Current Date

Search
Close this search box.
Search
Close this search box.

മൗദൂദിയും ഗോൾവാൾക്കറും പിന്നെ എം.സ്വരാജും

നിയമസഭയിൽ ശ്രീ.എം. സ്വരാജ് MLA സംഘ് ഫാഷിസത്തിന്റെ കുടില തന്ത്രങ്ങൾക്കെതിരെ നടത്തിയ പ്രസംഗം പ്രൗഢഗംഭീരമായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ വിപ്ലവത്തിന്റെ തീനാമ്പുയർത്തിയ ആലി മുസ്ല്യാരും വാരിയൻ കുന്നത്തും പൂക്കോട്ടൂർ യുദ്ധവും ഏറനാടിന്റെ വീര്യവുമെല്ലാം എണ്ണിയെടുക്കാവുന്ന അതിമനോഹരമായമായ വാക്കുകളായി സ്വരാജിന്റെ നാവിലൂടെ നിർഗളിച്ചപ്പോൾ നിയമസഭയുടെ ചുമരുകൾ പോലും കോരിത്തരിച്ചിരിക്കണം!

കൂട്ടത്തിൽ അദ്ദേഹം ഒരു അബദ്ധവും പറഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട പ്രഗത്ഭ പണ്ഡിതനും ചിന്തകനും ഇസ് ലാമിക നവോത്ഥാന നായകനുമായ സയ്യിദ് അബുൽ അഅലാ മൗദൂദിയെ സ്വരാജ് ഗോൾവാൾക്കറോട് ഉപമിച്ചു കളഞ്ഞു!

ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയം ഇതാണ്: മൗദൂദിയെ പറ്റി ഒരു വിമർശനം ഉയർത്തിയെന്നു കരുതി സ്വരാജ് ഉന്നയിച്ച ആർജ്ജവമുള്ള മറ്റു കാര്യങ്ങൾ കാണാതെ അദ്ദേഹത്തെയും CPM നെയും നാം കുറ്റപ്പെടുത്തേണ്ടതുണ്ടോ? ഒരിക്കലുമില്ല. അത് നാം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതക്ക് വിരുദ്ധമാണ്. വർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന മതേതര കൂട്ടായ്മക്കും വിരുദ്ധമാണത്. മതവും മതവുമായി ബന്ധപ്പെട്ട സർവ്വതും അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലഘട്ടമാണിത്. സയ്യിദ് മൗദൂദിയും അതിൽ നിന്നൊഴിവല്ല. അതു കൊണ്ടു തന്നെ നാം കുറേക്കൂടി രചനാത്മകമായി ചിന്തിക്കേണ്ടതുണ്ട്.

ഇനി സയ്യിദ് മൗദൂദിയുടെ “വിചാരധാര”യി ലേക്ക് വരാം. അദ്ദേഹം എഴുതുന്നു: “രഹസ്യ മാർഗങ്ങളിലൂടെ ഭരണഘടനാ വിരുദ്ധമായ വഴികൾ സ്വീകരിക്കുകയാണെങ്കിൽ അനന്തര ഫലങ്ങൾ കൂടുതൽ ആപൽക്കരമാകും. രഹസ്യ സംഘടനകളിൽ ചില വ്യക്തികൾ സർവ്വാധികാരികളായിത്തീരും.അനന്തരം പ്രസ്ഥാനം അഥവാ സംഘടന മുഴുവൻ അയാളുടെ ഇംഗിതത്തിനനുസരിച്ചായിരിക്കും ചലിക്കുക. അയാളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർ ഉടനടി ഉന്മൂലനം ചെയ്യപ്പെടും. അയാളുടെ നയങ്ങളിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നത് അത്യന്തം അസഹനീയവും അനഭിലഷണീയവുമായി കണക്കാക്കപ്പെടും. ഈ ഏതാനും വ്യക്തികൾക്ക് അധികാരം കിട്ടുമ്പോൾ അവർ എത്ര മാത്രം സ്വേച്ഛാധിപതികളായിത്തീരും എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കുക. ഒരു സ്വേച്ഛാധിപതിയെ നീക്കി മറ്റൊരു സ്വേച്ഛാധിപതിയെ പ്രതിഷ്ഠിക്കുന്നതു കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കാൻ പോകുന്നത്?” (തസ് രീഹാത്ത്, പേജ്: 257 )

അദ്ദേഹം വീണ്ടും പറയുന്നു: “എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചു കൊണ്ട് സമാധാനമാർഗത്തിലൂടെ സത്യവാക്യം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ ഫലമായി തടവറയിൽ കഴിയേണ്ടിവന്നാലും കൊലമരത്തിൽ കയറേണ്ടി വന്നാലും ശരി” (അതേ കൃതി, പുറം: 57)

മൗദൂദി സാഹിബ് വീണ്ടും എഴുതുന്നു: “ജനങ്ങൾ യുദ്ധത്തിന് വെമ്പൽക്കൊണ്ടു.അവർ അടിക്കടി പറഞ്ഞുകൊണ്ടിരുന്നു: ഞങ്ങൾ ദ്രോഹിക്കപ്പെടുകയാണ്. ഞങ്ങളെ ശകാരിക്കുന്നു. മർദ്ദിക്കുന്നു. തെറി പറയുന്നു. ഇതിനൊന്നും പ്രതികാരം ചെയ്യാതെ എത്ര കാലമാണ് ഞങ്ങൾ ക്ഷമിക്കുക? ഞങ്ങളെ പകരം ചോദിക്കാൻ അനുവദിക്കുക. അന്ന് അവരോടുള്ള ദൈവശാസന ഇതായിരുന്നു: ക്ഷമിക്കുക.നമസ്കാരവും സകാത്തും അനുഷ്ഠിക്കുക. അങ്ങനെ ആത്മ സംസ്കരണം സാധിക്കുക ” (തഫ്ഹീമുൽ ഖുർആൻ: അന്നിസാഅ: 77 ന്റെ വ്യാഖ്യാന
ക്കുറിപ്പ്)

കൊടിയ ഏകാധിപത്യം നിലനിന്നിരുന്ന അറബ് നാടുകളിലെ ഒരു പറ്റം യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ട് സയ്യിദ് മൗദൂദി പറഞ്ഞു: “എന്റെ അവസാനത്തെ ഉപദേശം ഇതാണ്: നിങ്ങൾ രഹസ്യ സംഘടനകൾ നടത്തുകയോ സായുധവിപ്ലവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോൾ മറ്റ് രൂപങ്ങളേക്കാൾ വിനാശകരവും” (തഫ്ഹീമാമാത്ത്: 3:362)

സയ്യിദ് മൗദൂദിയുടെ ജീവിതം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പോലെ തന്നെ തുറന്നു വെച്ച പുസ്തകമാണ്. തന്റെ പ്രസ്ഥാനം പലവട്ടം നിരോധിക്കപ്പെട്ടപ്പോഴും തന്നെ പലവട്ടം അറസ്റ്റ് ചെയ്തപ്പോഴും, എന്തിനധികം… തനിക്ക് വധശിക്ഷ വിധിക്കപ്പെട്ടപ്പോൾ പോലും സയ്യിദ് മൗദൂദി ഒരു “സായുധ മാർഗ”ത്തെ പറ്റി തന്റെ അനുയായികളെ ഉപദേശിച്ചിട്ടില്ല! സ്വതന്ത്ര ചിന്തക്ക് കേളികേട്ട സിയാഉദ്ദീൻ സർദാർ പോലും മൗദൂദി എല്ലാവിധ ഭീകര ചിന്തകൾക്കും എതിരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മൗദൂദി സാഹിബിനെ ഭീകരവാദി യാക്കും മുമ്പ് അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ് സ്വരാജും അദ്ദേഹത്തെപ്പോലുള്ളവരും ചെയ്യേണ്ടത്.

Related Articles