Current Date

Search
Close this search box.
Search
Close this search box.

കോടതി വിധി: കത്തുന്ന പാകിസ്താന്‍ രാഷ്ട്രീയം

പാകിസ്ഥാന്‍ മറ്റൊരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മത നിന്ദയുമായി ബന്ധപ്പെട്ടു പാകിസ്ഥാന്‍ സുപ്രീം കോടതി ഒരു ക്രിസ്ത്യന്‍ യുവതിയെ വെറുതെ വിട്ടത് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പാണ്. വിധി പറഞ്ഞ ജഡ്ജിമാര്‍ വധ ശിക്ഷക്ക് അര്‍ഹരാണ് എന്നാണു Tehreek-e-Labbaik പാക്കിസ്ഥാന്‍ എന്ന പാര്‍ട്ടിയുടെ നേതാവ് പീര്‍ അഫിഡല് ഖാദിരി പറഞ്ഞത്. പാകിസ്ഥാനില്‍ സിന്ധു, വടക്കു പടിഞ്ഞാറ് മേഖലകളില്‍ സ്വാധീനമുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ് Tehreek-e-Labbaik പാക്കിസ്ഥാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിന്ധു പ്രവിശ്യയില്‍ മൂന്നോളം സീറ്റുകള്‍ അവര്‍ കരസ്ഥമാക്കിയിരുന്നു.

മതങ്ങളെയും ആചാരങ്ങളെയും അപകീര്‍ത്തിപെടുത്തുന്നത് പല നാടുകളിലും കുറ്റകരമാണ്. അതിനു വ്യത്യസ്തമായ ശിക്ഷ രീതികളും നില നില്‍ക്കുന്നു. ആസിയ ബീബിയുടെ വിഷയമായി ബന്ധപ്പെട്ടു ഇതുവരെ പാകിസ്ഥാനില്‍ എഴുപതിലേറെ മരണം നടന്നിട്ടുണ്ട്. പ്രവാചകന്‍ വിശ്വാസികളുടെ ജീവിതത്തിലെ ഒരു വൈകാരിക വിഷയമാണ്. പ്രവാചകനെ വിമര്‍ശിക്കാന്‍ പാടില്ല എന്നൊന്നും എവിടെയും നിയമമില്ല. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രവാചകനെയും വിമര്‍ശിക്കേണ്ടി വരും. എല്ലാവരും ഒരേ വിശ്വാസക്കാരാവണം എന്ന് ദൈവം തീരുമാനിച്ചിട്ടില്ല. അത് കൊണ്ട് തന്നെ മതങ്ങള്‍ക്കിടയില്‍ ആശയ സംവാദം നടക്കും. അതിനെ മതനിന്ദ എന്ന കോളത്തില്‍ പറയാന്‍ കഴിയില്ല. അതെസമയം വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ പലരും പ്രവാചകനെയും മതത്തെയും ഉപയോഗിക്കുന്നു. അത് വിശ്വാസം എന്നതിനേക്കാള്‍ നാട്ടിലെ സാമൂഹിക അവസ്ഥയെ ബാധിക്കുന്നു. അത് കൊണ്ട് തന്നെ അത്തരം നടപടികളെ നിയമപരമായി നേരിടേണ്ടിയും വരുന്നു.

ലോകത്തില്‍ എവിടെ പ്രവാചക നിന്ദയും മത നിന്ദയും സംഭവിച്ചാല്‍ പാകിസ്ഥാനില്‍ ആളുകള്‍ കൊല്ലപ്പെടുക എന്നത് സ്വാഭാവികമാണ്. 97 ശതമാനം മുസ്ലിം ജനസംഖ്യയുള്ള നാടാണ് പാകിസ്ഥാന്‍. അത്‌കൊണ്ട് തന്നെ ഇസ്ലാമിനെ മാറ്റി നിര്‍ത്തി ഒരു മുന്നേറ്റവും പാകിസ്ഥാനില്‍ സാധ്യമല്ല. മതത്തെ വൈകാരികമായി ഉള്‍ക്കൊണ്ടവരും മതത്തിന്റെ പേര് മാത്രവും ഉള്‍ക്കൊണ്ടവരും എന്ന രണ്ടു രീതിയില്‍ പാകിസ്ഥാന്‍ ജനതയെ വിഭജിക്കാം എന്ന് തോന്നുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമായിട്ടും ഇന്നും അവിടെ ജനാധിപത്യം വേരുറച്ചിട്ടില്ല. പാകിസ്ഥാനില്‍ നിലവില്‍ വന്ന ഒരു സര്‍ക്കാരും അവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായി മാറ്റമുണ്ടാകുന്ന ഒന്നും ചെയ്തില്ല. അത് കൊണ്ട് തന്നെ നാടിന്റെ ഉള്‍ഭാഗങ്ങളില്‍ വിദ്യാഭ്യാസം ഇന്നും കിട്ടാക്കനിയാണ്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല. അതൊരു രാഷ്ട്രീയ കോലാഹലം മാത്രമാണ് എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതെസമയം ആസിയ ബീബിയെ വെറുതെ വിട്ട കാരണത്താല്‍ പാകിസ്ഥാന്‍ പട്ടണങ്ങളില്‍ പ്രക്ഷോഭം അധികരിച്ചു വരുന്നു. തിരഞ്ഞെടുപ്പ് കാലത്തു തീവ്ര വലതു പക്ഷ ഗ്രൂപ്പുകളുമായി ഇമ്രാന്റെ പാര്‍ട്ടി നീക്കി പോക്കുകള്‍ നടത്തിയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു. ഇവിടെ കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്ന പ്രശ്‌നത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് മതനിന്ദ എന്നതിലേക്ക് എത്തിപ്പെട്ടത്. കീഴ് കാടതികള്‍ പൊതു ബോധത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറഞ്ഞു എന്നാണു സുപ്രീം കോടതി പറയുന്നതു. പ്രസ്തുത കേസ് കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് പ്രതിയെ വെറുതെ വിട്ടതും. ഇമ്രാന്‍ സര്‍ക്കാരിന് ആദ്യം നേരിടേണ്ടി വന്ന തലവേദനയാണിത്. മറ്റു പാര്‍ട്ടികള്‍ രഹസ്യമായി വിഷയത്തെ കത്തിക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ എങ്ങിനെ നേരിടും എന്നത് ലോകം കൗതുകത്തോടെ കാത്തിരിക്കുന്നു.

Related Articles