Current Date

Search
Close this search box.
Search
Close this search box.

പോർഷ്യകളാവുക ; ഷൈലോക്കുമാരല്ല

കാരുണ്യം ഇനിയും വറ്റിത്തീരാത്ത നല്ല മനസ്സുകൾ … കോവിഡാന്തര ലോകത്ത്
പ്രവാസികളുടെ കൂട്ടമായുള്ള നാടണയലുമായി ബന്ധപ്പെട്ട് പാറക്കടവ് എഴുതിയ കവിതയിലെ ഒരു വരിയാണിത്. നമ്മുടെ നാട്ടിലെ ഓരോ മുക്കുമൂലകളിലും ചിരിച്ചു നില്ക്കുന്ന കോൺക്രീറ്റ് കാടുകൾ നിലനിൽക്കുവോളമെങ്കിലും അവരോട് അല്പം സ്നേഹവും കാരുണ്യവും പരിഗണയും വേണ്ടിയിരുന്നുവെന്ന് ചില പ്രവാസികളുടെ നാടണയലുമായി ബന്ധപ്പെട്ട പ്രയാസമുണ്ടാക്കുന്ന വീഡിയോ ക്ലിപ്പ്, വാർത്തകൾക്കിടയിലാണ് മൂർച്ചയുള്ള ആ വരികൾ മനസ്സിൽ എവിടെയോ കൊളുത്തി വലിച്ചത്.

വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിർത്തികൾ എന്നിവയ്ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് കാരുണ്യം. എല്ലാ വർഷവും നവംബർ 13 ന് ലോക കാരുണ്യ ദിനമായി ലോകാടിസ്ഥാനത്തിൽ ആചരിക്കുന്നു.

വിവിധ രാജ്യങ്ങളിലുള്ള കൈൻഡ്നെസ്സ് എൻ‌ജി‌ഒകളുടെ കൂട്ടായ്മയായ വേൾഡ് കൈൻഡ് മൂവ്മെന്റ് 1998 ലാണ് ഈ ചിന്ത ലോകത്ത് അവതരിപ്പിക്കുന്നത്.കാനഡ, ഓസ്‌ട്രേലിയ, നൈജീരിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും അന്ന് മുതൽ ആചരിക്കപ്പെടുന്നു. 2009 ൽ മാത്രമാണ് സിംഗപ്പൂർ ,ഇറ്റലി, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അതേറ്റെടുക്കുന്നത്. യുകെയിൽ, ലൂയിസ് ബർഫിറ്റ്-ഡോൺസിനൊപ്പം ദിനം സ്ഥാപിച്ച ഡേവിഡ് ജാമിലിയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്.

Also read: ഭാവി കാത്തിരുന്ന് കാണാം

സമൂഹത്തിന്റെ സത്പ്രവൃത്തികളിലും മാനവസമൂഹത്തെ ബന്ധിപ്പിക്കുന്ന കാരുണ്യത്തിനു ഭീഷണിയായ എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ നിലകൊള്ളുവാൻ ലോക കാരുണ്യ ദിനാചരണം ഉദ്ദേശിക്കുന്നു.

പണ്ട് പ്രീഡിഗ്രിക്ക് പഠിച്ച ഷേക്സ്പിയറിന്റെ മെർച്ചന്റ് ഓഫ് വെനീസിൽ
കടത്തോടൊപ്പം പലിശയോ കടക്കാരന്റെ മാംസമോ മാത്രം കൊണ്ട് തൃപ്തിയടയുന്ന ഷൈലോക്ക് എന്ന എക്കാലത്തെയും കൂട്ടുപലിശയുടെ രൂപകത്തോട്
ആൺവക്കീലിന്റെ വേഷം കെട്ടിയ പോർഷ്യയെന്ന യുവതി കടബാധ്യതയുള്ള അന്റോണിയോ എന്ന പാവത്തെ ഫീസു പോലും വാങ്ങാതെ സഹായിക്കാനെത്തുന്ന ഒരു രംഗമുണ്ട്. നിയമംപറഞ്ഞു വാദിച്ചു ജയിക്കാനാവില്ലെന്നു നിശ്ചയമുള്ള പോർഷ്യ, ഷൈലോക്കിന്റെ കാരുണ്യത്തിന് അപേക്ഷിക്കുകയെന്ന തന്ത്രമെടുക്കുന്നു. ഞാനെന്തിനു കരുണ കാട്ടണമെന്നു ചോദിക്കുന്ന ഷൈലോക്കിനുള്ള മറുപടിയാണ് പ്രസ്തുത നാടകത്തെ
അനശ്വരമാക്കിത്തീർക്കുന്നത്.

“നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ വരുത്തേണ്ടതല്ല കാരുണ്യം. ആകാശത്തുനിന്നു സൗമ്യമായി ഭൂമിയിലേക്കു പെയ്തുവീഴുന്ന മഴ പോലെ സ്വാഭാവികമായി ഒഴുകിയെത്തണം. കരുണ കാട്ടുന്നയാളും കിട്ടുന്നയാളും ഇതുവഴി ധന്യരാകുന്നു ”
(മെർച്ചന്റ് ഓഫ് വെനീസ് 4:1: 173–176)

റഹ്മത്തിനെ കുറിച്ച്, പതിനായരങ്ങൾ കൂലിവാങ്ങിയുള്ള മത പ്രഭാഷണങ്ങളേക്കാൾ ഏതായാലും ആഴത്തിൽ ചെലുത്തുന്ന സ്വാധീനം ദയാതുരമായ പോർഷ്യയുടെ കൂലി വാങ്ങാത്ത ആ ഒറ്റ വാചകത്തിനുണ്ട്.

നിന്റെ ഹൃദയത്തിലെ റഹ്‌മത്ത് നഷ്ടപ്പെട്ടാൽ എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞ പ്രവാചക വചനമാണ് കുറിപ്പുകാരന്റെ മനോമുകുരത്തിൽ പെട്ടെന്നോർമ്മ വന്ന ഉപരി സൂചിത വാചകത്തേക്കാൾ വളരെ ലളിതമായ, അഖ്റഅ് എന്ന കാട്ടറബിയുടെ ഉറക്കം കെടുത്തിയ വാചകം . ഖുർആനിൽ നൂറിലേറെയും ഹദീസുകളിൽ അതിനേക്കാൾ ഇരട്ടിയും ഉപയോഗിച്ചിട്ടുള്ള റഹ്മത്ത് റഹ്മാനും റഹീമുമായ അല്ലാഹുവിൽ ചാർത്തികൊടുത്ത് സഹസ്രനാമ യജ്ഞം നിർവഹിക്കുകയല്ല  تخلقوا بأخلاق الله എന്ന അത്യുന്നത വിതാനത്തിലേക്ക് ഉയരുക മാത്രമാണ് പരിഹാരം. അഥവാ അത്യുന്നതമായ ദൈവിക ഗുണങ്ങളെ നെഞ്ചിലേറ്റുക.

Also read: ആ പാദചാരിയുടെ പാവനസ്മരണക്ക്

താൻ കഴിക്കുന്ന പച്ചക്കറിയരിയുന്ന ലാഘവത്തിൽ പശുവിറച്ചി തിന്നവനെ കൊല്ലുന്നവരും അംഹിസാ മന്ത്രങ്ങളോതി റോഹിങ്ക്യരെ അടിച്ചു പുറത്താക്കുന്നവരും സ്നേഹത്തിന്റെ പ്രഘോഷണം നടത്തി തങ്ങളുടെ നാട്ടിലെ ന്യൂനപക്ഷങ്ങളെ യഹോവയിലേക്ക് അയക്കുന്നവരും സ്വന്തം അധ്യാപകനെ നിർദാക്ഷിണ്യം കൊന്നു തള്ളുന്ന മനോരോഗികളും ഉദ്ഘോഷിക്കുന്നത് ദൈവപ്രോക്ത ഗ്രന്ഥങ്ങൾ പ്രസരിപ്പിക്കുന്ന കാരുണ്യ പാഠങ്ങളല്ലെന്നുറപ്പ്.

വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ശോകത്തിൽ നിന്നു മാനിഷാദ മന്ത്രിച്ച വാൽമീകിമാരേയും തന്നെ ശാരീരികമായി പീഡിപ്പിച്ചവർക്ക് വേണ്ടി പാപമോചനത്തിന് വേണ്ടി പ്രാർഥിച്ച പ്രവാചകന്മാരുടെ അധ്യാപനങ്ങളെ സജീവമാക്കുന്ന യഥാർഥ കാരുണ്യ സ്നേഹികളേയും മാംസക്കൊതിയരായ ഷൈലോക്കുമാരുടെ മുമ്പിൽ കാരുണ്യാർഥന നടത്തുന്ന പോർഷ്യകളേയോ ആണ് ഇന്നത്തെ ലോകം തേടുന്നത് .

(നവം:13 ആഗോള കാരുണ്യ ദിനം)

Related Articles