Current Date

Search
Close this search box.
Search
Close this search box.

ഭൗതിക-അന്ധവിശ്വാസമെന്നത് മുഖംമൂടിയാണ്

അന്ധവിശ്വസങ്ങളും ദുർമന്ത്രവാദങ്ങളും തുടച്ച്‌നീക്കി മനുഷ്യനെ മനുഷ്യനായി കണ്ട് പ്രപഞ്ച ചട്ടങ്ങളെ (മത ചട്ടങ്ങളെ ) മുറുകെപ്പിടിച്ച് കാലത്തിനൊപ്പം സഞ്ചരിക്കലാണ് യഥാർത്ഥത്തിൽ മാനവികതയുടെ ആധുനിക ട്രെന്റ്. അന്ധവിശ്വാസം എന്ന സംജ്ഞ തന്നെ അവ്യക്തമാണ്, ഭൗതികവാദത്തിൽ നിന്നും ഉടലെടുത്ത് മനുഷ്യനെ ആത്മ ബലിയിലേക്കും നരബലിയിലേക്കും ശിശുബലിയിലേക്കുമൊക്കെ കൂട്ടികൊണ്ടു പോകുന്നതാണ് അന്ധവിശ്വാസങ്ങൾ. യുക്തി ബോധത്തിന്റെയും താർക്കിക ന്യായങ്ങളുടെയും അടിസ്ഥാനത്തിൽ ഭൗതികവാദം വിശദീകരിക്കുന്ന മനുഷ്യാവസ്ഥ സാമൂഹികവും മാനസികവുമായ പ്രവർത്തനങ്ങൾ പോലും അസംബദ്ധങ്ങളായിത്തീരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭൗതികവാദം വിശദീകരിക്കുന്ന മനുഷ്യൻ അസ്തിത്വത്തിന്റെ തലത്തിൽ തന്നെ സ്വാർത്ഥനും തൻപ്രമാണിത്തമുള്ളവനുമെന്നുള്ള മൃഗപ്രകൃതത്തിൽ നിന്നും മുക്തനല്ല. ജീവശാസ്ത്രപരമായ അതിജീവനത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു യാദൃച്ഛികമായി രൂപപ്പെട്ട ഭൗതിക മനുഷ്യന്റെ ബോധം ചരിത്രത്തെയും സംസ്കാരത്തെയും നിർമ്മിക്കുന്ന ഇച്ഛാശക്തിയായി വികസിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഒരു ശരിയായ ഭൗതികവാദിക്കൊരിക്കലും മാനവികവാദിയാവുക സാധ്യമല്ല. മാനവികത എന്ന ഒരാശയം പോലും ആത്മനിഷ്ഠമായ ഒരു തലത്തിലാണാദ്യം പ്രസക്തമാവുക. പ്രതീക്ഷിക്കാൻ പരലോകമില്ലാത്ത, മുറുകെപ്പിടിക്കാൻ ശാശ്വതമൂല്യങ്ങളില്ലാത്ത അവസ്ഥ അവനെ വേട്ടയാടുകതന്നെ ചെയ്യും. മാത്രവുമല്ല മരണത്തോടെ താനില്ലാതാവുകയില്ല എന്ന അറിവാകും മനുഷ്യനെ സമാധാനചിത്തനാക്കുന്നത്. ഇത് ജീവിതത്തെക്കുറിച്ച ഒരു സാമൂഹിക സങ്കല്പം സൃഷ്ടിച്ചു മനുഷ്യനെ കർമ്മനിരതനാക്കും. ജനകോടികളെ സ്നേഹിച്ചു മരിച്ചവരും അത്രയുംപേരെ ദ്രോഹിച്ചു മരിക്കുന്നവനും ഒരുപോലെയാകില്ല എന്ന അറിവ് ആദർശത്തിനുവേണ്ടിയുള്ള ത്യാഗബോധത്തിനനിവാര്യമാണ്. നിന്ദിതർക്കും പീഡിതർക്കും അശരണർക്കും ബഹിഷ്ക്രതർക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കത് അർഥം നൽകും. എന്നാൽ ഭൗതികവാദത്തിലധിഷ്ഠിതമായ വിപ്ലവ സങ്കൽപ്പങ്ങൾ മനുഷ്യനെ എല്ലാ ആദര്ശാവിഷ്കാരങ്ങളെയും ദുർബലപ്പെടുത്തുന്ന ഭോഗപരതയിലടിപ്പെടുത്താൻ സാധ്യതയേറും.

മനുഷ്യസ്വാതന്ത്രത്തിൽ വിശാസിക്കണമെങ്കിൽ മനുഷ്യൻ സൃഷ്ടിയാണെന്നംഗീകരിക്കേണ്ടിവരും. മൂർത്തമായ ഒരു കേന്ദ്രത്തിൽ നിന്നുണ്ടായ സർഗപ്രവർത്തനത്തിന്റെ ഫലമാണെന്ന സങ്കൽപ്പം സ്വീകരിക്കുകയാണ്, ഉത്തരവാദിത്വ ബോധമുണർത്താനുതകുന്നതെന്നു വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്: وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ (മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതൊന്നുമില്ല.) أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى (മനുഷ്യൻ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?) നാം ജീവിക്കുന്ന പ്രപഞ്ചം വ്യവസ്ഥാപിതവും ആസൂത്രിതവും സംയുക്തവും ക്രമാനുസൃതവുമാണ്. ഇത് ആകസ്മികമായ ഒരു വിസ്ഫോടനം വഴി സംഭവിച്ചതല്ല. അതിസൂക്ഷ്മമായ ഒരു സന്തുലനം ഈ പ്രപഞ്ചത്തിലുടനീളം ദൃശ്യമാണ്. പ്രപഞ്ചം മുഴുവൻ ഒരു കോസ്മിക നിയമത്തിന്റെ അനുസരണയിലാണ്. അഥവാ ‘മുസ്ലിമാണ്’ ഇത് ബോധപൂർവം അംഗീകരിച്ച് മനുഷ്യന് മാനുഷിക മൂല്യം നൽകി മുന്നോട്ടു ഗമിക്കലാണ് യഥാർത്ഥ മാനവികത.

പടിഞ്ഞാറൻ രാഷ്ട്രീയ സാംസ്കാരിക വാഴ്ചക്കും വംശീയതക്കും തീവ്ര ദേശീയതക്കും എതിരെയുള്ള നിരന്തരസമരമായി ജീവിതത്തെ മാറ്റിയ മാൽകം എക്‌സും രജാഗരോഡിയുമടക്കമുള്ളവരെ ഇസ്ലാമിലെത്തിച്ചതെന്താണെന്ന വസ്തുത ഇന്നത്തെ ഭൗതികവാദികളും മന്ത്രവാദികളും സത്യസന്ധമായി പഠിച്ചാൽ മനസ്സിലാകും.ജാതിക്കെതിരായി ഇന്ത്യയിൽ നടന്ന മുന്നേറ്റങ്ങളുടെ ചാലകശക്തിയായി ഇസ്ലാമിനെ തിരിച്ചറിഞ്ഞവരാണ് എം. എൻ. റോയ് (1887-1957), പെരിയാർ ഇ. വി. രാമസ്വാമി (1879-1973), സി.എൻ. അണ്ണാദുരൈ എന്നിവർ. അന്തവിശാസങ്ങൾക്കെതിരെ പൊരുതിയ മഹാനായി മുഹമ്മദ് നബിയെ വിശേഷിപ്പിക്കാൻ അബ്രഹാം ടി. കോവൂർ (1898-1978) എന്ന ഹ്യൂമനിസ്റ്റു മടിച്ചിട്ടില്ല. വിഗ്രഹാരാധനയോടുള്ള ആര്യസമാജിന്റെ എതിർപ്പും കന്യമാറിയത്തോടുള്ള കത്തോലിക്കാ സമീപനത്തിനെതിരെയുള്ള പ്രൊട്ടസ്റ്റന്റ് ആക്ഷേപവും യേശുവിന്റെ ദൈവത്വത്തിനെതിരെ യഹോവാസാക്ഷികളും യൂണിറ്റേറിയന്മാരും ഉയർത്തുന്ന വെല്ലുവിളികളും ഗുരുനാനാക്കിന്റെ മതചിന്തകളും വിശുദ്ധ ഖുർആന്റെ അനശ്വര സ്വാധീനങ്ങളുടെ ഏതാനും അനുരണങ്ങൾ മാത്രമാണ്. മാത്രവുമല്ല, മനുഷ്യനിയോഗത്തെക്കുറിച്ചുള്ള ഖുർആനിക വിഭാവന, അത്യുജ്ജലമായ ആവിഷ്കരണശേഷിയുള്ള ‘ദൈവത്തിന്റെ ഖലീഫ’ (പ്രധിനിധി) എന്നതാണ്. അറിവിന്റെ വിവേകത്തേക്കാൾ അജ്ഞാനത്തിന്റെ ഹുങ്കിന് വഴിപ്പെട്ടുപോയ ഇബ്‌ലീസിനെ തിരസ്കരിക്കാൻ മനുഷ്യന് ബാധ്യതയുണ്ട്. ഖുർആന്റെ ആദ്യകൽപ്പനതന്നെ ‘ഇഖ്‌റഅ്’ (വായിക്കുക) എന്നതായിരുന്നു. പിന്നീട് വന്ന മുസ്ലിംചിന്തയുടെ ബൗദ്ധിക മേധാശക്തിയുടെ മുഖ്യചാലകമായി വർത്തിച്ചത് ഈ വചനവും വിജ്ഞാനത്തെക്കുറിച്ച് പരാമർശമുള്ള മറ്റു 800-ഓളം ആഹ്വാനങ്ങളുമായിരുന്നു. ഏണസ്റ്റ് റെനാന്റെ വാക്കുകളിൽ, മാനവികത എടുത്തണിഞ്ഞ ഏറ്റവും വലിയ ചങ്ങലക്കെട്ടുന്നു വിശേഷിപ്പിക്കപ്പെട്ട, ദിവ്യവെളിപാടും യുക്തിയും തമ്മിലുള്ള വേർതിരിവ് ഇതോടെ ഇല്ലാതായിത്തീർന്നു. സൃഷ്ടാവിനെയും അവന്റെ ഏകത്വത്തെക്കുറിച്ച തിരിച്ചറിവും നീതിയിലേക്കുള്ള പ്രയാണവുമാണ് യഥാർത്ഥത്തിൽ ഇസ്‍ലാം. സ്വാതന്ത്രാസ്തിത്വമുള്ള സവിശേഷസൃഷ്ടിയായ മനുഷ്യ എന്നതുമാണ് ഇസ്ലാമിക സങ്കൽപ്പം. മനുഷ്യാസ്തിത്വത്തിന്റെ സമഗ്രമായ വികാസം ഉറപ്പാക്കുന്ന, നീതിക്കുവേണ്ടിയുള്ള യത്നമായി വേണമെങ്കിൽ ഇസ്ലാമിനെ നമുക്ക് നിർവചിക്കാം.

കേവല ഭൗതികവാദം നിതാന്തമായ ശൂന്യതയിലേക്കും അന്യതാബോധത്തിലേക്കും ലക്ഷ്യരാഹിത്യത്തിലേക്കും മനുഷ്യനെ ചുഴറ്റിയെറിയും. ഇക്കാര്യം. റസ്സൽ എഴുതുന്നത്: ‘മനുഷ്യൻ ലക്ഷ്യബോധമില്ലാത്ത കാര്യകാരങ്ങളുടെ ഉല്പന്നമാണ്. അവന്റെ ഉല്പത്തിയും വളർച്ചയും അവന്റെ പ്രത്യാശകളും അവന്റെ സ്നേഹവായ്പ്പും വിശാസങ്ങളും എല്ലാം ആറ്റങ്ങളുടെ ആകസ്മികസങ്കലനത്തിന്റെ മാത്രം ഫലമാണ്’. മാത്രവുമല്ല, മാനവനേട്ടങ്ങളുടെ സമസ്ത ക്ഷേത്രങ്ങളും പ്രാപഞ്ചിക നാശത്തിന്റെ ചവറുകൾക്കുടയിൽ അനിവാര്യമായും കുഴിച്ചുമൂടപ്പെടേണ്ടിയിരിക്കുന്നു. ഇത് തികച്ചും ഉറപ്പായിക്കഴിഞ്ഞിരിക്കെ, അവയെ നിരാകരിക്കുന്ന ഒരു തത്വശാസ്ത്രത്തിനും നിലനില്പിന്റെ പ്രതീക്ഷ പുലർത്താൻ അവകാശമില്ല. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം, ഒരു മന്ത്രവാദത്തിനും ബ്ലാക്ക് മാജിക്കിനും ഭൗതികവാദത്തിനും നിർവചിക്കാൻ പറ്റുന്നതല്ല, അത് പ്രപഞ്ചഘടനയിൽ മനുഷ്യന്റെ സ്ഥാനം എന്നിവ പൂർണമായി നിർണയിക്കാൻ ശാസ്ത്രം അപര്യാപ്തമാണ്. മൈക്രൊകോസ്മികവും കോസ്‌മികവുമായ പ്രപഞ്ചങ്ങളുടെ (സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങൾ) മുന്നിൽ നിസ്സാരത ബോധ്യമായ ഒരു ശാസ്ത്രജ്ഞൻ, ആൽബർട്ട് ഐൻസ്റ്റീൻ, കുറിച്ചു : ‘വിശ്വസംബദ്ധിയും മതപരവുമായ ജീവിതാനുഭവങ്ങളുടെ പരിജ്ഞാനമാണ്‌ ശാസ്ത്രഗവേഷണത്തിന്റെ മുഖ്യ ഉദ്ദേശ്യം. ദുർബലവും ചഞ്ചലവുമായ മനുഷ്യമനസ്സുകൊണ്ട് നമുക്ക് പരോക്ഷമായി ഗ്രഹിക്കാൻ കഴിയുന്നവിധത്തിലും ലോലമായും സ്വയം അവധാരണം ചെയ്യുന്ന അപരിമേയവും പരമോന്നതവുമായ ചൈതന്യത്തെക്കുറിച്ചു് എനിക്കുള്ള വിനീതമായ ഭക്തിയിലാണ് എന്റെ മതബോധം നിലകൊള്ളുന്നത്. അവാച്യമായ വിശ്വവിധാനത്തിൽ അനർഘമായി അനുഭവസിദ്ധമാകുന്ന പരമോന്നതവും വിവേഖോത്മുഖവുമായ ആത്യന്തിക ശക്തിയുടെ സന്നിധാനത്തെക്കുറിച്ച വൈകാരികബോധമാണ് ഈശ്വരനെ സംബന്ധിച്ച എന്റെ ആശയത്തെ രൂപവത്കരിക്കുന്നത്’. മാത്രവുമല്ല, പ്രപഞ്ചത്തെ രചനാത്മകമാക്കുന്ന അടിസ്ഥാന നിയമങ്ങളെല്ലാം മനുഷ്യന്റെ നിലനില്പിനുതകുംവിധത്തിൽ ആസൂത്രിതമാണെന്നാണ് ‘ പുതിയ ശാസ്ത്രം ‘ മനുഷ്യകേന്ദ്രീകൃത പ്രാപഞ്ചിക സിദ്ധാന്തത്തിലൂടെ വ്യക്തമാക്കുന്നത്. ജീവന്റെ നിലനില്പ് പ്രാപഞ്ചികഘടനക്കു മാത്രമല്ല, ചില മൂലകങ്ങളുടെ സവിശേഷ ഗുണങ്ങൾക്കും അതിന്റെ ഉല്പത്തിക്കും വളർച്ചക്കും ആവശ്യമായിരുന്നു. ഏതങ്കിലും നിയമങ്ങളിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നുവെങ്കിൽ മനുഷ്യൻ പ്രത്യക്ഷപ്പെടാത്ത വന്ധ്യപ്രപഞ്ചമാകുമായിരുന്നു ഫലം. പുതിയ ശാസ്ത്രബോധം (New science) സൃഷ്ടിച്ച ചിന്താമാറ്റത്തെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തവരായ അന്ധവിശ്വാസികളാണ് പഴയ ധാരണകളിൽ കടിച്ചുതൂങ്ങുന്നത്. അനേകം ഗണിതശാസ്ത്ര ആകസ്മികതകൾ ജീവന്റെ നിലനിൽപിന് അനുകൂലമായി വർത്തിക്കുന്നതിനുള്ള ഉദാഹരണങ്ങൾ നൽകിയതിന് ശേഷം താത്തിക ഭൗതികജ്ഞനായ ഫ്രീമാൻ ഡൈസൻ പ്രഖ്യാപിക്കുന്നു: ‘ഈ പ്രപഞ്ചത്തെയും അതിന്റെ വാസ്തുശില്പ വിശദാംശങ്ങളെയും കൂടുതൽ പരിശോധിച്ചപ്പോൾ നമ്മുടെ വരവ് പ്രപഞ്ചത്തിന് എങ്ങനെയോ അറിയാമായിരുന്നുവെന്നതിന് എനിക്ക് തെളിവുകൾ ലഭിക്കുകയാണ്’.

ഭൗതിക-അന്ധവിശ്വാസ വേരുകൾ പൊട്ടിച്ച് ഇസ്ലാമിന്റെ വിശാല മാനവികതയുടെ സന്ദേശം യഥാവിധി പ്രതിനിധീകരിക്കുന്നതിൽ ഇസ്ലാമിക പ്രസ്ഥാനങ്ങൾ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. മാത്രവുമല്ല, ഇസ്ലാമിനെ സമകാലികമായി വ്യാഖ്യാനിക്കുന്നതിലെ പരാജയമാണ് ഏറ്റവും വലിയ ദുരന്തം സൃഷ്ടിച്ചത്. സാമൂഹിക നീതി, സാമ്പത്തിക നീതി, ലിംഗ നീതി എന്നിവ ഉൾക്കൊണ്ട സമഗ്ര നീതിയായി ഇസ്ലാമിനെ വിലയിരുത്തുന്നതിന് കഴിയാതെപോയതിന്റെ വേരുകൾ ഇവിടെയാണ് നാം തിരയേണ്ടത്. ഏത് സാഹചര്യത്തിലും കാലഘട്ടത്തിലും അതിന്റെ ലക്ഷ്യപ്രാപ്തിക്കുന്നവിധം നിലനിൽക്കാൻ സഹായിക്കുന്ന ഒരു സാമൂഹിക ജീവിതത്തെ സംവിധാനിക്കാനാവിശ്യമായ സാമൂഹികഘടനയെക്കുറിച്ച മൗലിക പ്രമാണമാണ് വിശുദ്ധ ഖുർആൻ സമർപ്പിക്കുന്നത്. ഇസ്ലാമിന്റെ ഗതാത്മകതവും മാനവിക സാർവജനീനവുമായ മൂല്യങ്ങളനുസരിച്ച് അത് നിർദ്ധാരണം ചെയ്യപ്പെടണം. എല്ലാവിധ ദുർ-ആചാരങ്ങളിൽ നിന്ന് മനുഷ്യന്റെ മൂല്യങ്ങളാണതിന്റെ ഉദ്ദേശം. എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗങ്ങളിൽ കാട്ടിൽ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യൻ മുതൽ ആധുനികയുഗത്തിലെ പരിഷ്കൃത മനുഷ്യൻ വരെയുള്ള ചരിത്രം അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ബോധനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അന്ധവിശ്വാസങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നുമാത്രം. ചില അന്ധവിശ്വാസങ്ങൾ എല്ലാക്കാലത്തും എല്ലാദേശത്തും നിലനില്ക്കുന്നതായി കാണാം. മറ്റു ചിലവ ഒരു പ്രത്യേക പ്രദേശത്തോ സമൂഹത്തിലോ മാത്രമായി ഒതുങ്ങി നില്ക്കുന്നു. ഇസ്ലാം ഇന്ത്യൻ ദേശിയ സംസ്കാരത്തിന് നൽകിയ ഏറ്റവും ശ്രദ്ധാർഹമായ സംഭാവനയായി മഹാത്മാഗാന്ധി എടുത്തുകാട്ടിയത് ദൈവത്തിന്റെ ഏകത്വത്തിലും മനുഷ്യന്റെ സഹോദര്യത്തിലുമുള്ള കലർപ്പറ്റ വിശ്വാസമാണെന്നാണ്. ഭൗതികതക്ക് തനതായ ആചാരാനുഷ്ടാനങ്ങളും തത്ത്വങ്ങളും വിശ്വാസങ്ങളുമുണ്ട്. ധനമാണത്തിന്റെ ദൈവം. ഉപഭോക്ത്രപരതയാണതിന്റെ ആചാരാനുഷ്ടാനങ്ങൾ. ബുദ്ധിക്കുപോലും സ്ഥാനമില്ലാത്ത ബ്ലാക്മാജിക്ക് ഫ്രീമാൻ സൊസൈറ്റി, തുടങ്ങി ഭൗതിക-അന്ധവിശ്വാസങ്ങളുടെ മുഖംമൂടി അഴിച്ച് ദൈവീകാദ്ധ്യാപനങ്ങളുടെ കൂടെ മനുഷ്യൻ സഞ്ചരിച്ചാലേ മനുഷ്യന്റെ മാനവിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നൊരു കാലം വരു.

reference:
*_Bertrand Ressell, why iam not a christian, P. 107
*thisise: albart Einstein, p. 119
*Freeman Dyson, Distubing the Univers, 1979, P. 250_

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles