Current Date

Search
Close this search box.
Search
Close this search box.

വൈജ്ഞാനിക ഫലവും കായികബലവും

കളിയും കായികവിനോദങ്ങളും വിവരാർജനം പോലെ തന്നെ അത്യാവശ്യമാണ്. ബോധമുള്ള മനുഷ്യര്‍ എക്കാലത്തും ആ സത്യം തിരിച്ചറിയുന്നു, തങ്ങളുടെ മക്കൾക്ക് അതംഗീകരിച്ച് കൊടുക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ സകലവിധ സമ്മർദ്ദളില്‍ നിന്നും മനസ്സിനേയും ശരീരത്തെയും ഒരു പരിധിവരെ അവ മുക്തമാക്കും.വ്യക്തി പ്രധാന്യങ്ങളുടെ ഉരക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സര വേദിയുമെല്ലാമായി മാറിയിരിക്കുന്ന ഒന്നാണ് കായികാഭ്യാസങ്ങളും സ്പോർട്സും ഗൈംയിംസുമെല്ലാം . ചിലര്‍ സ്വന്തം ശരീരം അഭ്യാസയോഗ്യമെന്ന് പറഞ്ഞ് അഭിമാനിക്കാറുണ്ട്. ജിംനേഷ്യത്തിലെ കൃത്രിമ പ്രോട്ടീൻ നിർമ്മാണവും മസിൽ പെരുപ്പിക്കലുമാണ് ശക്തി എന്നാണ് ന്യൂ ജെനിലെ 99.99 % കരുതി വശായിട്ടുള്ളത്. പല രാഷ്ട്രങ്ങളും ഇന്ന് യുവാക്കളുടെ കായിക ശക്തിയെ ലക്ഷ്യം വെച്ചു മാത്രം വിവിധ പദ്ധതികളും ആസൂത്രണങ്ങളും വളര്‍ത്തിയെടുത്തിട്ടുള്ളത് ആ നിലക്കു മാത്രമാണ്. ഇത്തരം രാഷ്ട്രങ്ങളില്‍ ഒരു ഭീമന്‍ വ്യവസായമായി ജിംനാസ്റ്റി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.വ്യായാമം എന്നാല്‍ മസിൽ കട്ടയാക്കലാണ് എന്ന ആധുനിക അന്ധവിശ്വാസം കുഗ്രാമങ്ങളിൽ പോലും ജിംഖാനകൾ കൂണുകൾ പോലെ മുളച്ചു പൊങ്ങാൻ നിമിത്തമായിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.

അതുകൊണ്ട് തന്നെ ചെറുപ്പക്കാരിന്ന് ജിംനേഷ്യങ്ങളിൽ നിന്ന് മിസ്റ്റർ വെള്ളരിക്കാപ്പട്ടണങ്ങൾ ആവാനും കൃത്രിമ പ്രോട്ടീൻ, വിറ്റാമിനുകൾക്കും ആയിരങ്ങളാണ് ചെലവഴിക്കുന്നത്. യുവത്വഘട്ടമെന്നത് ശക്തി രേഖരണത്തിന്‍റെ ഘട്ടമാണ് എന്നത് സത്യമാണ്. അതിന്റെ ദുരുപയോഗത്തിന്റെ കൂടി ഘട്ടമാക്കുന്ന കാഴ്ചയാണ് മെട്രോപൊളിറ്റൻ പശ്ചാത്തലമുള്ള ക്വട്ടേഷൻ സംഘങ്ങൾ ദിനംപ്രതി ചുവപ്പുവർണ്ണത്തിൽ പത്രങ്ങളിൽ വരച്ചു കൊണ്ടിരിക്കുന്നത്.ശരിയായ ദിശാബോധം കൊടുത്താല്‍ മാത്രമേ മനുഷ്യരാശിക്ക് കായികശേഷി ഗുണകരമാവൂ എന്നതാണ് ജപ്പാന്‍ എന്ന കൊച്ചുരാഷ്ട്രം അവിടത്തെ കൊച്ചു മനുഷ്യരിലൂടെ അന്തർദേശീയ കായിക മത്സരങ്ങളിലൂടെ നമുക്ക് നല്‍കുന്ന സൂചനകള്‍ .

ഇസ്ലാം കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യന്റെ ഘടനയുമായും ഉത്തരവാദിത്വങ്ങളുമായും ബന്ധപ്പെടുത്തിയാണ്. അല്ലാതെയുള്ള പ്രകടനപരതക്ക് ഇസ്ലാമിൽ സ്ഥാനമില്ല.

Also read: തസ്‌നീം നസീര്‍; സ്‌കോട്ട്‌ലാന്റിലെ ഹിജാബ് ധരിച്ച ആദ്യത്തെ ടി.വി അവതാരക!

നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക (8:60) എന്നതിലെ ഒരുക്കലും ഉപയോഗവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ചിലയിടങ്ങളിൽ അണ്ടർ ഗ്രൗണ്ട് ഇറച്ചിവെട്ട് സംഘങ്ങളുണ്ടാവാൻ കാരണം. വിവരമില്ലായ്മയില്‍ പണിത ഇത്തരം കായികക്ഷമതയെ ഇസ്ലാം ഒരിയ്ക്കലും അംഗീകരിക്കുന്നില്ല. കാരണം,അത് തീര്‍ത്തും മൃഗീയമായിരിക്കും. എടുപ്പിന്ന് മുമ്പു തറ പാകേണ്ടത് പോലെ ശാരീരിക ശക്തിക്ക് മുമ്പു വിജ്ഞാനത്തിന്റെ ഫലമുണ്ടാവൽ അനിവാര്യമാണ്. വിവേകം വികാരത്തെ നയിക്കണം; നേരെ തിരിച്ചാവരുത് എന്നാണ് ദാവൂദ്,ത്വാലൂത്ത് ചരിത്രങ്ങൾ നമ്മോട് വിളിച്ചോതുന്നത്. ത്വാലൂത്തിനെ പരിചയപ്പെടുത്തിന്നിടത്ത് കായികശേഷിയെ പ്രത്യേകം എടുത്തു പറയുന്നത് ശ്രദ്ധിക്കുക: “നിശ്ചയം അല്ലാഹു, അദ്ദേഹത്തെ നിങ്ങളുടെ മേല്‍ തിരഞ്ഞെടുത്തിരിക്കുന്നു, വിജ്ഞനത്തിലും ശരീരത്തിലും വിശാലത നല്‍കുകയും ചെയ്തിരിക്കുന്നു” ( 2:247)

“നിനക്ക് നിന്റെ ശരീരത്തോട് പലബാധ്യതകളുമുണ്ട്” എന്ന അധ്യാപനത്തിലൂടെ ഇസ്ലാം ലക്ഷ്യബോധത്തോടെയുള്ള കായികാഭ്യാസത്തെ ശരീരത്തിന്നു കിട്ടേണ്ട അവകാശമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ശരീരത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കുവാനും ഉള്ള ഒരു വഴിയായി അഭ്യാസത്തെ ഇസ്ലാം കാണുന്നു. പ്രവാചകന്‍ (സ) പറയുന്നു,”ശക്തിയുള്ള വിശ്വാസിയാണ് ഉത്തമന്‍ ,അവനത്രെ ബലഹീനനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന്നു ഇഷ്ട പ്പെട്ടവന്‍ ,പക്ഷെ,എല്ലാവരിലും അവരുടേതായ നന്മയുണ്ട്” വിവരമില്ലായ്മയില്‍ പണിത കായികക്ഷമതയെ ഇസ്ലാം ഒരിയ്ക്കലും അംഗീകരിക്കുന്നില്ല എന്ന് നേരെത്തെ പറഞ്ഞത് ആ അർഥത്തിലാണ്.

ഒരിക്കല്‍ നബി (സ) അമ്പെയ്തുകൊണ്ടിരുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ അടുത്ത് കൂടെ നടന്നുപോയി. അപ്പോള്‍ അദ്ദേഹം അവരോടായി പറഞ്ഞു: ‘ഇസ്മാഈല്‍ കുടുംബമേ, നിങ്ങള്‍ നന്നായി അമ്പെയ്യുക. നിങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ നല്ല അമ്പെയ്ത്തുകാരായിരുന്നു.’
“അറിയുക, നിശ്ചയം ശക്തിയെന്നാല്‍ അമ്പെയ്ത്താണ് ” എന്നും അമ്പെയ്ത്ത്, നീന്തൽ , കുതിര സവാരി എന്നിവ നിങ്ങളുടെ മക്കൾക്ക് പഠിപ്പിക്കാൻ പ്രത്യേകം നിർദ്ദേശിച്ചതും ഹദീസുകളിൽ കാണുന്നത് ആ ഗൗരവത്തിലാണ് നാം മനസ്സിലാക്കേണ്ടത്.

നബി (സ) അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തി എന്നും എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ‘ഇന്നയിന്ന’ സമ്മാനം ഓഫർ ചെയ്തിരുന്നെന്നും അവര്‍ മത്സരിച്ചോടി വന്ന് നബി (സ) യുടെ നെഞ്ചിലും മുതുകിലും ചെന്ന് പതിക്കുകയും നബി (സ) അവരെയെല്ലാം സമ്മാനത്തോടൊപ്പം ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യുമായിരുന്നുവെന്നുമെല്ലാം സീറാ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു. നബി (സ) പേരക്കുട്ടികളായ ഹസനും ഹുസൈനുമായി എന്തെല്ലാം കളികളായിരുന്നു കളിച്ചിരുന്നത് എന്നതിന് ആ ഗ്രന്ഥങ്ങൾ തന്നെ സാക്ഷി. വിനോദത്തിനു വേണ്ടി മൃഗങ്ങളെ വെട്ടുക,കൊല്ലുക, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള വിധം കല്ലുകള്‍ കൊണ്ടോ മറ്റോ എറിഞ്ഞു കളിക്കുക എന്നിവയെ ആണ് നബി (സ) നിരോധിച്ചിട്ടുള്ളത്.

Also read: കത്ത് മാറിക്കിട്ടിയപ്പോൾ

ആയിശ(റ) പറയുന്ന ഒരു സംഭവം ഇങ്ങനെ: ഒരിക്കല്‍ പ്രവാചകനും ഞാനും ഓട്ട മത്സരം നടത്തി.അന്ന് ഞാന്‍ അദ്ദേഹത്തെ മറികടന്നു. കുറച്ചു കാലശേഷം എന്റെ ശരീരം ചീർത്തു ,അങ്ങനെയൊരിക്കല്‍ പ്രവാചകന്‍ (സ)എന്നോട് മത്സരിക്കുകയും എന്നെ അദ്ദേഹം മറികടക്കുകയും ചെയ്തു. തുടർന്ന് പ്രവാചകന്‍ (സ)എന്നോട് പറഞ്ഞു, ഇത് അന്ന് നടന്നതിന് പകരമായി എടുത്തു കൊള്ളുക”
മത്സരവേദികളെ പ്രവാചകന്‍ കൗതുക പൂർവ്വം വീക്ഷിക്കാറുണ്ടായിരുന്നു എന്നാണ് ചരിത്ര വായനയിൽ നിന്ന് മനസ്സിലാവുന്നത്. ആയിശ(റ) പറയുന്നു, “എത്യോപ്യക്കാര്‍ കുന്തങ്ങള്‍ കൊണ്ട് കളിക്കുമ്പോള്‍ പ്രവാചകതിരുമേനിയുടെ മറവില്‍നിന്ന് ഞാന്‍ കളി കാണുമായിരുന്നു,ഞാന്‍ സ്വയം പിരിഞ്ഞുപോകുന്നത് വരെ അത് തുടരുകയും ചെയ്യും” .

വിജ്ഞാന നിർമിതിയോടൊപ്പം ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുവാനും അവ പുഷ്ടിപ്പെടുത്താനും ആവശ്യമായ കാര്യങ്ങളെ കുറിച്ചും പ്രവാചകൻ (സ) സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് ഉപരിസൂചിത അധ്യാപനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസികള്‍ മതശാസന എന്ന നിലയില്‍ തന്നെ അവ പഠിക്കേണ്ടതും പുലര്‍ത്തേണ്ടതുമാണ്. വിശ്വാസവും വിജ്ഞാനവും പോലെ തന്നെ ആരോഗ്യവും ദൃഢതയുമുള്ള ശരീരം ഏതൊരു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടിയാവണം. അത് നേടുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടപ്പില്‍ വരുത്തേണ്ടത് ശൈശവത്തിലാണ്. അതാവട്ടെ രക്ഷാകർത്താക്കളുടെ കൈകളില്‍ അര്‍പ്പിതവുമാണ്. ശരീരത്തിന്റെ ആകാരവും പേശികളും മറ്റു അനുബന്ധ അവയവങ്ങളും പെട്ടെന്ന് വളരുന്നതും പാകപ്പെടുന്നതും ഈ പ്രായത്തിലാണ് എന്ന് നമുക്കറിയാം. അതിനാൽ മക്കളെ ചില്ലിലടച്ച് തളർത്തുകയല്ല, മണ്ണിലിറക്കി വളർത്തുകയാണ് വേണ്ടത്. കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. പ്രകൃതിപരമായിത്തന്നെ ശാരീരിക വളര്‍ച്ച സാധ്യമാവും വിധം റബ്ബ് തന്നെയാണവ അവരിലത് നിക്ഷേപിച്ചത്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും എന്ന നിലക്ക് നാം ആ കാലയളവില്‍ ചെയ്യേണ്ടത്. ബുദ്ധിയിലേക്ക് അറിവ് പകർന്നു കൊടുക്കുന്നതിനിടയിൽ കുട്ടികള്‍ക്ക് കളിക്കുവാനും ദേഹം ഇളകുവാനുമുള്ള അവസരങ്ങള്‍ ബോധപൂർവ്വം നല്‍കുകയും അവരെ അതിന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നീട് നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഫാസ്റ്റ് ഫുഡ് തിന്നുകൊണ്ട് സോഫയില്‍ ചാരിയിരുന്ന് ദീര്‍ഘനേരം ടി.വിയില്‍ കാര്‍ട്ടൂണുകളും മറ്റും കണ്ടിരിക്കുന്ന കുട്ടികളിലാണ് ഇന്ന് ‘പൊണ്ണത്തടി’ എന്ന പ്രതിഭാസം കൂടുതലും കാണപ്പെടുന്നത് എന്നത് നമുക്കറിവുള്ളതാണ്.

Also read: വംശീയ ഉന്മൂലനത്തിന്റെ ഉദാഹരണം!

العقل السليم في الجسم السليم
എന്നത് കാണാതെ പഠിക്കാനുള്ള അറബി പഴഞ്ചൊല്ലല്ല; പ്രത്യുത ശരീരവും ബുദ്ധിയും ഒരുപോലെ രക്ഷപ്പെട്ട വ്യക്തികളെ കൊണ്ട് മാത്രമേ കുടുംബങ്ങൾക്കും നാടിനും ലോകത്തിനുമെല്ലാം കാര്യമുള്ളൂവെന്ന ബോധവത്കരണം നമ്മുടെ വിദ്യാർഥികളിൽ നാം നടത്തേണ്ടതുണ്ട്.

(ഓഗസ്റ്റ് 29: ദേശീയ സ്പോർട്സ് ദിനം)

Related Articles