Current Date

Search
Close this search box.
Search
Close this search box.

ദേശസ്നേഹം ഹൃദയത്തിൽ നിന്നുമുണ്ടാകണം

ഹുബ്ബുൽ വത്വൻ (രാജ്യ സ്നേഹം ) വിശ്വാസത്തിന്റെ ഭാഗമാണെന്ന വാചകം ആധികാരികമാണെങ്കിലും അല്ലെങ്കിലും അത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം നാവു കൊണ്ട് മുദ്രാവാക്യം വിളിച്ച് തെളിയിക്കേണ്ടതല്ല. അല്ലാഹുവിനെയും അവൻറെ റസൂലിനേയും(സ) സ്‌നേഹിക്കുന്നതിൻറെ ഭാഗമായാണ് ഇസ്ലാമിൽ ഏതൊരു സ്നേഹവും. സ്വശരീരത്തോട് തൊട്ട് ,മാതാ – പിതാക്കളോടും,കുടുംബത്തോടും, ദേശത്തോടും, കൂട്ടുകാരോടുമൊക്കെയുള്ള .. സനേഹം.. ഈ രീതിയിലാണ് നാഥൻ ക്രമീകരിച്ചിരിക്കുന്നത്. ജൈവ വർഗത്തിൻറെ പൊതുസ്വഭാവമാണ് അതിൻറെ വാസ സ്ഥലത്തോടുള്ള സ്നേഹം. തൻറെ ആത്മാവ് പാർക്കുന്ന സ്വശരീരം നമുക്ക് സ്വാർഥമാണെങ്കിൽ തീർച്ചയായും നമ്മുടെ ദേഹിയും ദേഹവും , ആത്മാവും ശരീരവും മൊത്തത്തിൽ പാർക്കുന്ന നാടിനോടും നമുക്ക് സ്നേഹം ഉണ്ടാവും…അതാണ് സ്വാഭാവികം.

പ്രവാചകൻമാർക്കെല്ലാം അവരുടെ നാട് പ്രിയപ്പെട്ടതായിരുന്നു. അവരുടെ ദേശസ്നേഹം അറിയാവുന്നതിനാലാണ് ‘നിങ്ങളെ ഈ നാട്ടിൽ നിന്ന് പുറത്താക്കും’ എന്ന അക്കാലത്തെ ശത്രുക്കൾ അവരെ ഭീഷണിപ്പെടുത്തിയത്. ലൂത്വ് നബി (അ), ശുഐബ് നബി (അ)യേയുമൊക്കെ ..ഇങ്ങനെ ശത്രുക്കൾ ഭീഷണിപ്പെടുത്തുന്നതായി ഖുർആനിൽ കാണാം . അവിശ്വാസികളാണ് കൂടുതൽ എന്ന പേരിൽ പ്രവാചകന്മാർ അവരുടെ ദേശത്തെ വെറുത്തിരുന്നില്ല. അവരുടെ കൂട്ടത്തിലെ ഉടപ്പിറപ്പിനെ പോലെയായിരുന്നു ഓരോ പ്രവാചകനും.

Also read: ‘ഈ സര്‍ക്കാരിനു മുന്‍പില്‍ മുട്ടുമടക്കില്ല’

എന്ന് മാത്രമല്ല .. ഇതര ആശയങ്ങളും, ആചാരങ്ങളും പുലർത്തുന്ന ഓരോ ജനതയിലേക്കും ,നാടുകളിലേക്കുമുള്ള പ്രവാചകൻമാരുടെ നിയോഗതെത കുറിച്ച് ഖുർആൻ പറയുന്ന കഥാകഥനശൈലി സാഹോദര്യ ബന്ധത്തെ ഉയർത്തിക്കാട്ടുന്നതാണ്.
ഉദാഹരണമായി: ” ആദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെ നിയോഗിച്ചു”
“സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ നിയോഗിച്ചു ”
“മദ്നിലേക്ക് അവരുടെ സഹോദരൻ ശുഐബിനെ നിയോഗിച്ചു ”

പ്രവാചകൻമാരെയും,അമുസ്ലിംകളായ ജനതയെയും ആദമിൻറെ മക്കൾ എന്ന സാഹോദര്യ ബന്ധത്തിലേക്ക് എത്ര സുന്ദരമായാണ് വിശുദ്ധ ഖുർആൻ ചേർത്ത് വെക്കുന്നത്. ലോകർക്ക് മുഴുവനായി കാരുണ്യമായി അവസാന ദൂതരായി കടന്ന്‌ വന്ന നബി (സ)നിയോഗിതരായ മക്കയും അമുസ്ലിം സമൂഹമായിരുന്നു. പക്ഷേ ആ നാട്ടിനേയും, ജനതയേയും പ്രവാചകർ (സ) അതിയായി സ്നേഹിച്ചിരുന്നു. അതിനാലാണ് ശത്രുക്കളുടെ ക്രൂരമായ ആക്രമങ്ങളും അധിക്ഷേപങ്ങളും ഉണ്ടായിട്ട് പോലും ക്ഷമയോടെ ,സഹനത്തോടെ 13 വർഷം മക്ക നാട്ടിൽ കഴിച്ചു കൂട്ടിയതും ശേഷമുള്ള പലായനവും പലതും നമ്മെ പഠിപ്പിക്കുന്നു.

നാം ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് നമ്മുടെ കടമയാണ്. അതില്‍ മുസ്‌ലിം രാഷ്ട്രം, മതേതര രാഷ്ട്രം എന്ന വ്യത്യാസമില്ല. ഹിജ്‌റയുടെ വേളയില്‍ – ബഹിഷ്കൃതനായതിന് ശേഷവും – മുഹമ്മദ് നബി ﷺ മക്കവിട്ട് പോകുമ്പോള്‍ വലിയ കുന്നിന്റെ മുകളില്‍ കയറിനിന്ന് പറഞ്ഞത് ഇങ്ങിനെയായിരുന്നു :- ”മക്കാ…! നീയാണ് എനിക്കേറ്റവും പ്രിയപ്പെട്ട നാട്. പക്ഷേ, ഈ ജനങ്ങള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നാടു വിട്ട് പോകുകയില്ലായിരുന്നു.” ഇതാണ് യഥാർത്ഥ ദേശസ്നേഹം . മദീനയില്‍ ജീവിക്കുന്ന കാലത്ത് പ്രവാചകന്‍ ﷺ ഉഹ്ദ്മലയിലേക്ക് വേഗത്തില്‍ യാത്രചെയ്തുവരുമായിരുന്നു. ‘ഉഹ്‌ദേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും ദൈവവും അവന്റെ ദൂതനും സ്നേഹിക്കുന്ന മലേ എന്നുമെല്ല്ലാം പറഞ്ഞത് ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്. എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് മറ്റു നാടുകളെ വെറുത്തുകൊണ്ടല്ല. നമ്മുടെ നാടിന്റെ ക്ഷേമവും ഐശ്വര്യവും നാം കാത്ത് സൂക്ഷിക്കണം. നമ്മുടെ സമയവും സമ്പത്തും അധ്വാനവും പാഴാക്കിക്കളയരുത്.

മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് മാറിനില്‍ക്കാതെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന ധര്‍മം നിര്‍വഹിക്കണം. നമ്മോട് ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണുള്ളത്. മനുഷ്യസൗഹാര്‍ദവും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ മഹാഭൂരിപക്ഷവും. അങ്ങനെയുള്ളവരോട് വിദ്വേഷം പുലര്‍ത്താതെ, നന്മചെയ്തു ജീവിക്കണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുര്‍ആന്‍ 60:8).

സമാധാന കാംക്ഷികളെ ശത്രുക്കളാക്കുന്ന തരത്തിലുള്ള ഒരു അവിവേക പ്രവൃത്തിയും നമ്മില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. എല്ലാ മനുഷ്യരുടെയും ആദി പിതാവ് ആദം നബി(അ)യാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതര മതസ്ഥരുടെ ആരാധനാ സ്വാതന്ത്ര്യം ഓരോരുത്തരും അംഗീകരിച്ചുകൊടുക്കണം. സ്വന്തം മതമനുസരിച്ചു ജീവിക്കുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും സമാധാനത്തെയും തകര്‍ത്തുകൊണ്ടാവരുത്. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ഒരു ആരാധനാ കര്‍മത്തിലോ ആഘോഷത്തിലോ പങ്കാളിയാകുവാന്‍ ഒരു മുസ്‌ലിമിന് അനുവാദമില്ല എന്നത് ശരി തന്നെ. അത് സ്വസമുദായത്തിന്റെതായാലും ഈ ആദര്‍ശം പാലിക്കണം. അത് പക്ഷേ പുഞ്ചിരി , സഹവർത്തിത്വം എന്നിവ നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാവരുത് . ഒരു വ്യക്തി ഏത് മതക്കാരനാവട്ടെ, അവന് ഭൗതിക ലോകത്ത് എന്തെങ്കിലും ഒരു അപകടം പറ്റാന്‍ സാധ്യതയുണ്ട് എന്ന് നാം അറിയുന്നുവെങ്കില്‍ അത് അവന് മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടുത്തല്‍ നമ്മുടെ കടമയാണ്. അവര്‍ക്ക് വെറുപ്പുണ്ടാകുമെന്ന് കരുതി അവരോട് അത് പറഞ്ഞ് കൊടുത്തില്ലെങ്കില്‍ അത് അവരോട് നാം ചെയ്യുന്ന വഞ്ചനയാണ്. അതിന് മുതിരുമ്പോള്‍ എനിക്ക് കേള്‍ക്കേണ്ട, വായിക്കുവാന്‍ താല്‍പര്യമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെങ്കില്‍ പിന്നെ നിര്‍ബന്ധിക്കേണ്ടതുമില്ല. അവരുമായുള്ള മാനുഷിക – സാമൂഹിക ബന്ധം തുടരുകയും വേണം. കൊമ്പുകോർക്കാൻ ഇവയൊന്നും നിമിത്തമാവരുതെന്നർഥം.

Also read: “മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

അഴിമതിയിലോ കളവിലോ ഭീകരതയിലോ വര്‍ഗീയതയിലോ സ്വന്തം സമുദായത്തില്‍ പെട്ടവരാണെന്നു കരുതി സഹകരിക്കരുത്. സ്വന്തം വിഭാഗത്തില്‍ പെട്ടവനെ തിന്മയില്‍ പിന്തുണക്കുന്നതാണ് വര്‍ഗീയത എന്ന പ്രവാചകവചനം പ്രത്യേകം ഓര്‍ക്കുക. ഈനാടിന്റെ മണ്ണും വെള്ളവും സമാധാനം നിറഞ്ഞ സാമൂഹ്യഘടനയും കാത്തുസൂക്ഷിക്കുവാന്‍ എല്ലാവിഭാഗത്തില്‍ പെട്ടവരുമായും നാം സഹകരിക്കണം. ഇന്ത്യയുടെ സമാധാനത്തിനും സൗഹാര്‍ദത്തിനും മതേതരത്വത്തിനും എതിരായി ശത്രുക്കളും വര്‍ഗീയക്കോമരങ്ങളും ഒരുക്കുന്ന ചതിക്കുഴികളെയും കുതന്ത്രങ്ങളെയും മനസ്സിലാക്കുക. ആവേശം മൂത്ത് ചതിയില്‍പെട്ട്‌പോയ ശേഷം ബോധം വന്നിട്ട് കാര്യമില്ല.

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും പാര്‍സിയും ജൈനനും മതമില്ലാത്തവനും തമ്മില്‍ മനുഷ്യ സൗഹാര്‍ദം കാത്ത് സൂക്ഷിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്ത ഒഴിവാക്കുക. ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഉപദേശീയതയുടേയോ പേരിലുള്ള കുടുസ്സായ വര്‍ഗീയതയില്‍ പെട്ട് മനസ്സുകളെ പരസ്പരം അകറ്റരുത്. അടിക്കാനല്ല, അടുക്കാനാണ് ശ്രമിക്കേണ്ടതെന്നർഥം. രാഷ്ട്രത്തലവന്മാർ വരെ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായാലും താന്‍ പൊതുമുതൽ ചൂഷണം ചെയ്യുകയോ നശിപ്പിക്കുകയോ ഇല്ല എന്ന നിലപാടില്‍ മരണം വരെ അചഞ്ചലമായി ഉറച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.

ലോകത്തില്‍ ഇന്ത്യയെ പോലെ ഇത്രയധികം വൈവിധ്യങ്ങള്‍ ഉള്ള മറ്റൊരു രാഷ്ട്രം കാണാന്‍ കഴിയില്ല. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഈ നാട്ടിലെ പൗരന്മാര്‍ എന്ന നിലയില്‍ ഒരു ഐക്യത്തിന്റെ വികാരം നമുക്കുണ്ടാവണം. നാനാത്വത്തിൽ ഏകത്വം ഉണ്ടാക്കേണ്ടതാണ്. സ്വയംഭൂവാവുന്നതല്ല എന്നർഥം.അതേസമയം ഒരേ ആദര്‍ശവും ആശയവും പലര്‍ത്തുന്നവര്‍ തമ്മില്‍ സവിശേഷ ഐക്യം ഉണ്ടാവുക സ്വാഭാവികമാണ്. ഒരു കൂട്ടരോട് ഐക്യമുണ്ട് എന്ന് വിചാരിച്ച് മറ്റുള്ളവരെ വെറുക്കേണ്ടതില്ല.  സ്വന്തം വീടിന്റെ വൃത്തിയും സുരക്ഷിതത്വവും കാത്ത്‌സൂക്ഷിക്കുന്നത് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കണം. വഴിയരികില്‍ തുപ്പാതിരിയ്ക്കുന്നതും ദേശ സ്‌നേഹമാണെന്ന് നമ്മുടെ വളരുന്ന തലമുറയോടെങ്കിലും നമുക്ക് പറയാം.
പൊതു സ്ഥലത്ത് മൂത്രമൊഴിയ്ക്കുന്നതു നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന വൃത്തികെട്ട പ്രവണതയാണ്. അതൊഴിവാക്കാൻ ബോധവത്കരണം മാത്രം പോര, 24×7 തുറന്നു പ്രവർത്തിക്കുന്ന ശൗച്യാലയങ്ങളും വേണം. സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കടയില്‍ പോകുമ്പോള്‍ ഒരു സഞ്ച് കൈയ്യില്‍ സൂക്ഷിച്ചാല്‍ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാമെന്ന് അറിയാത്തവരല്ല നാമും നമ്മുടെ മക്കളും . പക്ഷേ ഓരോ ഷോപ്പിങിലും അരഡസൻ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ടുവരുന്ന പതിവ് രീതികൾ ഒഴിവാക്കിയാൽ തന്നെ
പ്ലാസ്റ്റിക് ജന്യ മാരക രോഗങ്ങളിൽ നിന്നും നാട്ടുകാരെ രക്ഷിക്കാം.അതും രാജ്യ സ്‌നേഹമാണ് എന്നാവണം നാം നമ്മുടെ മക്കൾക്ക് നല്കുന്ന വിദ്യാഭ്യാസം. മരം വരമാണെന്ന് വിദ്യാർഥികളോട് പ്രസംഗിക്കാനെളുപ്പമാണ്. ഓരോ വർഷവും ജൂൺ 5 ആവാൻ കാത്തുനിൽക്കാതെ ഒരു തണൽമരമെങ്കിലും നട്ടു വളര്‍ത്തിയാല്‍ അതും രാജ്യ സ്‌നേഹം തന്നെയാണെന്ന അവബോധം KG മുതൽ PG വരെ നാം നല്കിക്കൊണ്ടിരിക്കണം.
ഭക്ഷണം പാഴാക്കാതെ, കുഴിച്ചു മൂടാതെ, അർഹരിലേക്കെത്തിക്കാനായെങ്കില്‍ അതും ദേശ സ്‌നേഹം തന്നെയാണ് എന്ന് നമുക്ക് ശങ്ക വേണ്ട.

ഇന്ത്യയിലെ ഫെഡറൽ സംവിധാനം വേണ്ടവിധം രചനാത്മകവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്താൻ നമുക്കാവണം. ജനാധിപത്യ ശാക്തീകരണ പ്രവർത്തനങ്ങളിൽ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും നാം മാറിനിന്നാല്‍ അത് അനര്‍ഹരും അപകടകാരികളുമായവര്‍ക്ക് അധികാരത്തില്‍ വരാന്‍ സൗകര്യം ചെയ്തു കൊടുക്കലായിരിക്കും. വര്‍ഗീയവിദ്വേഷത്തിന്റെ വക്താക്കളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ , നാട്ടിലെ പുതിയ പ്രതിഷേധ സമരങ്ങളിൽ നാം ചെയ്യുന്നത് പോലെ, സമാധാനകാംക്ഷികളായ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങണം. മതേതരവിരുദ്ധരായ ഫാസിസ്റ്റുകളും മതേതര അനുകൂലികളും തമ്മില്‍ നേരിട്ട് മത്സരത്തിന് രംഗമൊരുക്കണം.

മതസ്വാതന്ത്യവും സമാധാനവും ഉള്ള സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വമ്പിച്ച കലാപങ്ങള്‍ നടക്കുന്നതും വ്യക്തിസ്വാതന്ത്ര്യമില്ലാത്തതുമായ രാജ്യങ്ങളിലേക്ക് പോകുന്നതും വമ്പിച്ച വിഡ്ഢിത്തമാണ് എന്ന് സിറിയയിൽ നിന്നും കാബൂളിൽ നിന്നുമെല്ലാമുള്ള വാർത്തകൾ നമ്മെ ഉണർത്തുന്നു. അത്തരം ചിന്താഗതിയുള്ള അക്ഷര പൂജകരായ രോമമതക്കാർക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല എന്നതാണ് വസ്തുത. ഏതു നാടും ദൈവത്തിന്റേത്; എവിടെയാണോ നന്മ കാണുന്നത് അവിടെ അധിവസിക്കുക എന്നാണ് പ്രവാചകാധ്യാപനം.

നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞ് നിഷ്ക്രിയരാവുന്നതിന് പകരം ഈ നാടിന്റെ നന്മ വീണ്ടെടുക്കാന്‍ എന്ത് പങ്കാണ് തന്നാലായത് നിര്‍വഹിച്ചതെന്ന ആത്മവിചിന്തനമാണ് നാം നടത്തേണ്ടത്. കുരിരുട്ടുള്ള ഒരു റൂമിലിരുന്നുകൊണ്ട് ഇരുട്ടിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച്‌വെക്കുക. എങ്കില്‍ അതിന്റെ വെളിച്ചം തനിക്കും ചുറ്റുമുള്ളവര്‍ക്കും ഉപകരിക്കും. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാവും. അതിന് പകരം കത്തിച്ച മെഴുകുതിരി ഊതുന്നവരായി നാം മാറാതിരിക്കുക.

പഞ്ചായത്തോ സംസ്ഥാനമോ രാഷ്ട്രമോ ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും രാജ്യം നമ്മുടേതാണ് എന്നോര്‍ക്കുക. കല്ലെറിയൽ ബന്ദും നിർബന്ധ പണിമുടക്കും രാഷ്ട്രത്തെ തകര്‍ക്കാനേ ഉപകരിക്കു. രാഷ്ട്രത്തിന്റെ പൊതുഖജനാവിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്; മന്ത്രിമാരുടേതല്ല എന്ന് സമരക്കാരും ഓർക്കുന്നത് നന്ന്. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത്, സാധാരണക്കാരും പരമ ദരിദ്രരും ഉള്‍പെട്ട പാവങ്ങളുടെ നികുതിപ്പണം വന്‍ പെന്‍ഷനായി മാസാന്തം വാങ്ങി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നവര്‍ ‘ഞങ്ങള്‍ പേരക്കുട്ടികളെ നോക്കി റിട്ടയര്‍മെന്റ് ജീവിതം ‘കഴിച്ച് കൂട്ടി ‘ എന്ന് പറഞ്ഞാല്‍ ദൈവസമക്ഷം രക്ഷപ്പെടാന്‍ കഴിയുമോ എന്ന് നാമെങ്കിലും ചിന്തിക്കണം.

ന്യൂക്ലിയർ ബോംബുകളും നിരവധി ഭൂകമ്പങ്ങളും ലോക ഭീകര യുദ്ധങ്ങളും കൊണ്ട് തകര്‍ത്തെറിയപ്പെട്ട ജപ്പാന്‍ ഇന്ന് ലോകത്തിന്റെ മുമ്പില്‍ ടെക്‌നോളജിയില്‍ തലയുയര്‍ത്തി വികസിത രാഷ്ട്രങ്ങളിലൊന്നായി നില്‍ക്കുന്നത് അവിടുത്തെ ഓരോ പൗരന്റെയും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരൊറ്റ ജപ്പാന്‍കാരനും യാത്രചെയ്യുമ്പോള്‍ പോലും സമയം വെറുതെ പാഴാക്കാറില്ല എന്ന് എവിടെയോ വായിച്ചതോർക്കുന്നു. അവരുടെ ഒരു ബഡ്ജറ്റ് പോലും കമ്മി ബഡ്ജറ്റ് ആയിട്ടില്ല. രാവിലെ മുതല്‍ രാത്രിവരെ പീടികത്തിണ്ണയിലും ബസ് വെയ്റ്റിംഗ് ഷെഡ്ഡിലും MLA പടിയിലും വിലപിടിച്ച മൊബൈലിൽ “മുകിബ്ബൻ അലാ വജ്ഹിഹി” (മുഖം പൂഴ്ത്തി ) സമയം കളയുന്ന നമ്മുടെ യുവസമൂഹം സ്വന്തത്തിനും കുടുംബത്തിനും രാജ്യത്തിനും എത്ര മാത്രം നഷ്ടമാണ് വരുത്തിവെക്കുന്നത് എന്ന് നാം അറിയുന്നില്ല. അത്തരക്കാരുടെ രാഷ്ട്രങ്ങൾക്ക് മിച്ച ബജറ്റ് സങ്കല്പിക്കാൻ പോലുമാവില്ല. ഇത് നമ്മുടെ നാടിനെ കുറിച്ചു മാത്രമായി പറഞ്ഞതല്ല . ആഗോള തലത്തിൽ എന്നും ഡെവലപ്പിങ് മാത്രമായ, ഒരിക്കൽ പോലും സർപ്ലസ് ആവാത്ത എല്ലാ നാടുകളുടേയും അവസ്ഥാന്തരമാണിത്.

കൃഷിയും ബിസിനസും അധ്യാപനവും സാമൂഹ്യസേവനവും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കായി പ്രവര്‍ത്തിക്കലുമെല്ലാം പൗരന്മാരുടെ രാഷ്ട്ര നിർമ്മിതിയിലെ വ്യത്യസ്ഥ റോളുകളാണ്. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ത്തും മണല്‍വാരി നദികളെ നശിപ്പിച്ചും മലയിടിച്ചും സമൂഹത്തില്‍ നാശം വിതറിയും ധൂര്‍ത്തും പൊങ്ങച്ചവുമായി നടന്നും കഴിച്ചുകൂട്ടുന്നവര്‍ സ്വന്തത്തെയും നാടിനെയും നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സ്വന്തം വീടകങ്ങളിലെയോ വ്യാപാര കേന്ദ്രങ്ങളിലേയോ അവശിഷ്ടങ്ങള്‍ സ്വന്തം സ്ഥലത്ത് സംസ്‌കരിക്കേണ്ടതിന് പകരം പൊതുസ്ഥലത്തും റോഡ്‌സൈഡിലും നിക്ഷേപിച്ച് വാസനപ്പടികൾ സൃഷ്ടിച്ച്, മറ്റുള്ളവരുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന ദുഷ്ടരെ സര്‍ക്കാര്‍ പിടികൂടിയില്ലെങ്കിലും അല്ലാഹു പിടികൂടുമെന്ന ബോധമുള്ളയാൾ ഒരിക്കലും ദേശദ്രോഹിയാവില്ല.

ഓരോ പൗരനും ആലസ്യം കൈവെടിഞ്ഞ് തന്നാല്‍ കഴിയുന്ന നന്മകള്‍ തനിക്കും കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും വേണ്ടി ചെയ്യുക. നാം നേരിടുന്ന തകര്‍ച്ചയില്‍ നിന്ന് സ്വന്തം നാടിനെ കരകയറ്റാന്‍ മറ്റാരെയും കാത്തുനില്‍ക്കാതെ; വിദ്വേഷവും പകയും പാരയും കുന്നായ്മയും മാറ്റിവെച്ച്, സര്‍ക്കാറിനെയും സമൂഹത്തെയും കുറ്റപ്പെടുത്തി സമയം കഴിച്ചുകൂട്ടുന്നതിന് പകരം ഈ ലോകത്തും വരുംലോകത്തും ജീവിതം ധന്യമാക്കാന്‍ ഉതകുന്ന വിശ്വാസത്തിലും നാടിനും നാട്ടുകാർക്കും സർവ്വോപരി തനിക്കും ഉപകാരപ്പെടുന്ന സല്‍പ്രവര്‍ത്തനങ്ങളിലും മുഴുകുക.

”…ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല” (ഖുര്‍ആന്‍ 13:11). അതിനാൽ രാജ്യസ്നേഹത്തെ കുറിച്ച് .. ആരും നമ്മളെ  പഠിപ്പിക്കേണ്ടതല്ല… ആരുടെയെങ്കിലും സർട്ടിഫിക്കററിനു വേണ്ടി നാം കാത്തു നിൽക്കേണ്ടതുമില്ല. നമ്മുടെ പൂർവ്വികർ ബ്രിട്ടീഷ്കാരെ, മറ്റ് അധിനിവേശകരെ വിറപ്പിച്ച് , ജീവൻ കൊടുത്ത് പോരാടി അത് തെളിയിച്ചിട്ടുണ്ട്. കാലം സാക്ഷി, ചരിത്രം സാക്ഷി. ഏത് രാജ്യത്തായാലും .. ഭൂരിപക്ഷമോ , ന്യൂനപക്ഷമോ എന്ന് നോക്കാതെ  സ്വരാജ്യത്തെയും, അവിടത്തെ ജനതയേയും, ഈ പ്രവാചകൻമാരുടെയെല്ലാം മാതൃകയിൽ കാണൽ വിശ്വാസികൾക്ക് ബാധ്യതയാണ്.

(1897 ജനുവരി 23 ന് ജനിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇന്ത്യയിൽ രാഷ്ട്ര സ്നേഹ ദിനമാണ് )

Related Articles