Current Date

Search
Close this search box.
Search
Close this search box.

സമുദായത്തിന്റെ വിവാഹവും പേക്കൂത്തുകളും

അലിയാര്‍ എല്ലാ കൊല്ലവും തെങ്ങിന് കൃത്യമായി വളമിടാറുണ്ട്. തെങ്ങുകള്‍ കാണാന്‍ നല്ല കുട്ടപ്പനായി മാറിയിട്ടുണ്ട്. പക്ഷെ കായ മാത്രമില്ല.
ഇതേ അവസ്ഥയിലാണ് ഇന്ന് മുസ്ലിം സമുദായവും. അവര്‍ക്കു ലഭിക്കുന്ന ഉപദേശത്തിനും ഉത്‌ബോധനത്തിനും കണക്കില്ല. എന്നിട്ടും അലിയാറിന്റെ വീട്ടിലെ തെങ്ങു പോലെ എന്ന് പറയേണ്ടി വരും. ഉപദേശ നിര്‍ദ്ദേശങ്ങളുടെ എണ്ണം നോക്കിയാല്‍ ഈ സമുദായത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഖുതുബകള്‍, പ്രഭാഷണ മാമാങ്കങ്ങള്‍,ഖുര്‍ആന്‍ ക്ലാസുകള്‍,സ്വലാത്ത് മജ്‌ലിസുകള്‍ എന്നിവ സമുദായത്തില്‍ വളരെ സജീവമായി തന്നെ നടക്കുന്നു. പള്ളികളില്‍ ആളുകളുടെ എണ്ണം വര്‍ധിച്ചു കാണുന്നുണ്ട്. അതെ സമയം പള്ളിയുടെ പുറത്തുള്ള ഇസ്ലാം ശുഷ്‌കിച്ചു വരുന്നു എന്നതാണ് അനുഭവം.

ഇസ്ലാം കേവല ആരാധന മതമായി മാറിയാല്‍ അതിനു ജീവിതവുമായി വലിയ ബന്ധം കാണില്ല. മുസ്ലിം സമുദായവും മറ്റു സമുദായങ്ങളും തമ്മില്‍ ആകെ വേറിട്ട് നില്‍ക്കുന്നത് ആരാധയുടെ കാര്യത്തില്‍ മാത്രമാണെന്ന് വരും. അത് മാത്രമാണോ വ്യത്യാസം വേണ്ടത്. അതിലപ്പുറം അവരുടെ സംസ്‌കാരത്തിലും ആചാരങ്ങളിലും ഒരു മാറ്റവും വേണ്ടതില്ലേ ?.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും കുത്തഴിഞ്ഞ മേഖലയാണ് വിവാഹം. കേരളത്തിലെ മറ്റേതു സമുദായങ്ങളെയും വിവാഹ ധൂര്‍ത്തിന്റെയും ആഭാസങ്ങളുടെയും കാര്യത്തില്‍ അവര്‍ കവച്ചു വെക്കും. സമുദായത്തിന്റെ മത നേതൃത്വവും സാമൂഹിക നേതൃത്വവും ഇവിടെ ഒരു പരിപൂര്‍ണ പരാജയമാണ്. മുസ്ലിംകളുടെ സാമൂഹിക നേതൃത്വമാണ് മഹല്ല് കമ്മിറ്റികള്‍. മഹല്ലിലെ ആളുകളുടെ മേല്‍ കമ്മിറ്റികള്‍ക്ക് സ്വാധീനം വട്ടപ്പൂജ്യമാണ്. മഹല്ല് ഭരണം ഒരു അലങ്കാരത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായി മാറുന്നു. അധികം മഹല്ലുകളും പള്ളിയും പള്ളിക്കാടും കടന്നു പുറത്തു പോകാറില്ല എന്നത് കൂടി ചേര്‍ത്ത് വെക്കണം. മഹല്ലിലെ വിശ്വാസികളുടെ മതപരമായ ഭിന്നതകളെ അംഗീകരിച്ചേ കമ്മിറ്റികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ. അതെ സമയം എല്ലാവരും അംഗീകരിക്കുന്ന ധൂര്‍ത്തും മറ്റു തിന്മകളും അവര്‍ ഉദ്ദേശിച്ചാല്‍ ഒരു പരിധി വരെ മാറ്റിയെടുക്കാം.

മത നേതൃത്വങ്ങള്‍ പലപ്പോഴും മഹല്ലിലെ പണക്കാരുടെ മുന്നില്‍ മൗനികളാവുന്നു. അത് കൊണ്ട് തന്നെ വിവാഹത്തിലും വീട് നിര്‍മാണത്തിലും കാണിച്ചു കൂട്ടുന്ന ആഭാസങ്ങള്‍ അവര്‍ പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നു. എന്ത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി പലപ്പോഴും നമ്മുടെ ഉപദേശങ്ങളില്‍ പരലോകം മാത്രമേ വരാറുള്ളൂ എന്നതാണ്. ആരാധന കാര്യങ്ങള്‍ മാത്രമല്ല അല്ലാഹുവിന്റെ സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടുക ജീവിതം മൊത്തമാണ് എന്ന ബോധമാണ് ആദ്യം നല്‍കേണ്ടത്. മത പ്രസംഗത്തിന്റെ മെച്ചം കണക്കാക്കുക എത്ര പേര് സന്ദേശം ഉള്‍ക്കൊണ്ടു എന്ന നിലയിലല്ല പകരം എത്ര രൂപ പിരിഞ്ഞു കിട്ടി എന്ന നിലയിലാണ്. നാട്ടിലെ സാമൂഹിക വിരുദ്ധര്‍ തന്നെയാണ് പലപ്പോഴും ഇത്തരം സംരംഭങ്ങളെ പിന്തുണക്കുന്നത് എന്നത് കൊണ്ട് തന്നെ അത്തരം ശക്തികളെ തൊടാന്‍ ഉപദേശികള്‍ക്കു കഴിയാറില്ല.

പ്രവാചകന്‍ പടുത്തുയര്‍ത്തിയ മുസ്ലിം സമുദായം ആരാധന കാര്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും മുസ്ലിം എന്ന ഐഡന്റിറ്റി കാത്തു സൂക്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ അവരുടെ വിവാഹവും വീട് നിര്‍മാണവും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഇസ്ലാമിന് അകത്തായിരുന്നു. അടുത്തിടെ നാട്ടില്‍ വിവാഹങ്ങളുമായി ഒരുപാട് ആഭാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ‘ലജ്ജയില്ലെങ്കില്‍ നീ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുക’ എന്നൊരു പ്രവാചക വചനമുണ്ട്. അതിന്റെ ശരിയായ അര്‍ഥം മനസ്സിലാവുന്നത് ഇത്തരം പേക്കൂത്തുകള്‍ കാണുമ്പോള്‍ മാത്രമാണ്. ലജ്ജ വിശ്വാസത്തിന്റെ പകുതി എന്നൊക്കെ പറയുന്നത് മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന വലിയ മതില്‍കെട്ടാണ് ലജ്ജ എന്നത് കൊണ്ട് തന്നെയാണ്.

ഉത്തമ സമുദായം എന്ന് റബ്ബ് പേരെടുത്തു പറഞ്ഞ സമുദായം ആ പേരിനു അര്‍ഹനാണോ എന്ന് കൂടി പരിശോധിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ നമ്മെ പ്രേരിപ്പിക്കും. ഉത്തമ സമുദായം എന്നത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉത്തമമാകണം. അതില്ല എന്നതാണ് നാം അനുഭവിക്കുന്ന ദുരന്തവും. അലിയാറിന്റെ തെങ്ങു പോലെ.

Related Articles