Current Date

Search
Close this search box.
Search
Close this search box.

ആ വിളക്കും കെട്ടു …

ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തിളക്കമാർന്ന ആ വെളിച്ചവും കെട്ടു. അതേ, ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ അസിസ്റ്റന്റ് അമീറും വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷനുമായ മാസ്റ്റർ നുസ്റത് അലി സാഹിബ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം പറഞ്ഞു. നുസ്രത്ത് അലി സാഹിബ് രണ്ട് പതിറ്റാണ്ടോളം യു.പി അമീറായിരുന്നു. ഇതെഴുതുമ്പോളും വിരലുകൾ വിറയ്ക്കുന്നുണ്ട്. പടിഞ്ഞാറൻ യുപിയിലെ ഒരു സാധാരണ കാർഷിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം . കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ഖുർആൻ ഏറെക്കുറെ മന:പാഠമാക്കി.

പൊളിറ്റിക്കൽ സയൻസിൽ MA ഉണ്ട്. അതിനുശേഷം അദ്ദേഹം ഇസ്ലാമിക സേവനങ്ങളിൽ വ്യാപൃതനായിരുന്നു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയായിരുന്നു ഇന്നലെ വരെ . അദ്ദേഹത്തിന് താൽപ്പര്യമുള്ള നിരവധി മേഖലകളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട മേഖല സംഘാടനമായിരുന്നു. സംഘടനാ കാര്യങ്ങളിൽ ജമാഅതിന്റെ വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഓർഗനൈസേഷൻ വകുപ്പിന്റെ സെക്രട്ടറി എന്ന നിലയിലും പിന്നീട് ഖയ്യിമേ ജമാഅത് എന്ന നിലയിലും അദ്ദേഹം സംഘടനാ രംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങളാണ് ചെയ്തത്. അദ്ദേഹം ശ്രദ്ധിച്ചിരുന്ന മറ്റൊരു പ്രധാന മേഖല ദേശീയ നേതൃത്വമായിരുന്നു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലും അഖിലേന്ത്യാ മുസ്‌ലിം ഉപദേശക സമിതിയിലും അംഗമായിരുന്നു. വിവിധ ദേശീയ വേദികളിൽ ജമാഅതിനെ പ്രതിനിധീകരിക്കുന്നു. മറ്റൊരു മേഖല വിദ്യാഭ്യാസമായിരുന്നു.

ഇംഗ്ലീഷ് – ഉറുദു അദ്ധ്യാപകനെന്ന നിലയിലും ഉത്തർപ്രദേശിലെ പബ്ലിക് വെൽഫെയർ സൊസൈറ്റിയുടെ സെക്രട്ടറി എന്ന നിലയിലും വിദ്യാഭ്യാസത്തിലും അധ്യാപന മാനേജ്മെന്റിലും വിപുലവും വ്യത്യസ്തവുമായ രണ്ടു പതിറ്റാണ്ടിന്റെ അനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വ്യക്തമായ കാഴ്ചപ്പാടും അഭിനിവേശവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ രംഗത്ത് പ്രധാനപ്പെട്ട സേവനങ്ങൾ നിർവഹിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ധാരാളം കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ലാളിത്യം, ഗൗരവമേറിയതും ലളിതവുമായ പ്രഭാഷണം, കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ ഗ്രാഹ്യം, സങ്കീർണ്ണമായ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളകഴിവ് .രാഷ്ട്രീയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച, പഴുതടച്ച സംഘാടനം എന്നിവ അദ്ദേഹത്തിന്റെ ചില പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ജമാഅത്ത് കേന്ദ്രത്തിലാണ് ചെലവഴിച്ചിരുന്നത്. പ്രഭാതത്തിന് വളരെ മുമ്പുതന്നെ മർകസിൽ വരും. മർകസ് പള്ളിയിൽ ഫജ്ർ നമസ്കാരം,അരമണിക്കൂറോളം മർകസിന് പുറത്ത് പ്രഭാത സവാരി ,ശേഷം മർകസിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തും.

വ്യായാമവും ഖുർആൻ പാരായണവും ഒരുമിച്ച് നിർവ്വഹിച്ച് ക്വാർട്ടേഴ്സിൽ പോയി ഫ്രഷായി രാവിലെ ഒൻപത് മണിക്ക് മുമ്പ് തന്നെ വീണ്ടും മർകസിലെത്തും.

ഉച്ചഭക്ഷണത്തിന്റെ ശേഷമുള്ള ലഘു വിശ്രമമടക്കം മർകസിൽ ചെലവഴിച്ച് രാത്രി വളരെ വൈകിയാണ് ക്വാർട്ടേഴ്സിലേക്ക് തിരിച്ചു പോവുക. വർഷങ്ങളായി ഞാൻ കാണുന്ന അദ്ദേഹത്തിന്റെ ദിനചര്യ ഇതാണ്. സംഘടനാ ജോലികൾ അദ്ദേഹത്തിന്റെ വ്യായാമത്തിനോ പഠനത്തിനോ തടസ്സമായില്ല.

മുതിർന്ന തലമുറയിൽ ആധുനിക സാഹിത്യ പുസ്തകങ്ങളെക്കുറിച്ചും അക്കാദമിക് ലോകത്തെ ഏറ്റവും പുതിയ പ്രവണതകളെയും കുറിച്ച് അദ്ദേഹത്തെക്കാൾ കൂടുതൽ പരിചയമുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല എന്ന് പറയാം. ഉറുദു കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും പുസ്തകങ്ങൾ വായിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അറബി ഭാഷ പഠിക്കാനുള്ള വിജയകരമായ ശ്രമം നടത്തി വരികയായിരുന്നു. അദ്ദേഹത്തിന്റെ അറിവിനോടുള്ള അഭിരുചിയും പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ആഗ്രഹവും പരിഗണിച്ചാൽ അദ്ദേഹത്തിന്റെ തലമുറയിൽ അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു എന്ന് വേണം പറയാൻ .

അദ്ദേഹത്തിന്റെ വേർപാടോടെ, വിശാലവും വ്യത്യസ്തവുമായ അനുഭവങ്ങളും ഉൾക്കാഴ്ചയും സ്ഥിരോത്സാഹവുമുള്ള ഒരു വ്യക്തിത്വത്തെയാണ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത്. സർവ്വശക്തനായ അല്ലാഹു അവന്റെ പ്രത്യേക കൃപയാൽ അദ്ദേഹത്തെ അനുഗ്രഹിക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ആമീൻ

 

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles