Current Date

Search
Close this search box.
Search
Close this search box.

പാനായിക്കുളം: എന്‍.ഐ.എയുടെത് ഉണ്ടയില്ലാ വെടിയെന്ന് തെളിയുമ്പോള്‍

‘ചത്തവനെയും ചാവാത്തവനെയും കണ്ടിട്ടുണ്ട്, ഉലക്കയും പിടിച്ചു ചത്തവനെ കണ്ടിട്ടില്ല’ എന്നത് നാം കേട്ട് മറന്ന ചൊല്ലാണ്്. അതുപോലെ നോട്ടീസ് അടിച്ചു സ്ഥലവും നിശ്ചയിച്ചു ഭീകര പ്രവര്‍ത്തനം നടത്തുന്നത് നേരില്‍ കാണാനും കേരളക്കാര്‍ക്ക് ഭാഗ്യമുണ്ടായി. ഇന്നുവരെ ഭീകരവാദികള്‍ ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തിയ വാര്‍ത്ത നാം വായിച്ചിട്ടില്ല. പക്ഷെ നമ്മുടെ നാട്ടിലെ അന്വേഷണ ഏജന്‍സിക്കു അങ്ങിനെയാണ് കാര്യങ്ങള്‍ മനസ്സിലായത്.

കേരളത്തിലെ ഭീകര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയ സംഭവം എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്. അഞ്ചു പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ നിരോധിത സംഘടനയായ സിമിയുടെ സാന്നിധ്യം കേരളത്തില്‍ തെളിയിക്കപ്പെട്ട ആദ്യ കേസായും പാനായിക്കുളം കേസിനെ അന്ന് പലരും വിശേഷിപ്പിച്ചു. വിചാരണ കോടതി കണ്ടെത്തിയതില്‍ നിന്നും അപ്പുറമൊന്നും ഹൈക്കോടതിക്കു കണ്ടെത്താന്‍ ഉണ്ടായിരുന്നില്ല. നിരോധിത സംഘടനകള്‍ക്ക് നിയമപ്രകാരം ഒരു പരിപാടിയും നാട്ടില്‍ നടത്താന്‍ കഴിയില്ല. ഈ സംഭവത്തിന്റെ ഉള്ളടക്കത്തേക്കാള്‍ എന്‍.ഐ.എ കയറിപ്പിടിച്ചത് അത് സംഘടിപ്പിച്ചവരുടെ വിശ്വാസത്തിലായിരുന്നു. സംഘാടകരും കേള്‍വിക്കാരും ഒരു പ്രത്യേക സമുദായത്തില്‍ നിന്നാകുമ്പോള്‍ അതിനു ഭീകരതയുടെ വര്‍ണം ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല.

നമ്മുടെ നാട്ടില്‍ പല കേസുകളിലും പ്രതികളെ കണ്ടെത്തുന്നതും കേസുകള്‍ നടത്തുന്നതും എന്‍ ഐ എയാണ്. അവസാനം ഹാദിയ വിഷയത്തിലും അവര്‍ നിറം വ്യക്തമാക്കിയിരുന്നു. അന്നും ഹാദിയ-ഷെഫിന്‍ വിഷയത്തില്‍ അവര്‍ കയറിപ്പിടിച്ചത് ഭീകരതയുടെ ഭാഗത്താണ്. അതും സുപ്രീം കോടതി പാക്കറ്റ് തുറന്നു നോക്കാതെ തള്ളിക്കളഞ്ഞു. കേസിനു സിമിയുമായി ബന്ധിപ്പിക്കാന്‍ ഒരു തെളിവും എന്‍.ഐ.എക്കു ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നാണു കോടതി കണ്ടെത്തിയത്. ഉള്ള തെളിവുകള്‍ ഹാജരാക്കുക എന്നതിലപ്പുറം പുതിയ തെളിവുകള്‍ ഉണ്ടാക്കുക എന്നതാണ് പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന രീതി. അത് കൊണ്ട് തന്നെയാണ് പലതും കോടതികളില്‍ തള്ളിപ്പോകുന്നതും. അതെസമയം സ്വന്തം കാര്യത്തിന് വേണ്ടി കള്ളസാക്ഷി പറയുന്നവര്‍ക്കും ഈ കോടതി വിധി ഒരു തിരിച്ചടിയാണ്. മാപ്പു സാക്ഷിയായി മാറിയയാളുടെ വാക്കുകള്‍ വിശ്വസനീയമല്ല എന്ന കോടതിയുടെ കണ്ടെത്തലും ശുഭ പ്രതീക്ഷ നല്‍കുന്നു. അതും ഒരു മത പണ്ഡിതന്‍ എന്ന് വരുമ്പോള്‍ അതിന്റെ ഗൗരവവും കൂടുതലാണ്.

ഒരു കൂട്ടം യുവാക്കള്‍ അവര്‍ ചെയ്യാത്ത കേസിന്റെ പേരില്‍ നീണ്ട 13 വര്‍ഷം തീ തിന്നു ജീവിച്ചതിന് ആരാണ് സമാധാനം പറയുക. ഇതൊരു ഒറ്റപ്പെട്ട കേസായി നമുക്ക് കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കേസുകളില്‍ ഒന്ന് മാത്രം എന്ന് പറയുന്നതാണ് നല്ലത്. അതെ സമയം കേരളം പോലെ സുതാര്യമായ ഒരു സംസ്ഥാനത്തെ അവസ്ഥ ഇതെങ്കില്‍ കേരളത്തിന് പുറത്തു എന്ത് എന്നത് ചിന്തക്കപ്പുറമാണ്. എന്ത് കൊണ്ട് മദനി കേസ് വിചാരണ പൂര്‍ത്തിയാക്കുന്നില്ല എന്ന ചോദ്യത്തിന് പറയാന്‍ കഴിയുന്ന ഉത്തരവും ഇത് തന്നെ. ഉന്നയിക്കപ്പെട്ട കേസുകള്‍ കോടതിയില്‍ തെളിയിക്കാന്‍ കഴിയില്ല എന്ന് മനസ്സിലായാല്‍ പിന്നെ നല്ലതു പറ്റുന്നിടത്തോളം വിചാരണ തടവ് എന്ന പട്ടം ചാര്‍ത്തി നല്‍കലാണ്.

നമ്മുടെ അന്വേഷണ ഏജന്‍സികള്‍ എത്രമാത്രം നിഷ്പക്ഷമാണ് എന്നത് മറ്റൊരു ചോദ്യ ചിഹ്നനം. ആളുകളെ മുന്‍വിധിക്കനുസരിച്ചു കേസില്‍ കുടുക്കുന്ന രീതി രാജ്യത്തിന്റെ തന്നെ നീതിന്യായ വ്യവസ്ഥയില്‍ സംശയം തോന്നിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. നീണ്ട 13 വര്‍ഷങ്ങളുടെ തീ തിന്നതിനു പകരമായി അവര്‍ക്ക് നാമെന്ത് നല്‍കും എന്നതാണ് ചോദ്യം. ഒരു സമൂഹം മുഴുവന്‍ ഈ യുവാക്കളെ ഭീകരരും തീവ്രവാദികളുമായി തെറ്റിദ്ധരിക്കാന്‍ കാരണമായ അന്വേഷണത്തിന് എന്ത് പരിഹാരം എന്ന് കൂടി കോടതികള്‍ പറയണം. പലപ്പോഴും ഇത്തരം കേസുകളുടെ വിചാരണ നീണ്ടു പോകും. അതിനിടയില്‍ നഷ്ടമാകുന്നത് അവരുടെ ജീവിതവും അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ അഭിമാനവുമാണ്.

Related Articles