Current Date

Search
Close this search box.
Search
Close this search box.

എന്നാലും ആശങ്കയോടെ തന്നെ കാണും

മ്യാന്മറിലെ സൈനിക അട്ടിമറിയിൽ വലിയ അത്ഭുതമില്ല. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ അവിടെ ജനാധിപത്യത്തിനുമേൽ സൈന്യം മേധാവിത്തം കാട്ടിയിട്ടുണ്ട്. 1962 മുതൽ 1988 വരെ സൈന്യവും മിലിട്ടറിയോട് കൂറ് പുലർത്തിയ ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി യുടെ ഏക കക്ഷി ഭരണവുമായിരുന്നു അവിടെ.

സൈനിക ഭരണകാലത്ത് തയ്യാറാക്കിയതും നടപ്പിലാക്കിയതുമായ 2008 ലെ ഭരണഘടന തന്നെ ഒരു അഡ്ജസ്റ്റ്മെന്റാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തിന് രാജ്യത്തിന്മേൽ ആത്യന്തിക നിയന്ത്രണം നിലനിർത്താനും കഴിയുന്ന ഒരു ചാർട്ടർ നിലനിൽക്കുമ്പോൾ ജനാധിപത്യത്തിന് എന്തു പ്രസക്തി? മാത്രമല്ല, പാർലമെന്റിലെ 25 ശതമാനം സീറ്റുകളും പ്രതിരോധം, സുരക്ഷ ഉൾപ്പെടെയുള്ള നിരവധി പ്രധാന മന്ത്രാലയങ്ങളുടെ നിയന്ത്രണവും തത് മദോ എന്നറിയപ്പെടുന്ന സൈന്യത്തിനാണ്.

2015ലെ തെരഞ്ഞെടുപ്പിൽ ഓങ് സാൻ സുചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (NLD) മികച്ച വിജയം നേടിയിട്ടും ഭരണഘടനാ പരമായി വിലക്കുള്ളതിനാൽ അവർക്ക് പ്രസിഡണ്ടാവാൻ കഴിഞ്ഞില്ല. എന്നാൽ, പ്രധാന മന്ത്രിയുടെ പദവിയുള്ള സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്ത് അവരോധിതയായതോടെ അധികാരം നിലനിർത്താനായി സകല മാനുഷിക മൂല്യങ്ങളും കൈവിടുന്ന സുചിയെയാണ് ലോകം കണ്ടത്.

സൈന്യത്തിനും ബുദ്ധിസ്റ്റ് ഭീകരർക്കും കീഴൊതുങ്ങി സ്വന്തം ജനതയെ (റോഹിൻഗ്യ) കൂട്ടക്കൊല ചെയ്തതിനെ അന്താരാഷ്ട്ര ഫോറങ്ങളിൽ പോലും അവർ ന്യായീകരിച്ചു. സൂചിക്ക് നൽകിയ നൊബേൽ സമ്മാനം തിരിച്ചു വാങ്ങണമെന്ന ആവശ്യം പോലും ഉയർത്തിയ സംഭവം ആയിരുന്നു അത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഇരു സഭകളിലുമായി 476ൽ 396 സീറ്റുകളും സുചിയുടെ പാർട്ടിക്കായിരുന്നു. ഇലക്ഷനിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്ന സൈന്യത്തിന്റെ ആരോപണം ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞയാഴ്ച്ച തള്ളുകയും ചെയ്തതാണ്.

മ്യാൻമറിൽ മിലിട്ടറിയാണ് അധികാരം കവർന്നതെങ്കിൽ നമ്മുടെ നാട്ടിൽ ജനാധിപത്യത്തിന്റെ കുപ്പായമിട്ടവരാണ് മിലിട്ടറി ജണ്ടയുടെ പണി ചെയ്യുന്നത്. അവർ പാർലമെന്റിനെ നോക്കുകുത്തിയാക്കി നിയമങ്ങൾ ചുട്ടെടുക്കുന്നു. കർഷക ദ്രോഹ നിയമം, കശ്‍മീർ, നോട്ടു നിരോധന ഓർഡിനൻസുകൾ, പൗരത്വ നിയമങ്ങൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാലും മ്യാന്മറിലെ സൈനിക അട്ടിമറിയെ നമ്മൾ ആശങ്കയോടെ തന്നെ കാണും.

Related Articles