Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ സംഘടിത തറാവീഹ്..?

ഇസ്‌ലാമിൽ നിർബന്ധപൂർവം നടത്തേണ്ടതും ഐച്ഛികമായി നടത്താവുന്നതുമായ അനുഷ്ഠാനകർമങ്ങൾ ഉണ്ട്. ഓരോന്നിനും അതർഹിക്കുന്ന പ്രാധാന്യവും weightage ഉം നൽകുകയെന്നത് ഇസ്‌ലാം നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിന്റെ ഭാഗവുമാണ്. ഐച്ഛികമാണെങ്കിലും റമദാനിലും അല്ലാത്തപ്പോഴും മുസ്ലിംകളിൽ ഒരു നല്ല വിഭാഗം വളരെ പ്രാധാന്യപൂർവം രാത്രിയിൽ നിർവഹിക്കുന്ന നമസ്‌കാരമാണ് തഹജ്ജുദ്. പ്രധാന നബിചര്യയാണത്. റമദാനിൽ പ്രത്യേക നമസ്കാരമില്ലെന്നും ഇതിനെ റമദാനിലാകുമ്പോൾ തറാവീഹ് എന്ന് വിളിക്കുന്നുവെന്നുമാണ് കേരളത്തിലെ ഏതാണ്ട് എല്ലാ വിഭാഗം മുജാഹിദുകളുടെയും അഭിപ്രായം. അതിന്നവർക്കുള്ള തെളിവാകട്ടെ ‘നബി (സ) റമദാനിലാകട്ടെ, അല്ലാത്തപ്പോഴാകട്ടെ രാത്രിയിൽ പതിനൊന്നു റക്അത്തിലേറെ നമസ്കരിച്ചിരുന്നില്ല’ എന്ന ആയിഷ (റ)യിൽ നിന്നും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസുമാണ്.

ഇസ്‌ലാമിലെ നമസ്കാരം പോലുള്ള അനുഷ്ഠാന കർമങ്ങളുടെ ഒരു പൊതു സ്വഭാവം എന്തെന്നാൽ നിർബന്ധമായും നിർവഹിക്കപ്പെടേണ്ടത് സംഘടിതമായും ഐച്ഛികമായി നിർവഹിക്കുന്നത് സ്വകാര്യമായും ചെയ്യുകയെന്നതാണ്. നിർബന്ധമായും നിർവഹിക്കുന്നത് സംഘടിതമാകുമ്പോൾ അതിൽ കുട്ടികളും സ്ത്രീകളും വൃദ്ധരും നമസ്കാര ശേഷം മറ്റു നിലകളിൽ പല ജോലികളിലും വ്യാപൃതരാവേണ്ടവരും ഉണ്ടാകുമെന്നതിനാൽ അധികം ദീർഘിപ്പിച്ചു പ്രയാസപ്പെടുത്താതെ ഹൃസ്വമായി നിർവഹിക്കുവാനാണ് നബി (സ) കല്പിച്ചിട്ടുള്ളത്. എന്നാൽ സ്വകാര്യമായി നിർവഹിക്കുന്ന ഐച്ഛിക നമസ്കാരം സൗകര്യം പോലെ അത് നിർവഹിക്കുന്ന വ്യക്തിക്ക് ദീർഘിപ്പിക്കാവുന്നതുമാണ്.

തറാവീഹ് ഐച്ഛിക നമകാരമായിരിക്കെ ഉത്പതിഷ്ണുക്കൾ എന്ന് കരുതപ്പെടുന്ന വിഭാഗക്കാരിൽ ഒരേ സമയം സംഘടിതവും ദീർഘവുമായതുമെങ്ങനെയെന്നത് മുകളിൽ പറഞ്ഞ നിർബന്ധ കർമ്മങ്ങൾക്കും ഐച്ഛിക കർമങ്ങൾക്കുമിടയിലെ വ്യത്യാസവും സംഘടിത കർമ്മങ്ങൾക്കും സ്വകാര്യ കർമങ്ങൾക്കുമിടയിലെ വ്യത്യാസവും പരിഗണിച്ച് ചിന്തനീയമായ വിഷയമാണ്. ഇത് മനസ്സിലാക്കുവാൻ അല്പം ചരിത്രം പറയേണ്ടതുണ്ട്.

നബി (സ) റമദാനിൽ രാത്രി ഒറ്റയ്ക്ക് നമസ്‌കാരിക്കുകയായിരുന്നപ്പോൾ രണ്ടു മൂന്നു അനുയായികൾ ആദ്യ രാത്രിയിൽ പിന്നിൽ നിന്നുകൊണ്ട് നബി (സ) യെ പിന്തുടർന്നു. രണ്ടാം രാവ് ആയപ്പോൾ നബി (സ)യുടെ പിന്നിൽ നമസ്കരിക്കുന്നവരുടെ എണ്ണം വർധിച്ചു. മൂന്നാം രാവിൽ, തന്റെ വീടിന്റെ ജനാലയിലൂടെ നോക്കിയപ്പോൾ പള്ളി നിറയെ തന്നെ പിന്തുടർന്ന് രാത്രി നമസ്കാരം നിർവഹിക്കുവാൻ കാത്തിരിക്കുന്ന അനുയായികളെ കണ്ട നബി (സ) ആ ഐച്ഛിക നമസ്കാരം നിർവഹിക്കുവാൻ പള്ളിയിലേക്ക് പോയില്ല. ചില അനുയായികൾ ചോദിച്ചപ്പോൾ നബി (സ) ‘ഈ നമസ്കാരം നിങ്ങൾക്ക് നിർബന്ധമായിപ്പോയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു’ എന്ന് പറഞ്ഞു. അങ്ങനെ രാത്രിയിലെ ഈ ഐച്ഛിക നമസ്കാരം സംഘടിതമായി നിർവഹിക്കുന്നതിൽ നിന്നും നബി (സ) പൂർണമായും വിട്ടുനിന്നു. പിന്നീട് നബിയുടെയോ ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ) ന്റെയോ കാലത്ത് ഇത് സംഘടിതമായി നിർവഹിക്കപ്പെട്ടിട്ടില്ല.

നബി (സ) ആശങ്ക പ്രകടിപ്പിച്ചുകൊണ്ടു മുകളിൽ പറഞ്ഞ വചനത്തിൽ ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ, നിർബന്ധ നമസ്കാരത്തിന്നാണ് സംഘടിത സ്വഭാവമെന്നും, റമദാനിലെ രാത്രി നമസ്കാരം ഐച്ഛികമായതും സ്വകാര്യമായി നിർവഹിക്കപ്പെടേണ്ടതു മാണെന്നും, മുസ്ലിംകൾക്ക് അത് നിർബന്ധമല്ലെന്നും, അതിനെ നിർബന്ധമാക്കി ആരെങ്കിലും അത് നിർവഹിക്കാതിരിക്കുമ്പോൾ അവർ തെറ്റുകാരായിത്തീരുന്ന അവസ്ഥ പ്രവാചകൻ ഇഷ്ടപ്പെടുന്നില്ലെന്നും, അനുയായികൾക്ക് എളുപ്പമാണ് നബി ആഗ്രഹിക്കുന്നതെന്നും, ഓരോ കർമത്തിന്നും അതർഹിക്കുന്ന പ്രാധാന്യവും weightage ഉം മാത്രമേ നൽകാവൂവെന്നും ഓരോ കർമവും അതിന്റെ സ്വകാര്യ-സംഘടിത പ്രകൃതങ്ങൾ കണക്കിലെടുത്താണ് നിർവഹിക്കേണ്ടത് എന്നുമൊക്കെയുള്ള ധ്വനിയുമുണ്ട്.

പിന്നെ രണ്ടാം ഖലീഫ ഉമർ (റ) ന്റെ കാലത്ത്, കുറെ ആളുകൾ റമദാൻ മാസത്തിൽ മദീനത്തെ പള്ളിയിൽ സ്വകാര്യമായി ഒറ്റയ്ക്കും, ചിലർ രാത്രിയിൽ ഒരേ സമയത്തും വ്യത്യസ്ത നേരങ്ങളിലും കൊച്ചു സംഘങ്ങളായും നമസ്കാരത്തിലേർപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അപ്പോഴദ്ദേഹം അത് ഏകീകരിച്ചു കൊണ്ട് ഉബയ്യ് ബിൻ കഅബിന്റെ നേതൃത്വത്തിൽ സംഘടിതമായി നിർവഹിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. അതിന്ന് അദ്ദേഹത്തിന്ന് താഴെ പറയുന്ന ന്യായങ്ങൾ ഉണ്ട്.

1. രാത്രിയിലെ ഐച്ഛിക നമസ്കാരം അദ്ദേഹം പുതിയതായി ഉണ്ടാക്കിയതല്ല. അത് നബി (സ) നിർവഹിക്കുകയും അനുയായികളെ നിർവഹിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി വചനങ്ങളിൽ റമദാൻ മാസത്തിൽ അതിന്ന് ഏറെ പ്രാധാന്യവും കല്പിച്ചിട്ടുണ്ട്.

2. മുസ്ലിംകൾപള്ളിയിൽ വെച്ച് തന്നെ ഒരേ നമസ്കാരം ഒരേ സമയത്തും പല നേരങ്ങളിലുമായി ഒറ്റയ്ക്കും പല കൊച്ചു സംഘങ്ങളായും നിർവഹിക്കുന്നത് സുസംഘടിത സമാജം എന്ന ഇസ്‌ലാമിക സങ്കല്പത്തിന് വിരുദ്ധമാണ്. അങ്ങനെ നിർവഹിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവ ഒരൊറ്റ നേതൃത്വത്തിന്റെ കീഴിൽ ഏകീകരിക്കപ്പെടണം.

3. നബി(സ) യുടെ കീഴിൽ അനുയായികൾ രണ്ട് ദിവസമാണെങ്കിലും അത് സംഘടിതമായി നിർവഹിച്ചിട്ടുണ്ട്. നബി (സ) അത് സംഘടിത സ്വഭാവത്തിൽ തുടരാതിരുന്നത് അത് നിർബന്ധമായിപ്പോയേക്കുമോ എന്ന ആശങ്കയിലാണ്. നബി (സ) ദിവംഗതനായിരിക്കെ, ആ ഐച്ഛിക നമസ്കാരം ഇനി നിർബന്ധമാക്കപ്പെടുന്ന സാഹചര്യമില്ല. ആയതിനാൽ അത് സംഘടിതമായി നമസ്കരിക്കുന്നതിൽ വിരോധമില്ല.

4. സംഘടിതമായി നമസ്കരിക്കുമ്പോൾ സ്വകാര്യമായി നമസ്കരിക്കാത്തവരും ഈ ഐച്ഛിക നമസ്കാരം നിർവഹിക്കുവാൻ പ്രേരിതരും പ്രചോദിതരുമായിത്തീരും.

അപ്പോഴും, ഒരു കാര്യം നാം ആലോചിക്കണം. സംഘടിതമാകുമ്പോൾ കുട്ടികളെയും, വൃദ്ധരെയും, സ്ത്രീകളെയും, നമസ്കാര ശേഷം പല ജോലികളിലും ഏർപ്പെടേണ്ട ആളുകളെയും പരിഗണിച്ചു നബി (സ) പറഞ്ഞത് പോലെ ദീർഘിപ്പിച്ചു പ്രയാസപ്പെടുത്താതിരിക്കുക. ദീർഘിപ്പിച്ചു നമസ്കരിക്കേണ്ടവർക്കു സ്വകാര്യമായി നിർവഹിക്കാമല്ലോ? പിന്നെ ഈ കൊറോണ കാലത്തൊക്കെ സ്വന്തം വീടകങ്ങളിൽ സംഘടിതമായും സ്വകാര്യമായുമൊക്കെ നിർവഹിക്കാവുന്ന ഐച്ഛിക നമസ്കാരം അങ്ങനെ നിർവഹിക്കുവാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക. പള്ളിയിൽ വെച്ച് സംഘടിതമായി തന്നെ ഈ ഐച്ഛിക നമസ്കാരം നിർഹിക്കപ്പെടണമെന്ന് ആരും ആരുടെ മേലും നിർബന്ധം ചെലുത്താതിരിക്കുക. പ്ലാഗോ കൊറോണയോ പോലുള്ള പകർച്ചവ്യാധി കാലത്താണെങ്കിൽ നബി (സ) യും ഉമറു (റ) മൊക്കെ എങ്ങനെ നിർവഹിക്കുവാനായിരുന്നു അനുയായികളെ കല്പിക്കുമായിരുന്നത് എന്ന് ചിന്തിച്ചാൽ തന്നെ, നാം ഇപ്പോൾ സ്വീകരിക്കേണ്ട സമീപനം എന്തെന്ന് മനസ്സിലാക്കാം.

ഭരണ കൂടത്തിന്റേയോ, ഭിന്ന രാഷ്ട്രീയ പാർട്ടികളുടെയോ, ഇതര മത സമുദായ സംഘടനകളുടെയോ ഭാഗങ്ങളിൽനിന്നും കൊറോണ പ്രോട്ടോകോളുമായി ബന്ധപ്പെട്ടു ഉണ്ടായേക്കാവുന്ന തെറ്റോ അനുചിതമോ ആയ സമീപനങ്ങളുടെ ചുവട് പിടിച്ചു കൊണ്ടോ അവയുമായി സമീകരിച്ചുകൊണ്ടോ പള്ളിയിൽ വെച്ചുള്ള ഐച്ഛികമായ സംഘടിത തറാവീഹിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ സന്ദർഭത്തിന്നനുസരിച്ചുയർന്ന് ഒരു മുസ്ലിം സംഘടനയും നിർബന്ധം ചെലുത്താത്തത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

Related Articles