Current Date

Search
Close this search box.
Search
Close this search box.

ആസാമിലേതും ഗോരക്ഷ ഗുണ്ടകള്‍ തന്നെ

കള്ളനെ കയ്യോടെ പിടികൂടി. കള്ളന്‍ കയറിയത് മാധവന്റെ വീട്ടിലാണ്. അയല്‍വാസികളായ ഉസ്മാനും ഷാനുവുമാണ് കള്ളനെ പിടിച്ചത്. അപ്പോഴാണ് കള്ളന് പുതിയ തന്ത്രം മനസ്സില്‍ തോന്നിയത്. മാധവന്റെ അടുത്തേക്ക് നീങ്ങി നിന്ന് കള്ളന്‍ പതുക്കെ ചെവിയില്‍ പറഞ്ഞു ‘എന്നെ പിടിക്കാന്‍ നിങ്ങള്‍ ഈ മാപ്പിളമാരെ ഉപയോഗിച്ചത് ഒട്ടും ശരിയായില്ല. നമ്മള്‍ ഒരേ ജാതിക്കാരല്ലേ………….’ കള്ളന്റെ വാക്കില്‍ ഒരുവേള മാധവനും വീണു.

ആ പ്രതീക്ഷയിലാണ് നാട്ടിലെ ഫാസിസവും. കള്ളനെ പിടിക്കാന്‍ മതേതരക്കാര്‍ക്കു കഴിയില്ല എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് കാലത്തും ഫാസിസം ശക്തമായി മുന്നോട്ടു പോകുന്നു. അതിന്റൈ അവസാന തെളിവാണ് ഇന്നലെ ആസാമില്‍ കണ്ടതും. ബീഫ് ആസാമില്‍ നിരോധിച്ചിട്ടില്ല. പക്ഷെ അതിന്റെ പേരില്‍ ഇന്നലെയും ഒരു വൃദ്ധനെ സംഘ്പരിവാരം ആക്രമിച്ചു. ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് ബിശ്വനാഥ് ചരിയാലിലെ ഷൗക്കത്ത് അലിയെന്ന വൃദ്ധനാണ് ഒരു സംഘം ഗുണ്ടകളുടെ മര്‍ദനമേറ്റത്. കഴിഞ്ഞ 35 വര്‍ഷമായി കച്ചവടം നടത്തി കൊണ്ടിരിക്കുന്ന ഒരാള്‍ ജീവനുവേണ്ടി മുട്ടിലിഴയുന്ന വിഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ കറങ്ങി കൊണ്ടിരിക്കുന്നു. മാത്രമല്ല ഒരു മുസ്ലിം ആണെന്നറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു പന്നി മാംസം കഴിപ്പിക്കുകയും ചെയ്യുന്നു എന്നതും നാം കാണാതെ പോകരുത്.

ഫാസിസം ഒരിക്കല്‍ കൂടി വന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമായി നമുക്കിതിനെ കാണാം. ആള്‍ക്കൂട്ട കൊലകളും ആക്രമങ്ങളും നാട്ടില്‍ വര്‍ധിച്ചു വരുന്നു. ഇതിന്റെ അടിസ്ഥാന കാരണം നോക്കി പോയാല്‍ നാം എത്തിപ്പെടുക നാട്ടില്‍ ശക്തമായി വരുന്ന ഫാസിസവും. അതിനെതിരെ ഒന്നിക്കുക എന്നതാണ് നന്മ ആഗ്രഹിക്കുന്നവരുടെ കടമ. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒന്നുകില്‍ പാകിസ്ഥാന്‍ അല്ലെങ്കില്‍ ബംഗ്‌ളാദേശ് എന്ന നിലയിലേക്ക് കാണാന്‍ മാത്രമേ ഫാസിസത്തിന് കഴിയൂ. ഒരിക്കല്‍ കൂടി ഫാസിസം അധികാരത്തില്‍ വരരുത് എന്നത് ഇന്ത്യന്‍ ജനതയുടെ അടങ്ങാത്ത ആഗ്രഹമാകണം.

പശുവിനെയും പോത്തിന്റെയും കാളയുടെയും പേരില്‍ നാട്ടില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. വൃദ്ധരും കുട്ടികളും അടക്കം ഈ ക്രൂരതക്ക് പാത്രമാകുന്നു. ജീവിക്കാനും ഭരണഘടന അവകാശം നല്‍കുന്ന കച്ചവടം ചെയ്യാനും സമ്മതിക്കാത്ത രീതിയില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു ചേരികള്‍ മാത്രമായി കുറഞ്ഞിരിക്കുന്നു. ഒന്ന് ഫാസിസ്റ്റു ചേരിയും മറ്റൊന്നും മതേതര ചേരിയും. നമ്മുടെ സ്ഥാനം ഇതില്‍ എവിടെയെന്നു മനസ്സിലാക്കാതെ പോയാല്‍ അതുണ്ടാക്കുന്ന ദുരന്തം വലുതാണ്. കള്ളന്‍ ഇപ്പോഴും വലിയ പ്രതീക്ഷയിലാണ്. പിടിക്കാന്‍ വരുന്നവരുടെ ജാതിയും മതവും പറഞ്ഞു ഭിന്നിക്കാം എന്ന് മനസ്സിലാക്കിയിരിക്കുന്നു.

Related Articles