Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ കൃഷിയിടങ്ങൾ

ഖുർആനിലെ ഉപമകളിൽ – ഒന്നാണ് അൽ ബഖറ അധ്യായത്തിലെ 223 )മത് സൂക്തം – ഇത്രയേറെ വിമർശിക്കപ്പെട്ട മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. സ്ത്രീ വിരുദ്ധമായ ആയത്തുകൾ തിരയുന്ന ജബ്ര – ലിബറൽ ആദ്യം എത്തിപ്പെടുന്നയിടവും അതു തന്നെ. ഒരു കർഷകന്റെ മനസ്സും ഖുർആനിക ചമൽകാരങ്ങളെ കുറിച്ച ശരാശരി ധാരണയുമുണ്ടെങ്കിൽ മാറാവുന്നതേയുള്ളൂ ഈ ആരോപണം. കർഷകൻ തന്റെ കൃഷിയോടും കൃഷിയിടത്തോടും കാണിക്കുന്ന സ്നേഹവും മമതയും അതുല്യമാണ്. നമ്മിൽ പലരും ഒരു സുന്നത്ത് എന്ന നിലക്ക് കൃഷി ചെയ്യുന്നത് ഏതാണ്ട് അവസാനിപ്പിച്ചതു പോലെയുണ്ട്. വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു ഇബാദതാണ് കൃഷി -അതില്‍ നല്ല നിയ്യത്തുണ്ടെങ്കില്‍-.

നബി -ﷺ- പറഞ്ഞു: “ഏതൊരു മുസ്ലിമാകട്ടെ, ഒരു വൃക്ഷം നട്ടു പിടിപ്പിക്കുകയോ, ഒരു വിത്ത് കുഴിച്ചിടുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ നാല്‍ക്കാലിയോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അയാള്‍ക്ക് ഒരു സദഖ (ദാനദര്‍മ്മം) ആകാതിരിക്കുകയില്ല.” (ബുഖാരി, മുസ്ലിം). നബി -ﷺ- പറഞ്ഞു: “ഏതൊരു മുസ്ലിമാകട്ടെ, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ഒരു സ്വദഖ (ദാനദര്‍മ്മം) ആകാതിരിക്കില്ല. അതില്‍ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് പക്ഷികള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് ആരെന്തെടുത്താലും അത് സ്വദഖയാണ് -അന്ത്യനാള്‍ സംഭവിക്കുന്നത് വരെ-.” (മുസ്ലിം: 1552)

ഇമാം നവവി (റഹി) പറഞ്ഞു: “ഈ ഹദീഥ് കൃഷിയുടെയും വൃക്ഷം നട്ടുപിടിപ്പിക്കുന്നതിന്റെയും മഹത്വം വ്യക്തമാക്കുന്നുണ്ട്. താന്‍ നട്ടുപിടിപ്പിച്ച വൃക്ഷവും, ചെടിയും നിലനില്‍ക്കുന്നിടത്തോളം കാലം അതിന് കാരണമായ വ്യക്തിക്ക് പ്രതിഫലം ഉണ്ടായിരിക്കുമെന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാക്കാം. ഏറ്റവും നല്ല സമ്പാദ്യം ഏത് വഴിയിലൂടെ ലഭിക്കുന്നതാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. കച്ചവടം, കൈതൊഴിലുകള്‍, കൃഷി എന്നിങ്ങനെ പല അഭിപ്രായങ്ങളും പറയപ്പെട്ടതില്‍ കൃഷിയാണ് ഏറ്റവും മഹത്തരമായ സമ്പാദ്യമാര്‍ഗമെന്ന അഭിപ്രായമാണ് ശരി.” (ശര്‍ഹുന്നവവി:10/213)

നബി -ﷺ- പറഞ്ഞു: “ലോകാവസാനം സംഭവിക്കുമ്പോള്‍ നിങ്ങളുടെ കയ്യില്‍ ഒരു ചെറിയ ഈന്തപ്പന തൈയ്യുണ്ടെങ്കില്‍ -അത് നട്ടുപിടിപ്പിക്കാന്‍ അവന് കഴിയുമെങ്കില്‍- അവനത് ചെയ്യട്ടെ.” (അഹ്മദ്). അബ്ദുല്ലാഹി ബ്നു സലാം (റ) പറഞ്ഞു: “ഒരു താഴ് വാരത്തില്‍ കൃഷി നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ദജ്ജാല്‍ പുറപ്പെട്ടു എന്ന് കേട്ടാലും തിരക്കു പിടിക്കരുത്. നിന്റെ കൃഷി നീ നന്നാക്കുക. തീര്‍ച്ചയായും ജനങ്ങള്‍ക്ക് അതിന് ശേഷവും ജീവിതമുണ്ട്.”

അമ്മാറതു ബ്നു ഖുസൈമ (റ) പറയുന്നത് ശ്രദ്ധിക്കൂ: “ഉമറുബ്നുല്‍ ഖത്താബ് (റ) ഒരിക്കല്‍ എന്റെ പിതാവിനോട് പറഞ്ഞു: ‘നിങ്ങളുടെ ഭൂമി എന്തു കൊണ്ടാണ് കൃഷി ചെയ്യാതെ വെച്ചിരിക്കുന്നത്?’ എന്റെ പിതാവ് പറഞ്ഞു: ‘നാളെ മരിക്കാന്‍ (സാധ്യതയുള്ള) പ്രായമായ വൃദ്ധനാണ് ഞാന്‍.’ ഉമര്‍ (റ) നിർദ്ദേശിച്ചു: ‘നിങ്ങള്‍ എന്തായാലും കൃഷി ചെയ്യണം.’ എന്റെ പിതാവിനോടൊപ്പം ആ ഭൂമിയില്‍ ഉമര്‍ (റ) കൃഷിയിലേര്‍പ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഖുർആനിലെ 36:33-34, 16:10-11, 6:99,141, 67:15 എന്നീ സൂക്തങ്ങൾ കൃഷിയെ ദൈവത്തിന്റെ അനുഗ്രഹമായും ദൃഷ്ടാന്തമായും പഠിപ്പിക്കുന്നവയാണ്.

(ഡിസം: 23 ദേശീയ കൃഷി ദിന ചിന്തകൾ)

Related Articles