Your Voice

പേരാമ്പ്രയിലെ ‘പാകിസ്ഥാന്‍’ കൊടി

മദീനയിലെ ആദ്യ നാളുകള്‍ വളരെ കലുഷിതമായിരുന്നു. എവിടെയും എപ്പോഴു ഒരു യുദ്ധ ഭീതി നിലനിന്നിരുന്നു. മദീനയിലെ അധികാരം മുസ്ലിംകളുടെ കയ്യിലാണെങ്കിലും ജൂതര്‍ക്ക് കാര്യമായ സ്വാധീനം അവിടെ നിലനിന്നിരുന്നു. ചില കുടുങ്ങിയ സാഹചര്യത്തില്‍ ഇസ്ലാം സ്വീകരിക്കേണ്ടി വന്ന കപടരും അവിടെ സജീവമായിരുന്നു. ഇസ്ലാമിലേക്ക് ആളുകള്‍ പോകുമ്പോള്‍ തങ്ങളും കൂടെ കൂടിയില്ലെങ്കില്‍ അത് നഷ്ടമാണ് എന്ന തിരിച്ചറിവ് മാത്രമാണ് അവരുടെ ഇസ്ലാമിന് പിന്നില്‍. സമയം കിട്ടുമ്പോള്‍ ഇസ്ലാമിനെ പ്രതിക്കൂട്ടിലാകുക എന്നതാണ് കപടരുടെ മുഖ്യ ജോലി. അവര്‍ക്കു പിന്നില്‍ ജൂതരും ഉണ്ടെന്ന വിവരം പകല്‍ പോലെ സത്യവും.

ഇസ്ലാം നില നില്‍ക്കുന്ന കാലത്തോളം ഈ പ്രതിഭാസം നില നില്‍ക്കും. കപടന്മാര്‍ എന്നും എവിടെയും കാണും. ജൂതര്‍ എന്നതിന് പകരം മറ്റു പലരെയും. ചരിത്രം ആവര്‍ത്തിക്കുന്നു എന്നാണു നാമതിനെ കുറിച്ച് മൊത്തത്തില്‍ പറയാറ്. ഹുദൈബിയ്യ സന്ധിയുമായി മക്കയിലേക്ക് പോയ ഉസ്മാന്‍ (റ) കൊല്ലപ്പെട്ടു എന്ന കിംവദന്തി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു എന്ന് പണ്ഡിത ലോകം പറയുന്നു. ഉസ്മാന്റെ (റ)ഘാതകരോട് പകരം ചെയ്യുമെന്ന തീരുമാനത്തെ സഹാബികള്‍ ഒന്നിച്ചു അംഗീകരിച്ചു എന്ന് പറയപ്പെടുന്നത്. ഉസ്മാന്‍ കൊല്ലപ്പെട്ടു എന്നത് ഒരു തെറ്റായ വാര്‍ത്തയായിരുന്നു. നാട്ടില്‍ കുഴപ്പം ആഗ്രഹിക്കുന്നവര്‍ അത്തരം വാര്‍ത്തകള്‍ പെട്ടെന്ന് തന്നെ പ്രചരിപ്പിക്കുന്നു.

സൂറ നിസാഇലെ ‘ഈയാളുകള്‍ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാര്‍ത്ത കിട്ടിയാല്‍ അതു കൊട്ടിഘോഷിക്കുന്നു. എന്നാല്‍, അത് ദൈവദൂതന്നും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍, സത്യാവസ്ഥ ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ കാര്യം മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍, (നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മൂലം) അല്‍പം ചിലരൊഴിച്ച് നിങ്ങളെല്ലാം പിശാചിന്റെ പിന്നാലെ പോകുമായിരുന്നു’ എന്ന വചനത്തെ വിശദീകരിക്കുമ്പോള്‍ ഇങ്ങിനെ വായിക്കാം ‘കപടവിശ്വാസികളില്‍നിന്നും, കാര്യവിവരമില്ലാത്ത ചില സാത്വികന്മാരില്‍ നിന്നും ഉണ്ടാകാറുള്ള ഒരു ദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് സമാധാനം നല്‍കുന്നതോ ഭീതിയുളവാക്കുന്നതോ ആയ വല്ല വിവരങ്ങളും കേട്ടാല്‍, അതിന്റെ സത്യാവസ്ഥയും, അത് പരസ്യപ്പെടുത്തിയാലുണ്ടായേക്കുന്ന ഭവിഷ്യത്തും ആലോചിക്കാതെ – അല്ലെങ്കില്‍ അറിയാതെ – അത് പ്രചരിപ്പിക്കുക. നാനാ ഭാഗത്തും ഇസ്ലാമിന്റെ ശത്രുക്കള്‍ തഞ്ചം പാര്‍ത്തു കൊണ്ടിരിക്കുന്ന അന്നത്തെ ചുറ്റുപാടില്‍ അത്തരം പല വാര്‍ത്തകളും കിംവദന്തികളും കേള്‍ക്കുക സ്വാഭാവികമാണല്ലോ. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് ചിലപ്പോള്‍ ഭയങ്കരമായിരിക്കും. കപടവിശ്വാസികള്‍ അറിഞ്ഞുകൊണ്ട് മനഃപൂര്‍വ്വം അതിന് മുതിര്‍ന്നേക്കും. : ‘കേട്ടതെല്ലാം പറയുന്നത് തന്നെ മതി, ഒരു മനുഷ്യനില്‍ വ്യാജം ഉണ്ടായിരിക്കുവാന്‍.’ മുഗീറത്തുബ്നുശുഅ്ബഃ(റ) ഉദ്ധരിച്ച ഒരു ഹദീഥില്‍, ‘നബി (സ.അ) ‘ക്വീല’യും ‘ക്വാല’യും വിരോധിച്ചിരിക്കുന്നു’ എന്ന് കാണാം. (ബു; മു.) ‘ആരോ പറഞ്ഞു, അങ്ങിനെ പറയപ്പെടുന്നു. ആളുകള്‍ പറഞ്ഞുകേള്‍ക്കുന്നു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് ‘ക്വീല ( ????? ) കൊണ്ടുദ്ദേശ്യം. അവന്‍ പറഞ്ഞു, ഇവന്‍ പറഞ്ഞു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് ‘ക്വാല’ ( ????? ) കൊണ്ടുദ്ദേശ്യം. അതായത് സത്യാവസ്ഥയും ഗുണദോഷവും നോക്കാതെ ‘കണ്ടതും കേട്ടതു’മൊക്കെ പറയുന്നത് നബി (സ.അ) വിരോധിച്ചിരിക്കുന്നുവെന്നര്‍ഥം. അബൂദാവൂദ്(റ) ഉദ്ധരിച്ച ഒരു നബിവചനത്തിലെ വാചകം ഇതാണ്: ??? ???? ????? ????? (‘അവര്‍ പറയുന്നു’ എന്നുള്ളത് മനുഷ്യന്റെ വളരെ ദുഷിച്ച ഒരു വാഹനമാണ്.’) അതായത്, വാര്‍ത്തകള്‍ ഉദ്ധരിക്കുമ്പോള്‍ ‘അവര്‍ പറഞ്ഞു, ഇവര്‍ പറഞ്ഞു ‘ എന്നൊക്കെ പ്രസ്താവിക്കുന്ന സമ്പ്രദായം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ വേണ്ടി മനുഷ്യന്‍ ഉപയോഗിക്കുന്ന ഒരു ദുഷിച്ച അടവാണ് എന്ന് താല്‍പര്യം.

ഈ അടിസ്ഥാനം മുന്നില്‍ വെച്ച് കൊണ്ട് വേണം നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വിലയിരുത്താന്‍. ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ കാടടച്ച പ്രചാരണമാണ് പലപ്പോഴും സംഘ പരിവാറും അനുബന്ധ സംവിധാനങ്ങളും നടത്തുന്നത്. അതിന്റെ അവസാന ഭാഗമാണ് പേരാമ്പ്രയിലെ പാകിസ്ഥാന്‍ കൊടി. പാകിസ്ഥാന്‍ പതാക കേരളത്തില്‍ ഉയര്‍ത്തേണ്ട ഗതികേടൊന്നും വന്നിട്ടില്ല. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി മുസ്ലിം ജനത എല്ലാ രംഗത്തും മുന്നിട്ടു നില്‍ക്കുന്നു എന്നത് ചിലരെ ചൊടിപ്പിക്കുന്നു. മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് സംഘ് പരിവാര്‍ രീതിയാണ്. കശ്മീര്‍ ആസാം എന്നിവിടങ്ങളില്‍ നാമത് കണ്ടു. ഇനി കേരളലമാണ്. കുറെ കാലമായി അതിനു ശ്രമിക്കുന്നു. ഇപ്പോഴും പച്ച തൊടാന്‍ കിട്ടിയിട്ടില്ല എന്നത് തന്നെയാണ് കഴിവതും വര്‍ഗീയതയും വിഭാഗീയതയും ഉണ്ടാക്കി കുളമാക്കുക എന്ന പദ്ധതിയുടെ പിന്നില്‍. മുസ്ലിംകളെ പരമാവധി പ്രകോപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി വേണം പുതിയ പ്രവണതകള്‍ എന്ന് നാം മനസിലാക്കണം.

ചുരുക്കത്തില്‍ മുസ്ലിം സമൂഹം കൂടുതല്‍ ജാഗ്രത കൊണ്ട് നടക്കേണ്ട കാലമാണ് . മുസ്ലിം നേതൃത്വങ്ങള്‍ കൂടി കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണം. ഇത് കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. അവിടെയാണ് ആദ്യം പറഞ്ഞ ഖുര്‍ആന്‍ കല്‍പ്പന ബാധകമാകുന്നതും. അണികളും നേതൃത്വവും തമ്മില്‍ കൂടുതല്‍ അടുത്ത ബന്ധം കാത്തു സൂക്ഷിക്കണം, വെള്ളം കലക്കാനുള്ള ശ്രമമാണ് അപ്പുറത്ത് എന്ന ബോധം നാം കളഞ്ഞു കുളിക്കരുത്. ശത്രുവിനെ സഹായിക്കാന്‍ മദീനയിലെ ജൂതര്‍ക്ക് കപടന്മാര്‍ എന്നത് പോലെ നമ്മുടെ നാട്ടിലും ശത്രുവിനെ സഹായിക്കാന്‍ സമുദായത്തില്‍ നിന്ന് തന്നെ ആളുകളുണ്ട് എന്നത് കൂടി നാം കാണാതെ പോകരുത്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker