Current Date

Search
Close this search box.
Search
Close this search box.

കര്‍മശാസ്ത്ര വിഷയങ്ങളിലെ പുതിയ നിലപാട് ശ്ലാഘനീയം

fiqh-iftiradi.jpg

കര്‍മശാസ്ത്ര വിഷയത്തില്‍ തര്‍ക്കം ഒഴിവാക്കണം എന്ന് പുതിയ ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ നമുക്ക് പറയാനുള്ളത് നാമിത് പണ്ടേ പറഞ്ഞതല്ലേ എന്നാണ്. കര്‍മ ശാസ്ത്രം ഖുര്‍ആന്‍,ഹദീസ് പോലെ സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല. ഇവ രണ്ടില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ഒന്നിനെ നാം അങ്ങിനെ വിളിക്കുന്നു. ആദ്യം പറഞ്ഞ രണ്ടിനെയും മനസ്സിലാക്കിയ രീതിയും വിശദീകരിക്കാന്‍ സ്വീകരിച്ച രീതിയുമാണ് കര്‍മ ശാസ്ത്ര ഭിന്നതകള്‍ക്ക് അടിസ്ഥാനം. കൂടുതല്‍ മനസ്സിലാക്കാന്‍ ഇങ്ങിനെയും പറയാം. ആദ്യ രണ്ടും ഹുകുമാണ്. മൂന്നാമത്തത് ഫിഖ്ഹും. അപ്പോള്‍ ഹുകുമും ഫിഖ്ഹും മനസ്സിലാവാത്ത വിഷയമായിരുന്നു പലര്‍ക്കും.

കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ സമൂഹം പുലര്‍ത്തി പോരുന്ന രീതി വിശാലമാണ്. ആ വിശാലതക്ക് പ്രവാചക കാലത്തോളം പഴക്കമുണ്ട്. മദ്ഹബുകള്‍ അവരുടെ ചിന്തയുടെ അടിസ്ഥാനം വന്നു നില്‍ക്കുന്നത് സഹാബികളില്‍ തന്നെയാണ്. സഹാബികള്‍ തന്നെ പ്രമുഖമായ പല വിഷയങ്ങളിലും ഭിന്നത കൈകൊണ്ടിരുന്നു എന്ന് വരികില്‍ അതിനു ശേഷം വരുന്ന ഭിന്നത ഒരു വിഷയമേ ആകില്ല. അതെ സമയം നമ്മുടെ നാട്ടിലെ പല മത സംഘടനകളും അടിസ്ഥാനവും ശാഖയും വേര്‍തിരിച്ചു കണ്ടില്ല. അള്ളാഹു അല്ലാത്തവരെ വിളിച്ചു സഹായം തേടലും നമസ്‌കാരത്തിലെ കൈകെട്ടലും സുബ്ഹിയിലെ ഖുനൂത്തും ഒന്നായി തന്നെ കണ്ടു. അതിന്റെ പേരില്‍ പരസ്പരം വാദ പ്രതിവാദങ്ങള്‍ നാം കണ്ടു. അതിന്റെ പേരില്‍ തന്നെ കണ്ടാല്‍ മിണ്ടാത്തവരെ പോലും നാം ദര്‍ശിച്ചു. ഇമാം മാലിക്കിന്റെ (റ) ശിഷ്യനായ ഇമാം ഷാഫി (റ) യുടെ ശിഷ്യനായിരുന്നു ഇമാം അഹ്മദ് (റ) എന്ന ചെറിയ ചരിത്രം പഠിച്ചാല്‍ തീരുന്നതാണ് ഇതൊക്കെ.

കേരളത്തിലെ എല്ലാ മത സംഘടനകളും അഹ്‌ലു സുന്നത്തു വല്‍ ജമാഅ: അംഗീകരിക്കുന്നവരാണ്. കര്‍മ ശാസ്ത്ര ഭിന്നതകള്‍ അംഗീകരിച്ചവരാണ് സുന്നത് ജമാഅത്തുകാര്‍. അതില്‍ തന്നെ മദഹബീ നിലപാട് സ്വീകരിക്കാത്തവരും ഉള്‍പ്പെടുന്നു. ഏതെങ്കിലും ഒരു ചിന്താ സരണി സ്വീകരിക്കല്‍ ഇസ്ലാമാവാന്‍ അനിവാര്യമാണ് എന്ന് സുന്നത് ജമാഅത്ത് നിബന്ധന വെക്കുന്നില്ല. പ്രവാചകന്റെ ചര്യയും ഖുലഫാഉറാഷിദുകളുടെ കാലത്ത് സഹാബത്തിന്റെ ഏകോപനവും എന്നതാണു അതിനു വെച്ച വിശേഷണം. അപ്പോള്‍ സുന്നത് ജമാഅത്ത് ഇസ്ലാമിനോളം വിശാലമാണ്. ഒരാള്‍ ഇങ്ങിനെ മാത്രമേ ചിന്തിക്കാവൂ എന്നല്ല ഇസ്ലാം പറഞ്ഞത്. അല്ലാഹുവും റസൂലും വെച്ച പരിധിയില്‍ നിന്നുകൊണ്ട് എത്ര വേണമെങ്കിലും ചിന്തിക്കാം. പക്ഷെ ആ ചിന്തയുടെ അടിസ്ഥാനം വിവരമാണ് എന്നത് മാത്രമാണ് നിബന്ധന.

സക്കാത്ത് നിഷേധികളോട് യുദ്ധം ചെയ്യാമോ എന്ന കാര്യത്തില്‍ പല സഹാബികളും ഒന്നാം ഖലീഫ അബൂബക്കര്‍ (റ)വിനോട് വിയോജിച്ചു. പക്ഷെ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ആ തീരുമാനത്തിന്റെ പേരില്‍ ആരും അന്യോന്യം കുറ്റപ്പെടുത്തിയില്ല. പ്രവാചകന്‍ മദീനയില്‍ നിന്നും ഹജ്ജിനു വന്നപ്പോള്‍ ഇരുന്ന സ്ഥലങ്ങളില്‍ ഇരിക്കല്‍ ഒരു ചടങ്ങായി മനസ്സിലാക്കിയ സഹാബികള്‍ ഉണ്ടായിരുന്നു. അതൊക്കെ അവര്‍ മനസ്സിലാക്കിയ രീതിയുടെ വിഷയമാണ്. സകാത്ത് വിഷയത്തില്‍ നിലവിലുള്ള കര്‍മ ശാസ്ത്ര സരണികള്‍ പുലര്‍ത്തി പോരുന്ന ഭിന്നതകള്‍ ധാരാളം. സകാത്ത് നല്‍കുക ഇസ്ലാമാകാന്‍ വേണ്ട അടിസ്ഥാന യോഗ്യയതയാണ് എന്നിരിക്കെ തന്നെയാണ് അത്തരം ചര്‍ച്ചകള്‍ നടക്കുന്നതും. നമസ്‌കാരത്തിന്റെ നിര്‍ബന്ധ നിബന്ധനകളിലും ഹജ്ജിലും ഈ ഭിന്നതകള്‍ കാണാം. എന്നിട്ടും ആരും ആരെയും ഇസ്ലാമില്‍ നിന്നും പുറത്താക്കിയില്ല. ഇമാം മാലിക്കിന്റെ പല നിഗമനങ്ങളും ഇമാം ഷാഫി ചോദ്യം ചെയ്തു. ഇമാം ഷാഫിയെ ഇമാം അഹ്മദും. പക്ഷെ അവര്‍ തങ്ങളുടെ അധ്യാപകരെ ജീവനോളം സ്‌നേഹിച്ചു ആദരിച്ചു. ആ സ്‌നേഹവും ആദരവുമാണ് ആധുനിക സമൂഹത്തിനു നഷ്ടമായത്. എന്റെ വിവരം അവസാന വിവരമല്ല എന്ന തിരിച്ചറിയല്‍ കൊണ്ട് മാത്രമേ ഇത്തരം അബദ്ധ ധാരണകള്‍ തിരുത്താന്‍ കഴിയൂ.

എന്തായാലും കേരള മുസ്‌ലിം സംഘടനകളില്‍ കര്‍മ ശാസ്ത്ര വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റം ശ്ലാഘനീയമാണ്. പ്രപഞ്ചത്തോളം വിശാലമായ ദീനിനെ ഒരു കൊട്ടയില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് സാധ്യമാകില്ല എന്ന ബോധം വൈകി ഉദിക്കുന്നതും നല്ല ലക്ഷണമാണ്.

Related Articles