Current Date

Search
Close this search box.
Search
Close this search box.

അവഗണിക്കുക എന്നതും നന്മയാണ്

നാട്ടിലെ യുവാക്കള്‍ ചേര്‍ന്ന് ഒരു പലിശ രഹിത സംരംഭത്തിന് തുടക്കം കുറിച്ചു. നാട്ടിലെ തലമുതിര്‍ന്ന തലമുറയെ കാര്യമായി പരിഗണിച്ചില്ല. അവര്‍ പുതിയ വാദവുമായി രംഗത്തെത്തി. ‘ഒരാള്‍ കൊണ്ട് വരുന്ന സ്വര്‍ണം ശരിയാണോ എന്നറിയാന്‍ നാം ഉരച്ചു നോക്കും. അപ്പോള്‍ താഴെ വീഴുന്ന സ്വര്‍ണത്തിന്റെ അംശം ഉടമസ്ഥന് നഷ്ടമാകും. അതിന്റെ വിധിയെന്താകും?’ പലിശ രഹിത നിധി ആരംഭിക്കുന്നു എന്നതിനേക്കാള്‍ പിന്നെ സമൂഹം ചര്‍ച്ച ചെയ്തത് ഇവരുടെ ആശങ്കയാണ്.

വെള്ളം പാഞ്ഞു വന്നപ്പോള്‍ പല ചര്‍ച്ചകളില്‍ നിന്നും നാം മാറി നിന്നു. കയറി വരുന്ന വെള്ളം മാത്രമായി നമ്മുടെ ചര്‍ച്ചകള്‍ ചുരുങ്ങി. അനാവശ്യ ചര്‍ച്ചകള്‍ക്ക് നാം അവധി കൊടുത്തു. മാത്രമല്ല പരസ്പരം ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ സംഭവങ്ങള്‍ക്ക് നല്ല വശവുമുണ്ടായി. കപ്പല്‍ യാത്രയില്‍ ഇരു ഭാഗത്ത് നിന്നും വെള്ളം അടിച്ചു വന്നപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ ഏകനായ അല്ലാഹുവിനെ വിളിച്ച സംഭവം ഖുര്‍ആന്‍ പറയുന്നുണ്ട്.

മനുഷ്യന് സ്വന്തത്തെ കുറിച്ച് ഓര്‍മ വരാന്‍ ദുരന്തങ്ങള്‍ കാരണമാകും. അതെ സമയം ഇന്നലകളെ മറക്കുക എന്നത് മനുഷ്യന്റെ പ്രകൃതമാണ്. കുറച്ചു സമയത്തെ മഴക്ക് മുന്നില്‍ എല്ലാം മറന്നു മനുഷ്യര്‍ ഒന്നായി. കാര്‍മേഘം നീങ്ങിയപ്പോള്‍ പലരും പഴയ സ്വഭാവത്തിലേക്കു തിരിച്ചു പോയി. അനാവശ്യ ചര്‍ച്ചകള്‍ വീണ്ടും തലപൊക്കി തുടങ്ങി. ഒരുവേള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവര്‍ പോലും തിരിച്ചു പോക്കിലാണ്.

ഈ ദുരന്തകാലത്തെ മനോഹരമായ ഒരു കാഴ്ചയാണ് നമ്മുടെ ന്യൂ ജനറേഷന്‍ കുട്ടികളുടെ സാന്നിധ്യം. സാമൂഹിക ബോധമില്ല, അവരെപ്പോഴും മൊബൈലില്‍ തല താഴ്ത്തിയിരിക്കുന്നു എന്ന നമ്മുടെ പരാതികള്‍ അസ്ഥാനത്താണ് എന്ന് തോന്നുന്ന രീതിയില്‍ പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സജീവത എടുത്തു പറയേണ്ടതാണ്. വലിയവരെ പോലെ അവരും സജീവമായി രംഗത്തുണ്ട്. സ്‌കൂളുകളില്‍ നിന്നും മറ്റും അവരെ ഇത്തരം സന്നദ്ധ പ്രവര്‍ത്തനത്തിന് കൊണ്ട് പോകുന്നു എന്നത് നല്ല കാര്യം. വലിയവരുടെ കൂടെ അവരും സജീവമായി വരുന്നു എന്നത് ശുഭ സൂചനയാണ്. വിമര്‍ശനം നിര്‍ത്തി പുതു തലമുറയ്ക്ക് മാതൃക കാണിക്കാന്‍ മുതിര്‍ന്ന തലമുറ രംഗത്ത് വന്നാല്‍ തീരുന്നതാണ് പുതിയ തലമുറയുടെ വിഷയം.

മനുഷ്യര്‍ മുഴുവന്‍ ദുരന്തിനു പിറകെ പോയപ്പോള്‍ അവിടെയും കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരെ നാം കാണാതിരിന്നു കൂടാ. അവര്‍ക്ക് നേരത്തെ പറഞ്ഞ സ്വര്‍ണം ഉരക്കുന്നവരുടെ മനസ്സാണ്. പല മനസ്സുകളും പ്രളയത്തോടെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നത് ഒരു നല്ല കാര്യമാണ്. അത് തന്നെയാണു പ്രളയം എന്ന ദുരന്തത്തിലെ നന്മയും. അങ്ങിനെ പാടുണ്ടോ ഇങ്ങിനെ പാടുണ്ടോ എന്ന ചോദ്യം പലരും ചോദിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ആവശ്യമില്ല എന്ന നിലപാട് നാം മറക്കാതിരിക്കുക.

Related Articles