Current Date

Search
Close this search box.
Search
Close this search box.

ആകാശത്തെ നേട്ടങ്ങളല്ല, ഭൂമിയിലെ നേട്ടങ്ങള്‍ പറയൂ..

മോള്‍ക്ക് ആരാവാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് രശ്മിക്ക് പറയാനുള്ള മറുപടി ‘അച്ഛാ സ്ഥിരമായി ഫീസ് കൊടുക്കുന്ന ഒരു കുട്ടിയായാല്‍ മതി’ എന്നായിരുന്നു. ബഹിരാകാശത്തു നിന്ന് ആരെങ്കിലും വന്നു തല്ലിക്കൊല്ലുമോ എന്ന ഭയമല്ല ഇന്ത്യക്കാരെ അലട്ടുന്നത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ വന്നു തല്ലിക്കൊല്ലുമോ എന്ന ഭയമാണ്. പ്രധാനമന്ത്രി നാടിനെ അഭിമുഖീകരിക്കുക എന്നത് സാധാരണ സംഭവമാണ്. അങ്ങിനെ ഒന്ന് കേട്ടാല്‍ ജനം ആകാക്ഷയോടെ കാത്തിരിക്കും. അതെ സമയം ഇന്ന് നമ്മുുടെ പ്രധാനമന്ത്രി രാജ്യത്തെ അഭിമുഖീകരിക്കുന്നു എന്ന വാര്‍ത്ത രണ്ടു രീതിയിലാണ് രാജ്യം എതിരേറ്റത്. ഒന്ന് ഭീതിയുടെ രൂപത്തില്‍ മറ്റൊന്ന് തമാശയുടെ രൂപത്തിലും. പഴയ നോട്ടു നിരോധന പ്രഖ്യാപനം ജനം മറന്നിട്ടില്ല എന്നത് തന്നെയാണ് അതിന്റെ മുഖ്യ കാരണം.

രാജ്യം ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്നേറ്റം നടത്തുമ്പോള്‍ അത് അഭിമാനത്തോടെ ലോകത്തോട് പറയുക എന്നത് നല്ല കാര്യമാണ്. തെരഞ്ഞെടുപ്പ് സമയം തന്നെ അതിനു തിരഞ്ഞെടുത്തു എന്നത് മറ്റൊരു കുരുട്ടു ബുദ്ധിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടം കൊണ്ട് മാത്രം രക്ഷപ്പെടില്ല എന്ന തിരിച്ചറിവ് വളരെ നല്ലതാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ പാഞ്ഞു പോകുന്ന ഉപഗ്രഹത്തെ വെടിവെച്ചു വീഴ്ത്താന്‍ കഴിയുന്ന നമുക്ക് എന്ത് കൊണ്ട് റോഡിലൂടെ പാഞ്ഞു വന്ന ഭീകരനെ കാണാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം പ്രസക്തമല്ല. അതോ മൂന്നു ആഴ്ച കൊണ്ടാണോ ഈ നേട്ടം നമുക്ക് ഉണ്ടായത് എന്ന ചോദ്യവും പ്രസക്തമല്ല. ‘ഇന്ത്യയുടെ ബഹിരാകാശ പരിപാടിക്ക് ASAT മിസൈല്‍ പുതിയ ശക്തി നല്‍കുന്നു. ഇന്ത്യയുടെ പ്രതിരോധ നടപടികള്‍ക്ക് അത് ശക്തമായ പിന്തുണ നല്‍കുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതെ സമയം ‘ഏത് ഇന്ത്യന്‍ മിസൈലാണ് ASAT ആയുധത്തിലേക്ക് പരിഷ്‌കരിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ഡിആര്‍ഡിഒക്ക് ഇതിനകം റഡാറുകള്‍, സെന്‍സറുകള്‍, ദീര്‍ഘദൂര മിസൈലുകള്‍ എന്നിവയുമുണ്ട്.

ഭൂമിയിലെ മനുഷ്യരെ അവഗണിക്കുകയും ആകാശത്തെ ജീവികളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഭരണാധികാരിയോട് നാടിനും നാട്ടുകാര്‍ക്കും ഉപകാരമുണ്ടാവില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു വരി ട്വീറ്റില്‍ എല്ലാം ഒതുങ്ങിയിട്ടുണ്ട്. മണ്ണില്‍ ജീവിക്കാന്‍ കഴിയാത്ത കോടിക്കണക്കിനു ജനങ്ങളുള്ള നാട്ടില്‍ അവരുടെ ജീവിതം ശരിപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കുന്നില്ല. ‘നാടകമേ ഉലകം’ എന്നതു എത്ര മനോഹരമായ ചൊല്ലാണ് എന്ന് ഇപ്പോഴാണ് മനസ്സിലായതും. ഇത്തരം സംഗതികള്‍ നടത്താന്‍ ഒരു ഡിപ്പാര്‍ട്ടമെന്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. നോട്ടിന്റെ ഉത്തരവാദിത്വം ആര്‍ ബി ഐ ഗവര്‍ണര്‍ക്കാണ് എന്നിരിക്കെ അതും മോദി തന്നെ പറഞ്ഞു. ഇപ്പോള്‍ ഐ എസ് ആര്‍ ഒ യുടെ ജോലിയും പ്രധാനമന്ത്രി തന്നെ ചെയ്യുന്നു. അതാണ് ശരിയായ നാടകം.

നമ്മുടെ ശാസ്ത്രജ്ഞര്‍ നേടിയെടുത്ത നേട്ടം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുക എന്നത് അവരോടും രാഷ്ട്രത്തോടും ചെയുന്ന അനീതിയാണ്. വിണ്ണില്‍ നമ്മുടെ സ്ഥാനം നാലാമതായി. മണ്ണില്‍ എത്ര എന്ന് നോക്കിയാണ് ഒരു ജനതയുടെ പുരോഗതി കണക്കാക്കുക എന്നത് കൂടി ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. ശാസ്ത്ര നേട്ടങ്ങളെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന തരംതാണ പ്രവണതകളില്‍ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി മാറി നില്‍ക്കേണ്ടതുണ്ട് എന്നാണ് പൊതുബോധം.

Related Articles