മടിയില്‍ കനമുള്ളവര്‍ക്കു മാത്രമാണ് വഴിയില്‍ കിടക്കാന്‍ പേടി എന്നത് പോലെയാണ് പ്രസിഡണ്ട് ട്രംപിന്റെ അവസ്ഥ. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ നീക്കിയതിനു പിന്നാലെ പ്രസിഡന്റിന്റെ അടുത്ത കണ്ണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തുന്ന സ്‌പെഷ്യല്‍ കൗണ്‍സലര്‍ റോബര്‍ട്ട് മുള്ളറിന്റെ നേര്‍ക്കാണ്. റോബര്‍ട്ട് മുള്ളറിനെ മാറ്റാന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞു ആയിരക്കണക്കിന് പേര്‍ ഇന്നലെ അമേരിക്കന്‍ തെരുവുകളില്‍ പ്രകടനം നടത്തി. മാത്യു വിറ്റക്കര്‍ എന്ന പ്രസിഡന്റിനോട് അടുപ്പം കാണിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കാനാണ് തീരുമാനം. മാത്യു വിറ്റക്കര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
റഷ്യക്ക് വിവരം ചോര്‍ത്തി നല്‍കി എന്നതിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ഇതുവരെ ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കിനായിരുന്നു എന്നതിനാല്‍ അന്വേഷണത്തെ പ്രസിഡന്റ് അത്ര ഭയന്നിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. തിരഞ്ഞെടുപ്പ് ഫലം വന്ന ആദ്യ അവസരത്തില്‍ തന്നെ റഷ്യന്‍ ഇടപെടല്‍ അന്വേഷണം ഊര്‍ജിതമാക്കും എന്ന് ഡെമോക്രാറ്റ്‌സുകള്‍ പറഞ്ഞിരുന്നു. ഉണ്ടാക്കി കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പലരെയും കുറിച്ച് സൂചനയുണ്ട് എന്നും പറഞ്ഞു കേള്‍ക്കുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍, അദ്ദേഹത്തിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹെ എന്നിവരും ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതെ സമയം മുള്ളര്‍ അന്വേഷണം അതിന്റെ ഉദ്ദേശത്തില്‍ നിന്നും മാറ്റി കൊണ്ട് പോകുന്നു എന്നൊരു ആരോപണവും റിപ്പബ്ലിക്കന്‍ വിഭാഗം ഉയര്‍ത്തുന്നു.
നിയമത്തെയും നടപടികളെയും ഭരണഘടനയെയും ട്രംപ് ഭരണകൂടം ബഹുമാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതായിരുന്നു പ്രകടനക്കാരുടെ ആരോപണം. രാഷ്ട്രീയത്തെ ഉപയോഗിച്ച് ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം അമേരിക്കന്‍ ജനാധിപത്യത്തെ തകര്‍ക്കും എന്നും പ്രകടനക്കാര്‍ ഉന്നയിക്കുന്നു. ഈ വിഷയത്തില്‍ പ്രസിഡന്റ് എന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഡെമോക്രാറ്റ്‌സുകള്‍ ഉന്നയിക്കുന്നത്. സെനറ്റിനെ ഉപയോഗിച്ച് ജനപതിനിധി സഭയെ എങ്ങിനെ ഒതുക്കാം എന്നതാണ് ട്രംപ് ചിന്തിക്കുന്നത്. തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സ്വീകരിച്ച തീര്‍ത്തും പ്രതിലോമകരമായ രീതി തന്നെയായിടുന്നു ട്രംപ് ഈ തിരഞ്ഞെടുപ്പിലും സ്വീകരിച്ചത്. അമേരിക്കന്‍ ദേശീയത എന്നതിലൂന്നിയായിരുന്നു അന്ന് ട്രംപ് വോട്ടു ചോദിച്ചത്. ഭ്രാന്തമായ ദേശീയത കൊണ്ട് അമേരിക്ക ലോകത്തില്‍ കൂടുതല്‍ ഒറ്റപ്പെടും എന്ന തിരിച്ചറിവാണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ആളുകള്‍ മറിച്ചു ചിന്തിക്കാന്‍ കാരണം എന്നാണ് പൊതുവെ വിലയിരുത്തല്‍.