര പ്രാധാന്യമുണ്ട്. അത് പ്രവാചകന്‍ ജനിച്ച മാസം എന്ന നിലയില്‍ തന്നെയാണ്. ചരിത്രത്തെയും പുണ്യത്തെയും കൂട്ടിക്കുഴക്കുന്നു എന്നതാണ് ആധുനിക മതങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ചരിത്ര പുരുഷന്മാര്‍ ആരാധിക്കപ്പെടുന്ന അവസ്ഥ നവോഥാന കൈരളിയില്‍ പോലും നിലനില്‍ക്കുന്നു അങ്ങിനെയാണ് ശ്രീനാരായണ ഗുരു പോലും ആരാധ്യനായി തീര്‍ന്നത്. സിനിമ നടികളും നടന്മാരും രാഷ്ട്രീയ നേതാക്കളും നമ്മുടെ നാട്ടില്‍ ആരാധിക്കപ്പെടുന്നു.

അതെ സമയം ടിപ്പു ഒരു മത വിഷയമല്ല, ടിപ്പുവും ഒരു ചരിത്ര പുരുഷനാണ്. തെക്കേ ഇന്ത്യയില്‍ വെള്ളക്കാര്‍ക്കു എന്നും തലവേദനയായ ഭരണാധികാരി. അവസാനം അദ്ദേഹത്തിന്റെ അന്ത്യം പോലും അവരിലൂടെയാണ്‌ സംഭവിച്ചത്. രാജ്യത്തെ പിടിച്ചടക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ധീരനും രക്തസാക്ഷിയുമാണ്‌ ചരിത്രത്തിലെ ടിപ്പു. മാത്രമല്ല വിപ്ലവകരമായ പല ഭരണ പരിഷ്കാരങ്ങളും അദ്ദേഹം നടപ്പിലാക്കി. ഒരേ സമയം ജന്മികളും വെള്ളക്കാരും ടിപ്പുവിന്റെ ശത്രുക്കളായി. ടിപ്പുവിനെ വീഴ്ത്താന്‍ വെള്ളക്കാര്‍ക്കു സഹായം ചെയ്തത് ഇന്ത്യയിലെ മറ്റു നാട്ടു രാജക്കന്മായിരുന്നു. ടിപ്പുവിന്റെ കുടുമ്പത്തെ പൂര്‍ണമായി നാട് കടത്തിയാണ് വെള്ളക്കാര്‍ അരിശം തീര്‍ത്തത്.
പുതിയ സാഹചര്യത്തില്‍ ടിപ്പു കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ത്യയുടെ മണ്ണില്‍ ഒരു പാട് മുസ്ലിം രക്തം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവത്യാഗം നടത്തിയ മുസ്ലിം ജനതയെ അവഗണിക്കാനുള്ള ശ്രമമാണു പുതിയ ചരിത്ര രചന കൊണ്ട് വരുന്നത്. അതുവഴി അവര്‍ ചിലരുടെ ദേശസ്നേഹം ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ഫാസിസം. അവിടെയാണു ടിപ്പു ജയന്തി പ്രസക്തമാകുന്നത്. രാജ്യത്തിനു വിദേശികളില്‍ നിന്നും സംരക്ഷണം നല്‍കിയ ഭരണാധികാരി എന്നിടത്തു നിന്നും മതഭ്രാന്തനായ ഒരു ഭരണാധികാരി എന്നാക്കി മാറ്റാനുള്ള ശ്രമമാണു. തന്റെ വിശ്വാസം ടിപ്പുവിനെ സ്വാദീനിച്ചു എന്നത് സത്യമാണ്. ഒരു ഭരണാധികാരി എന്ന നിലയില്‍ നാട്ടിലെ പ്രജകളെ ഒന്നായി കാണാന്‍ ടിപ്പുവിന് കഴിഞ്ഞിട്ടുണ്ട്. തന്റെ രാജ്യത്തെ അന്യ മതസ്ഥര്‍ക്ക് ടിപ്പു നിര്‍മ്മിച്ച്‌ നല്‍കിയ ആരാധനാലയങ്ങള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്. അതെല്ലാം കണ്ണടച്ചു നിഷേധിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ടിപ്പു യതാര്‍ത്ഥത്തില്‍ മതേതരത്വത്തിന്റെയും മത സഹിഷ്ണുതയുടെയും വാക്താവാണ്. ബ്രിട്ടീഷുകാര്‍ പല ചരിത്ര രചനയും നടത്തിയിട്ടുണ്ട്. ബാബറി മസ്ജിദും അവര്‍ എഴുതിയ ചരിത്രമാണ്‌. തങ്ങളെ വെള്ളം കുടിപ്പിച്ച ഒരാളെ കുറിച്ച് വെള്ളക്കാര്‍ നല്ലത് പറയും എന്ന് കരുതുന്നത് തന്നെ വിഡ്ഢിതമാണ്. അത് കൊണ്ട് തന്നെ ടിപ്പുവിനെ സ്മരിക്കുക എന്നത് ഒരു ഫാസിസ വിരുദ്ധ പ്രകടനമാണ്. സംഘ പരിവാര്‍ ഗാന്ധിയുടെയും നെഹ്രുവുന്റെയും പോലും പ്രസക്തി ചോദ്യം ചെയ്യാന്‍ തുനിയുന്നു. അത് കൊണ്ട് തന്നെയാണു ഗാന്ധി ജയന്തിക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസക്തി ഉണ്ടാകുന്നത്.

യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യം നടപ്പാക്കിയ കാര്യം ടിപ്പു ജയന്തി നിര്‍ത്തുന്നു എന്നതാണ്. എന്തിനീ തിരക്കിട്ട തീരുമാനം എന്ന് കോടതിക്ക് പോലും ചോദിക്കേണ്ടി വന്നതും അത് കൊണ്ടാണ്. ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതണം എന്നത് സംഘ പരിവാര്‍ തീരുമാനമാണ്. സ്വാതന്ത്ര സമരത്തെ ഒറ്റിക്കൊടുത്തവരെ ധീര പരിവേഷത്തിലേക്ക് ഉയര്‍ത്താന്‍ മറ്റൊരു മാര്‍ഗവും അവര്‍ കാണുന്നില്ല.

പ്രവാചക ജനമദിനം മതത്തില്‍ ഉണ്ടാകുന്ന പുതിയ പ്രവണതകളുടെ ഉദാഹരണമാണ്. അത് എതിര്‍ക്കെപ്പെടുക എന്നത് സ്വാഭാവികം. ടിപ്പു ചരിത്ര നിഷേധമാണ്. ചരിത്രത്തെ ശരിയായി നിലനിര്‍ത്തുക എന്നതാണു നന്മ ആഗ്രഹിക്കുന്ന ആരും ചെയ്യാന്‍ ശ്രമിക്കുക.

Facebook Comments
Related Articles
Show More
Close
Close