Current Date

Search
Close this search box.
Search
Close this search box.

പ്രിയങ്കയും യു.പിയും

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പാര്‍ട്ടിക്ക് എങ്ങിനെ ഗുണം ചെയ്യുമെന്നത് ഇനിയും മനസ്സിലാക്കിയിട്ടു വേണം. കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ലാത്ത സംസ്ഥാനമാണ് യു പി. അതെ സമയം യു പി യുടെ പിന്തുണയില്ലാതെ ഇന്ത്യ ഭരിക്കാന്‍ കഴിയില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കണം. ത്രികോണ മത്സരം വന്നാല്‍ അത് ഗുണം ചെയ്യുക ബി ജെ പി ക്കു തന്നെ എന്നുറപ്പാണ്. ഇപ്പോള്‍ യു പിയില്‍ ഉണ്ടാക്കിയ രാഷ്ട്രീയ സമവാക്യം പ്രസക്തമാകുന്നത് മത്സരം രണ്ടു പേര് തമ്മില്‍ ആകുമ്പോള്‍ മാത്രമാണ്. കിഴക്കന്‍ യു പിയില്‍ പുതിയ നിയമനത്തോടെ പ്രിയങ്ക വന്നു എന്നത് ഒരു പക്ഷെ സന്തോഷിപ്പിക്കുക ഫാസിസ്റ്റുകളെ തന്നെയാകും. പ്രിയങ്കയുടെ കരുത്തില്‍ കോണ്‍ഗ്രസ് കാര്യമായി തന്നെ പരിശ്രമിക്കും. ബി ജെ പി വോട്ടുകളില്‍ എത്രമാത്രം വിള്ളലുണ്ടാക്കാന്‍ പ്രിയങ്കക്കു കഴിയും എന്നിടത്താണ് അവരുടെ വിജയ പരാജയം പറയാന്‍ കഴിയുക.

എന്ത് വിലകൊടുത്തും നിലവിലെ ഫാസിസ്റ്റു ഭരണം അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. അതിനു സാധ്യമായ നല്ല വഴി മതേതര ശക്തികള്‍ ഒന്നിക്കുക എന്നത് മാത്രമാണ്. മതേതര വോട്ടുകള്‍ ഭിന്നിക്കുന്ന എല്ലാം ഫാസിസത്തെ സന്തോഷിപ്പിക്കും. കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാണ്. ബംഗാള്‍, യു പി, ബീഹാര്‍, ആന്ധ്രാ എന്നീ സംസ്ഥാനങ്ങള്‍ കൂടിയാല്‍ മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിന് മേലെ വരും. അവിടങ്ങളില്‍ നീക്കുപോക്ക് നടത്തുക എന്നതാണ് കോണ്‍ഗ്രസ്സിന് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം. ഇവിടങ്ങളില്‍ രണ്ടിടത്തും ബി ജെ പി ഒരു പ്രബല ശക്തിയും രണ്ടിടത്തും നിര്‍ണായക ശക്തിയുമാണ്. ഫാസിസത്തെ പടിക്കു പുറത്തു നിര്‍ത്തണം എന്ന ചിന്ത മതേതര പാര്‍ട്ടികള്‍ക്ക് കൂട്ടായി വരണം.

കുടുംബവാഴ്ച എന്നതിനേക്കാള്‍ പൊതു ജനം കരുതുന്നത് ഒരു ഫാസിസ്റ്റ് വിരുദ്ധതയാണ്. യു പി ക്കു പുറത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായി പ്രിയങ്ക മാറും എന്നുറപ്പാണ്. അതിലപ്പുറം ഒരു പാര്‍ട്ടിയെ ഒരു കുടുംബം റാഞ്ചി എന്ന ആരോപണത്തിന് സംഘ പരിവാര്‍ മൂര്‍ച്ച കൂട്ടും. ഫാസിസ്റ്റു വിരുദ്ധതയില്‍ ജനം ഒരു പക്ഷെ അത് മാപ്പാക്കി എന്ന് വരും. അപ്പോഴും യുപിയില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടുന്നതു മതേതര വോട്ടുകളെ ഭിന്നിപ്പിക്കും എന്നതിന് ഒരു മാറ്റവും കാണില്ല എന്നുറപ്പാണ്. കര്‍ണാടക മോഡലില്‍ ഒരു വിട്ടു വീഴ്ചക്ക് കോണ്‍ഗ്രസ് രംഗത്തു വന്നേക്കാം. അതിനു മുമ്പ് ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം രൂപപ്പെടുക എന്നത് നിസാരമായി കാണരുത്.

Related Articles