Current Date

Search
Close this search box.
Search
Close this search box.

മൗലാന ആസാദും മൗലാന മൗദൂദിയും

‘മൗലാനാ ആസാദിനെ മൗദൂദിയാക്കുന്നവർ’ എന്ന തലക്കെട്ടിൽ ഹമീദ് ചേന്നമംഗലൂർ എഴുതിയത് (സമകാലിക മലയാളം-feb15-2021) അദ്ദേഹത്തിന്റെ മാറാരോഗമായ ജമാഅത്തെ ഇസ്ലാമി വിരോധം തന്നെയാണ്.

എല്ലാ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമായ ഏക മഹാശക്തിയുടെ നിയമനിർദ്ദേശങ്ങൾ അവന്റെ ഭൂമിയിൽ അവന്റെ സൃഷ്ടികൾക്കിടയിൽ പുലരണമെന്നതാണ് ‘ഹുകുമത്തെ ഇലാഹി’ യുടെ പൊരുൾ. ഇതേ ശീർഷകത്തിൽ ആസാദ് ‘അൽ ഹിലാൽ’ മാസികയിൽ എഴുതിയ ലേഖനം പിൽക്കാലത്ത് ‘പ്രബോധനത്തിൽ’ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആൻ വ്യാഖ്യാതാവ് കൂടിയായ ആസാദ് ധാരാളം ഖുർആനിക സൂക്തങ്ങളുടെ പിൻബലത്തോടെ എഴുതിയ പ്രസ്തുത ലേഖനം ഏറെ ശക്തവും ചിന്തനീയവുമാണ്.

പിൽക്കാലത്ത് ഇന്ത്യയുടെ സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും കോൺഗ്രസ്‌ പ്രവർത്തനങ്ങളിലായിരുന്നു. പക്ഷേ താൻ ആദ്യകാലത്ത് എഴുതിയതിനെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. തന്റെ ജീവിതകാലത്ത് ആസാദ് മൗലാനാ മൗദൂദിയെ വിമർശിച്ചതായും അറിയില്ല. കോൺഗ്രസിലെ ധാരാളം പേർ മൗലാന മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും വളരെ മതിപ്പോടെ വീക്ഷിച്ച വരായിരുന്നു. ഗാന്ധിജി തന്നെ സ്വാതന്ത്ര്യത്തിനുമുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ പാറ്റ്ന സമ്മേളനത്തിൽ സംബന്ധിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസിലെ സയ്യിദ് മഹ്മൂദിനെ പോലുള്ള പല മുതിർന്ന നേതാക്കളും ഇന്ത്യയിലെ പ്രഥമ ജമാഅത്ത് അമീറായിരുന്ന മൗ:അബുലൈസ് ഇസ്ലാഹിയുൾപെടെ പലരുമായും സമ്പർക്കപ്പെടാറുണ്ടായിരുന്നു. കേരളത്തിൽ കെ.പി.സി.സി പ്രസിഡണ്ടായിരുന്ന പരേതനായ ടി.ഒ.ബാവ സാഹിബിനെ പോലുള്ളവരും ജമാഅത്തെ ഇസ്ലാമിയുമായി നല്ല ബന്ധം സ്ഥിരമായി പുലർത്തിയവരായിരുന്നു. പരേതനായ എം.ഐ ഷാനവാസും ജമാഅത്തെ ഇസ്ലാമിയോട് വളരെയേറെ മമതയോടെ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മൺമറഞ്ഞ നേതാക്കളായ ഖാഇദെമില്ലത്തും, സുലൈമാൻ സേട്ടും ഇപ്പോഴത്തെ പല നേതാക്കളും അങ്ങനെ തന്നെ.

1941ൽ പിറവിയെടുത്ത ജമാഅത്തെ ഇസ്‌ലാമിയുമായി 1946 ലെ തെരഞ്ഞെടുപ്പിൽ ബന്ധപ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രാരംഭ ദശയിലായിരുന്നു; അന്ന് സജീവരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. 1948ൽ മരണപ്പെട്ട ജിന്നാ സാഹിബും ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചിരുന്നില്ല.

മൗദൂദി 1940കളിൽ യുക്തിയുക്തം എതിർത്തത് പാശ്ചാത്യ സെക്യുലറിസത്തെയാണ്.കാരണം അത് തികഞ്ഞ മതനിരാസത്തിലുന്നുന്നതും ശുദ്ധഭൗതികവുമാണ്.എന്നാൽ പിന്നീടുണ്ടായ ഇന്ത്യൻ സെക്കുലറിസം തികച്ചും വ്യത്യസ്തമാണ്; എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുന്നതാണ് ഇന്ത്യൻ സെക്കുലറിസം. തദടിസ്ഥാനത്തിൽ നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നുണ്ട്.
വിഭജനാനന്തരം പാക് രാഷ്ട്രീയത്തിൽ ജനാധിപത്യ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മൗദൂദി സജീവമായി പങ്കെടുത്തിരുന്നു. മൗദൂദി രൂപംനൽകിയ പ്രസ്ഥാനത്തിന്റെ ഘടനയിലും ജനാധിപത്യം നല്ല രീതിയിൽ പുലരുന്നുണ്ട്. എന്നാൽ സത്യാ-സത്യ വിവേചനത്തിനോ, ശരി-തെറ്റുകൾ തീരുമാനിക്കുന്നതിനോ, ന്യായ അന്യായങ്ങൾ തീരുമാനിക്കുന്നതിനോ കേവല ജനാധിപത്യത്തെ മാനദണ്ഡമാക്കിക്കുടാ എന്ന് മൗദൂദി മാത്രമല്ല പല ചിന്തകരും നിരീക്ഷിച്ചിട്ടുണ്ട്. ഗാന്ധിജി ഉൾപ്പെടെ പലരും ജനാധിപത്യത്തിന്റെ ദൂഷ്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ജനാധിപത്യം തികച്ചും കുറ്റമറ്റതാണെന്ന് തീർത്തുപറയാൻ ചിന്തകരാരും ധൈര്യപ്പെട്ടിട്ടില്ല.മനുഷ്യൻ മനുഷ്യനു വേണ്ടി നിയമങ്ങൾ ഉണ്ടാക്കുന്നത് അന്ധൻ അന്ധന്ന് വഴികാട്ടിയാവുന്നത് പോലെയാണെന്ന് ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യനിർമിത നിയമങ്ങൾ അടിക്കടി ഭേദഗതിക്ക് വിധേയമാകുന്നത് അതുകൊണ്ടാണ്.ദൈവ പ്രോക്തമായ സദാചാര-ധാർമിക മൂല്യങ്ങളുടെ അടിത്തറയും ചട്ടക്കൂടും ജനാധിപത്യത്തിന് കുടിയേ തീരു.
പിന്നെ ലേഖകൻ സൗകര്യപൂർവ്വം പാക് രാഷ്ട്രപിതാവായ ജിന്നയെ ഉപയോഗപ്പെടുത്തി,വിഭജനത്തെ ശക്തമായി എതിർത്ത മൗദൂദിയെ എതിർക്കുന്നതിന്റെ ഉള്ളുകള്ളി ചിന്താ ശീലർക്ക് തിരിച്ചറിയാനാവും. പഴയ കോൺഗ്രസ്സുകാരനായ ജിന്ന മൗലാനാ മുഹമ്മദലിയും ഗാന്ധിജിയും നയിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിൽക്കുകയും. അതിനെ എതിർക്കുകയും ചെയ്തിരുന്നു.

Related Articles