Current Date

Search
Close this search box.
Search
Close this search box.

തല്ലിക്കൊല്ലുന്നത് ദേശീയ ആഘോഷമാക്കുമ്പോള്‍

‘അന്നത്തിനും പഞ്ഞമില്ല ..സ്വര്‍ണത്തിനും പഞ്ഞമില്ല. മണ്ണിതില്‍ കരുണക്കാണ് പഞ്ഞം’. സഹോദരെ ……….. ഈ മലയാള പാട്ടിനു ഒരു അമ്പത് വര്‍ഷത്തെയെങ്കിലും പഴക്കം കാണും. അന്നും കരുണക്ക് തന്നെയാണ് പഞ്ഞം. അന്നത്തെക്കാള്‍ കൂടുതല്‍ ആണ് ഇന്ന് എന്നുവേണം പറയാന്‍. ഭര്‍തൃ സഹോദരന്റെ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ ദുരന്തം ഇന്നലെയാണു നാം വായിച്ചത്. ഇന്നിതാ നമ്മുടെ രാജ്യ തലസ്ഥാനത്തു നിന്നും പുതിയ വാര്‍ത്ത വരുന്നു. ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ഒരു എട്ടു വയസ്സുകാരനെ തല്ലിക്കൊന്നിരിക്കുന്നു.

മുഹമ്മദ് അസീം എന്ന മദ്രസ വിദ്യാര്‍ത്ഥിയാണ് ഈ ദാരുണ അന്ത്യത്തിന് പാത്രമായത്. മദ്‌റസയുടെ സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കെ തൊട്ടടുത്തുള്ള പ്രദേശത്തു നിന്നും വന്ന യുവാക്കള്‍ ഇവരെ ആക്രമിക്കുകയും ചിലര്‍ക്ക് പരുക്ക് പറ്റുകയും അസീമിനെ എടുത്തെറിഞ്ഞ ക്ഷതത്തില്‍ അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തു എന്നാണു വാര്‍ത്ത. അക്രമികള്‍ ഇതിനു മുമ്പും പലപ്പോഴും മദ്രസയുടെ അകത്തേക്ക് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു എന്നും കേള്‍ക്കുന്നു. ഇതെല്ലാം കണ്ടു നിന്ന ഒരു സ്ത്രീ മരണപ്പെട്ട കുട്ടി ജീവനോട് മല്ലിടിച്ചിരിക്കുന്ന സമയത്ത് ‘ഇതിലും വലുത് ഇനിയും വരാനിരിക്കുന്നു’ എന്ന് പ്രതികരിച്ചത്രേ.

സാധാരണ പോലെ ഇതുവരെ ആരെയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. തല്ലിക്കൊല്ലുക എന്നത് അടുത്ത കാലത്തായി നാം ഒരു ദേശീയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. അവിടെ മദ്രസയും പള്ളിയും നിലനില്‍ക്കുന്നത് തന്നെ ചിലരെ അലോസരപ്പെടുത്തിയിരുന്നു എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. സ്ഥലത്തെ ആളുകളില്‍ നിന്നും സ്ഥിരമായി ശല്യം ഉണ്ടായി കൊണ്ടിരിക്കുന്നു. കൊലയില്‍ ഉള്‍പ്പെട്ടവരെ തടഞ്ഞു വെച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് അവരെ മോചിപ്പിച്ചു കൊണ്ട് പോയി എന്നും കേള്‍ക്കുന്നു.

കളിസ്ഥലവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ആരംഭിച്ചത്. ഒരു കാരണത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പ്രതീതിയാണ് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുക. സംഘ പരിവാര്‍ കാലത്ത് സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു വരിക എന്നത് ഒരു അത്ഭുതമല്ല. ഒരു ജനതയോടുള്ള വിദ്വേഷം അവരെ അത്രമാത്രം അനീതി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇവിടെ കാണുന്നത്.

കുട്ടികള്‍ തമ്മിലുള്ള കളിസ്ഥല പ്രശ്‌നം എന്ന് ഇതിനെ വിലയിരുത്താന്‍ കഴിയില്ല. മുമ്പ് നില നിന്നിരുന്ന വിഷയത്തിലേക്ക് ഇതും ഒരു കാരണമായി എന്നെ പറയാന്‍ കഴിയൂ. അത് കൊണ്ടാണ് കുറ്റവാളികളെ നാട്ടുകാര്‍ വന്ന് കൊണ്ടുപോയതും. തല്ലിക്കൊലയുടെ ആദ്യത്തെ ഇരയല്ല അസീം. അവസാനത്തെ ഇരയായിരിക്കട്ടെ എന്ന് എപ്പോഴും ആഗ്രഹിക്കും. അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കാനാണ് സാധ്യത.

കാരണം അധികാരവും സ്വാധീനവും അത്തരം ആളുകളുടെ കയ്യിലാണ് എന്നത് തന്നെ. സമൂഹത്തില്‍ വിഷം കലര്‍ത്തി ഭിന്നിപ്പിക്കുക എന്ന മനസ്സുമായി ജീവിക്കുന്നവരെ നാം കരുതിയിരിക്കണം. ശബരിമലയിലൂടെ അവര്‍ അതിവിടെയും പരിശ്രമിച്ചു നോക്കി. പ്രബുദ്ധ കേരളം അതിനു സമ്മതിച്ചില്ല എന്നിടത്ത് അവര്‍ക്കിടയില്‍ തന്നെ ഭിന്നിപ്പ് രൂപം കൊണ്ടു. സംഘ പരിവാര്‍ കാലത്ത് നല്ല മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുക പരസ്പര ബന്ധം ശക്തിപ്പെടുത്തുക എന്നത് മാത്രമാണ്. മനുഷ്യന്‍ എന്ന പരിഗണന നല്‍കി നാം പരസ്പരം ആദരിക്കുക. സ്‌നേഹമുള്ളിടത്ത് പിശാചു കയറില്ല. വിദ്വേഷമുള്ളിടത്തു പിശാചു സ്ഥിരം താമസക്കാരനാകും.

Related Articles