Current Date

Search
Close this search box.
Search
Close this search box.

‘നിഖാബ്’ നിരോധിച്ചാല്‍ തീരുന്നതല്ല ഇസ്ലാം

സ്ത്രീകള്‍ക്ക് സുരക്ഷിതമായ രീതി എന്ന നിലയിലാണ് മുഖാവരണത്തെ പലരും അംഗീകരിക്കുന്നത്. സ്ത്രീ മുഖം മറക്കണമോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. നിര്‍ബന്ധം എന്ന് ചിലര്‍ പറയുമ്പോള്‍ അത് ഐച്ഛികം എന്ന് പറയുന്നവരും ഇസ്ലാമില്‍ തന്നെയുണ്ട്. അതൊരു കര്‍മ്മ ശാസ്ത്ര ചര്‍ച്ചയായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അതെ സമയം അതല്ലാത്ത ഭാഗങ്ങള്‍ സ്ത്രീ മറക്കണം എന്ന കാര്യത്തില്‍ പണ്ഡിതര്‍ യോജിക്കുന്നു. സ്ത്രീകള്‍ മുഖാവരണം ധരിക്കണം എന്ന് തീരുമാനിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യമായി അംഗീകരിക്കുക എന്നതാണ് ജനാധിപത്യ രീതി.

കണ്ണുകളെ സൂക്ഷിക്കുക എന്നത് ആണിനോടും പെണ്ണിനോടും ഇസ്ലാം ആവശ്യപ്പെടുന്നു. സ്ത്രീകളോട് പറയുന്നതിന് മുമ്പായി അതെ അധ്യായത്തില്‍ പുരുഷന്മാരെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇസ്ലാമിക സാമൂഹിക നിയമങ്ങള്‍ സ്ത്രീകളുടെ അത്ര ആവേശത്തില്‍ പുരുഷന്റെ കാര്യത്തില്‍ നാം പറയാറില്ല. ‘വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു.’ കണ്ണുകളെ സൂക്ഷിക്കുക എന്നത് പുരുഷനും ആവശ്യമാണ്. ശേഷമാണ് സ്ത്രീകളോട് ഇതേ ആവശ്യം പറയുന്നത്. അവരുടെ സൗന്ദര്യം അതില്‍ നിന്നും ‘സ്വയം വെളിവായതൊഴിച്ച്’ എന്നതിലാണ് അഭിപ്രായ വ്യത്യാസം.

മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഈ വസ്ത്ര ധാരണ രീതി പലപ്പോഴും മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിനാല്‍ പല നാടുകളിലും മുഖാവരണം നിരോധിച്ചിട്ടുണ്ട്. അടുത്ത കാലത്തു ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ലങ്കയില്‍ ഇത് നിരോധിച്ചത്. നമ്മുടെ നാട്ടില്‍ തന്നെ കള്ളവോട്ട് ചെയ്യാന്‍ പലരും ഈ മാര്‍ഗം സ്വീകരിക്കുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. മുഖാവരണം ധരിച്ചാല്‍ ആളുകളെ മനസ്സിലാകാതെ പോകുന്നു എന്നതിനാല്‍ ഭീകരര്‍ക്ക് അതൊരു നല്ല അവസരമാണ് എന്നതാണ് നിരോധനത്തിന്റെ ഒരു കാരണം. ഒരു സംഗതി മോശമായ രീതിയില്‍ ഉപയോഗിക്കുന്നു എന്ന് വന്നാല്‍ അത് വേണ്ടെന്നു വെക്കുക എന്നത് തന്നെയാണ് വേണ്ടത്. ഇസ്ലാമായി ജീവിക്കാനുള്ള അവകാശമാണ് ഭരണകൂടങ്ങള്‍ ഇല്ലാതാക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. അപ്പോഴും ഉന്നയിക്കപ്പെടുന്ന ആരോപണം അവിടെ തന്നെ നില നില്‍ക്കും.

നമ്മുടെ നാട്ടില്‍ അടുത്തിടെ അറബി വസ്ത്രധാരണ രീതികള്‍ വര്‍ധിച്ചു വരുന്നു. വസ്ത്രം എന്നത് ഒരു സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. വസ്ത്രം കൊണ്ട് വിവക്ഷ മനുഷ്യന്റെ ശരീരത്തെ സൂക്ഷിക്കലാണ്. ഇസ്ലാമിക വസ്ത്ര ധാരണക്ക് പ്രത്യേകം രൂപമില്ല. പ്രവാചകന്റെ കാലത്തു വിശ്വാസികളും അല്ലാത്തവരും ഒരേ രീതി തന്നെയാണ് വസ്ത്ര ധാരണ കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. തലയിലെ കെട്ട് അവരുടെ ജീവിത ശൈലിയായിരുന്നു. അബൂബക്കറും(റ), അബൂ ജഹലും അത് സ്വീകരിച്ചിരുന്നു. നമ്മുടെ നാട്ടിലെ വസ്ത്രമല്ല നീളന്‍ അറബി കുപ്പായങ്ങള്‍. പക്ഷെ ഇന്ന് അതും നമ്മുടെ നാട്ടില്‍ സാധാരണമായിരിക്കുന്നു. മദ്രസയില്‍ പോകുന്ന ചെറിയ കുട്ടികള്‍ മുഖം മറച്ച് പോകുന്ന കാഴ്ച ഇന്ന് കേരളത്തില്‍ സാധാരണയാണ്. അത് കഴിഞ്ഞു സ്‌കൂളില്‍ പോകുമ്പോഴും മറ്റു പരിപാടികളിലേക്ക് പോകുമ്പോഴും അവര്‍ അത് ഉപേക്ഷിക്കുന്നു. സമൂഹവുമായി ചേര്‍ന്ന് നില്‍ക്കാന്‍ നല്ലത് സമൂഹത്തിന്റെ രീതികള്‍ സ്വീകരിക്കലാണ്. അതില്‍ അനിസ്‌ലാമികത ഉണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം. തങ്ങള്‍ സമൂഹത്തിന്റെ ഒഴുക്കിനു എതിരാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് സമൂഹത്തില്‍ നിന്നും ഭിന്നമായ രീതി സ്വീകരിക്കുക എന്നതും.

ഇസ്ലാമിലെ സ്ത്രീ അടിമയാണ് എന്ന ധ്വനി സൃഷ്ടിക്കാന്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ സ്ത്രീയുടെ രൂപം. ുരുഷന് ലഭ്യമായ എല്ലാം സ്ത്രീക്കും ഇസ്ലാമില്‍ ലഭ്യമാണ്. സ്ത്രീകള്‍ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നു എന്ന കാരണത്താല്‍ അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഇസ്ലാം നല്‍കുന്നു. സൗന്ദര്യ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ മാനദണ്ഡമല്ല ആധുനിക ലോകം പോലും നല്‍കുന്നത്. സൗന്ദ്യര്യം എന്ന വീക്ഷണത്തില്‍ പുരുഷനേക്കാള്‍ പെട്ടെന്ന് മനസ്സുകളില്‍ കയറി വരിക സ്ത്രീ രൂപമാണ്. അത് കൊണ്ട് തന്നെ ഇസ്ലാം സ്ത്രീ സൗന്ദര്യം സൂക്ഷിക്കണം എന്ന് കല്‍പ്പിച്ചു. മുസ്ലിം സ്ത്രീകളില്‍ ചിലര്‍ സ്വീകരിക്കുന്ന രീതികളെ സുരക്ഷിതമായി കുറ്റം ചെയ്യാനുള്ള വഴിയായി കുറ്റവാളികള്‍ സ്വീകരിച്ചു. ആളുകളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ അടയാളം മുഖമാണ്.

ഇന്ത്യയിലും ഇത് നിരോധിക്കണമെന്ന് സംഘ് പരിവാര്‍ ആവശ്യപ്പെടുന്നു. അതൊരിക്കലും നേരത്തെ പറഞ്ഞ സുരക്ഷാ വിഷയമാകില്ല. പരമാവധി ഇസ്‌ലാമിനെ ബുദ്ധിമുട്ടിക്കുക എന്നതാണ് അവരുടെ നിലപാട്. ഇസ്ലാമിക സംസ്‌കാരങ്ങള്‍ അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. നിഖാബ് നിരോധിച്ചാല്‍ തീരുന്നതല്ല ഇസ്ലാം എന്ന ബോധമാണ് നമുക്ക് നല്‍കാന്‍ കഴിയുക. ഇസ്ലാം ലോകത്തു ചര്‍ച്ചയാകുന്നത് പലപ്പോഴും ഈ രീതികളിലാണ്. ഇസ്ലാം മുന്നോട്ടു വെക്കുന്ന ജീവിത രീതികളെ പലപ്പോഴും ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. അവിടെയാണ് മുസ്ലിംകള്‍ പരാജയപ്പെടുന്നതും അപ്പുറത്തുള്ളവര്‍ വിജയിക്കുന്നതും.

Related Articles