Your Voice

മുന്‍ വിധികളുടെ കാക്കി ബോധങ്ങള്‍

നമ്മുടെ ഇന്ത്യാ മഹാ രാജ്യത്ത്‌ ന്യൂന പക്ഷങ്ങള്‍‌ക്കും, ഭൂരി പക്ഷങ്ങള്‍‌ക്കും സം‌ഘടിക്കുന്നതിനും പ്രവര്‍‌ത്തിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്‌. തങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ശബ്‌ദിക്കാനും പ്രവര്‍‌ത്തിക്കാനും നിയമ സാധുതയുമുണ്ട്‌.
ഈശ്വര നിരീശ്വര നിര്‍‌മ്മിത രാഷ്‌ട്രീയ രാഷ്‌ട്രീയേതര ദര്‍‌ശനങ്ങളും പ്രത്യയശാസ്‌ത്രങ്ങളും സ്വീകരിക്കാനും പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനും രാജ്യത്തെ നിയമ സം‌ഹിതകള്‍ പൂര്‍‌ണ്ണാനുവാദം നല്‍‌കുന്നുണ്ട്‌.എന്നാല്‍ നിയമ സം‌വിധാനങ്ങളെ വെല്ലു വിളിക്കാനും,അസഹിഷ്‌ണുതാ പരമായി പ്രവര്‍‌ത്തിക്കാനും,പ്രകോപനങ്ങള്‍ സൃഷ്‌ടിക്കാനും സാമൂഹ്യാവസ്ഥയുടെ സുസ്ഥിരത തകര്‍‌ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ നടത്താനും ആര്‍‌ക്കും അവകാശമില്ല.അഥവാ മതമുള്ളവനും ഇല്ലാത്തവനും ഒരേ നീതിയാണ്‌ രാജ്യത്തിന്റെ വിഭാവന.
ഇവിടെ നിയമ സംവിധാനങ്ങളുടെ ചട്ടക്കൂട്‌ പൊളിച്ചടക്കാനുള്ള പച്ചയായ നിയമരാഹിത്യ പ്രകടനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ നേതൃത്വങ്ങളും സം‌ഘങ്ങളും സം‌ഘടനകളും ഏതാണെന്നത് അറിയാത്തവര്‍ ആരും ഉണ്ടാകുകയില്ല.
കാട്ടു മൃഗങ്ങളെക്കാള്‍ അലമുറയിട്ട്‌ അട്ടഹസിക്കുന്ന രാഷ്‌ട്രീയ അരാഷ്‌ട്രീയ പാര്‍‌ട്ടികളുടെ സ്വൈര്യ വിഹാരം.വെട്ടും തടയും പരസ്‌പര അങ്കക്കുറിക്കലുകളും വാക് പയറ്റും വാള്‍‌ പയറ്റും തുടങ്ങി സം‌സ്‌കാര ഹീനമെന്ന പ്രയോഗത്തിനും അപ്പുറം.അശ്‌ളിലവും അക്രമോത്സുകതയും കൊണ്ട്‌ ആറാടുന്നവര്‍,തീവ്രതയുടെ ഭീകരതയുടെ സകല സീമകള്‍‌ക്കുമപ്പുറം എന്ന പ്രയോഗം പോലും പോരാത്ത ദുരവസ്ഥ.
വര്‍‌ണ്ണ വെറിയുടെ,വം‌ശീയതയുടെ,വര്‍‌ഗീയതയുടെ വിഷം തുപ്പി ഉന്മാദ ദേശീയതയുടെ ചവിട്ടു നാടകം. കാടിളക്കി നാട്ടു മഹാരാജ സിംഹങ്ങളുടെ കഠിനകഠോര ഗര്‍ജ്ജനം.പേടിച്ചരണ്ട പേടമാന്‍ കൂട്ടങ്ങളുടെ കൂട്ട പലായനം.ഒറ്റപ്പെട്ടാല്‍ ചുട്ടു കൊല്ലും. കൂട്ടം കൂടിയാല്‍ ആട്ടിയോടിക്കും. പ്രതിരോധിച്ചാല്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.ഗത്യന്തരമില്ലാതെ താങ്ങും തണലുമില്ലാതെ അരക്ഷിതാവസ്ഥയുടെ അക്ഷരാര്‍‌ഥാവസ്ഥയില്‍ അവര്‍‌ണ്ണരും അശരണരും അഗതികളും പട്ടികയില്‍ പെടുന്നവരും പെടാത്തവരും.അധികാര ഗരിമയുടെ രഥോത്സവങ്ങളുടെ അവര്‍‌ണ്ണനീയമായ തേരോട്ടം.
ഇത്തരം സം‌ഘങ്ങളാണത്രെ രാജ്യത്തിന്റെ ശരാശരി നിലപാടില്‍ ജനാധിപത്യ ധാരയിലുള്ളവരും ദേശീയ ബോധമുള്ളവരും മിതവാദികളും.
അത്യുന്നത നിലവാരത്തിലുള്ള ആശയ സം‌വാദം നടത്തുന്നവര്‍. അതിരുവിടാത്ത സമര മുറകള്‍ സ്വീകരിക്കുന്നവര്‍.സാം‌സ്‌കാരികമായ നിലവാരമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍.സാന്ത്വനത്തിന്റെ തൂവല്‍ സ്‌പര്‍‌ശവുമായി ജനസേവന മാതൃക കാണിക്കുന്നവര്‍,.സന്നദ്ധ പാതയില്‍ നിതാന്ത ജാഗ്രത പുലര്‍‌ത്തുന്നവര്‍,അടിസ്ഥാന വര്‍‌ഗ്ഗങ്ങള്‍‌ക്ക്‌ വേണ്ടിയും അതിരു വല്‍‌ക്കരിക്കപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയും ഒച്ച വെക്കുന്നവര്‍,അടിച്ചമര്‍‌ത്തപ്പെടുന്നവരുടെ അവകാശങ്ങള്‍‌ക്ക്‌ വേണ്ടി പോരടിക്കുന്നവര്‍.രാജ്യ താല്‍‌പര്യത്തിനായി എന്തും സഹിക്കാനും ത്യജിക്കാനും മനസ്സാന്നിധ്യമുള്ളവര്‍.ഇവരാണത്രെ കപട രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വിചാരങ്ങളിലും അവരുടെ ദിശാ സൂചികയുടെ നിഴല്‍ പറ്റിയ വൃന്ദത്തിന്റെ കാഴ്‌ചപ്പാടുകളിലും തീവ്ര വാദികളും ഭീകരവാദികളും.
രാജ്യ നന്മ എന്നതിലുപരി ലോക നന്മ കാം‌ക്ഷിക്കുന്ന ഈ സം‌ഘത്തിനും അതിന്റെ സഹയാത്രികര്‍‌ക്കും നേരെ കണ്ണുരുട്ടുന്ന കാക്കിക്കുപ്പായക്കാരും അവരുടെ മേലാളന്മാരും ഇവരെയൊക്കെ പറഞ്ഞ്‌ പറഞ്ഞ്‌ വശം‌വദരാക്കിയ കാവിക്കൊടിക്കാരും.ഈ വം‌ശ വെറിയന്മാരുടെ ഈരടികള്‍‌ക്കൊപ്പം ചുവട്‌ വെയ്‌ക്കുന്ന കടുകടുപ്പം നിണ നിറമുള്ള ചെങ്കൊടിക്കാരും!പേരെ പൂരം.
ക്ഷേമ രാഷ്‌ട്ര സങ്കല്‍‌പത്തെ നെഞ്ചേറ്റിയവരും അവരുടെ വിദ്യാര്‍‌ഥി യുവജന വിഭാഗങ്ങളും നിയമപാലകരില്‍ നിന്നും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ദൗര്‍‌ഭാഗ്യകരമായ സം‌ഭവ വികാസങ്ങള്‍ അത്യന്തം ഖേദകരമത്രെ.
കാവി ഭീകരതയുടെ ഛായം ചേര്‍‌ന്ന കാക്കി കുപ്പായക്കാരുടെ മുന്‍‌ധാരണകള്‍ ഒരു സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന അനാരോഗ്യകരമായ നിയമ വാഴ്‌ചയും വീഴ്‌ചയും ഒരു സംസ്‌കൃത സമൂഹത്തിന്റെ പ്രതിഛായക്ക്‌ തന്നെ കളങ്കം ചാര്‍‌ത്തും.

Author
Abdul Azeez Manjiyil
Facebook Comments
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Related Articles

Close
Close