Your Voice

‘മീ ടൂ’ കാമ്പയിനും പുതിയ ഫാഷനോ ?

ബാബരി മസ്ജിദ് പൊളിക്കുന്ന സമയത്തു വടക്കേ ഇന്ത്യയില്‍ കണക്കു പഠിപ്പിക്കാന്‍ ഉപയോഗിച്ച രീതി ഇങ്ങിനെയാണെന്ന് പറയപ്പെടുന്നു.
‘ഒരു പള്ളി പൊളിക്കാന് നൂറു പേര് അപ്പോള്‍ പത്തു പള്ളി പൊളിക്കാന്‍ എത്ര പേര് വേണം’ പത്തിനെ നൂറു കൊണ്ട് എങ്ങിനെ ഗുണിക്കണം എന്ന് പഠിപ്പിക്കുന്നതിനേക്കാള്‍ അവിടെ മനസ്സിലാക്കപ്പെടുന്ന രാഷ്ട്രീയം പള്ളി പൊളിക്കല്‍ ഒരു സാധാ സംഭവം എന്നതാണ്. ഒരു പെന്‍സില്‍ വാങ്ങാന്‍ പത്തു പൈസ എന്നതില്‍ നിന്നും ഒരു പള്ളി പൊളിക്കാന്‍ എന്ന് വന്നാല്‍ പെന്‍സില്‍ വാങ്ങുന്ന ഗൗരവത്തിലേക്ക് പള്ളി പൊളിക്കലും മാറിക്കിട്ടും എന്നത് കൂടി അതിന്റെ ബാക്കി പത്രമാണ്.

എങ്ങിനെയാണ് തിന്മകള്‍ ലഘൂകരിക്കപ്പെടുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം സമൂഹം അതിനെ എങ്ങിനെ കാണുന്നു എന്നത് നോക്കിയാണ്. ആധുനിക കാലത്തെ പ്രത്യേകത തിന്മ എന്നൊന്നില്ല എന്നതാണ്. അടുത്ത കാലം വരെ സമൂഹം തിന്മയും മ്ലേച്ഛവുമായി കരുതിയിരുന്ന പലതും ഇന്ന് മാന്യതയുടെ പര്യായമാണ്. പുതിയ ഫാഷനായ ‘മീ ടൂ’ കാമ്പയിനും ആത്യന്തികമായി ചെയ്യുന്നത് അത് തന്നെയാണ്. സ്ത്രീയോ പുരുഷനോ ആരുമാവട്ടെ അവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കാന്‍ വ്യക്തമായ തെളിവ് വേണം എന്നായിരുന്നു നമ്മുടെ നിഗമനം. പലപ്പോഴും ഇരകള്‍ മറ്റു പല വിഷയങ്ങള്‍ക്കും അടിമപ്പെട്ടു നിശ്ശബ്ദരാക്കപ്പെടുന്നു എന്നത് ശരിയാണ്. അത് കൊണ്ട് തന്നെ പല പീഡനങ്ങളും പുറത്തു വരാതെ പോകുന്നു. അത്തരം അവസ്ഥകള്‍ വരാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

‘……….with many local and international alternatives, is a movement against sexual harassment and sexual assault. #MeToo spread virally in October 2017 as a hashtag used on social media in an attempt to demonstrate the widespread prevalence of sexual assault and harassment, especially in the workplace. …………………… ‘give people a sense of the magnitude of the problem’.

ജോലി സ്ഥലങ്ങളിലും മറ്റും പീഡനം സഹിക്കേണ്ടി വരുന്നവര്‍ക്ക് ഒരു ജാഗ്രത നിര്‍ദ്ദേശവും പീഡനം നടത്തുന്നവര്‍ക്ക് ഒരു താക്കീതും എന്നതാണ് ഈ കാമ്പയിന്റെ ഉദ്ദേശമായി പറയുന്നത്. പീഡനം ഒരു സുഖമുള്ള വാര്‍ത്തയല്ല. സമൂഹത്തിന്റെ മോശം വശമാണ് അത് കാണിക്കുന്നത്. അങ്ങിനെ പീഡന ശ്രമത്തിനു ഇരയായാല്‍ അതിനു നടപടി സ്വീകരിക്കാന്‍ ഇരകളെ ബോധവാന്മാരാക്കുക, പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുക എന്നതാണ് ഈ കാമ്പയിന്റെ മറ്റൊരു ഉദ്ദേശം.

എന്തൊക്കെ പറഞ്ഞാലും ‘മി ടൂ’ കാമ്പയില്‍ അതിന്റെ ഗൗരവത്തില്‍ നിന്നും മാറി പോയിരിക്കുന്നു. വായനക്കും കേള്‍വിക്കും സുഖമുള്ള ഒരു വാര്‍ത്തയായി ഇത് പരിണമിച്ചിരിക്കുന്നു. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്നിടത്തേക്കു കാര്യങ്ങള്‍ നീണ്ടു പോകും. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തെറ്റ് എന്നും തെറ്റ് തന്നെയാണ്. ചിലരുടെ വെളിപ്പെടുത്തലില്‍ അവര്‍ തന്നെ പറയുന്നത് ‘നടപടി ആവശ്യപ്പെട്ടിട്ടല്ല, എങ്കിലും പറയുന്നു’ എന്ന തലക്കെട്ടിലാണ്. തിന്മകള്‍ അധികരിക്കുന്നു എന്നത് പോലെ മോശമാണ് അതിനു പ്രചാരണം ലഭിക്കുന്നു എന്നതും.

മ്ലേച്ഛതകള്‍ പരിധിയില്ലാതെ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിനിയോടുള്ള സമൂഹത്തിന്റെ ഗൗരവം കുറഞ്ഞു പോകുന്നു എന്നു വരും. തിന്മകളോട് മൂന്നു രീതിയില്‍ പ്രതികരിക്കാം എന്നതാണ് ഇസ്ലാമിക രീതി. ഒന്ന് കൈകൊണ്ടു തടയാം. ഭരണകൂടങ്ങള്‍ വ്യക്തി സ്വാതന്ത്രത്തിന്റെ പേരില്‍ പല തിന്മകളെയും തിന്മയുടെ കണക്കില്‍ നിന്നും മാറ്റിയിട്ടുണ്ട്. അധികാരമുള്ളവര്‍ ഒത്താശ ചെയ്യുമ്പോള്‍ ‘കൈകൊണ്ടു തടയുക’ എന്നത് ഒരു സ്വപ്നം മാത്രമാണ്. അടുത്ത പടി നാവിന്റെതാണ്. അതിന്റെ ഭാഗമായാണ് നമ്മില്‍ പലരും കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിച്ച് വിഷയത്തിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതും. അതിന്റെ മൂന്നാമത്തെ വശമാണ് കൂടുതല്‍ പ്രാധാന്യം. അതായത് മനസ്സ് കൊണ്ട് വെറുക്കുക. തെറ്റുകള്‍ തെറ്റുകളായി നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ഈ നിലപാട് സ്വീകരിക്കാന്‍ കഴിയുക. തിന്മകള്‍ നന്മകള്‍ പ്രചരിക്കേണ്ട വേഗതയിലും അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയിലും പ്രചരിച്ചു കൊണ്ടിരിക്കുന്നു എന്നത് തീര്‍ത്തും ഒരു ദുരന്തമാണ്. ഇത്തരം പ്രവണകള്‍ ഒരു പക്ഷെ തെറ്റുകളോടുള്ള സമീപനങ്ങളില്‍ ഗൗരവം കുറച്ചേക്കാം.

സെലിബ്രിറ്റികളുടെ സ്വകാര്യ കഥകള്‍ പണ്ടും സമൂഹത്തിനു ഹരമാണ്. അത് കൊണ്ട് തന്നെയാണ് അതിനു ഇത്ര പ്രചാരം ലഭിക്കുന്നതും.വ്യഭിചാര ആരോപണം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍. സ്ത്രീ പീഡനം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്നു എന്നത് സ്ത്രീയെ ബഹുമാനിക്കാന്‍ സമൂഹം ഇനിയും പഠിക്കണം എന്നത് തന്നെയാണ്. ദിനേന വെളിപ്പെടുത്തലുകള്‍ വരുന്നു. പക്ഷെ നടപടി എവിടെയും കാണുന്നില്ല, അത് കൊണ്ട് തന്നെ ഇതൊരു ഇക്കിളി കഥയായി അവസാനിക്കുന്നു. പത്രവും ചാനലും തുറന്നാല്‍ അടുത്ത കഥ ആരുടേത് എന്ന് അന്വേഷിക്കുന്ന നിലയിലേക്ക് സമൂഹം മാറുന്നുവോ എന്ന് ചോദിക്കേണ്ടി വരും.

പീഡിപ്പിച്ചു എന്നതിനേക്കാള്‍ നല്ലത് അതിനുള്ള സാഹചര്യം ഒരുക്കാതിരിക്കുക എന്നതാണ്. അതിനാണ് മീ ടൂ കാമ്പയിന്‍ ശ്രദ്ധ നല്‍കുന്നതും. സമൂഹത്തിന്റെ ജാഗ്രത വര്‍ധിപ്പിക്കാനുള്ള കാമ്പയിന്‍ സമൂഹത്തിന്റെ ആസ്വാദന രീതിയായി മാറാതിരിക്കട്ടെ. കണക്കു പഠിച്ചില്ലെങ്കിലും പള്ളി പൊളിക്കല്‍ ഒരു വിഷയമല്ല എന്ന പാഠം കുട്ടികള്‍ പഠിച്ചിരിക്കും.

Facebook Comments
Show More

Related Articles

Close
Close