Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍

സ്‌കൂളിന്റെ അടുത്ത ഷോപ്പില്‍ നിന്നും കളവു കേസിനാണ് അവനെ പിടികൂടിയത്. ഒരു അനാഥന്‍ എന്ന് മാത്രമേ അവനെ കുറിച്ച് അധ്യാപകര്‍ക്കു അറിയാമായിരുന്നുള്ളൂ. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മറ്റു വിവരം പുറത്തു വന്നത്. ഉപ്പ ഉമ്മയെ ഒഴിവാക്കി പോയിരിക്കുന്നു. പിന്നെ ഉമ്മാക്കും അവനെ വേണ്ട എന്നായി. കളയാന്‍ വേണ്ടി റോഡില്‍ ഉപേക്ഷിച്ചു പോയി. ആരോ കണ്ടെടുത്തു അടുത്തുള്ള ശിശു സംരക്ഷണ സമിതിയില്‍ ഏല്‍പ്പിച്ചു. ‘ആര്‍ക്കും വേണ്ടാത്ത ജന്മം’ എന്നാണ് അവന്‍ സ്വയം വിശേഷിപ്പിച്ചത്.

ഏഴു വയസ്സുകാരന്റെ ദുരന്തം വായിച്ചപ്പോള്‍ പഴയ ആ സംഭവം ഓര്‍മ്മ വന്നു. മക്കളെ പീഡിപ്പിക്കുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിന്റെ മുഖ്യപ്രതി എല്ലായ്‌പ്പോഴും രണ്ടാനമ്മയും അച്ഛനുമാണ് എന്നതാണ് വസ്തുത. കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകള്‍ക്ക് പാത്രമാകുക എല്ലായ്‌പ്പോഴും കുട്ടികളാണ്. ശരിയായ സംരക്ഷണം എന്നതിന് പുറമെ നിരന്തര പീഡനം എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

കേരള സമൂഹത്തില്‍ കുടുംമ്പ ബന്ധങ്ങളില്‍ വിള്ളല്‍ ഒരു നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. പലപ്പോഴും രണ്ടില്‍ ഒരാളുടെ വഴിവിട്ട ജീവിതമാണ് അതിനു കാരണം. സ്വാഭാവികമായി തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ആടി ഉലയാന്‍ മാത്രമായി കുട്ടികളുടെ ജീവിതം മാറുന്നു. സ്വന്തം മകന്റെ തല പൊളിഞ്ഞു തലച്ചോര്‍ പുറത്തു വരാന്‍ മാത്രം പീഡനം നടക്കുമ്പോള്‍ കണ്ടു നില്ക്കാന്‍ മാത്രം ശക്തമായ മനസ്സായി നമ്മുടെ അമ്മമാരുടെ മനസ്സ് മാറിയിരിക്കുന്നു. എന്റെ ജീവിതം എന്ന സ്വാര്‍ത്ഥതയാണ് ഇതിനു മുഖ്യ കാരണം. അതിനു തടസ്സം വരുന്ന എന്തും അറുത്തു മാറ്റാന്‍ ഒരു മടിയുമില്ല എന്നതാണ് ഇത്തരം ദുരന്തങ്ങളുടെ പിന്നില്‍. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തേക്കാള്‍ പരിശുദ്ധമായ മറ്റൊരു ബന്ധം ഭൂമിയില്‍ കാണുക സാധ്യമല്ല. പക്ഷെ അവിടെയാണ് ഇന്ന് പുഴുക്കുത്തിന്റെ മണം കൂടുതല്‍ കേള്‍ക്കുന്നതും.

സമാധാനം തിരിച്ചു വരുമ്പോള്‍ മാത്രമാണ് വീട് സ്വര്‍ഗമാകുക. മദ്യവും മയക്കു മരുന്നുമാണ് പലപ്പോഴും വില്ലന്‍. സുലഭമായി ഇവ രണ്ടും ലഭ്യമാകുന്നു എന്നതു തന്നെയാണ് അതിനു കാരണം. ബുദ്ധി ഉറക്കാതെയാണ് പലരും വീടുകളിലേക്ക് കടന്നു വരുന്നത്. കാമുകന്റെ കൂടെ ജീവിക്കാന്‍ മക്കളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന വാര്‍ത്തയും നാം കേരളത്തില്‍ നിന്ന് തന്നെയാണ് വായിച്ചത്. നമ്മുടെ കുടുംബങ്ങളില്‍ അസ്വസ്ഥത വര്‍ധിച്ചു വരുന്നു എന്നുറപ്പാണ്. സ്‌നേഹം,കരുണ എന്നീ ഗുണങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കേണ്ട ബന്ധങ്ങള്‍ സമ്പത്തു കൊണ്ടും മറ്റു ബൗദ്ധിക വിഭവങ്ങള്‍ കൊണ്ടും ബന്ധിപ്പിക്കുമ്പോള്‍ അത് പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്.

വീടുകള്‍ മൂല്യങ്ങളുടെ ഉറവിടമാകട്ടെ. പരസ്പര സ്‌നേഹവും വിശ്വാസവും കാരുണ്യവും അവിടെ നിറയട്ടെ. അപ്പോള്‍ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്ന ദുരന്തങ്ങള്‍ക്ക് നമുക്ക് അവധി നല്‍കാന്‍ കഴിയൂ.

Related Articles