Your Voice

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള പ്രചാരണങ്ങള്‍

‘ഉഹ്ദില്‍ നിന്നു പിരിയുമ്പോള്‍ അബൂസുഫ്യാന്‍ മുസ്ലിംകളെ വെല്ലുവിളിക്കുകയുണ്ടായി, അടുത്തകൊല്ലം നമുക്ക് ബദ്റില്‍വെച്ച് കാണാമെന്ന്. പക്ഷേ, നിശ്ചിതസമയം ആസന്നമായപ്പോള്‍ മക്ക ഒരു ഭയങ്കര ക്ഷാമത്തില്‍ പെട്ടിരിക്കുകയായിരുന്നു. അതിനാല്‍, മുശ്രിക്കുകളുടെ ധൈര്യം അസ്തമിച്ചു. തദവസരം തങ്ങളുടെ അഭിമാന സംരക്ഷണാര്‍ഥം, അവര്‍ ഒരു ഗൂഢാലോചനക്കു വട്ടം കൂട്ടി. അങ്ങനെ അബൂസുഫ്യാന്‍ രഹസ്യമായി ഒരാളെ മദീനത്തേക്കയച്ചു. അയാള്‍ മുസ്ലിംകള്‍ക്കിടയില്‍ കള്ളപ്രചരണം നടത്തി. ഇക്കൊല്ലം ഖുറൈശികള്‍ വമ്പിച്ച ഒരുക്കം ചെയ്തിട്ടുണ്ടെന്നും, അറബികള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്താലും തടുക്കാനാവാത്ത ഒരു മഹാ സൈന്യവ്യൂഹത്തെയാണ് അവര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും അയാള്‍ പരസ്യപ്പെടുത്തി. മുസ്ലിംകളെ പേടിപ്പിച്ച് സ്വസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം. അങ്ങനെയായാല്‍ മുസ്ലിംകള്‍ എതിര്‍ക്കാന്‍ വരാത്തതിന്റെ ഉത്തരവാദിത്വം അവരില്‍ത്തന്നെ ചുമത്താമല്ലോ. അബൂസുഫ്യാന്റെ ഈ ഗൂഢതന്ത്രം ഫലിക്കാതിരുന്നില്ല. ബദ്റിലേക്കു പുറപ്പെടാന്‍ മുസ്ലിംകളോടു തിരുമേനി ആഹ്വാനം ചെയ്തപ്പോള്‍ പ്രോത്സാഹജനകമായ ഉത്തരമല്ല ലഭിച്ചത്. അവസാനം ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് തിരുമേനി പ്രഖ്യാപിച്ചു: ”ആരും വരുന്നില്ലെങ്കില്‍ ഞാനൊറ്റക്കു പുറപ്പെടും!” ഇതുകേട്ട് 1500 ജീവത്യാഗികള്‍ തിരുമേനിയോടൊന്നിച്ച് പുറപ്പെടാന്‍ സന്നദ്ധരായി……………’ പ്രസ്തുത വിഷയത്തെ അധികരിച്ചു ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു ‘അവരോട് ജനം പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍.’ അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍ തന്നെയാകുന്നു.’……….’ .

ഭയപ്പെടുത്തുക എന്നത് ശത്രുക്കളുടെ എന്നത്തേയും നിലപാടാണ്. അതിന്നും തുടരുന്നു. ഭയപ്പെടുത്തലിലൂടെ എതിരാളിയുടെ പകുതി ശക്തി ചോര്‍ത്തി കളയാം എന്നവര്‍ കണക്കു കൂട്ടുന്നു. സമാധാനമില്ലാത്ത അവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുക എന്നത് മറ്റൊരു പദ്ധതിയാണ്. ഇന്ത്യയിലും ആ പദ്ധതി തന്നെയാണ് സംഘ് പരിവാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതും. അടുത്ത ദിവസങ്ങളിലായി ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാന്‍ പോകുന്നു എന്ന രീതിയില്‍ ഒരു പ്രചാരണം നാം കേട്ടിരുന്നു. അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (National Register of Citizens). ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയത്. ആ വര്‍ഷത്തെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. എന്നാല്‍ അന്നുതന്നെ അതില്‍ തെറ്റുകുറ്റങ്ങള്‍ ഉള്ളതും അപൂര്‍ണ്ണവുമാണെന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. അങ്ങിനെ വന്നാല്‍ പൗരത്വം തെളിയിക്കാന്‍ 1951ലെ രേഖകള്‍ വേണ്ടി വരും എന്ന രീതിയിലാണ് പ്രചാരണം. എഴുപതു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന ഒരു രേഖയും ആരുടെ കയ്യിലും ഇന്ന് കാണില്ല എന്നുറപ്പാണ്. അതിന്റെ പേരില്‍ അസ്വസ്ഥരായ പലരെയും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഭരിക്കുന്നത് സംഘ്പരിവാര്‍ ആകുമ്പോള്‍ അത്തരം നിയമങ്ങള്‍ ആരെ ഉന്നം വെച്ചായിരിക്കും എന്നതാണ് ആളുകളുടെ വേവലാതി. ഒരു വിഭാഗത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ അതുപകരിക്കും എന്ന് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നന്നായി അറിയാം.

ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് പല കാര്യത്തിലും കൃത്യമായ അജണ്ടയുണ്ട്. അതവര്‍ മതേതര പാര്‍ട്ടികളെ കൂട്ടുപിടിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നു. അതിനെ ഒരു സത്യമായി അംഗീകരിക്കാന്‍ തയ്യാറാകണം. ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും ഞെട്ടലും നിരാശയും മാത്രം ബാക്കിയാവരുത്. ഇനിയങ്ങോട്ട് കേള്‍ക്കുന്ന വാര്‍ത്തകളുടെ ഏകദേശ രൂപം ഇത് തന്നെയാകും. അവിടെയാണ് വിശ്വാസ ദാര്‍ഢ്യം കാണിക്കേണ്ടത്. ഇന്ത്യന്‍ ജനത മതേതരത്വം എന്ന നിലപാടില്‍ നിന്നും പൂര്‍ണമായി പിറകോട്ടു പോയിട്ടില്ല. മതേതര പാര്‍ട്ടികളുടെ ഭിന്നിപ്പില്‍ നിന്നും വര്‍ഗീയത മുതലെടുക്കുന്നു എന്ന് മാത്രം. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇപ്പോള്‍ നടപ്പാക്കുന്നതിന്റെ വിവരമാണ് ആസാമില്‍ നിന്നും വരുന്നത്. നീണ്ട കാലം ഈ ഭൂമിയില്‍ ജീവിച്ചു നാടിനു വേണ്ടി ത്യാഗം ചെയ്ത പട്ടാളക്കാരന്‍ വരെ ഇപ്പോള്‍ പട്ടികയില്‍ നിന്നും പുറത്താണ്. ആസാമിലെ അവസ്ഥ ഇന്ത്യ മൊത്തം വരും എന്നാണ് പ്രചാരണവും.

പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ എളുപ്പമാണ്. അതെ സമയം അതിനെ നേരിടാന്‍ പ്രയാസവും. അതിനെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ‘സ്വബ്ര്‍’ എന്ന് പറയും. ഇനിയുള്ള ദിവസങ്ങള്‍ എളുപ്പമാകില്ല എന്ന തിരിച്ചറിവ് ആദ്യം വേണം. ഭരണകൂടം നിഷ്പക്ഷമല്ല എന്നതാണ് നാം നേരിടുന്ന വലിയ ദുരന്തം. അത് കൊണ്ട് തന്നെ അത്തരം ഒരു നാട്ടില്‍ ജീവിക്കാന്‍ കൂടുതല്‍ മനക്കരുത്ത് ആവശ്യമാണ്. ആളുകളുടെ മനോധൈര്യം നശിപ്പിക്കാന്‍ പലതും പ്രചരിച്ചെന്നിരിക്കും. അതിന്റെ സത്യാവസ്ഥ യഥാര്‍ത്ഥ സ്ഥാനത്തു നിന്ന് തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുക. കിട്ടുന്ന വാര്‍ത്തകള്‍ ഒന്നും നോക്കാതെ പ്രചരിപ്പിക്കുമ്പോള്‍ നാമും ഇതിന്റെ ആളുകളുടെ ഉദ്ദേശം പൂര്‍ത്തിയാക്കി കൊടുക്കുന്നു എന്നുവേണം പറയാന്‍.

Author
as
Facebook Comments
Show More
Close
Close