Current Date

Search
Close this search box.
Search
Close this search box.

ധവളപത്രം പുറത്തിറക്കുക തന്നെ വേണം

അന്യരുടെ അവകാശങ്ങൾ അപഹാരിക്കാൻ മുസ്ലിംകൾ തുനിഞ്ഞിട്ടില്ല, മുസ്ലിംകൾക്ക് നിഷേധിക്കപ്പെട്ട വളരെ ന്യായമായ അവകാശങ്ങൾ ഈ വൈകിയ ഘട്ടത്തിലെങ്കിലും നേടിയെടുക്കാൻ സൗകര്യം ഒരുക്കണമെന്നാണ് പാലോളി കമ്മിറ്റി കൃത്യമായും ന്യായമായും അഭിപ്രായപ്പെട്ടത്.ഉന്നത ഉദ്യോഗ തലങ്ങളിൽ ഉൾപ്പെടെ മുസ്ലിംകൾ വളരെ പിന്നോക്കമാണ്.പിന്നോക്ക സമുദായമായ മുസ്ലിംകൾ എന്ത് നേടി എത്ര നേടി എന്നത് വെളിവാക്കും വിധം സർക്കാർ ഒരു ധവള പത്രം ഉടനെ ഇറക്കുക തന്നെ വേണം.വർഗീയ കുപ്രചാരണങ്ങൾ തടയാൻ അത് വളരെ അത്യാവശ്യമാണ്. ഇടത് സർക്കാരിലെ മന്ത്രി ജലീലിന് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെങ്കിൽ അത് പുറത്തു വരികയും തിരുത്തപ്പെടുകയും വേണം.ഒരു സമുദായത്തെ ഒന്നാകെ അപമാനിക്കാതിരിക്കാനുള്ള മര്യാദ സർക്കാർ കാണിക്കണം. ന്യുനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതിന്റെ പേരിൽ ക്രിസ്ത്യൻ സഭകൾ ആഹ്ലാദിക്കുന്നതും നന്ദികാണിക്കുന്നതും, അവർ നേരത്തെ പല നിലക്കും പരക്കെ പറഞ്ഞു പരത്തിയ പരാതികളെ സാധൂകരിക്കും വിധം സർക്കാർ തീരുമാനമെടുക്കുന്നതും സമൂഹത്തിൽ തെറ്റിദ്ധാരണകൾ പരത്തും. അതു കൊണ്ട് സർക്കാർ ഒരു ധവളപത്രം ഇറക്കാൻ വൈകരുത്. സർക്കാർ രൂപീകരണത്തിൽ സാമുദായിക സന്തുലിതത്വം പാലിക്കപ്പെട്ടിട്ടില്ലന്ന പരാതിയുള്ള ചുറ്റുപാടിൽ സർക്കാർ ഒരു സമുദായത്തോടും വിവേചനം കാണിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇപ്പോൾ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ നാട്ടിൽ സുഖകരമല്ലാത്ത വിചാരവികാരങ്ങൾ ഉണ്ടാക്കും വിധത്തിലുള്ളതാണ്. ആകയാൽ ന്യൂനപക്ഷക്ഷേമ വകുപ്പുമായി ചുറ്റിപ്പറ്റിയുള്ള ഈ കുപ്രചരണത്തിന് തടയിടാൻ സർക്കാർ സത്യാവസ്ഥ തുറന്നു പറയുകയാണ് വേണ്ടത്. മുസ്ലിം ക്രിസ്ത്യൻ ബന്ധങ്ങൾ താറുമാറാക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാകാൻ അനുവദിക്കരുത്. രണ്ട് ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം കലഹികണമെന്ന് ഒരു പക്ഷേ ഇവിടുത്തെ സവർണ്ണ ലോബി ആഗ്രഹിക്കുന്നുണ്ട്. അത്തരം ശക്തികളുടെ കുതന്ത്രങ്ങൾ ക്കെതിരെ സർക്കാർ തികഞ്ഞ ജാഗ്രത പുലർത്തുക തന്നെ വേണം.

ഉദ്യോഗതലത്തിൽ ഉൾപ്പെടെ സർക്കാറിന്റെ വിവിധ മേഖലകളിൽ നല്ല സ്വാധീനമുള്ള ക്രിസ്ത്യൻ ലോബി ഉൾപ്പെടെ പല വിഭാഗങ്ങളുടെയും സമ്മർദ്ദങ്ങൾക്ക്, അല്ലെങ്കിൽ കുതന്ത്രങ്ങൾക്ക് സർക്കാർ വിധേയമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സർക്കാരിനെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്, അതിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു പ്രചാരവേലക്ക് സർക്കാർ ഇടം കൊടുക്കരുതായിരുന്നു. സർക്കാറിന്റെ ശോഭ കെടുത്തിക്കളയുന്ന, ഒരു പ്രവണതയായിപ്പോയി തുടക്കത്തിൽതന്നെ സർക്കാരിൽ നിന്നും ഉണ്ടായതെന്ന് ഖേദപൂർവ്വം പറയേണ്ടിവന്നിരിക്കുന്നു. ഏതായാലും കഴിയും വേഗം ഈ ദുരവസ്ഥക്ക് മാറ്റം ഉണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം പറയുന്നു.

മന്ത്രിസഭാ രൂപീകരണത്തിൽ അസന്തുലിതത്വമുണ്ടെന്നും ചില വിഭാഗങ്ങൾക്ക് വല്ലാത്ത മേൽക്കൈയുണ്ടെന്നുള്ള പ്രചാരവേല പിന്നോക്ക വിഭാഗങ്ങളിൽ ആശങ്ക പടർത്തുന്നുണ്ട്, ആ ആശങ്കക്ക് ആക്കം കൂട്ടും വിധമായിപ്പോയി ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ കാണിച്ച അപക്വമായ നടപടികൾ. ഒരാൾക്ക് നിശ്ചയിച്ചതിന് ശേഷം, അത് പരസ്യപ്പെടുത്തിയതിന് ശേഷം, മറ്റുള്ളവരുടെ സമർദത്തിന്ന് വഴങ്ങി അത് റദ്ദ് ചെയ്ത് തിരിച്ചെടുത്തു എന്നൊരു പ്രചാരവേലക്ക് ഇടം കൊടുക്കരുതായിരുന്നു.അത് സമൂഹത്തിൽ മോശമായ പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാൻ ഇടയുണ്ട്. ഏതായാലും ഇനിയങ്ങോട്ട് മുസ്ലിം സമുദായം അനർഹമായത് വാരിക്കോരിയെടുത്തിരിക്കുന്നു എന്ന കുപ്രചരണത്തെ തടയിടും വിധം, സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ ധവളപത്രം ഇറക്കുക തന്നെയാണ് ഇതിനുള്ള ഏക പരിഹാരം.

Paloli_Committee_Report

Related Articles