Your Voice

പ്രാര്‍ത്ഥന: അണികളുടെ പരിധി വിടലില്‍ സങ്കടപ്പെടുന്നവര്‍

പള്ളിക്കമ്മിറ്റി യോഗം നടക്കുകയാണ്. ചര്‍ച്ചക്കിടെ ഒരു അംഗം എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു ‘നിസ്‌കാര പള്ളി ഒന്നുകില്‍ ശരിയാക്കണം അല്ലെങ്കില്‍ പൊളിച്ചു കളയണം’ ചര്‍ച്ച ചൂട് പിടിച്ചു. എല്ലാം കേട്ട് പ്രസിഡന്റ് മിണ്ടാതിരുന്നു. പ്രസിഡന്റ് ഈ വിഷയത്തില്‍ തീരുമാനം പറയണം എന്നായി അംഗങ്ങള്‍. എഴുന്നേറ്റു നിന്ന് പ്രസിഡന്റ് സെക്രട്ടറിയുടെ നേരെ നോക്കി പറഞ്ഞു ‘അന്ന് തന്നെ ഈ ജാഹിലീങ്ങളെ (വിവരമില്ലാത്തവരെ) കമ്മിറ്റിയില്‍ എടുക്കേണ്ട എന്ന് പറഞ്ഞതെല്ലേ?’.

പ്രവാചകനോട് പ്രാര്‍ത്ഥിക്കുന്ന ഒരു ക്ലിപ്പ് ഇപ്പോള്‍ സജീവമായി കാണുന്നു. നേതാക്കള്‍ തന്നെ അത് ശരിയല്ല എന്ന് പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്. ശരിയായ തവസ്സുലോ ഇസ്തിഗാസയിലോ ഈ പ്രാര്‍ത്ഥന ഉള്‍പ്പെടില്ല എന്നാണ് അവരുടെ വാദം. അള്ളാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും തെളിവുണ്ടാക്കി അവസാനം സ്വയം പാരയായപ്പോള്‍ തള്ളിപ്പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പ്രവാചകനോടും പുണ്യ പുരുഷനോടും പ്രാര്‍ത്ഥിക്കാനും മറഞ്ഞ വഴിയില്‍ സഹായം തേടാനും ഒരു വഴിയും ഇസ്ലാമിലില്ല. പ്രാര്‍ത്ഥന ഒരു ആരാധനയാണ് അത് അല്ലാഹുവിനു മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം പറയുന്നത്. എങ്ങിനെ പ്രാര്‍ത്ഥിക്കണം ആരോടൊക്കെ എങ്ങിനെയൊക്കെ സഹായം ചോദിക്കാം എന്ന് പഠിപ്പിച്ചാണ് പ്രവാചകന്‍ മരണപ്പെട്ടു പോയതും. പക്ഷെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുക അവനോടു സഹായം ചോദിക്കുന്ന രീതിയില്‍ മറ്റാരോടും പാടില്ല എന്ന് പറഞ്ഞാല്‍ പലര്‍ക്കും അതൊരു തമാശയാണ്. പലരും മത്സരിച്ചാണ് ഈ മാര്‍ഗത്തില്‍ മുന്നേറുന്നതും.

സംഘടന മത്സരം ചിലരെ അത്തരം തെറ്റുകളിലേക്ക് കൊണ്ടുപോയി. ഖുര്‍ആന്‍ പറഞ്ഞതും പ്രവാചകന്‍ പഠിപ്പിച്ചതുമായ ഇസ്ലാം നമ്മുടെ മുന്നില്‍ സുതാര്യമായി കിടക്കുന്നു. പ്രവാചകനോട് അടുത്ത് നിന്ന സമൂഹം പ്രവാചകനെ വിളിച്ചു പ്രാര്‍ത്ഥിച്ചതായും സഹായം തേടിയതായും കാണുക സാധ്യമല്ല. ഇസ്ലാമിക സമൂഹം കടുത്ത പരീക്ഷണങ്ങളെ നേരിട്ട സമയമായിരുന്നു അന്നൊക്കെ. പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയിലും അള്ളാഹു അല്ലാത്ത ആരോടും തേട്ടമില്ല. എന്നിട്ടും നമ്മുടെ നാട്ടില്‍ അതൊരു ചര്‍ച്ചയാണ് എന്ന് മാത്രമല്ല തങ്ങളുടെ പക്ഷം ശരിയാണ് എന്ന് കാണിക്കാന്‍ കൂടുതല്‍ ഊക്കോടെ അവര്‍ അല്ലാഹു അല്ലാത്തവരെ വിളിക്കുന്നു. അതിനു സദസ്സകള്‍ സംഘടിപ്പിക്കുന്നു.

നേതാക്കള്‍ ഈ വിഷയം കടുപ്പിച്ചു പറഞ്ഞപ്പോള്‍ അണികള്‍ അത് ഏറ്റെടുത്തു. ഔലിയാക്കള്‍ എന്നത് അല്ലാഹു ചിലരെ ബഹുമാനിച്ചു നല്‍കുന്ന പദവിയാണ്. അതിനു അടിസ്ഥാനവും വിശ്വാസവും സൂക്ഷ്മതയും. പക്ഷെ ഔലിയാക്കള്‍ ജനത്തെ സഹായിക്കാനുള്ള വഴിയാണ് എന്നാണു പലരും മനസ്സിലാക്കിയത്. ഇസ്ലാമിക ചരിത്രത്തില്‍ ഖുലഫാഉറാശിദീന് കിട്ടാത്ത പല മഹത്വവും ശേഷക്കാര്‍ക്കു ലഭിക്കുന്നു. അതെങ്ങിനെ വന്നു എന്ന ചോദ്യത്തിന് മൊത്തം മറുപടി ലഭിക്കും. പണ്ടില്ലാത്ത പലതും ഇടയില്‍ നിന്നും കൂടിയിട്ടുണ്ട്. ഇത്ര ആവേശത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടാനും പ്രാര്‍ത്ഥിക്കാനും പറ്റുന്ന ഒന്നും യഥാര്‍ത്ഥ ദീനില്‍ നാമാരും കണ്ടില്ല എന്ന് കൂടി ചേര്‍ത്ത് പറയണം.

വിഡ്ഢികള്‍ അവരുടെ സങ്കല്‍പ്പത്തിന് അനുസരിച്ചു ദീന്‍ വിശദീകരിച്ചപ്പോള്‍ പലതും കടന്നു കയറി. അല്ലാഹുവിനെ കൂടാതെ ഒരു ഇലാഹിനെയും വിളിക്കരുത് എന്നാണ് മതം പറഞ്ഞത്. അതെ സമയം അല്ലാഹുവിനെ വിളിക്കുന്നതിനേക്കാള്‍ ആവേശത്തില്‍ മറ്റുള്ളവരെ വിളിക്കുന്നു എന്നതാണ് അതിലെ തമാശ. അവര്‍ പ്രവാചകനോട് നേരിട്ട് സ്വര്‍ഗ്ഗവും സഫാഅതും ചോദിക്കുന്നു. അതെ സമയം പ്രവാചകന്‍ പഠിപ്പിച്ചത് അല്ലാഹുവിനോട് ചോദിക്കാനും. പരിധി ലംഘിക്കാന്‍ അണികള്‍ക്ക് പ്രചോദനം നല്‍കിയവര്‍ തന്നെ അണികളുടെ പരിധി വിടലില്‍ സങ്കടപ്പെടുന്നത് കാലത്തിന്റെ കാവ്യ നീതി എന്നെ പറയാന്‍ കഴിയൂ.

Facebook Comments
Show More

Related Articles

Close
Close