Your Voice

ഖുര്‍ആന്‍ സൂക്തങ്ങളാല്‍ പ്രശോഭിതമായ ന്യൂസ്‌ലാന്റ് പാര്‍ലമെന്റ് മന്ദിരം

”വിശ്വാസികളേ, നിങ്ങള്‍ സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം തേടുവിന്‍. ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹുവുണ്ട്. ദൈവിക മാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ ‘മരിച്ചവര്‍’ എന്നു പറയാതിരിക്കുക. അല്ല, അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാകുന്നു. പക്ഷേ, അവരുടെ ജീവിതം നിങ്ങള്‍ക്കനുഭവപ്പെടുന്നില്ലെന്നുമാത്രം. ഭയാശങ്കകള്‍, ക്ഷാമം, ജീവനാംശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്ത് ബാധിക്കുമ്പോഴും ‘ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും’ എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചു കൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും. ഇത്തരം ആളുകള്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍.”

വിശുദ്ധ ഖുര്‍ആന്റെ ഈ വചനങ്ങള്‍ കേട്ടുകൊണ്ടാണ് ഇന്ന് ന്യൂസ്‌ലാന്റ് പാര്‍ലമെന്റ് ആരംഭിച്ചത്. മതേതര സ്വഭാവമുള്ള നാട്ടില്‍ ഒരു മതത്തിന്റെ പ്രാര്‍ത്ഥന കൊണ്ട് പാര്‍ലമെന്റ് തുടങ്ങുക എന്നത് അസാധാരണമാണ്.ഒരു ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകുന്നത് അവരുടെ വേദഗ്രന്ഥമാണ്. അതെ വേദഗ്രന്ഥം തന്നെ പറയുന്നത് നിങ്ങള്‍ സഹനം സ്വീകരിക്കണമെന്നും. ‘സ്വബ്ര്‍’ എന്നതിന് നല്കാന്‍ കഴിയുന്ന നല്ല മലയാളം ‘വിഷമങ്ങളില്‍ പതറാതെ ഉറച്ചു നില്‍ക്കുക’ എന്നതാണ്.

ഒരു ജനതയുടെ മനോവീര്യം തകര്‍ക്കുക എന്നതാണ് കൊലയാളിയുടെ ഉദ്ദേശ്യം. അവിടെയാണ് ഒരു ഭരണകൂടം ധാരണകള്‍ തിരുത്തിയത്. നാം ജീവിക്കുന്ന നാട്ടിലും അത്തരം ദുരന്തങ്ങള്‍ നടന്നിട്ടുണ്ട്. കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന നിലപാടായിരുന്നു അവിടെ ഭരണകൂടം സ്വീകരിച്ചത്. ദേശീയപതാക കൊണ്ട് കൊലയാളികളെ ആദരിക്കുന്ന നാട്ടില്‍ നിന്നും നോക്കിയാല്‍ ന്യൂസിലാന്റ് ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ ചരിത്രത്തില്‍ തുല്യത ഇല്ലാത്തതും.

വിശ്വാസ സമൂഹത്തിനു അനിവാര്യമായി ഉണ്ടാകേണ്ട ഒന്നാണ് സ്‌തൈര്യം. മുന്നോട്ടുള്ള യാത്രയില്‍ മുള്ളു വിതറാനുള്ള ശ്രമത്തിലാണ് ശത്രുക്കള്‍. പ്രവാചക കാലത്തും ഇത് തന്നെയായിരുന്നു ശത്രുവിന്റെ നിലപാട്. ദൈവീക മാര്‍ഗത്തില്‍ ജീവനും സ്വത്തും വിഭവങ്ങളും നഷ്ടം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതെല്ലാം ദൈവിക മാര്‍ഗത്തില്‍ എന്നും സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളും. അതായത് ഇത്തരം തിരിച്ചടികള്‍ ഒരു പുതിയ അനുഭവമല്ല എന്ന് ചുരുക്കം. അക്രമിക്കപ്പെടുന്നവരെ അക്രമികള്‍ക്ക് വിട്ടു കൊടുത്തു കൊണ്ടാണ് നാം പലപ്പോഴും മതേതരത്വത്തെ ആദരിച്ചത്. അതെ സമയം അക്രമിയെ പിടിച്ചു നിര്‍ത്തിയാണ് ന്യൂസിലാന്റ് ദുഃഖം ആചരിച്ചതും. തന്റെ പ്രസംഗത്തില്‍ ഒരിടത്തും കൊലയാളിയുടെ പേര് പറയാതിരിക്കാന്‍ അവര്‍ ശ്രമിച്ചു എന്നും വാര്‍ത്തകളില്‍ കാണാം.

അക്രമികള്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ആധുനിക ലോകം നേരിടുന്ന വലിയ ദുരന്തം. അവര്‍ ഭരണാധികാരികളാവുന്നു എന്നത് അതിലും വലിയ ദുരന്തം, അതെ സമയം അക്രമികള്‍ക്ക് നമ്മുടെ നാട്ടില്‍ സ്ഥാനമില്ല എന്ന് ഒരു ജനത ഒന്നിച്ചു എഴുന്നേറ്റ് നിന്ന് പറയുമ്പോള്‍ അതിനു ലഭിക്കുന്ന മാധുര്യം വലുതാണ്. നീതിയുടെ ശബ്ദമാണ് വിശുദ്ധ ഗ്രന്ഥം. അത് കൊണ്ട് തന്നെയാണ് ന്യൂസിലാന്റ്് പാര്‍ലമെന്റ് മന്ദിരം കൂടുകള്‍ പ്രശോഭിതമാകുന്നതും.

Facebook Comments
Show More

Related Articles

Close
Close