Current Date

Search
Close this search box.
Search
Close this search box.

വായ കൊണ്ട് ബിരിയാണി വെക്കാന്‍ മസാല വേണ്ട

‘മുസ്ലിംകളെ കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ഹിന്ദുത്വം. ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലിംകള്‍ക്ക് ഇടമില്ല എന്നല്ല അര്‍ഥം. അവര്‍ കൂടി ചേരുമ്പോള്‍ മാത്രമേ അത്തരമൊന്ന് പൂര്‍ണമാവൂ.’ വായ കൊണ്ട് ബിരിയാണി വെക്കാന്‍ മസാല വേണ്ട എന്നൊരു ചൊല്ലുണ്ട്. ആ ഒരു വിലയെ മോഹന്‍ ഭാഗത്തിന്റെ വാക്കുകള്‍ക്ക് നല്‍കാന്‍ കഴിയൂ. മുസ്ലിംകള്‍ ഈ നാടിന്റെ ഭാഗമായിട്ട് കാലമേറെയായി. അതെ സമയം അവരെ വിദേശി എന്ന ഗണത്തിലാണ് സംഘ പരിവാര്‍ ഇന്നും കണക്കാക്കുന്നത്. അനങ്ങിയാല്‍ മുസ്ലിംകള്‍ ഇന്ത്യ വിട്ടു പോകണം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. സംഘ പരിവാറിന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ട ഒരു കാര്യവും ഇന്ത്യയില്‍ മുസ്ലിംകള്‍ക്കില്ല എന്ന് കൂടി അവര്‍ മനസ്സിലാക്കണം. ജനിച്ച മണ്ണില്‍ അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കുക എന്നത് ഭരണഘടന നല്‍കുന്ന അവകാശമാണ്.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പഠന ശിബിരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃ സംഘമാണ് ആര്‍ എസ് എസ്. അത് കൊണ്ട് തന്നെ സംഘടനയുടെ നേതാവ് പറയുന്നത് സര്‍ക്കാരിന്റെ കൂടി നയമാണ്. ഹിന്ദു എന്നത് കൊണ്ട് ആര്‍ എസ് എസ് ഉദ്ദേശിക്കുന്നത് എന്തെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെയാണ് അവര്‍ ഹിന്ദു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ സംസ്‌കാരം പലപ്പോഴും പലരുടെയും വിശ്വാസത്തിനു എതിരാണ്. ഇന്ത്യ എന്ന രാജ്യത്തോട് നല്‍കേണ്ട എല്ലാ ആദരവും ബഹുമാനവും കടമയും നിര്‍വഹിക്കല്‍ പ്രജകളുടെ നിര്‍ബന്ധിത ബാധ്യതയാണ്. രാജ്യ സ്‌നേഹത്തിന്റെ പേരില്‍ വിശ്വാസത്തിനു എതിര് നില്‍ക്കുന്ന ആചാരങ്ങള്‍ കൂടി അവര്‍ സ്വീകരിക്കണം എന്നിടത്താണ് ആര്‍ എസ് എസ്സും.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ആര്‍ എസ് എസ് നേരിട്ട് പങ്കു വഹിച്ചിട്ടില്ല എന്നത് അംഗീകൃത സത്യമാണ്. അതെ സമയം സമരത്തില്‍ പങ്കെടുത്തതിന് ആര്‍ എസ് എസ് നേതാവ് പലവുരു മാപ്പു എഴുതി കൊടുത്തതും ചരിത്രമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആവേശത്തോടെ പങ്കെടുത്തവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിവെച്ച കെണിയില്‍ കുടുങ്ങി ഇന്ത്യയും പാകിസ്ഥാനും ഉണ്ടായി എന്നത് ഒരു ദുരന്തമായിരുന്നു. ബ്രിട്ടീഷുകാര്‍, ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍ എന്നിവര്‍ ഹിന്ദു ഇന്ത്യയുടെ അകത്തു രൂപം കൊണ്ട വിദേശ വസ്തുക്കളാണ് എന്നതാണ് ആര്‍ എസ് എസ് മുന്നോട്ട് വെച്ച ആശയം. ശത്രുവിനെ പെരുപ്പിച്ചു കാണിച്ചാണ് അവര്‍ സംഘടന വളര്‍ത്തിയത്.

മോദി ഭരണ കാലത്ത് ആര്‍ എസ് എസ്സും അനുബന്ധ സംഘങ്ങളും അതിന്റെ ക്രൂരതയുടെ മുഖം കൂടുതല്‍ മിനുക്കിയിരിക്കുന്നു. ഓരോ കാരണം പറഞ്ഞു ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ നാം എന്നും കണ്ടു കൊണ്ടിരിക്കുന്നു. നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ അവര്‍ നടത്തുന്ന പ്രയത്‌നം നമ്മുടെ മുന്നിലുണ്ട്. മുസ്ലിംകള്‍ക്ക് ഇസ്ലാമായി ജീവിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടന സ്വാതന്ത്ര്യം നല്‍കുന്നു. അതിനു മറ്റാരുടെയും അനുവാദം ആവശ്യമില്ല. മുസ്ലിംകള്‍ അവരുടെ വിശ്വാസവും ആചാരവും ഒഴിവാക്കി ജീവിക്കണം എന്നതാണ് സംഘ പരിവാര്‍ രഹസ്യമായി പറയാന്‍ ശ്രമിക്കുന്നതും.

Related Articles