Current Date

Search
Close this search box.
Search
Close this search box.

ആ ചോദ്യത്തിന് മോഡി ഉത്തരം പറയേണ്ടി വരും

ആദ്യം ആശുപത്രിയിൽ ഒരു ബെഡ് കിട്ടാൻ അവർ വരി നിന്നു. പിന്നെ പ്രാണവായു കിട്ടാൻ അവർ വരിയിൽ നിൽക്കേണ്ടി വന്നു. അവസാനം മരണപ്പെട്ടപ്പോൾ ചിതക്ക്‌ വേണ്ടിയും അവർ വരിയിലാണ്. ഒരു വിദേശ മാധ്യമം ഇന്ത്യൻ സാഹചര്യത്തെ ഇങ്ങിനെയാണ് വിലയിരുത്തിയത്. തിങ്കളാഴ്ച മാത്രം ഡൽഹിയിൽ മരണം നാനൂറിനു അടുത്ത് വരും. പുതുതായി പല ചിതകളും ഉണ്ടാക്കിയെങ്കിലും അതൊന്നും മതിയാവാത്ത അവസ്ഥയിലാണ് രാജ്യ തലസ്ഥാനം. ജോലിക്കാർ ഇടതടവില്ലാതെ കാലത്ത് മുതൽ പാതി രാത്രി വരെ ജോലി ചെയ്യേണ്ടി വരുന്നു. എന്നിട്ടും പല ശവങ്ങളും ചിതയിലേക്കെടുക്കാൻ താമസിക്കുന്നു.

കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ വലിഞ്ഞു മുറുക്കിയിരിക്കുന്നു. ലോകം മുഴുവൻ ഇന്ന് ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്യുന്നു. ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും പ്രാണവായു ഇന്ത്യയിലേക്ക്‌ ഒഴുകുന്നു. തൊട്ടപ്പുറത്ത് പാകിസ്ഥാൻ ഭൂട്ടാൻ തുടങ്ങിയ അയൽവാസികളും തങ്ങളുടെ കടമകൾ നിർവഹിക്കാൻ മുന്നോട്ട് വരുന്നു. രോഗത്തിന്റെ വ്യാപന നിരക്ക് പ്രതിദിനം മൂന്നര ലക്ഷം വരെയെത്തി. ഇന്ന് അതിൽ നിന്നും കുറവാണ് രേഖപ്പെടുത്തിയത്. എങ്കിലും മൂന്നു ലക്ഷത്തിന്റെ മുകളിലാണ് ഇപ്പോഴും കണക്കുകൾ. അതും ഒരാഴ്ച കൊണ്ടാണ് ഇത്രയും വർധനവ്‌ എന്നത് സ്ഥിതിഗതികളുടെ ഗൗരവം തുറന്നു കാണിക്കുന്നു. ശ്മശാനത്തിലെ സ്ഥല ക്കുറവു പരിഗണിച്ചു അടുത്തുള്ള പാർക്കുകൾ പോലും ശവമടക്കിന് വേണ്ടി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

രണ്ടു കോടിയാണ് ഡൽഹിയുടെ ജനസംഖ്യ എന്ന് പറയപ്പെടുന്നു. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പ്രാണവായു കുറഞ്ഞു കൊണ്ടിരിക്കുന്നു. അതെ സമയം ലോക മാധ്യമങ്ങളിലെ തലക്കെട്ടുകളിൽ ഇന്ത്യ ഇപ്പോഴും മുന്നിൽ തന്നെ. “ “as avoidable as it is tragic”. എന്നാണു വാഷിംഗ്‌ടൺ പോസ്റ്റ്‌ വിശേഷിപ്പിച്ചത്‌. ശേഷം അതിനുള്ള കാരണവും അവർ എഴുതി. “രോഗം പൂർണമായി ലോകത്ത് നിന്നും മാറിപ്പോയി എന്നത് പോലെയാണ് ഇന്ത്യൻ സർക്കാർ കാര്യങ്ങളോട് പ്രതികരിച്ചത്”. “ ഒഴിവാക്കാമായിരുന്ന ദുരന്തം” എന്നത് ഒരു സത്യമായി ഇപ്പോൾ അനുഭവപ്പെടുന്നു.

“ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമിത ആത്മവിശ്വാസം രാജ്യത്തിന്റെ വിനാശകരമായ കോവിഡ് -19 പ്രതികരണത്തിന് പിന്നിലുണ്ട്. കാര്യങ്ങളെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു” എന്ന് കൂടി ദി ഗാർഡിയൻ പത്രം പറയുന്നു. “ഭാവി ചരിത്രകാരന്മാർ മോഡിയെ കഠിനമായി വിമർശിക്കാൻ ഇടവരും എന്നുറപ്പാണ്. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ദൗത്യത്തിൽ നിന്നും രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അദ്ദേഹം കൈകൊണ്ട സമീപനം. അതെ സമയം ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും കുറിച്ച് തികച്ചും അശ്രദ്ധമായി അദ്ദേഹം പ്രതികരിച്ചു എന്നും നാളെ പറയാൻ കാരണമാകും”

ഇന്ത്യ പ്രതിരോധ മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ന്യോയോർക്ക് ടൈംസ്‌ പറയുന്നത്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൂടി ഈ അവസ്ഥക്ക് കാരണമാണ് എന്നും അവർ പറയുന്നു. ബി ബി സി , Global Times -China, Time- US , Dawn- Pakistan തുടങ്ങി പല വിദേശ പത്രങ്ങളും ഈ വിഷയത്തെ കാര്യമായി തന്നെ കൈകാര്യം ചെയ്യുന്നു. എല്ലാവരും ഒരേ പോലെ ചോദിക്കുന്ന ചോദ്യം “ എന്ത് കൊണ്ട് സർക്കാർ ഇത്ര അലംഭാവം കാണിച്ചു” എന്നതാണ്.

കൊറോണ ഒന്നാം വരവിൽ ഇന്ത്യയെ കാര്യമായി കൈകര്യം ചെയ്തില്ല. അന്ന് നാം കാണിച്ച ജാഗ്രത തന്നെ കാരണം. പിന്നെ നാം അശ്രദ്ധ കാണിച്ചു. ഒളിച്ചിരുന്ന രോഗം പെട്ടെന്ന് വാതിൽ തുറന്നു അകത്തു കടന്നു. നൂറ്റി മുപ്പതു കോടി ജനങ്ങൾ വസിക്കുന്ന രാജ്യമാണ് നമ്മുടേത്‌. ചേരി പ്രദേശങ്ങൾ നമ്മുടെ നാട്ടിൽ കൂടുതലാണ്. ഇന്ത്യൻ ആരോഗ്യ രംഗം വടക്കേ ഇന്ത്യയിൽ അത്ര മെച്ചമല്ല. ( അത് കൊണ്ടാണ് സ്വകാര്യ മേഖലയെ കൂടി പ്രതിരോധ മരുന്നുകൾ ഏൽപ്പിച്ചത് എന്ന ന്യായം സർക്കാർ ഉന്നയിക്കുന്നതും).

ഇപ്പോൾ നാം കിതക്കുകയാണ്. വേണ്ട ബുദ്ധി വേണ്ട സമയത്ത് ഉണ്ടായില്ല എന്ന തെറ്റിന് ഒരു രാജ്യം മുഴുവൻ പാപം പേറെണ്ട അവസ്ഥയിലാണ് രാജ്യം. ഇന്ത്യൻ ജനസംഖ്യക്ക് ആനുപാതികമായി ആരോഗ്യ മേഖല വികസിച്ചിട്ടില്ല. സ്വാതന്ത്രത്തിന്റെ മുക്കാൻ നൂറ്റാണ്ടു കടന്നു പോയിട്ടും സാധാരണക്കാരന്റെ കാര്യത്തിൽ ഇപ്പോഴും നാം എവിടെയും എത്തിയിട്ടില്ല. ആളുകൾക്ക് സ്വസ്ഥമായി മരിക്കാൻ പ്രാണവായു നൽകാൻ പോലും കഴിയാത്ത അവസ്ഥ ഇപ്പോൾ ലോകത്തിനു വെളിപ്പെട്ടിരിക്കുന്നു. അകത്തെ കറുപ്പ് മാറ്റാൻ പുറത്തു പെയിന്റ് അടിക്കുന്ന ജോലി നാം അവസാനിപ്പിക്കണം.

മോഡി ഒരു പരാജയം എന്ന് നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പറയാൻ മടിക്കുന്നു. ഭയം തന്നെ കാരണം. പക്ഷെ വിദേശ മാധ്യമങ്ങൾ അത് തുറന്നു പരയുകയും ചെയ്യുന്നു. പ്രൌഡമായ ഇന്നലെകൾ ഉണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്‌. ദാരിദ്ര്യം വിളിച്ചറിയിക്കുന്ന ഇന്നിനെ കുറിച്ച് പറയേണ്ടി വരുന്നത് ആരുടെ കുറ്റം കൊണ്ട് എന്ന ചോദ്യത്തിന് മോഡി ഉത്തരം പറയേണ്ടി വരും എന്ന് മാധ്യമങ്ങൾ പറയുന്നത് വെറുതെയാകില്ല എന്നുറപ്പാണ്.

Related Articles