Current Date

Search
Close this search box.
Search
Close this search box.

“ഹലാല്‍ ഭക്ഷണം നിഷിദ്ധം”

ഭക്ഷണം വസ്ത്രം എന്നിവ മക്കീ അദ്ധ്യായങ്ങളിൽ തന്നെ പറഞ്ഞു വെച്ചതാണ്. അത് ഏക ദൈവ വിശ്വാസത്തിന്റെ ഭാഗം എന്ന നിലയിലാണ് ഇസ്ലാം പരിചയപ്പെടുത്തിയത്. ഇസ്ലാമിക നിയമ പ്രകാരം അല്ലാഹുവാണ് നിയമ നിർമ്മാതാവ് അല്ലാഹുവാണ്. എന്ത് കഴിക്കണം ധരിക്കണം എന്നത് അല്ലാഹു തന്നെയാണ് പറയേണ്ടത് എന്ന് ഇസ്ലാം പറയുന്നു. പ്രവാചകന്റെ കാലത്ത് ജൂത പണ്ഡിതന്മാർ പാമരന്മാരായ അറബികൾക്ക്, നബി(സ) തിരുമേനിയുടെ പേരിൽ ആക്ഷേപം ജനിപ്പിക്കാനായി ചില ചോദ്യങ്ങൾ പഠിപ്പിച്ചിരുന്നു. കൂട്ടത്തിൽ ഒന്ന് ഇതായിരുന്നു: ”ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങൾ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു!” ഇത്തരം ചോദ്യശരങ്ങൾ ധാരാളം കെട്ടിച്ചമച്ച് അവർ തൊടുത്തുവിട്ടിരുന്നു-സാധാരണക്കാരുടെ ഹൃദയത്തിൽ സംശയം കുത്തിവെക്കാനും സത്യത്തെ വിമർശിക്കേണ്ടതിനും അവർക്കായുധം ഒരുക്കിക്കൊടുക്കാനും വേണ്ടിയുമായിരുന്നു ജൂതർ ശ്രമിച്ചു കൊണ്ടിരുന്നത്.

ആ വിഷയത്തെ ഇങ്ങിനെയാണ് ഖുർആനവിശകലനം ചെയ്തത് “ നിങ്ങൾ അല്ലാഹുവിന്റെ സൂക്തങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ, അവന്റെ നാമത്തിൽ അറുക്കപ്പെട്ട മൃഗങ്ങളുടെ മാംസം ആഹരിച്ചുകൊള്ളുവിൻ. അല്ലാഹുവിന്റെ നാമത്തിൽ അറുക്കപ്പെട്ടത് നിങ്ങൾ ആഹരിക്കാതിരിക്കാനെന്തു ന്യായം? നിർബന്ധിതാവസ്ഥയല്ലാത്ത മറ്റവസരങ്ങളിലെല്ലാം ഉപയോഗിക്കുന്നതു നിഷിദ്ധമായിട്ടുള്ള വസ്തുക്കളേതൊക്കെയാണെന്ന് നിങ്ങളോടു വിശദീകരിച്ചുകഴിഞ്ഞിട്ടുള്ളതാണല്ലോ. അറിവില്ലാതെ സ്വേച്ഛകളെ മാത്രം ആസ്പദമാക്കി ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതത്രെ അധികജനത്തിന്റെയും അവസ്ഥ. ഈ അതിരുവിട്ടവരെക്കുറിച്ച് നിന്റെ നാഥന്ന് നന്നായറിയാം. തെളിഞ്ഞ പാപങ്ങളെ വർജിക്കുവിൻ; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണ്ടിരിക്കുന്നവർ, തങ്ങൾ നേടിയതിന്റെ പ്രതിഫലം കണ്ടെത്തുകതന്നെ ചെയ്യും. അല്ലാഹുവിന്റെ നാമത്തിൽ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങൾ തിന്നാൻ പാടില്ല. അതു കുറ്റകരമാകുന്നു. ചെകുത്താന്മാർ തങ്ങളുടെ സഖാക്കളുടെ മനസ്സുകളിൽ സംശയങ്ങളും വിമർശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവർ നിങ്ങളോട് തർക്കിക്കാൻ. എന്നാൽ, നിങ്ങൾ അവർക്കു വഴങ്ങിക്കൊടുക്കുന്നുവെങ്കിൽ, നിശ്ചയം നിങ്ങൾ ശിർക്കുചെയ്യുന്നവരാകുന്നു .

അതായതു ഹറാമും ഹലാലും ആദ്യ കാലത്ത് മുതൽ ചർച്ചയാണ്. ഭക്ഷണം ഇസ്ലാമിൽ ബന്ധപ്പെട്ടു കിടക്കുന്നത് തൗഹീദുമായിട്ടാണ്. അറുക്കുക എന്നത് മാത്രമല്ല അതിലെ സാങ്കേതികത്വം. അത് അല്ലാഹുവിന്റെ പേരിൽ തന്നെയാകണം എന്ന് കൂടിയുണ്ട. ഹറാം എന്നത് മാത്രമല്ല ഇസ്ലാം ഭക്ഷണത്തിന് വെച്ച നിബന്ധന . അത് “ ത്വയ്യിബ്” കൂടിയാകണം എന്നുണ്ട്. ത്വയ്യിബ് എന്നത് കൊണ്ട് ഉദ്ദേശം ഭക്ഷ്യ യോഗ്യമാകുക എന്നാണ്. അതായത് രോഗം വന്ന മൃഗത്തെ അല്ലാഹുവിന്റെ പേരിൽ അറുത്താലും ഇസ്ലാമിന്റെ കണക്കിൽ അത് ഭക്ഷ്യയോഗ്യമല്ല. അങ്ങിനെ അറുക്കാത്ത ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കും ?. അത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭക്ഷണ കാര്യത്തിൽ ഇസ്ലാം മുന്നോട്ട് വെച്ച രണ്ടു കാര്യങ്ങളിൽ ഒന്ന് ആത്മീയവും മറ്റൊന്ന് ഭൌതികവുമാണ്. സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തിൽ അറുത്ത ജീവികളെ ഭക്ഷിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. അത് വിശ്വാസികൾക്ക് മാത്രം ബാധകമാണ്. നിഷിദ്ധമായത് ഭക്ഷിച്ചു എന്നത് കൊണ്ട് ഒരാൾ ഇസ്ലാമിൽ നിന്നും പുറത്തു പോകില്ല. അതെ സമയം അത് കഴിക്കൽ അനുവദനീയം എന്ന നിലപാട് അയാളെ ഇസ്ലാമിൽ നിന്നും പുറത്താക്കും.

ഒരാൾക്ക് തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയും നൽകുന്നു. ഹലാൽ മാത്രം കഴിക്കാനുള്ള അവകാശവും അതിന്റെ ഭാഗമാണ്. അതാരോടുമുള്ള യുദ്ധ പ്രഖ്യാപനമല്ല. പലരും സാധാരണ പുറത്തു നിന്നും മാംസാഹാരം കഴിക്കാറില്ല. അതിനുള്ള പരിഹാരമാണ് ഈ ഹലാൽ ബോർഡ്. അതാരുടെയും മതവികാരത്തെ വൃണപ്പെടുത്തുന്നില്ല. ഹലാൽ കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശം നല്ല ഭക്ഷണം കഴിക്കുക എന്നത് കൂടിയാണ്. ചത്തതും രോഗമുള്ളതും ചീഞ്ഞതും പഴകിയതും കഴിക്കേണ്ടി വരില്ല. അതിന്റെ എതിർ വശമാണ് “ ഹറാം”. എന്തും കഴിക്കാം എന്നതു മനുഷ്യ സഹജമല്ല. അത് ജന്തു സഹജമാണ്. ഒരു ജനതയുടെ വിശ്വാസം പോലും സഹിക്കില്ല എന്നിടത്താണ് സംഘ പരിവാർ വന്നു നിൽക്കുന്നത്. ഖേദകരമെന്ന് പറയട്ടെ. അവരുടെ അജണ്ടകളിൽ അറിഞ്ഞോ അറിയാതെയോ കൃസ്ത്യൻ സമൂഹത്തിലെ ചിലരും പെട്ടുപോകുന്നു. ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ നാട്ടിൽ ഭയമുണ്ടാക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. ഹലാൽ ഭക്ഷണം മാത്രം കഴിച്ചാൽ ഒരിക്കലും അത് ആരോഗ്യത്തിന് ഹാനികരമാകില്ല എന്നുറപ്പാണ്.

പാലാരിവട്ടത്തു കേരളത്തിലെ ആദ്യ “ ഹറാം ഹോട്ടൽ” തുറന്നിരിക്കുന്നു. അത് കൊണ്ട് മറ്റൊരു കാര്യമുണ്ടായി. ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലാം എന്ന് സംഘ പരിവാറും സമ്മതിക്കുന്നു. അത് ദൈവത്തിന്റെ പേരിൽ അറുക്കുന്നതിൽ മാത്രമാണ് അവർക്ക് എതിർപ്പ്. അതായത് അവരുടെ എതിർപ്പ് ഭക്ഷണത്തോടല്ല പകരം വിശ്വാസത്തോടാണ് . വിശ്വാസികളുടെ എല്ലാ അടയാളങ്ങളും അവർ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്നു. അതായത് ഇത് നല്ല ഭക്ഷണത്തിന്റെയും മോശം ഭക്ഷണത്തിന്റെയും കഥയല്ല. ഇതൊരു വിഭാഗത്തോടുള്ള വിദ്വേഷം പുറത്തു വരികയാണ്‌. കേരള പൊതു സമൂഹം അത് മനസ്സിലാക്കും എന്നത് തന്നെയാണ് പ്രതീക്ഷയും

Related Articles